അയ്യപ്പൻ കോവില്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ വൃഷ്ടി പ്രദേശത്തുള്ള അയ്യപ്പൻ കോവില്‍ പഞ്ചായത്തിലാണ് പുണ്യപുരാതനമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യുഗങ്ങളുടെ പഴക്കവും ആദി ദ്രാവിഡ സംസ്ക്കാരത്തോട് ബന്ധമുള്ളതുമായ പൈതൃകം ഈ ക്ഷേത്രത്തിനുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മധുര ഭരിച്ചിരുന്ന തിരുമല നായ്ക്കൻ അയ്യപ്പൻ കോവിലിന് അടുത്ത്വേട്ടയ്ക്ക് വരുകയും അമ്പലം കാണുകയും തുടര്‍ന്ന് ക്ഷേത്രത്തിനാവശ്യമായ സഹായങ്ങൾ നല്‍കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാണുന്ന ശിലാ ലിഖിതങ്ങൾ ഇതിനുള്ള തെളിവുകളാണ്. ക്ഷേത്രം വകയായി ധാരാളം സ്വത്തുക്കൾ ഉണ്ടായിരുന്നു. അതിൽ പ്രധാന ഭാഗം തമിഴ് നാട്ടിലെ ഡിണ്ടികൽ എന്ന സ്ഥലത്തായിരുന്നു. പത്തനംതിട്ട ജില്ലയിൽ ശാസ്താംകണ്ടം (നാറാണം മുഴി പഞ്ചായത്തിൽ) എന്നറിയപ്പെടുന്ന പ്രദേശവും അയ്യപ്പൻ കോവില്‍ വക ആയിരുന്നു എന്നും കേൾക്കുന്നുണ്ട്. ഊരാളി, മലയരയൻ, മന്നാൻ എന്നീ ആദിവാസി ഗോത്രങ്ങളാണ് ഈ ക്ഷേത്രത്തിന്റെ അവകാശികൾ എന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം.
വേനൽ കാലത്ത് ക്ഷേത്രത്തിനരുകിലൂടെ പെരിയാര്‍ ഒഴുകി വന്നു ഇടുക്കി ജലായശത്തിൽ ചേരുന്നു. മഴ കാലത്ത് ഡാമിൽ ജലനിരപ്പ് ഉയരുമ്പോൾ ക്ഷേത്രം ജലത്തിനടിയിലാകുന്നു (പ്രകൃതിയുടെ ആറാട്ട്). ഇതു കാണാൻ നൂറു കണക്കിനു വിശ്വാസികളെത്തുന്നുണ്ട്. വേനലിൽ കരയിലൂടെ സഞ്ചരിച്ച് പടി കെട്ട് കയറി ക്ഷേത്രത്തിലെത്താം. വർഷ കാലത്ത് വള്ളങ്ങളിലാണ് ഭക്തർ ക്ഷേത്രത്തിനടുത്ത് അർച്ചനയ്ക്കായി എത്തുന്നത്. റിസർവോയറിൽ ജലം നിറയ്ക്കാൻ തുടങ്ങിയപ്പോൾ (1975ൽ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ക്ഷേത്രം പൊളിച്ചെടുത്ത് അടുത്ത് തന്നെയുള്ള തൊപ്പിപ്പാള എന്ന സ്ഥലത്ത് സ്ഥാപിച്ചു. ഇത് ഊരാളി, മന്നാൻ സമുദായങ്ങളുടെ എതിർപ്പിന് ഇടയാക്കി. തുടർന്ന് 2001ൽ ചില സംഘടനകളുടെ നേതൃത്വത്തിൽ അയ്യപ്പൻ കോവിലിൽ ക്ഷേത്രം പുനർ നിർമ്മിച്ചു. ഇതിനെതിരേ ബോർഡ് നിയമ നടപടി സ്വീകരിക്കുകയും കേസ് കട്ടപ്പന സബ് കോടതിയിൽ എത്തുകയും ചെയ്‌തു. എന്നാൽ തൽക്കാലം ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ സ്ഥിതി തുടരാൻ കേരള ഹൈക്കോടതി അനുവദിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്ത ജനങ്ങളിപ്പോൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നുണ്ട്. പുരാതന ക്ഷേത്രത്തിൽ നിന്ന് അയ്യപ്പ സാന്നിധ്യം മാറ്റാനായിട്ടില്ലെന്ന് വിശ്വാസികൾ പറയുന്നു. ക്ഷേത്രത്തിനടുത്ത് ഡാമിന് കുറുകെ തൂക്കുപാലം നിർമ്മിച്ചതോടെ നിരവധി വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് കാണുന്ന ഗുഹ വന വാസ കാലത്ത് പാണ്ഡവർ നിര്‍മ്മിച്ചതാണെന്നും ഇതിന്റെമറ്റു കവാടങ്ങൾ തുറക്കുന്നത് ശബരിമല, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കാണ് എന്ന് പറയപ്പെടുന്നു. ഇവിടെ കാണുന്ന നിലവറ മേൽ ശാന്തി മഠമായി ഉപയോഗിച്ചിരുന്നതാണെന്ന് പുരാവൃത്തം. ക്ഷേത്രത്തിന്റെ ഇടതു കോണില്‍ കോവില്‍ മല. ക്ഷേത്രത്തിന് പടിഞ്ഞാറ്‌ഭാഗത്ത് ആറ്റിലൂടെ മൂന്ന് കിലോ മീറ്റർ താഴെയ്ക്ക് പോയാല്‍ ഭീമൻ ചുവടിലും അവിടെ നിന്നും വീണ്ടും രണ്ട് കിലോ മീറ്റർതാഴെയ്ക്ക് പോയാല്‍ സീത കയത്തിലുമെത്താം.
