കാര്‍ത്തിക വിളക്ക്
ദീപങ്ങളുടെ ഉത്സവമാണ് കാര്‍ത്തിക. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ദിനമാണിത്. കേരളത്തിലെ മിക്ക ദേവീക്ഷേത്രങ്ങളിലും പ്രധാന ഉത്സവം നടക്കുന്നത് ഈ ദിനമാണ്. കുമാരനല്ലൂര്‍ കാര്‍ത്ത്യായനീ ദേവിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും ചക്കുളം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ ദിവസമാണ് നടക്കുന്നത്.
വൃശ്ചിക മാസത്തിലെ പൂര്‍ണ്ണിമയും കാര്‍ത്തിക നക്ഷത്രവും ഒന്നിച്ചു വരുന്നദിവസം ആണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആയി ആഘോഷിക്കുന്നത്. വൃശ്ഛിക മാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ നടത്താറുള്ള ഹൈന്ദവാഘോഷമാണ് കാര്‍ത്തിക വിളക്ക്. തമിഴ്നാട്ടിലാണിതു പ്രധാനമെങ്കിലും കേരളത്തിലെ ചില ഭാഗങ്ങളിലും ഇത് ആഘോഷിക്കാറുണ്ട്. ക്ഷേത്ര ച്ചുവരുകളിലും വീടുകളിലും അന്നു സന്ധ്യയ്ക്ക് നിരയായി മണ്‍ചെരാതുകള്‍ കൊളുത്താറുണ്ട്. അനവധി ദീപങ്ങള്‍ ഒന്നിച്ചു കത്തുമ്പോഴുണ്ടാകുന്ന ശോഭയും പ്രകാശവും അനവദ്യമായൊരു ദൃശ്യമാണ്. നെല്‍പ്പാടങ്ങളില്‍ ഓലച്ചൂട്ടു കത്തിച്ച് നിവേദ്യം കഴിക്കുകയും പിന്നീട് കുട്ടികള്‍ ചൂട്ടുമെടുത്ത് ആഘോഷപൂര്‍വം 'അരികോരരികോരരികോരെ' എന്ന് ആര്‍ത്തുവിളിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന ചടങ്ങ് ദക്ഷിണ കേരളത്തില്‍ വൃശ്ഛികത്തിലെ കാര്‍ത്തിക നാളില്‍ നടത്തുന്നു.
ദേവാസുര യുദ്ധത്തില്‍ മഹിഷാസുരനെ വധിക്കാന്‍ ഉപായം കാണാതെ ദേവകള്‍ എല്ലാരും ദു:ഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. ബ്രഹ്മാവ് വിചാരിച്ചിട്ട് കാര്യം നടക്കഞ്ഞ കാരണം എല്ലാരും കൂടെ മഹാ വിഷ്ണുവിനെയും പരമശിവനെയും കാണാന്‍ ചെന്നു. വിവരങ്ങള്‍ എല്ലാം അറിഞ്ഞു കുപിതരായ ഇവര്‍ മഹിഷാസുരനെ വധിക്കാന്‍ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു. ഓരോ ദേവന്മാരുടെയും യശസ്സ് ദേവിയുടെ ഓരോ അവയവം ആയി തീര്‍ന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനില്‍ നിന്നും ഘോരക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവില്‍ നിന്നും നീല നിറത്തില്‍ ഒരു തേജസ് വന്നു. ആ തേജസ് എല്ലാം കൂടി ചേര്ന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപം കൊണ്ടു. ആ രൂപം കണ്ടു ദേവകള്‍ സന്തുസ്ടരായി തീര്‍ന്നു. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമയയെ അവര്‍ വാഴ്ത്തി.
മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തില്‍ തൃക്കാര്‍ത്തിക ആഘോഷിക്കുന്നത് എന്നൊരു ഒരു സങ്കല്‍പം ഉണ്ട്. (ദേവി പുരാണത്തില്‍ നിന്നും).
