2 January 2018

അർദ്ധനാരീശ്വരരൂപം

അർദ്ധനാരീശ്വരരൂപം

കേന്ദ്രിയമായ യാഥാർത്ഥ്യത്തിൽ നിന്ന് പ്രപഞ്ചപരിണാമം സംഭവിച്ചതിന്റെ ശാസ്ത്രീയമായ പ്രതീകമാണ്  ശ്രീ  ചക്രം.  കേന്ദ്രിയമായ ബിന്ദു പരമോന്നതവും,  സർവ്വാതീതസത്യവുമായ  പരബ്രഹ്മത്തെ പ്രതിനിധാനം ചെയ്യുന്നു.  മദ്ധ്യത്തിൽ മേൽപോട്ട് ഉയർന്നു നിൽക്കുന്ന ആദ്യത്തെ ത്രികോണം ഈ ബിന്ദുവിന്റെ ആദ്യത്തെ സൃഷ്ടിഭാവത്തെ സൂചിപ്പിക്കുന്നു.  ഈ ത്രികോണത്തെ 'ശിവത്രികോണ'മെന്ന് പറയുന്നു. ബ്രഹ്മത്തിൽ സൃഷ്ടിപരമായ ശക്തി ലീനമായിരിക്കുന്നു.  ആദ്യത്തെ ശിവത്രികോണത്തിനുള്ളിൽ താഴേക്ക് മുഖമായിരിക്കുന്ന ശക്തിത്രികോണം ബ്രഹ്മത്തിൽ ലീനമായിരിക്കുന്ന ശക്തിയുടെ സുഗുണാത്മകമായ അവിഷ്ക്കരഭാവത്തെ സൂചിപ്പിക്കുന്നു. ശിവൻ ബ്രഹ്മത്തിന്റെ പ്രജ്ഞഭാവത്തെയും, ശക്തി ഊർജ്ജഭാവത്തെയും ദ്യോതിപ്പിക്കുന്നു . സാഗരവും തിരമാലകളും ഒന്നാണെന്നപോലെ ശിവനും ശക്തിയും ഒന്നുതന്നെ.   

മാറ്റങ്ങൾക്കതീതമായ ബ്രഹ്മത്തിൽ സദാ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിഭാസിക പ്രപഞ്ചത്തെ ആവിഷ്ക്കരിക്കുന്നത് ശക്തിയിൽ ലീനമായിരിക്കുന്ന സൂക്ഷമ സൃഷ്ട്യുന്മുഖഘടകങ്ങളായ ത്രിഗുണങ്ങളാണ്.  ശക്തിയെ മായയെന്നും അറിയപ്പെടുന്നു.  ബ്രഹ്മത്തിൽ (അടിസ്ഥാനപരമായ ഉണ്മയിൽ) മറ്റങ്ങളൊന്നും പ്രസക്തമല്ലെങ്കിലും മായ എന്ന ശക്തിയാൽ  സംഭൂതമാകുന്ന മാറ്റങ്ങളിലൂടെയാണ് അനന്തമായ പ്രതിഭാസങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നത്.  മായയെന്ന വാക്കിന്  വെറും മിഥ്യയെന്ന അർത്ഥമല്ല ഉള്ളത്.  ഉണ്മയിൽനിന്ന്  പ്രതിഭാസിക പ്രപഞ്ചം ഉദയം ചെയ്യുന്നതിന്  കാരണമായിരിക്കുന്നതും  ഉണ്മയിൽ തന്നെ ലീനമായിരിക്കുന്നതുമായ ശക്തിയാണ് മായ. ശിവത്രികോണത്തിൽ അധോമുഖമായിരികുന്ന  ഈ ശക്തി ത്രികോണം ബ്രഹ്മത്തിന്റെ സൃഷ്ടിപരമായ ആവിഷ്ക്കാരശക്തിയെ ദ്യോതിപ്പിക്കുന്നു.  ശിവശക്തികളുടെ ഈ ധ്രുവീകരണത്തിൽ നിന്നാണ് പ്രതിഭാസിക പ്രപഞ്ചം ആവിഷ്ക്കരിക്കപ്പെടുന്നത് . പ്രപഞ്ചാവിഷക്കാരത്തിലെ ആദ്യഘട്ടത്തെയാണ് ഈ രണ്ട് അടിസ്ഥാനത്രികോണങ്ങൾ പ്രതിനിധാനം ചെയ്യുന്നത്.  പ്രപഞ്ചാവിഷ്ക്കരത്തിനുനിദാനമായ  ഈ പിതൃ-മാതൃ ഐക്യത്തെത്തന്നെയാണ് അർദ്ധനാരീശ്വരരൂപം സൂചിപ്പിക്കുന്നത്.  അതിൽ ശിവനെയും ശക്തിയെയും രണ്ടായും അതേ അവസരത്തിൽ തന്നെ ഒന്നായും ചിത്രീകരിച്ചിരിക്കുന്നു.  വളരെ തത്ത്വചിന്താപരവും ശാസ്ത്രീയവുമായ  പ്രസക്തിയുള്ള ഒരു മഹത്തായ ആശയമാണ് അർദ്ധനാരീശ്വരരൂപം....

No comments:

Post a Comment