27 December 2017

പിതൃയജ്ഞം

പിതൃയജ്ഞം

അന്നത്തിനാലോ, ജലതർപ്പണത്തിനാലോ പിതൃക്കളെ തൃപ്തിപ്പെടുത്തുന്നത് പിതൃയജ്ഞം.
നമ്മുടെ ശരീരം ലഭിച്ചതിൽ നാം നമ്മുടെ മാതാപിതാക്കന്മാരോട് കടപ്പെട്ടിരിക്കുന്നു. അവരോടും അവരുടെ മാതാപിതാക്കളോടും ചുരുക്കം പിൻതലമുറകളോടും നമുക്കു കടപ്പാടുണ്ട്. അതിനാൽ മണ്മറഞ്ഞുപോയ അവരെ നിത്യവും സ്മരിക്കണം. ശ്രാദ്ധ-തർപ്പാണാദികൾക്ക് പിതൃയജ്ഞമെന്നു പറയുന്നു. പരലോകപ്രപ്തരായ പൂർവ്വികരെ സ്മരിച്ച്  അവർക്കായി നടത്തുന്ന പിതൃതർപ്പണവും  ജീവിച്ചിരിക്കുന്ന മാതൃ-പിതൃവഴിയിലുള്ള ഗുരുജനങ്ങളെ ശ്രാദ്ധപൂർവ്വം ശുശ്രൂഷിക്കുന്നതും പിതൃയജ്ഞമാകുന്നു.   

നാം ഇന്ന് അനുഭവിക്കുന്ന  പല സുഖസൗഖര്യങ്ങൾക്കും  നമ്മുടെ പൂർവ്വികന്മാരോടും  പൂർവ്വകാലവംശപരമ്പരകളോടും  കടപ്പെട്ടിരിക്കുന്നു.
അവരുടെ സൽകർമ്മങ്ങളും ത്യഗവും നാം നന്ദിപൂർവ്വം  ആദരവോടുകൂടി  സ്മരിക്കുകയും അത്പോലെ   ജീവിച്ചിരിക്കുന്ന വയോവൃദ്ധരും ജ്ഞാനവൃദ്ധരുമായ  ഗുരുജനങ്ങളെ ബഹുമാനിക്കുകയും ശുശ്രൂഷിക്കുകയും വേണം. അവരുടെയെല്ലാം അനുഗ്രഹാശിസ്സുകൾ നിമിത്തം നമ്മുടെ ജീവിതം കുടുതൽ സുഗുമവും സന്തോഷപ്രദവുമായി  തീരും.

ശ്രത് സത്യം  ദധാതിയയാ  ക്രിയയാ സാശ്രദ്ധാ
ശ്രദ്ധായായത്  ക്രിയതേ തത് ശ്രാദ്ധം 

യാതൊരു ക്രിയകൊണ്ട് സത്യം ഗ്രഹിക്കപ്പെടുന്നുവോ അത് ശ്രദ്ധയെന്നും, ശ്രദ്ധയോടുകൂടി ചെയ്യുന്ന കർമ്മം ശ്രാദ്ധമെന്നും  പറയപ്പെടുന്നു.

"തൃപ്യന്തി തർപ്പയന്തിയേന  പിതൃൻ തത് തർപ്പണം " 

യാതൊരു കർമ്മം കൊണ്ട് മാതാപിതാക്കളും - അവരുടെ പൂർവ്വവംശപരമ്പരയും പ്രസാദിക്കപ്പെടുന്നുവോ  അതു തർപ്പണം.

തർപ്പണം
ശരീരശുദ്ധിക്കുശേഷം ജലംകൈകളിലെടുത്ത് പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജല തർപ്പണം ചെയ്യുന്നു. ദേവന്മാർ, ഋഷിമാർ, പിതൃക്കൾ തുടങ്ങിയവരെ സ്മരിച്ചുകൊണ്ട് ജലതർപ്പണം നടത്തുന്നു. (തർപ്പണം = പ്രീതിപ്പെടുത്തുക)

മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ് വിധി. തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ. ഇത് ചെയ്യുന്നത് കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്.

ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ് ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടക മാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.

വിവിധ തർപ്പണങ്ങൾ

1. ഗുണ്ട തർപ്പണം
ശേഷം കെട്ടിയ ആൾ, അതായത് ആരാണോ മരണാനന്തര ക്രിയ ചെയ്യൂന്നത് അയാൾ മരണത്തിന്റെ ആദ്യ പത്ത് ദിവസം ചെയ്യേണ്ടതായ തർപ്പണ്ണം.

2. ബ്രഹ്മ യജ്ഞ തർപ്പണം

ഇത് ബ്രാഹ്മണ പുരോഹിതർ ദിവസവും ചെയ്യുന്ന തർപ്പണമാണ്. ദേവന്മാർക്കും മഹർഷിമാര്ക്കും പിതൃക്കൾക്കുമാണ് ഇത് അർപ്പിക്കുന്നത്.

3. പർഹേനി തർപ്പണം

വാർഷികമായി ചെയ്യേണ്ട ശ്രാദ്ധത്തിന്റെ അടുത്ത നാൾ ചെയ്യേണ്ട തർപ്പണം ആണിത്. പിതാവിന്റെ വംശത്തിന് മാത്രം നൽകപ്പെടുന്ന ഇത് ഇന്ന് ശ്രാദ്ധ നാളിൽതന്നെയാണ് ചെയ്യുന്നത്.

4. സാധാരണ തർപ്പണം

അമാവാസികളിൽ ചെയ്യാവുന്ന തർപ്പണം. മേടം കർക്കിടകം, തുലാം, മകര വാവുനാളുകളിലും ഗ്രഹണനാളുകളിലും ചെയ്യാം.

ശ്രാദ്ധം

ശ്രദ്ധാപൂർവ്വം ചെയ്യുന്നത് ശ്രാദ്ധം. മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം.
പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്.
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം.

ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.

വളരെ വിപുലമായ അർത്ഥങ്ങളുള്ള എല്ലാവർക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്.
"മാതൃദേവോഭവ
പിതൃദേവോഭവ,
ആചാര്യദേവോ ഭവ"
എന്നീ അനുശാനങ്ങൾ അത്യന്തം ശ്രദ്ധേയങ്ങളാണ്.

"ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"

“ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ അനുസരിക്കുക വാർദ്ധക്യത്തിൽ   ഭക്ഷണാദികളൾ നല്കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികൾ നടത്തുക. ഈ മൂന്നു വിധത്തിലാണ് ഒരുവൻ പുത്രനാകുന്നത്”

No comments:

Post a Comment