നാരായണീയം
രചന: മേല്പത്തൂർ നാരായണഭട്ടതിരി
ദശകം 3
3.1
പഠന്തോ നാമാനി പ്രമദഭരസിന്ധൗ നിപതിതാഃ
സ്മരന്തോ രൂപം തേ വരദ കഥയന്തോ ഗുണകഥാഃ
ചരന്തോ യേ ഭക്താസ്ത്വയി ഖലു രാമന്തേ പരമമൂ-
നഹം ധന്യാന്മന്യേ സമധിഗതസർവാഭിലഷിതാൻ
അര്‍ത്ഥം :
അല്ലയോ വരദായകനായ ഭഗവാനേ ! അങ്ങയുടെ നാമങ്ങളെ പ്രകീര്‍ത്തിക്കുന്നവരും , അങ്ങനെ സന്തോഷ സമുദ്രത്തില്‍ പതിക്കപ്പട്ടവരും , അങ്ങയുടെ കോമളവിഗ്രഹത്തെ ഭജിക്കുന്നവരും , ബഹുവിധ ഗുണങ്ങളെ വര്‍ണ്ണിച്ചു പറയുന്നവരും , അലഞ്ഞുനടന്ന് അങ്ങയുടെ സ്മരണയൊന്നിനാല്‍ മാത്രം ആനന്ദിക്കുന്നവരും , തന്മൂലം സര്‍വ്വേച്ഛകളും സാധിച്ചിട്ടുള്ളവരുമായ അങ്ങയുടെ ഭക്തന്മാര്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ വിചാരിക്കുന്നു
3.2
ഗദക്ലിഷ്ടം കഷ്ടം തവ ചരണസേവാരസഭരേƒ-
പ്യനാസക്തം ചിത്തം ഭവതി ബത വിഷ്ണോ കുരു ദയാം
ഭവത്പാദാംഭോജസ്മരണരസികോ നാമനിവഹാ-
നഹം ഗായംഗായം കുഹചന വിവത്സ്യാമി വിജനേ
അര്‍ത്ഥം :
ഹേ വിഷ്ണോ ! രോഗങ്ങളാലും ക്ളേശങ്ങളാലും പീഡിതമായിരിക്കുന്ന എന്‍റെ മനസ്സ് അങ്ങയുടെ ചരണ സേവാനന്ദമാസ്വദിക്കാന്‍പോലും ആസക്തിയില്ലാതായി തീര്‍ന്നിരിക്കുന്നു. കഷ്ടം, കഷ്ടം എന്നോട് ദയ കാണിക്കണേ. ! അങ്ങയുടെ പാദാംബുജ ധ്യാനത്തില്‍ നിന്നുണ്ടാകുന്ന ആനന്ദമനുഭവിച്ച് , അങ്ങയുടെ നാമഗുണങ്ങളെ കുറിച്ച് വാഴ്ത്തിപ്പാടി , ഏതെങ്കിലും വിജനമായ ഒരിടത്ത് ഞാന്‍ ഏകനായി ജീവിച്ചുകൊള്ളാം
3.3
കൃപാ തേ ജാതാ ചേത്കിമിവ ന ഹി ലഭ്യം തനുഭൃതാം
മദീയക്ലേശൗഘപ്രശമനദശാ നാമ കിയതീ
ന കേ കേ ലോകേƒസ്മിന്നനിശമയി ശോകാഭിരഹിതാ
ഭവദ്ഭക്താ മുക്താഃ സുഖഗതിമസക്താ വിദധതേ
അര്‍ത്ഥം :
അങ്ങയുടെ കാരുണ്യമുണ്ടെങ്കില്‍ ശരീരികള്‍ക്ക് എന്തുനേടാന്‍ കഴിയുകയില്ല?. എന്‍റെ ക്ളേശഭാരങ്ങള്‍ ശമിപ്പിക്കുക എന്ന സ്ഥിതി വളരെ ലഘുവായതാണ്. ഹേ ഭഗവാനേ , ഈ ലോകസുഖങ്ങളില്‍ അനാസക്തരായ അങ്ങയുടെ എത്രയോ ഭക്തന്മാര്‍ ശോകവ്യഥകള്‍ കൂടാതെ മോക്ഷം നേടി പരമസുഖത്തെ പ്രാപിച്ചിരിക്കുന്നു.
