പരാശക്തിയ്ക്കു മുന്നിൽ ശതകോടി പ്രണാമം.
ഞാൻ പരാശക്തിയിൽ നിന്നുമുണ്ടായി. പരാശക്തികൊണ്ട് നിലനിൽക്കുന്നു. പരാശക്തിയിൽത്തന്നെ ലയിക്കുന്നു.
ഞാൻ ജനിക്കുന്ന സമയത്ത് പിതാവിൽ നിന്ന് അവതരിച്ച 'ശക്തി'. അഞ്ചു ലക്ഷത്തിൽപരം ജീവന്മാരെ പുറകിലാക്കി അമ്മയുടെ ഗർഭപാത്രത്തിൽ എന്നെ ആദ്യമെത്തിച്ച 'ശക്തി'. പത്തുമാസം ഗർഭപാത്രത്തിൽ ഊട്ടിയുറക്കി എന്നെ സംരക്ഷിച്ച 'ശക്തി'.
ഞാനറിയാതെ എന്റെ ഹൃദയമിടിപ്പു നിയന്ത്രിക്കുന്ന 'ശക്തി'. കണ്ണുകൾക്ക് കാഴ്ചയും, കാതുകൾക്ക് കേൾവിയും തരുന്ന 'ശക്തി'. എന്റെ ആന്തരാവയവങ്ങളെ, ആവശ്യപ്പെടാതെ തന്നെ പ്രവർത്തിപ്പിക്കുന്ന 'ശക്തി'.
ഒമ്പതു ദ്വാരങ്ങളുള്ള ഓടക്കുഴലിലൂടെ വായു കടന്നുപോകുമ്പോൾ ക്ഷണിക നേരത്തേയ്ക്ക് മനോഹരമായ സംഗീതമുണ്ടാകുന്നതുപോലെ, നവദ്വാരങ്ങളുള്ള എന്റെ ശരീരത്തിൽ വർത്തിക്കുന്ന പരാശക്തിയേ, നീ എനിക്ക് ക്ഷണികമെങ്കിലും, സംഗീതം പോലെ മനോഹരമായ മനുഷ്യായുസ്സ് തരുന്നു. ഈ ദിവ്യജന്മത്തിൽ ഒരു നിമിഷം പോലും പാഴാക്കാതെ നിന്നെത്തന്നെ ധ്യാനിക്കുവാൻ അനുഗ്രഹിക്കണേ അമ്മേ...
തുറന്നിട്ട ഒമ്പത് വാതിലുകളുണ്ടായിട്ടും പ്രാണനാകുന്ന പക്ഷി, ശരീരമെന്ന് കൂട്ടിൽ നിന്ന് പറന്നുപോകാത്തത് മഹാത്ഭുതം!
പ്രാണനെ ശരീരത്തിൽ ഒതുക്കി നിർത്തി, ഉയിരായ് , അറിവായ്, പരമപ്രകാശമായ് എന്നിൽ ജ്വലിക്കുന്ന പരാശക്തിയ്ക്കു മുന്നിൽ ശതകോടി പ്രണാമം.
No comments:
Post a Comment