10 November 2017

ശിവ തത്ത്വം

ശിവ തത്ത്വം

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ അനന്തനേയും അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.

മനസ്സ്, ബുദ്ധി, ബോധം [Mind, Intellect, Consciousness] എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ്‌ ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍., അതായത് മഹാദേവന്‍…… എന്നും അറിയണം.

മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.

മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്‌ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.

സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..,

പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശ്ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശ്ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.

മോക്ഷം എന്ന അമൃത് നേടുവാന്‍ ശ്രീ പരമേശ്വരന്‍ ഏവരെയും അനുഗ്രഹിക്കട്ടെ…

"അമൃതസ്യ ദേവ ധാരണോ ഭൂയാസം"
[ദൈവമേ, ഞാൻ അമർത്ത്യതയുടെ പാത്രമാകാൻ ഇടയാകട്ടെ.]

"ശരീരം മേ വിചർഷണം"
[എന്റെ ശരീരം എല്ലാ കർമ്മങ്ങളിലും വേഗവും കുശലതയും പ്രകടിപ്പിക്കട്ടെ.]

"ജിഹ്വാ മേ മധുമത്തമാ"
[എന്റെ നാവ് തേൻ കിനിയുന്നതാകട്ടെ എന്റെ കാതുകൾ ബൃഹത്തും വിവിധവുമായ ശ്രുതികൾ ശ്രവിക്കാൻ ഇടവരട്ടെ.] (തൈത്തിരീയോപനിഷത്ത്)

No comments:

Post a Comment