3.4
മുനിപ്രൗഢാ രൂഢാ ജഗതി ഖലു ഗൂഢാത്മഗതയോ
ഭവത്പാദാംഭോജസ്മരണവിരുജോ നാരദമുഖാഃ
ചരന്തീശ സ്വൈരം സതതപരിനിർഭാതപരചിത്-
സദാനന്ദാദ്വൈതപ്രസരപരിമഗ്നാഃ കിമപരം
അര്‍ത്ഥം :
അല്ലയോ ഈശ്വര ! വിശ്വപ്രസിദ്ധരായ നാരാദാദി മുനിശ്രേഷ്ഠന്മാര്‍ അങ്ങയുടെ പാദാംബുജ സ്മരണയൊന്നിനാല്‍ മാത്രം ശോകങ്ങളില്‍ നിന്ന് വിമുക്തരാകുകയും ഗൂഢമായ ആത്മജ്ഞാനത്തോടെ നിരന്തരം പരിലസിക്കുന്ന ബ്രഹ്മാനന്ദരസപ്രവാഹത്താല്‍ നിമഗ്നരായി സ്വൈരം സഞ്ചരിക്കുകയും ചെയ്യുന്നു. അങ്ങയിലുള്ള ഭക്തിയില്‍ നിന്ന് ഇതിലധികം എന്തുവേണം.
3.5
ഭവദ്ഭക്തിഃ സ്ഫീതാ ഭവതു മമ സൈവ പ്രശമയേ-
ദശേഷക്ലേശൗഘം ന ഖലു ഹൃദി സന്ദേഹകണികാ
ന ചേദ് വ്യാസസ്യോക്തിസ്തവ ച വചനം നൈഗമവചോ
ഭവേന്മിഥ്യാ രഥ്യാപുരുഷവചനപ്രായമഖിലം
അര്‍ത്ഥം :
അങ്ങയുടെ നേരേ എനിക്ക് വര്‍ദ്ധിച്ച ഭക്തി ഉണ്ടാകട്ടെ . അത് എന്‍റെ ക്ളേശങ്ങളേയും ശമിപ്പിക്കും. അതിനെപ്പറ്റി ഹൃദയത്തില്‍ ഒട്ടും സംശയമില്ല. അങ്ങിനെയല്ലെങ്കില്‍ പുരാണകര്‍ത്താവായ വ്യാസന്‍റെ വചനങ്ങളും അങ്ങയുടെ ഉപദേശങ്ങളും വേദവിഹിതങ്ങളായ വാക്കുകളും എല്ലാംതന്നെ അജ്ഞന്മാരുടെ വാക്കുകള്‍പോലെ അസത്യമായി ഭവിക്കും
3.6
ഭവദ്ഭക്തിസ്താവത്പ്രമുഖമധുരാ ത്വാദ്ഗുണരസാത്
കിമപ്യാരൂഢാ ചേദഖിലപരിതാപപ്രശമനീ
പുനശ്ചാന്തേ സ്വാന്തേ വിമലപരി ബോധോദയമിളൻ
മഹാനന്ദാദ്വൈതം ദിശതി കിമതഃ പ്രാർത്ഥ്യമപരം
അര്‍ത്ഥം :
അങ്ങയോടുള്ള ഭക്തി അങ്ങയുടെ വിശേഷഗുണങ്ങളിലുള്ള താല്പര്യം മൂലം മധുരമായി തന്നെ ആരംഭിക്കുന്നു. അത് അല്പം വളരുംബോള്‍ എല്ലാ ക്ളേശങ്ങളേയും ശമിപ്പിക്കുന്നു. അന്ത്യഘട്ടത്തിലെത്തുംബോള്‍ അതുതന്നെ മനസ്സിലുണ്ടാകുന്ന പരിശുദ്ധജ്ഞാനഫലമായ പരബ്രഹ്മസിദ്ധിയെ നല്കുന്നു. ഇതിലപ്പുറം എന്താഗ്രഹിക്കണം.