ശ്രീകോവിലില്‍ പാറകൊണ്ടു കെട്ടിയ പീഠത്തിനു മുകളില്‍ കിഴക്കോട്ട് ദര്‍ശനമായി ധര്‍മ്മ ശാസ്താവ്. വടക്കു ഭാഗത്ത് മാളികപ്പുറത്തമ്മ, മുന്നില്‍ ഇടതു ഭാഗത്ത് കിണറിന് മുന്നില്‍ സര്‍പ്പകാവ്, കന്നി മൂലയില്‍ ഗണപതി. രാവിലെ അഞ്ചര മുതല്‍ പത്തര വരെയും വൈകിട്ട് അഞ്ചര മുതല്‍ എഴര വരെയുമാണ് പുജാ സമയം. ഇവിടെയും ശബരിമലയിലെ പോലെ പൂജകളും വഴിപാടുകളുമാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ശനി ദോഷ നിവാരണത്തിന്നടത്തുന്ന പൂജയും, എല്ലാ മാസവും നടത്തുന്ന ആയില്യ പൂജയും പ്രധാനം തന്നെ. രാമജയന്തിയും, കൃഷ്ണജയന്തിയും, ഗണേശോത്സവവും, ശിവരാത്രിയും ഇവിടെ ആഘോഷിച്ചു വരുന്നു, കര്‍ക്കിട വാവ് ബലിയും വിശേഷമാണ്. വര്‍ഷത്തിൽ ഒരിക്കല്‍ സപ്താഹ യജ്ഞവുമുണ്ട്. മകര വിളക്കിനാണ് മഹോത്സവം, ജനുവരി ഒന്നിന് ആരംഭിച്ച് പതിനാലിന് അവസാനിക്കും. ഉത്സവത്തോട് അനുബന്ധിച്ച് ഉപ്പുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി, പാണ്ടിമേളം, അലങ്കാരകാവടി, കരകയാട്ടം, മുളപ്പാരി, തെയ്യം, മാവിളക്ക് തുടങ്ങിയവയുടെ അകമ്പടിയോടെ ഭഗവാന്റെ തിടമ്പേറ്റിയ ഗജ വീരന്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. അതിനു ശേഷം ആദിവാസികളുടെ മീനൂട്ട് മഹോത്സവും കൂത്തും ക്ഷേത്രത്തില്‍ നടക്കും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ആദിവാസികള്‍ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചടങ്ങാണിത്.
അച്ചൻ കോവിൽ ക്ഷേത്രത്തിൽ നിന്ന് ശബരി മലയിലേയ്ക്ക് ട്രാക്കിംഗ് ദൂരം അറുപത് കിലോ മീറ്റർ, അയ്യപ്പൻ കോവിൽ ക്ഷേത്രത്തിൽ നിന്ന് ശബരി മലയിലേയ്ക്ക് ട്രാക്കിംഗ് ദൂരവും 60 കിലോ മീറ്റർ തന്നെ (പക്ഷെ സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ വഴിയാണ് ഇത്). അച്ചൻ കോവിലിൽ നിന്ന് റാന്നി, കാഞ്ഞിരപ്പള്ളി വഴി കട്ടപ്പനയ്ക്ക് അടുത്തുള്ള അയ്യപ്പൻ കോവിലിൽ എത്താൻ 170 കിലോ മീറ്റർ താണ്ടണം. കോട്ടയത്ത് നിന്ന് ഈരാറ്റുപേട്ട, വാഗമണ്‍ വഴി അയ്യപ്പൻ കോവിലിൽ എത്താൻ തൊണ്ണൂറ് കിലോ മീറ്റർ. എറണാകുളത്ത് നിന്ന് മൂവാറ്റുപുഴ,തൊടുപുഴ, ഇടുക്കി, കട്ടപ്പന വഴി അയ്യപ്പൻ കോവിലിൽ എത്താൻ 150 കിലോ മീറ്റർ.
No comments:
Post a Comment