തുളസിത്തറയുടെ മാഹാത്മ്യം
വീടിന്റെ മുഖ്യ വാതായനത്തിന്റെ നേര്‍ക്ക് നിശ്ചിത അംഗുലഗമനം നിര്‍ണ്ണയിച്ച് തുളസിത്തറ ആകാം. തുളസിത്തറയുടെ മദ്ധ്യമബിന്ദുവും പ്രധാന വാതിലിന്റെ മദ്ധ്യമബിന്ദുവും നേര്‍ക്കുനേര്‍ വന്ന് വേധദോഷം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് അംഗുലക്കണക്കില്‍ ഗമനം കല്‍പ്പിക്കുന്നത്. ചതുര്‍ശാലയില്‍ (നാലുകെട്ട്, എട്ട് കെട്ട്) നടുമുറ്റത്ത് അംഗുലഗമനം നല്‍കിയാണ് തുളസിത്തറ സ്ഥാപിക്കുക.
കേരളത്തിലെ തുളസിത്തറയുള്ള വീടുകളില്‍ 70% ഉം നിര്‍മ്മിച്ചിരിക്കുന്നത് വീടിന് വേധദോഷം സമ്മാനിച്ച് ദുരിതം വിതയ്ക്കുന്ന രീതിയിലാണ്. വീടിന്റെ ചുറ്റളവ് ഏത് യോനിയില്‍ ചെയ്തിരിക്കുന്നുവോ അതേ യോനിയിലോ അല്ലെങ്കില്‍ ധ്വജയോനിയിലോ ആകാം തുളസിത്തറയുടെ ചുറ്റളവ്. വാങ്ങിവയ്ക്കാവുന്ന മുന്‍കൂട്ടി നിര്‍മ്മിച്ച തുളസിത്തറകള്‍ ഉപയോഗിക്കുന്നത് ഉചിതമല്ല.
വീടിന്റെ ദര്‍ശനം കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് എങ്കില്‍ തുളസിത്തറയുടെ ഉയരം തറയുയരത്തേക്കാള്‍ താഴ്ന്നിരിക്കണം. വീട് ദര്‍ശനം തെക്കോട്ട് അല്ലെങ്കില്‍ പടിഞ്ഞാറോട്ട് എങ്കില്‍ തുളസിത്തറയുടെ ഉയരം തറയുയരത്തേക്കാള്‍ ഉയര്‍ന്നിരിക്കണം. തെക്കിനിക്കും പടിഞ്ഞാറ്റിനിയ്ക്കും സ്വീകരിക്കാവുന്ന തുളസിത്തറ ഉയരം വീടിന്റെ ഉയരത്തിന് ആനുപാതികമാകുന്നതാണ് നല്ലത്.
വീട്ടില്‍ നിന്ന് തുളസിത്തറയുടെ മദ്ധ്യത്തിലേക്കുള്ള ദൂരം നിശ്ചയിച്ച് കൃത്യമായ അളവുകളോടെ തുളസിത്തറ നിര്‍മ്മിക്കുന്നതിന് ഉപദേശം ഒരു സ്ഥപതിയില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്നതാണ് നല്ലത്. കാരണം തുളസിത്തറയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ വലിയ വാസ്തുദോഷം വരുത്തി വയ്ക്കുന്നതാണ്. എന്നാല്‍ ലക്ഷണമൊത്ത തുളസിത്തറയുള്ള വീട് ഗൃഹവാസികള്‍ക്ക് അഷ്ട ഐശ്വര്യങ്ങളും സമ്മാനിക്കും.
കൃഷ്ണതുളസി, മഞ്ഞള്‍, മുക്കുറ്റി, കറുക, തുമ്പ എന്നിവ ഇടകലര്‍ത്തിയുള്ള തുളസിത്തറയാണ് വിധി പ്രകാരം വേണ്ടത്. മേല്‍പ്പറഞ്ഞവ ഒന്നിലധികം നടുന്നതാണ് നല്ലത്.
ധ്വജ യോനിയില്‍ നിര്‍മ്മിക്കപ്പെട്ട തുളസിത്തറയുടെ ചുറ്റും നിത്യേന വലം വയ്ക്കുന്നതും വിളക്ക് വയ്ക്കുന്നതും ഗുണദായകമാണ്. കളകള്‍, പുല്ലുകള്‍, അഴുക്കുകള്‍, ഉണക്കിലകള്‍ എന്നിവ നിത്യവും നീക്കം ചെയ്യണം. ശുദ്ധമായി കൈകാര്യം ചെയ്യണമെന്ന് സാരം.
തുളസിത്തറയില്‍ തുളസിക്കുള്ള സ്ഥാനം
തുളസി സര്‍വ്വരോഗ സംഹാരിയായാണ് അറിയപ്പെടുന്നത്. കൂടെ മഞ്ഞളും (മഞ്ഞള്‍ വിഷത്തെ കളയാന്‍ ശക്തിയുള്ളതാണ്). ഈ ഔഷധസസ്യങ്ങളില്‍ തട്ടി തലോടി വീടിന്റെ ഉള്ളിലേക്ക് കയറുന്ന കാറ്റിന് വീടിനുള്ളില്‍ വസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്കുണ്ട്.
വീട്ടില്‍നിന്ന് വെളിയിലേക്ക് ഇറങ്ങുമ്പോഴേ കൈയെത്തും ദൂരത്ത് ഒരു ഔഷധച്ചുവട് എന്ന ബോധപൂര്‍വ്വമായ തീരുമാനമാണ് തുളസിത്തറയുടെ ശാസ്ത്രീയതയ്ക്ക് ആധാരം. എന്നാല്‍ ഈ തറയുടെ നിര്‍മ്മിതിക്ക് വാസ്തുശാസ്ത്രത്തിന്റെ കണക്കിലെ കൃത്യത കൂടി ആയപ്പോള്‍ ദൈവികത കൈവന്നു.
No comments:
Post a Comment