8 November 2017

രാമമംഗലം ക്ഷേത്രത്തിലെ ഉണ്ണിഭൂതം

രാമമംഗലം ക്ഷേത്രത്തിലെ ഉണ്ണിഭൂതം

എറണാകുളം ജില്ലയില്‍ പിറവത്തിനും മൂവാറ്റുപുഴക്കും ഇടയ്ക്ക്‌ രാമമംഗലം എന്ന സ്ഥലത്ത്‌ ഒരു വിഷ്ണുക്ഷേത്രം ഉണ്ട്‌. സാധാരണ പോലെ ആ ക്ഷേത്രത്തിലും ഉപദേവപ്രതിഷ്ട ഉണ്ട്‌. രാമമംഗലം ക്ഷേത്രത്തിലെ ഉപദേവന്‍ ഓവുതാങ്ങിയായ ഒരു ഭൂതത്താന്‍ ആണ്‌. ഭൂതത്താനെ ഉണ്ണിഭൂതം എന്നും ഓവിങ്കല്‍ ഭൂതം എന്നും ഭക്തജനങ്ങള്‍ പറഞ്ഞു വരുന്നു. പ്രധാന ദേവനായ വിഷ്ണുവിനെക്കാള്‍ കൂടുതല്‍ വഴിപാടുകള്‍ വരുന്നത്‌ ഈ ഉണ്ണിഭൂതത്തിനാണ്‌. ഓവിങ്കല്‍ ഭൂതത്തിനു വഴിപാടായി മഞ്ചാടിക്കുരുവും കുന്നിക്കുരുവും കൊട്ടയില്‍ നിറച്ച്‌ ഭൂതത്തിന്റെ തലയില്‍ ചൊരിയുകയും നാളികേരം എറിഞ്ഞ്‌ ഉടയ്ക്കുകയും ആണ്‌ ചെയ്യുന്നത്‌. ഓവിങ്കല്‍ ഭൂതത്തിനു ഇത്രയും പ്രധാന്യം വരുവാന്‍ ഉണ്ടായ കാരണം ഇവിടെ വിവരിക്കാം. പണ്ട്‌ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാളിന്റെ നേതൃത്വത്തിലാണ്‌ ക്ഷേത്രം പണിയും പ്രതിഷ്ഠയുമെല്ലാം നടന്നിരുന്നത്‌. ക്ഷേത്രം പണി പൂര്‍ത്തിയായി പ്രതിഷ്ഠയോടനുബന്ധിച്ചുള്ള കലശാഘോഷങ്ങളും എല്ലാം കഴിഞ്ഞു. ഇനി പ്രതിഷ്ഠയ്ക്ക്‌ ഒരു ശക്തിപൂജ നടത്തണമെന്ന് പെരുമാളും ഊരാളന്മാരും കൂടി തീരുമാനം എടുത്തു. ശുഭമുഹൂര്‍ത്തമുള്ള ഉരു ദിവസം രാവിലെ മുതല്‍ ഉച്ച വരെ ഒമ്പതു പേര്‍ ബിംബത്തിനു ചുറ്റും കൂടിയിരുന്ന് വേണം ശക്തിപൂജ നടത്താനെന്നാണ്‌ താന്ത്രികമായ നിയമം. ഊരാളന്മാരില്‍ എട്ടു പേരും ചേരമാന്‍ പെരുമാള്‍ ഒരാളും അതിനു തയാറായി. എന്നാല്‍ ഊരാളന്മാരില്‍ അല്‍പം അഭിപ്രായവ്യത്യാസം ഉണ്ടായി. നമ്മള്‍ എല്ലാവരും നമ്പൂതിരിമാരാണ്‌. ഉത്തമന്മാരാണ്‌. വേദാധികാരവും നമുക്കു പൂര്‍ണ്ണമാണ്‌. നമ്മളോടൊപ്പം ഇരുന്നു ദേവനെ പൂജിക്കാന്‍ പെരുമാള്‍ക്ക്‌ അധികാരമില്ല എന്നാണ്‌ എന്റെ അഭിപ്രായം. ഊരാളന്മാരില്‍ തലവനായ നമ്പൂതിരി പറഞ്ഞു. നേതാവിന്റെ അഭിപ്രായം കേട്ടു കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ഇക്കാര്യം നമുക്കു മറച്ചു വെക്കേണ്ടതില്ല. പെരുമാളിനോടു നേരിട്ടു തന്നെ പറയാം. അതാണ്‌ ഭംഗി എന്ന് അഭിപ്രായപ്പെട്ടു. നേതാവോഴികെ മറ്റ്‌ എല്ലാവരും ചേര്‍ന്ന് നേതാവു പറഞ്ഞ കാര്യം