27 January 2018

വർഷത്തിൽ പത്തുദിവസം മാത്രം തുറക്കുന്ന അത്ഭുത ക്ഷേത്രം

🕉വർഷത്തിൽ പത്തുദിവസം മാത്രം തുറക്കുന്ന അത്ഭുത ക്ഷേത്രം
  
ബാംഗ്ലൂരിന് പടിഞ്ഞാറുഭാഗത്തായി 183 കിലോമീറ്റർ അകലെയായിട്ടാണ് ഹാസൻ നഗരം സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ ദേവതയായ ഹാസനംബയിൽ നിന്നാണ് ഹാസന് ആ പേര് ലഭിച്ചത്. ഹാസൻ നഗരത്തിൽ നിന്ന് 38 കിലോമീറ്റർ അകലെയായാണ് ശക്തി സ്വരൂപിണിയായ ഹാസനംബയുടെ ദേവസ്ഥാനം. ബാംഗ്ലൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കന്നട മാസമായ അശ്വിജ മാസാത്തിലെ പൗർണമി ദിവസത്തിന് ശേഷമുള്ള വ്യാഴാഴ്ചയാണ് ഈ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുന്നത്( ഒക്ടോബർ അവസാനം മുതൽ നവംബർ ആദ്യം വരെയുള്ള കാലമാണ് ഇത്). ഇത് മുതൽ ദീപാവലി നാൾ വരെ ആയിരിക്കും ക്ഷേത്രം തുറക്കുക. (കർണാടകയിൽ ദീപവലി മൂന്ന് ദിവസം ആചരിക്കാറുണ്ട് മൂന്നാമത്തെ ദിവസമായ ബലിപഡ്യാമി ദിവസമാണ് ക്ഷേത്രം അടയ്ക്കുന്നത്.)

ഈ ക്ഷേത്രത്തിന് 800 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ രാജവായ കൃഷ്ണപ്പ നായകിന്റെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. ശക്തിസ്വരൂപിണിയായ പാർവതി ദേവിയാണ് ഹാസനംബയായി ഇവിടെ കുടികൊള്ളുന്നത്. ഈ ക്ഷേത്രത്തിനുള്ളിൽ ദേവിയുടെ വിഗ്രഹങ്ങൾ ഒന്നും തന്നെയില്ല. പകരം ചിതൽ പുറ്റുകൾ മാത്രമേയുള്ളു. ചിതൽ പുറ്റിൽ ദേവികുടികൊള്ളുന്നു എന്നാണ് വിശ്വാസം.

ജലം, അരി, കത്തുന്നവിളക്ക്, പൂക്കൾ എന്നിവ ദേവിക്ക് സമർപ്പിച്ചതിന് ശേഷമാണ് ക്ഷേത്രം അടയ്ക്കുന്നത്. അടുത്ത വർഷം ക്ഷേത്രം തുറക്കുമ്പോൾ വിളക്ക് അതുപോലെ തന്നെ കത്തി നിൽക്കുമെന്നാണ് വിശ്വാസം.

ക്ഷേത്രത്തിനുള്ളിൽ കാണാവുന്ന ഏക ചിത്രം പത്ത് തലയുള്ള രാവണന്റേതാണ്. രാവണൻ വീണ വായിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തെക്കുറിച്ച് മറ്റൊരു കഥയുണ്ട്. ഒരിക്കൽ സപ്തകന്യകമാരായ ബ്രഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നിവർ ഒരു യാത്ര പോയി. യാത്രയ്ക്കിടെ അവർ ഹാസനിൽ എത്തി. ഹാസന്റെ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായ അവർ എന്നന്നേയ്ക്കും അവിടെ തങ്ങാൻ തീരുമാനിച്ചു.

മഹേശ്വരിയും കൗമാരിയും വൈഷ്ണവിയും ക്ഷേത്രത്തിനുള്ളിലെ ചിതൽ പുറ്റിൽ താമസിക്കാൻ തീരുമാനിച്ചു. ഹോസാകോട്ടേ എന്ന സ്ഥലത്ത് ബ്രഹ്മി താമസമാക്കിയപ്പോൾ, ഇന്ദ്രണിയും വരാഹിയും ചാമൂണ്ടിയും ദേവിഗരെ ഹൊണ്ടയിൽ താമസമാക്കി.

ഏതെങ്കിലും ടെലിവിഷൻ സീരിയലിലെ കഥയാണ് പറയാൻ പോകുന്നതെന്ന് വിചാരിക്കരുത്, ദേവി പ്രവർത്തിച്ച ഒരു അത്ഭുത കഥയുടെ വിവരണമാണ് ഇത്. ക്ഷേത്രത്തിന് സമീപം ഒരു പാവം പെൺകുട്ടി ഉണ്ടായിരുന്നു. അവൾ എപ്പോഴും ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കുമായിരുന്നു. അവളുടെ അമ്മായി അമ്മ വളരെ ക്രൂരയായ ഒരു സ്ത്രീ ആയിരുന്നു.

ഒരിക്കൽ അവളുടെ അമ്മായി അമ്മയുടെ പോരിന് ഇരയായ പാവം പെൺകുട്ടി ചോരവാർന്ന് നിലവിളിച്ചു. ഇത് കേട്ട് കരുണാമയയായ ദേവി അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അവളുടെ സങ്കടം മനസിലാക്കിയ ദേവി അവളെ ഒരു കല്ലാക്കി മാറ്റി ക്ഷേത്രത്തിൽ അഭയം നൽകി. വർഷാവർഷം ഈ കല്ല് ഒരിഞ്ച് വീതം ചലിക്കുന്നുണ്ടെന്നാണ് വിശ്വാസം. കല്ല് ചലിച്ച് ദേവതയുടെ അടുത്ത് എത്തുമ്പോൾ കലിയുഗം അവസാനിക്കുമെന്നാണ് വിശ്വാസം.

ദേവിയുടെ അത്ഭുതം വിവരിക്കുന്ന മറ്റൊരു കഥ ഇതാണ്. നാലു കള്ളന്മാർ ചേർന്ന് ക്ഷേത്രത്തിൽ കവർച്ച നടത്താൻ തീരുമാനിച്ചു. ഇതറിഞ്ഞ ദേവി കോപം പൂണ്ട് അവരെ ശപിച്ച് കല്ലാക്കി മാറ്റി. അതുകൊണ്ട് ഈ ക്ഷേത്രം കള്ളപ്പനഗുഡി എന്ന പേരിലും അറിയപ്പെടുന്നു.

ദേവിയുടെ അത്ഭുതങ്ങൾ വിവരിക്കുന്ന രണ്ടു കഥളാണ് മുകളിൽ. ഒന്ന് ദേവിയുടെ സ്നേഹത്തിന്റെ കഥ. മറ്റൊന്ന് ദേവിയുടെ കോപത്തിന്റെ കഥ.

ഹാസനാംബ ക്ഷേത്രത്തിന്റെ കവാടത്തിൽ ശിവനാണ് കുടികൊള്ളുന്നത്, സിദ്ധേശ്വരൻ എന്നാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. സ്വയംഭൂ ആയ ശിവ‌ലിംഗമാണ് ഇവിടെ പൂജിക്കുന്നത്.

No comments:

Post a Comment