8 December 2017

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

നവമീ തിഥി പര്യന്തം
തപഃ പൂജാ, ജപാദികം
ഏകാഹാരം വ്രതീ കുര്യാത്‌,
സത്യാദി നിയമൈര്‍യുതഃ

കേരളത്തില്‍ കന്നി മാസത്തിലെ  വെളുത്ത പക്ഷ പ്രഥമ ദിവസം  മുതല്‍ ഒമ്പത് ദിവസങ്ങളിലാ യിട്ടാണ് നവരാത്രി വ്രതം അനുഷ്ടിക്കുന്നത്. ഉത്തര ഭാരതത്തില്‍ മേടമാസ  പ്രഥമ മുതല്‍ ശ്രീരാമനവമി വരെയുള്ള നവരാത്രിയും പ്രധാനമാണ്. നവരാത്രിയില്‍  ദുര്‍ഗാ പൂജയും കന്യാപൂജയും (കുമാരീ പൂജ) നടത്തുന്നു. രണ്ടു മുതല്‍ പത്തു വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള കന്യയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ടിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കണം.

നവരാത്രിയില്‍ അമാവാസി മുതല്‍ വ്രതം ആരംഭിക്കണം. വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്ത ത്തില്‍ ഉറക്കമുണര്‍ന്നു കുളിച്ച് ശുദ്ധ ശുഭ്ര വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമാക്കി ചുരുക്കണം. ഒരുനേരം പാല്‍, ഫലവര്‍ഗങ്ങള്‍ എന്നിവ മാത്രം മറ്റു നേരങ്ങളില്‍ കഴിക്കാവുന്നതാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്‌. എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം.

ഒമ്പത് ദിവസങ്ങളിലായി ഒമ്പത് വ്യത്യസ്ത ഭാവങ്ങളില്‍ ആണ് ദേവിയെ ആരാധിക്കേണ്ടത്. ആദ്യത്തെ മൂന്നു ദിവസം പാര്‍വതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മി ആയും അവസാന മൂന്നു ദിവസം സരസ്വതിയായും ആരാധിക്കുന്നു. കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് ഏറ്റവും പ്രാധാനം. കൂടുതല്‍ ആളുകളും അഷ്ടമി, നവമി, ദശമി  എന്നീ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമി ദിവസമാണ് പൂജ വയ്ക്കേണ്ടത്. നവമിയില്‍ അധ്യയനം നിഷിദ്ധമാണ്. വിജയദശമി ദിവസം വിദ്യാരംഭദിനമാണ്.  ഒന്‍പതു  ദിവസങ്ങള്‍ തുടര്‍ച്ചയായി  വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ക്ക് അവസാന മൂന്നു ദിവസം മാത്രമായും വ്രതം അനുഷ്ടിക്കാം.

ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം,ലളിതാ ത്രിശതീ സ്തോത്രം,സൌന്ദര്യ ലഹരി മുതലായവാ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

എല്ലാ വ്രത ദിവസങ്ങളിലും ദുര്‍ഗാ ഭഗവതിയുടെ ഈ ധ്യാന ശ്ലോകം ഭക്തിപൂര്‍വ്വം  ജപിക്കാം. സര്‍വ ദുഖങ്ങളും ദേവി അകറ്റും. സര്‍വാഭീഷ്ടങ്ങളും ദേവി നടത്തും.

ദുര്‍ഗാം ധ്യായതു ദുര്‍ഗതി പ്രശമനിം ദൂര്‍വാദള ശ്യാമളാം

ചന്ദ്രാര്‍ധോജ്വല ശേഖരാം ത്രിനയനാം അപീത വാസോവസം

ചക്രം ശംഘ ധനുശ്ച ധതതിം കോദണ്ഡ ബാണാംശയോര്‍

മുദ്രേവാ അഭയകാമദേ സകടിബന്ധാഭീഷ്ടദാം വാനയോ:

ആയുസ്സ്, ദാരിദ്ര്യശമനം, വിദ്യാഗുണം, ആഗ്രഹസാധ്യം, ശത്രുദോഷ നിവാരണം, ധനലാഭം, കുടുംബൈശ്വര്യം തുടങ്ങിയവയാണ് നവരാത്രി വ്രതത്തിന്റെയും പൂജയുടെയും ഫല ശ്രുതി.

ദേവിയെ ഓരോ ദിവസവും ഓരോ രൂപത്തില്‍ സങ്കല്‍പ്പിച്ച് ആരാധിക്കുന്നു. ഓരോ ദിവസവും ദേവിയെ ഓരോ വ്യത്യസ്ത മന്ത്രം കൊണ്ട് ആരാധിക്കുന്നു. ഓരോ ദിവസത്തെയും ആരാധാനാ ഭാവവും മന്ത്രങ്ങളും തലേ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

നവരാത്രി വ്രതം ഒന്നാം ദിവസം

നവരാത്രിയുടെ ഒന്നാം ദിവസം ബാലസ്വരൂപണീ ഭാവ ത്തില്‍, ശൈലപുത്രി യായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു. നന്തിയാണ് ദേവിയുടെ വാഹനം. സതി, ഭവാനി, പാർവതി, ഹൈമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ദേവിയുടെ ഈ രൂപം മനസ്സില്‍ സ്മരിച്ചുകൊണ്ട് നവരാത്രിയുടെ ഒന്നാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

വന്ദേ വാഞ്ഛിതലാഭായ 
ചന്ദ്രാര്‍ധാകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം 
ശൈലപുത്രീം യശസ്വിനീം 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

നവരാത്രിയുടെ രണ്ടാം ദിവസം

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ബ്രഹ്മചാരിണി സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ്  എന്നും അര്‍ത്ഥമുണ്ട്. ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. 

കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. ഇലഭക്ഷണം പോലും ത്യജിച്ചു കൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതു കൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി. രണ്ടാം രാത്രി ബ്രഹ്മചാരിണിയുടെ ആരാധനയ്ക്കായ് നീക്കി 
വയ്ക്കപ്പെട്ടിരിക്കുന്നു

നവരാത്രിയുടെ രണ്ടാം ദിവസത്തില്‍ ദേവീ പൂജയ്ക്ക് ജപിക്കേണ്ട മന്ത്രം 

“ദധാനാ കരപദ്മാഭ്യാമക്ഷമാലാ കമണ്ഡലൂ 
ദേവീ പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ:” 

ഈ മന്ത്രം ഭക്തിപൂര്‍വ്വം ബ്രഹ്മചാരിണീരൂപിയായ ദേവിയെ 
സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ ഐശ്വര്യങ്ങളും സാധിക്കുകയും മന:ശാന്തി ലഭിക്കുകയും ചെയ്യും.

നവരാത്രിയുടെ മൂന്നാം ദിവസം

നവരാത്രിയുടെ മൂന്നാം ദിനത്തില്‍ ആരാധിക്കേണ്ട ദേവീ ഭാവം ചന്ദ്രഘണ്ഡ എന്ന് അറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍  അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍  ധരിച്ചിരിക്കുന്നു. സിംഹവാഹനസ്ഥയായ ദേവിയുടെ മണിനാദം കേട്ടാല്‍ തന്നെ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടജനങ്ങള്‍ക്ക് ശാന്തിയും ലഭിക്കും.

യുദ്ധ സന്നദ്ധയായി നില്‍ക്കുന്ന ദേവീഭാവമാണ് മൂന്നാം നവരാത്രിയിലേത്. ഈ രൂപത്തില്‍ ദേവിയെ ഭജിക്കുന്നവര്‍ക്ക്  ശത്രു വിജയം, കാര്യ സിദ്ധി, ഐശ്വര്യം എന്നിവ കരഗതമാകുന്നതാണ്.

“പിണ്ഡജ പ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ 

പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ”

എന്ന മന്ത്രം കൊണ്ടാണ് ഈ ദിവസം ദേവീ ഉപാസന ചെയ്യേണ്ടത്.

നവരാത്രി മൂന്നാം ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ കല്യാണിയായി ആരാധിക്കണം.

കല്യാണീആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

നവരാത്രി വ്രതം നാലാം ദിവസം

നവദുര്‍ഗാ ആരാധനാ പദ്ധതി അനുസരിച്ച്  നവരാത്രിയുടെ നാലാമത്തെ ദിവസത്തില്‍ ആരാധിക്കേണ്ട  ദേവീ സ്വരൂപം ‘കൂഷ്മാണ്ഡ’ എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച ഉത്ഭവത്തിന്റെ ആദിസ്വരൂപവും കാരണ ശക്തിയും ദേവിയാണല്ലോ.  ആ സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ചതായ ദിവ്യമായ പ്രകാശം സര്‍വ്വ ലോകങ്ങളിലും  വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വ ചരാചരങ്ങളിലും  പ്രവേശിച്ച് ശോഭിച്ച്  തിളങ്ങി. മഹാ തേജസ്വിനിയായ  ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച
ദധാനാ ഹസ്തപദ്മാഭ്യാം കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

നവരാത്രി നാലാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ രോഹിണിയായി ആരാധിക്കണം.

രോഹിണീ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം”

നവരാത്രി വ്രതം അഞ്ചാം ദിവസം 

നവദുര്‍ഗാ  ആരാധനാ പദ്ധതി അനുസരിച്ച് നവരാത്രി വൃതാനുഷ്ടാനത്തിന്റെ അഞ്ചാം ദിവസത്തില്‍ ദേവിയെ  അഞ്ചാമത്തെ ഭാവമായ  സ്കന്ദമാതാവാ യാണ് സങ്കല്‍പ്പപൂജ ചെയ്യേണ്ടത് .

ജഗത് മാതാവായ ദേവിയുടെ മടിത്തട്ടില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു. 
സ്കന്ദമാതാവായ പരാശക്തിയുടെ സങ്കല്പം ചതുര്‍ഭുജയാണ്. 

രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സത്യത്തില്‍ സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സ്കന്ദനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാരാധന ഫലപ്രദമാകുന്നു.