പെരുമാളിനെ ധരിപ്പിച്ചു. ബുദ്ധിമാനും വിശാലഹൃദയനും ആയ പെരുമാള്‍ പിടിവാശിയൊന്നും കൂടാതെ നമ്പൂതിരിമാരുടെ അഭിപ്രായം സ്വീകരിച്ചു. നിങ്ങളുടെ ഒപ്പം ഇരുന്നു ഞാന്‍ ജപിക്കുന്നില്ലെന്നും പറഞ്ഞു. നിങ്ങള്‍ എട്ടു പേരും ശ്രീകോവിലില്‍ ഇരുന്നു ദേവനെ തൊട്ടിരുന്നു ശക്തിമന്ത്രം ജപിച്ചു കൊള്ളൂ. ദേവന്റെ പാദത്തിന്മേല്‍ ബന്ധിച്ച്‌ ഒരു നീളമുള്ള ദര്‍ഭപ്പുല്ല് എനിക്കു വേണ്ടി ഓവുദ്വാരത്തിലൂടെ പുറത്തീക്കിട്ടു തരാന്‍ അനുവാദമുണ്ടായാല്‍ മതി. ഞാന്‍ പുറത്തിരുന്നു ആ പുല്ലിന്മേല്‍ തൊട്ട്‌ ശക്തിമന്ത്രം ജപിച്ചുകൊള്ളാം". പെരുമാള്‍ പറഞ്ഞ വിവരം ഏഴുപേരും കൂടി നേതാവിനെ അറിയിച്ചു. പെരുമാള്‍ പറഞ്ഞത്‌ അനുസരിക്കണമെന്നും അവര്‍ നിര്‍ബന്ധിച്ചു. കുറച്ചൊന്ന് ആലോചിച്ച ശേഷം നേതാവു നമ്പൂതിരിയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വഴങ്ങി. നല്ല മുഹൂര്‍ത്തമുള്ള ഒരു ദിവസം ശക്തിപൂജ രാവിലെ തന്നെ തുടങ്ങി. മദ്ധ്യാഹ്നം കഴിഞ്ഞപ്പോഴേക്കും അത്‌ അവസാനിച്ചു. നേതാവു നമ്പൂതിരി ജലപിശാചു ബധിച്ച ഒരാളായിരുന്നു. ശക്തിപൂജ തുടങ്ങിയപ്പോള്‍ ഓവിലേക്ക്‌ പെരുമാള്‍ക്ക്‌ തൊട്ടു ജപിക്കാനിട്ടിരുന്ന ദര്‍ഭ പുല്ലിന്റെ അറ്റം ബിംബത്തോട്‌ ബന്ധിപ്പിക്കാതെ അയാള്‍ പീഠത്തിനു താഴെ ഇട്ടിരുന്നു. ഇതൊരു വഞ്ചനയാണെന്നു മറ്റുള്ളവര്‍ക്കു തോന്നി. ഈ പിശാചിനോടു എന്തു പറയാനാണ്‌ എന്നു കരുതി ആരുമൊന്നും മിണ്ടിയില്ല. ശ്ക്തിപൂജ കഴിഞ്ഞ്‌ എല്ലാവരും എഴുന്നേറ്റപ്പോള്‍ ഓവുങ്കലിരുന്നു ജപിച്ച പെരുമാളും എഴുന്നേറ്റു. പക്ഷേ പെരുമാള്‍ ഒന്നു പരീക്ഷിക്കാതിരുന്നില്ല. പുല്ല്‌ ബിംബത്തിന്മേല്‍ ബന്ധിച്ചിട്ടുണ്ടോ എന്നറിയാന്‍ അതൊന്നു സാവധാനം പുറത്തേക്കു വലിച്ചു നോക്കി. പെരുമാളുടെ ജപം കൊണ്ട്‌ ശക്തി പ്രാപിച്ച ദര്‍ഭ പുറത്തേക്കു തന്നെ പോന്നു. ഉടനെ അവിടെ കൂടിയിരുന്ന നമ്പൂതിരിമാരോടും പ്രത്യേകിച്ചു നേതാവിനോടും ഭക്തജനങ്ങളോടും ആയി പറഞ്ഞു: "ഇവിടുത്തെ ദേവന്‌ ഒരു ശക്തിയും ഉണ്ടായിരിക്കില്ല. എല്ലാ ദൈവിക ചൈതന്യവും ഓവു താങ്ങിക്കൊണ്ടിരിക്കുന്ന ഭൂതത്തിനായിരിക്കും". ചേരമാന്‍ പെരുമാള്‍ ഓവിങ്കല്‍ ഭൂതത്തിനെ മാത്രം തൊഴുത ശേഷം രാമമംഗലത്തു നിന്ന് യാത്ര തിരിച്ചു.

No comments:

Post a Comment