സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍)
തമിഴ്‌നാട്ടില്‍ രത്‌നക്കല്ലുകള്‍ സ്വയംഭൂ ശിവലിംഗമായി പ്രതിഷ്ഠിച്ചിട്ടുള്ള പുരാണപ്രസിദ്ധമാണ്. അതിപ്രാചീനവുമായ ഏഴ് ശിവക്ഷേത്രങ്ങളാണ് സപ്തവിടങ്കങ്ങള്‍ എന്നറിയപ്പെടുന്നത്.
'വിടങ്കം' എന്നാല്‍ 'ഉളികൊണ്ട് കൊത്താത്തത്' എന്നര്‍ത്ഥം. മുചുകുന്ദ ചക്രവര്‍ത്തിയാണ് ഈ ശിവലിംഗങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.
ഈ ഏഴു ക്ഷേത്രങ്ങളിലും ഭഗവാന്‍ ശിവന്‍ ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്. പ്രത്യേകം നടരാജ സന്നിധിയായി ഈ നടനങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്താല്‍ രാജാവിനെപ്പോലെ വാഴാമെന്നാണ് വിശ്വാസം.
സകലമാനവിധത്തിലുള്ള ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതിന് സപ്തവിടങ്ക ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് കരുതുന്നു.
സപ്തവിടങ്ക ക്ഷേത്രങ്ങള്‍ ഇവയെല്ലാമാണ്.
തിരുവാരൂര്‍
തിരുവാരൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സപ്തവിടങ്ക ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും അതിബൃഹത്തായതുമായ ക്ഷേത്രമാണിത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ഒരു കി.മീ. ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്യാഗരാജര്‍ എന്ന പേരില്‍ ശിവനും 'നീലോല്പല അംബാള്‍' എന്ന പേരില്‍ പാര്‍വ്വതിയും പ്രത്യേകം കോവിലുകളില്‍ വാണരുളുന്നു. 'അജപാ' നടനമാടി ശിവന്‍ നടരാജസ്വാമിയായി പ്രത്യേകം കോവിലില്‍ കുടിയിരിക്കുന്നു.
തിരുനള്ളാര്‍
കാരയ്ക്കലില്‍ നിന്നും അഞ്ച് കി.മീ. ദൂരം. നവഗ്രഹക്ഷേത്രങ്ങളില്‍ ശനീശ്വര ദേവസ്ഥാനമാണ് ഈ ക്ഷേത്രം. ഉന്മത്തനടനമാടി ശിവന്‍ നടരാജ സന്നിധിയില്‍. സ്വയംഭൂ ശിവലിംഗം ദര്‍ഭാരണ്യേശ്വരന്‍ എന്ന പേരില്‍ പ്രധാന ശ്രീകോവിലില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍ണ്ണമുലയമ്മ എന്ന നാമത്തില്‍ പാര്‍വ്വതിയും വാണരുളുന്നു.
തിരുനാഗൈരക്കോണം
നാഗപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും രണ്ട് കി.മീ. ദൂരം. കടല്‍ക്കര നടനമാണ് ശിവന്‍ ആടിയത്. കയരോഗണസ്വാമി എന്ന പേരില്‍ ശിവനും നീലാക്ഷി എന്ന പേരില്‍ പാര്‍വ്വതിയും വാഴുന്നു. പ്രധാനപ്പെട്ട ശക്തി പീഠങ്ങളില്‍ ഒന്നാണ് ഈ ദേവി സന്നിധി.
വേദാരണ്യം
നാഗപട്ടണത്തുനിന്നും 50 കി.മീ. ദൂരം. ഹസ്തപാദ നടനമാണ് ഈ ക്ഷേത്രത്തില്‍ ശിവന്‍ നടനം ചെയ്തത്. നാലുവേദങ്ങളും മനുഷ്യരൂപത്തില്‍ ഇവിടെ ശിവനെ പൂജിച്ചു. അതിനാല്‍ വേദാരണ്യേശ്വരന്‍ എന്ന പേരില്‍ ശിവന്‍ അറിയപ്പെട്ടു.
തിരുമറൈക്കാട് എന്ന പേരും വേദാരണ്യത്തിനുണ്ട്. വേദനായികയായി പാര്‍വതിയും പ്രത്യേകം കോവിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പുന്നമരമാണ് സ്ഥലവൃക്ഷം. പ്രധാന തീര്‍ത്ഥക്കുളമായ വേദതീര്‍ത്ഥം ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു.
തിരുവായ്മൂര്‍
തിരുവാരൂരില്‍നിന്നും അഞ്ച് കി.മീ. ദൂരം. വായ്മൂര്‍നാഥന്‍ എന്ന പേരില്‍ ശിവനും ക്ഷീര വചനനായികയായി പാര്‍വ്വതിയും വാണരുളുന്നു. കമലനടനമാണ് ശിവന്‍ ആടിയത്.
തിരുക്കാറവാസല്‍
തിരുവാരൂരില്‍നിന്നും 12 കി.മീ. ദൂരം. സഹസ്ര നേത്രനാഥസ്വാമി എന്നാണ് ശിവനാമം. കൈലാസനായികയായി പാര്‍വതിയും. സ്ഥലവൃക്ഷം, പ്ലാവ്. ബ്രഹ്മതീര്‍ത്ഥം, ശേഷതീര്‍ത്ഥം തുടങ്ങിയ വിശേഷപ്പെട്ട തീര്‍ത്ഥഘട്ടങ്ങളും ഉണ്ട്. ആദി നടനമാണ് ശിവന്‍ ആടിയത്.
തിരുക്കുവലയ്
തിരുവാരൂരില്‍നിന്നും തിരുത്തിറപൂണ്ടി എന്ന സ്ഥലത്തുപോകുന്ന റൂട്ടില്‍ 'കാച്ചിനം' എന്ന സ്ഥലത്തുനിന്ന് അഞ്ച് കി.മീ. ദൂരം. ശിവന്‍, ബ്രഹ്മപുരീശ്വരന്‍, പാര്‍വതി, പൂങ്കുഴല്‍ അമ്മ എന്നീ നാമങ്ങളില്‍ പ്രത്യേക സന്നിധിയില്‍. ബ്രഹ്മതീര്‍ത്ഥമാണ് പ്രധാന തീര്‍ത്ഥക്കുളം. ഭൃംഗനടനമാണ് ശിവന്‍ ആടിയത്.
No comments:
Post a Comment