3.7
വിധൂയ ക്ലേശാന്മേ കുരു ചരണയുഗ്മം ധൃതരസം
ഭവത്ക്ഷേത്രപ്രാപ്തൗ കരമപി ച തേ പൂജനവിധൗ
ഭവന്മൂർത്ത്യാലോകേ നയനമഥ തേ പാദതുലസീ-
പരിഘ്രാണേ ഘ്രാണം ശ്രവണമപി തേ ചാരുചരിതേ
അര്‍ത്ഥം :
ഹേ ഭഗവാനേ, എന്‍റെ ക്ളേശങ്ങള്‍ പരിഹരിച്ച് അങ്ങയുടെ നിവാസ സ്ഥാനമായ ഈ ക്ഷേത്രത്തിലേത്തുവാന്‍ എന്‍റെ രണ്ടു പാദങ്ങളേയും കരുത്തുള്ളതാക്കണേ ! കൈകളേയും അങ്ങയുടെ പൂജാവിധികളില്‍ ഉത്സാഹമുള്ളതാക്കിത്തീര്‍ക്കണേ ! അങ്ങയുടെ പവിത്രവിഗ്രഹം കാണാന്‍ കണ്ണുകളേയും അങ്ങയുടെ കാല്ക്കല്‍ കിടക്കുന്ന തുളസിയുടെ പരിമളമാസ്വദിക്കാന്‍ ഘ്രാണേന്ദ്രിയത്തേയും , അങ്ങയുടെ മധുരചരിതങ്ങള്‍ ശ്രവിക്കാന്‍ ശ്രവണേന്ദ്രിയങ്ങളേയും ഉത്സാഹവും ആസക്തിയുമുള്ളവയാക്കിത്തീര്‍ക്കണേ
3.8
പ്രഭൂതാധിവ്യാധിപ്രസഭചലിതേ മാമകഹൃദി
ത്വദീയം തദ്രൂപം പരമസുഖചിദ്രൂപമുദിയാത്
ഉദഞ്ചദ്രോമാഞ്ചോ ഗലിതബഹുഹർഷാശ്രുനിവഹോ
യഥാ വിസ്മര്യാസം ദുരുപശമപീഡാപരിഭവാൻ
അര്‍ത്ഥം :
മനോവേദനകളും രോഗങ്ങളും നിര്‍ബന്ധപൂര്‍വ്വം ഭഞ്ജിച്ചിട്ടുള്ള എന്‍റെ ഹൃദയത്തില്‍ അങ്ങയുടെ പരമാനന്ദനിര്‍ഭരമായ യഥാര്‍ത്ഥസ്വരൂപം ഉദിപ്പിക്കണേ ! അങ്ങനെയായാല്‍ ഞാന്‍ തിരതള്ളി വരുന്ന രോമാഞ്ചത്തോടും പ്രവഹിക്കുന്ന ആനന്ദബാഷ്പത്തോടും കൂടി അടങ്ങാത്ത വേദനകളെപ്പോലും വിസ്മരിച്ചുപോകും.
3.9
മരുദ്ഗേഹാധീശ ത്വയി ഖലു പരാഞ്ചോƒപി സുഖിനോ
ഭവത്സ്നേഹീ സോƒഹം സുബഹു പരിതപ്യേ ച കിമിദം
അകീർതിസ്തേ മാ ഭൂദ്വരദ ഗദഭാരം പ്രശമയൻ
ഭവത്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന
അര്‍ത്ഥം :
ഹേ ഗുരുവായൂരപ്പാ , അങ്ങയില്‍ താല്പര്യമില്ലാത്തവര്‍പോലും സുഖത്തോടെ ജീവിതം നയിക്കുന്നു. അങ്ങയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഈ ഞാന്‍ ഒട്ടേറെ താപങ്ങളനുഭവിക്കുകയും ചെയ്യുന്നു. വരദായകനായ ഈശ്വര, അങ്ങേയ്ക് അകീര്‍ത്തി സംഭവിക്കരുത്. ഹേ കംസദമനായ ഭഗവാനേ , എന്‍റെ വ്യാധികളെ ശമിപ്പിച്ച് എന്നെ ഉടനെ അങ്ങയുടെ ഉത്തമഭക്തനാക്കി തീര്‍ക്കണേ
3.10
കിമുക്തൈർഭൂയോഭിസ്തവ ഹി കരുണാ യാവദുദിയാ
ദഹം താവദ്ദേവ പ്രഹിതവിവിധാർതപ്രലപിതഃ
പുരഃ ക്ലൃപ്തേ പാദേ വരദ തവ നേഷ്യാമി ദിവസാൻ
യഥാശക്തി വ്യക്തം നതിനുതിനിഷേവാ വിരചയൻ
അര്‍ത്ഥം :
കൂടുതല്‍ പറയുന്നതെന്തിന് ! അല്ലയോ അഭീഷ്ടദായകനായ ഭഗവാനേ , അങ്ങയുടെ കരുണ എന്നില്‍ പതിക്കുന്നതുവരെ ഞാന്‍ ദുഃഖപ്രലാപനങ്ങള്‍ കൂടാതെ , മുന്‍പില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള അങ്ങയുടെ പാദങ്ങള്‍ക്കരികില്‍ യഥാശക്തി നമസ്കാരം , സ്തുതി, പൂജാ എന്നിവ അനുഷ്ഠിച്ചുകൊണ്ട് ദിവസങ്ങള്‍ നയിക്കുകയും ചെയ്യാം
No comments:
Post a Comment