കലിയുഗവരദന്‍റെ പുണ്യപാദ സ്പര്‍ശമേറ്റ എരുമേലി
പുത്തന്‍വീട്
ഹരിഹരസുതനായ സ്വാമി അയ്യപ്പനെക്കുറിച്ച് ഒരു പാടു ഐതീഹ്യ കഥകള്‍ എരുമേലിക്ക് പറയാനുണ്ട്. അതില്‍ എല്ലാവരും മറന്നുതുടങ്ങിയ അല്ലെങ്കില്‍ അറിയാതെ പോയതിലൊന്നാണ് എരുമേലി പുത്തന്‍വീട്. ഈ കഥ അറിയാന്‍ വര്‍ഷങ്ങള്‍ പിന്നിലേക്ക് സഞ്ചരിക്കണം. എരുമയുടെ തലയും മനുഷ്യന്‍റെ ഉടലുമായുള്ള മഹഷിയെന്ന ഉഗ്രരൂപം നാടാകെ ജനങ്ങളെ കൊന്നോടുക്കിരുന്ന സമയം. മഹഷിയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതായ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമായി. അങ്ങനെ ഇരിക്കെ മഹഷി നിഗ്രഹത്തിനായി അവതാരപിറവിയെടുത്ത അയ്യപ്പന്‍ എരുമേലിയില്‍ എത്തി. കൊടും വനമായിരുന്ന പ്രദേശത്ത് നടന്നു തളര്‍ന്ന അയ്യപ്പന് അന്തിയുറങ്ങാന്‍ ഏറെ അന്വേഷിച്ചിട്ടും യോഗ്യമായ സ്ഥലങ്ങള്‍ ഒന്നും കിട്ടിയില്ല. ഒടുവില്‍ റാന്തല്‍ വിളക്കിന്‍റെ പ്രഭ കണ്ട അയ്യപ്പന്‍ അവിടെക്കു കയറിചെന്നപ്പോള്‍ ഒരു വല്യമ്മ തനിച്ച് താമസിച്ചിരുന്ന വീടായിരുന്നു അത്. അയ്യപ്പന്‍ തനിക്ക് എന്തെങ്കിലും കഴിക്കാന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ശിവപൂജയുടെ നിവേദ്യം മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. അത് കഴിച്ച അയ്യപ്പന്‍ ഇന്ന് തനിക്ക് ഇവിടെ തങ്ങാനുള്ള ആനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ആണുങ്ങളോടാണ് മഹഷിയുടെ ഉപദ്രവം എന്നതിനാല്‍ വല്യമ്മ കിടക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു. എന്നാല്‍ അയ്യപ്പന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എന്തുവന്നാലും താന്‍ സഹിച്ചോളാം എന്ന ഉറപ്പിനാല്‍ രാത്രി തങ്ങാന്‍ അനുവദിച്ചു. ആ രാത്രിയില്‍ മഹഷിയെ നിഗ്രഹിച്ച ശേഷം രുധിരക്കുളത്തില്‍ വാള്‍ കഴുകി മടങ്ങി വന്നപ്പോഴാണ് കലിയുഗവരദനായ അയ്യപ്പനാണ് താനെന്നും തന്‍റെ അവതാര ലക്ഷ്യം മഹഷിയെ വധിച്ച് മാലോകരെ രക്ഷിക്കുകയെന്നതാണെന്നും വെളിപ്പെടുത്തുന്നത്.
തന്‍റെ ഓര്‍മ്മക്കായി മഹഷിയെ കൊല്ലുവാന്‍ ഉപയോഗിച്ച വാള്‍ പുത്തന്‍വീട്ടിലെ വല്യമ്മയെ ഏല്‍പ്പിച്ചശേഷമാണ് അയ്യപ്പന്‍ ശബരി മലക്ക് യാത്രയായത്. കാലങ്ങള്‍ ഏറെകഴിഞ്ഞിട്ടും സ്വാമി അയ്യപ്പന്‍ ഓര്‍മ്മക്കായി സമ്മാനിച്ച വാളും വര്‍ഷങ്ങളോളം പഴക്കമുള്ള വീടും പുത്തന്‍ വീട്ടുകാര്‍ ഇന്നും പഴമചോരാതെ സംരക്ഷിച്ചു പോരുന്നു. അന്ന് മഹഷിയെ കൊന്ന് നാട്ടുകാര്‍ ആനന്ദനൃത്തം ചവിട്ടിയതിന്‍റെ സ്മരണാര്‍ത്ഥമാണ് ഇന്ന് അയ്യപ്പഭക്തര്‍ പേട്ട തുള്ളുന്നത്. മഹഷിയെ കമ്പില്‍ കെട്ടി നൃത്തം ചെയ്യുമ്പോള്‍ ചോരയില്‍ ഈച്ച പിടിക്കാതിരിക്കാനാണ് ചപ്പ് ഉപയോഗിച്ചത്. അങ്ങനെ എരുമകൊല്ലി എന്നവിളിക്കപ്പെട്ടിരുന്ന സ്ഥലം കാലാന്തരത്തില്‍ എരുമേലിയായി മാറി. അയ്യപ്പന്‍ വാള്‍കഴുകി വൃത്തിയാക്കിയ രുധിരക്കുളവും, പുത്തന്‍വീട്ടില്‍ ഇന്നും കാത്തു സൂക്ഷിക്കുന്ന വാളും എരുമേലിയുടെ പൈതൃക സ്വത്തായി അവശേഷിക്കുന്നു. ദേഹമാസകലം ചായം പൂശി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മഴയും വെയിലും പോലും അവഗണിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പേട്ടതുള്ളന്ന അയ്യപ്പഭക്തര്‍ ലോകത്ത് എരുമേലിയില്‍ മാത്രമുള്ള കാഴ്ച്ചയാണ്.
No comments:
Post a Comment