തമിഴ്നാട്ടില്‍ ഇതിനെ ഭരണിദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. ശിവ ഭക്തരുടെയും വിഷ്ണു ഭക്തരുടെയും ആണ് ഈ രീതിയില്‍ഉള്ള ആഘോഷം. സുബ്രഹ്മണ്യന്റെ ജന്മദിവസമായും കാര്‍ത്തിക തമിഴ്നാട്ടില്‍ ആഘോഷിക്കുന്നു. പരമശിവന്റെ ദിവ്യ പ്രഭയില്‍ നിന്നും കാര്‍ത്തിക ദേവിയുടെ സഹായത്താല്‍ സുബ്രഹ്മണ്യന്‍ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്. പുരാണങ്ങളില്‍ കാര്‍ത്തികയെ കുറിച്ചു പലകഥകളും ഉണ്ട്. കേരളത്തില്‍ ലക്ഷ്മിദേവിയുടെ പ്രീതിക്കായി ആണ് തൃക്കാര്‍ത്തിക. ദേവിക്ഷേത്രങ്ങളില്‍ ഉത്സവം ആയി ആഘോഷിക്കുന്നത്.
ശിവക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും വഴിപാടുകളും നടത്തുന്നു. വിളക്കുവെപ്പ്, മലര്‍പ്പൊരി നിവേദ്യം, എഴുന്നെള്ളിപ്പ് തുടങ്ങിയവയാണു പ്രധാനം. വൈക്കത്തഷ്ടമി പോലെ കുമാരനല്ലൂര്‍ തൃക്കാര്‍ത്തികയും കേരളത്തിലെ ഏറെ പ്രസിദ്ധമായ ഒരാഘോഷമാണ്.
കാർത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ് ആയതിനാൽ എല്ലാ മാസവും കാർത്തിക നക്ഷത്രം തോറും വീടുകളിൽ നെയ് വിളക്ക് കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്
കാര്‍ത്തിക വിളക്കും കീടനിയന്ത്രണവും
ആചാരങ്ങളുടെ ശാസ്ത്രീയത ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. ആചാരങ്ങള്‍ക്കൊപ്പം അനാചാരങ്ങളും നിലനില്‍ക്കുന്നു. എന്നാല്‍ വൃശ്ചിക മാസത്തിലെ 'കാര്‍ത്തിക വിളക്കി'ന് കാര്‍ഷികമായി വളരെ പ്രസക്തിയുള്ളതായി കാണുന്നു.
രണ്ടാം വിള നെല്‍ക്കൃഷിയുടെ നിര്‍ണായക സമയമാണ് കാര്‍ത്തിക വിളക്കിന്റേത്. നെല്ലിലെ തണ്ടുതുരപ്പനും ഇല ചുരുട്ടിയും ചാഴിയും സജീവമായി രംഗത്തുണ്ട്. നിശാശലഭങ്ങള്‍ രാത്രികാലങ്ങളില്‍ ചെടികളില്‍ മുട്ടയിട്ട് പോവുകയും അത് വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നു. ഈ സമയത്ത് കേരളത്തില്‍ എല്ലായിടത്തും ഒരേ സമയത്ത് 'വിളക്ക് കെണി' (light trap) വയ്ക്കുന്ന ഒരു ആചാരമായി ഇതിനെക്കാണാം.
ഒരു ദിവസം നിശ്ചിത സമയത്ത് ദശലക്ഷക്കണക്കിന് ദീപങ്ങള്‍ പുരയിടങ്ങളിലും പാടത്തുമടക്കം കത്തിച്ചു വയ്ക്കുമ്പോള്‍ അസംഖ്യം ശത്രുകീടങ്ങള്‍ ഒരു തരി വിഷം തീണ്ടാതെ നിയന്ത്രിക്കപ്പെടുന്ന മനോഹരമായ ആചാരം ഇന്ന് ഗവേഷകര്‍ കൃഷിയില്‍ മുന്നോട്ട് വയ്ക്കുന്ന വിളക്ക് കെണികളുടെ ആദിമരൂപം.
ഇതോടൊപ്പം ക്ഷേത്രങ്ങളിലെ ദേശവിളക്കുകകളുടെ ഭാഗമായ കരിമരുന്ന് പ്രയോഗത്തിലൂടെ അന്തരീക്ഷത്തിലേക്ക് ബഹിര്‍ഗമിക്കുന്ന ഗന്ധകം (സള്‍ഫര്‍) രോഗകാരികളായ ഫംഗസുകളെയും മണ്ഡരികളെയും നിയന്ത്രിക്കുന്നു.
ചെടികള്‍ക്കാവശ്യമായ ദ്വിതീയ മൂലകമായ സള്‍ഫര്‍ ലഭിക്കുകയും ചെയ്യുന്നു. ആലോചിക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടല്ലേ !...
No comments:
Post a Comment