അഞ്ചാം ദിവസം ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കേണ്ട മന്ത്രം

“സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ “

എന്നതാണ്. ഈ മന്ത്രം കൊണ്ട് ദേവീ ഉപാസന നടത്തുന്നവര്‍ ദേവിയുടെയും ശ്രീ മുരുകന്റെയും അനുഗ്രഹത്തിന് പാത്രീഭൂതരാകും എന്നതില്‍ തര്‍ക്കമില്ല.

നവരാത്രി അഞ്ചാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ കാളികയായി ആരാധിക്കണം.

കാളികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

“കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം”

നവരാത്രി വ്രതം ആറാം ദിവസം

നവരാത്രിയുടെ ആറാമത്തെ ദിവസത്തില്‍  ദേവിയെ ആരാധിക്കേണ്ട സ്വരൂപം ‘കാത്യായനി’ യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവി തന്‍റെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ച് മഹര്‍ഷിയുടെ ഗൃഹത്തില്‍ അവതാരം ചെയ്തു. അതിനുശേഷം മഹിഷാസുരനെ വധിച്ച് ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നാണ് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നത് . 

ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

ആറാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

ചന്ദ്രഹാസോജ്ജ്വലകരാ ശാര്‍ദ്ദൂലവരവാഹനാ 
കാത്യായനീ ശുഭം ദദ്യാ ദേവീ ദാനവഘാതിനീ

നവരാത്രി ആറാം  ദിവസത്തില്‍  കന്യാപൂജയ്ക്കായി ദേവിയെ ചണ്ഡികയായി ആരാധിക്കണം.

ചണ്ഡികാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാമി സദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

നവരാത്രി വ്രതം ഏഴാം ദിവസം

നവദുര്‍ഗാഭാവങ്ങളില്‍ ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ദേവിയുടെ ഈ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍ നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയും ഭയപ്പെടുത്തും. ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റും  ധരിച്ച് ചതുര്‍ഭുജയായി ‘ശുഭങ്കരി’ എന്ന പേരില്‍ അറിയപ്പെടുന്നു.

ഏഴാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം 

“ഏകവേണീ ജപാകര്‍ണപൂര നഗ്നാ ഖരാസ്ഥിതാ 

ലംബോഷ്ടീ കര്‍ണികാകര്‍ണീ തൈലാഭ്യക്തശരീരിണീ
വാമപാദോല്ലസല്ലോഹലതാകണ്ടകഭൂഷണാ 

വര്ധനമൂര്‍ധ്വജാ  കൃഷ്ണാ കാളരാത്രിര്‍ഭയംകരീ”  

നവരാത്രി ഏഴാം  ദിവസത്തില്‍ കന്യാപൂജയ്ക്കായി ദേവിയെ ശാംഭവിയായി ആരാധിക്കണം.

ശാംഭവീ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

നവരാത്രി എട്ടാം ദിവസം 

നവരാത്രി വ്രതത്തിന്റെ എട്ടാമത്തെ ദിനത്തിലെ ദേവീ ഭാവം ‘മഹാഗൗരി’ യാണ്. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഭക്തന്മാര്‍ക്ക് ദര്‍ശനപുണ്യം നല്‍കി പരിലസിച്ചു.

എട്ടാം ദിവസത്തില്‍  ദേവീ ഉപാസനയ്ക്കുള്ള മന്ത്രം 

“ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ 
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവപ്രമോദദാ”

നവരാത്രി എട്ടാം ദിവസം  കന്യാപൂജയ്ക്കായി ദേവിയെ ദുര്‍ഗയായി ആരാധിക്കണം.

ദുര്‍ഗാ ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗതിനാശിനീം

നവരാത്രിയുടെ  ഒന്‍പതാം ദിവസം 

നവരാത്രിയുടെ ഒന്‍പതാം ദിവസം ആരാധിക്കേണ്ടത് സിദ്ധിധാത്രീ രൂപമാണ്. അന്ന് ദേവി സര്‍വ്വാഭീഷ്ട സിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ  അഷ്ടസിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. പങ്കജ സംഭവനാദി തൃണാന്തം സര്‍വ ചരാചരങ്ങള്‍ക്കും  സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദാ ചക്രങ്ങളും ശംഖും താമരയും ധരിച്ച് ദേവി സര്‍വാഭീഷ്ട വരദായിനിയായി ദേവി പരിലസിക്കുന്നു.

മഹാ നവമിയില്‍ സിദ്ധിദാത്രിയായി ദേവിയെ ഉപാസിക്കേണ്ട സ്തോത്ര ഭാഗം 

“സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി 

സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ “

എന്ന സ്തുതിയാല്‍ ദേവ്യുപാസന ചെയ്യുന്നവര്‍ക്ക്  സകല അഭീഷ്ടങ്ങളും കരഗതമാകുന്നതാണ്.

നവരാത്രി ഒന്‍പതാം ദിവസം കന്യാപൂജയ്ക്കായി ദേവിയെ സുഭദ്രയായി ആരാധിക്കണം.

സുഭദ്രാ  ആരാധനയ്ക്കായി ഈ മന്ത്രം ഉപയോഗിക്കാം.

സുന്ദരീം സ്വര്‍ണ്ണ വര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

1 comment: