സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 32
ഭൂതനാഥോപാഖ്യാനം - പതിനഞ്ചാം അദ്ധ്യായം
ശബരിമല ക്ഷേത്രനിര്‍മ്മാണം
ശൗനകമുനിയോടു സൂതന്‍ പിന്നെയും പറഞ്ഞു തുടങ്ങി.
അഗസ്ത്യമഹര്‍ഷി രാജശേഖര മഹാരാജാവിനോടു പറഞ്ഞു:- ഭൂപതേ, ധര്‍മ്മശാസ്താവിന്റെ സഹസ്രനാമവും, അഷ്‌ടോത്തരശതനാമങ്ങളും, കവചവും, സ്‌തോത്രവും, രഹസ്യമായ ലഘുപൂജാവിധിയും ഇനി മറ്റൊരു അവസരത്തില്‍ ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞുതരുന്നതാണ്. താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാനുള്ള മനോഹരമായ ക്ഷേത്രം ഉടന്‍ തന്നെ പണികഴിപ്പിക്കുക. സാലപുരാധീശനായ ആചാര്യന്‍ മതി താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ (സാലപുരം എവിടെയാണ് എന്നു വ്യക്തമല്ല. സാലം എന്നതിന് മതില്‍, കോട്ട, വേലി, വൃക്ഷം, മരുത്, തേന്മാവ്, ഒരിനം മത്സ്യം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.) മഞ്ജാംബിക (മഞ്ചാംബിക)യ്ക്കു ചഞ്ചലമേതും കൂടാതെ ഒരു മഞ്ചം നിര്‍മ്മിക്കണം. ഭൂതഗണങ്ങളില്‍ മുഖ്യനായ വാപരന്‍ എന്ന ഭൂതത്തിന് മഹിഷീമാരിക വനത്തില്‍ (എരുമേലിയില്‍) നല്ലൊരു ആലയം ആദ്യമേ പണിതീര്‍ക്കണം. ശില്പികളേയും കൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനു പുറപ്പെടുക. അങ്ങേയ്ക്ക് സകലതും സാധിക്കും. ഇത്രയും പറഞ്ഞ് അത്യന്തം രഹസ്യാത്മകമായ ലഘുപൂജാക്രമം മഹാരാജാവിന് അഗസ്ത്യ മഹര്‍ഷി ഉപദേശിച്ചു. ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാസമയത്ത് താന്‍ എത്തിച്ചേര്‍ന്നുകൊള്ളാം എന്നറിയിച്ച് അഗസ്ത്യമഹര്‍ഷി അന്തര്‍ദ്ധാനം ചെയ്തു.
സൂതന്‍ പറഞ്ഞു: പാലുകൊണ്ട് ബ്രാഹ്മണനും നെയ്യുകൊണ്ട് ക്ഷത്രിയനും തേന്‍കൊണ്ട് വൈശ്യനും ഭൂതനാഥനെ പൂജിക്കാം. മറ്റുള്ള വര്‍ണ്ണങ്ങള്‍ക്ക് അവരവര്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍ കൊണ്ടും കലികാലത്തു പൂജിക്കാം. ധനമില്ലാത്തവനാണെങ്കിലും ഭക്തിമാനാണെങ്കില്‍ ഇലയും (തുളസി, കൂവളം തുടങ്ങിയവ), ജലവും കൊണ്ടു മാത്രവും പൂജിക്കാം. എങ്ങനെ പൂജിച്ചാലും ഭക്തിയോടുകൂടിയവനാണെങ്കില്‍ അവന്റെ പൂജ ഭൂതേശ്വരന്‍ സ്വീകരിക്കും. ഭക്തിയില്ലാതെ സമര്‍പ്പിക്കുന്ന ഉപഹാരങ്ങളൊന്നും ആ മൃത്യുഞ്ജയപുത്രന്‍ നോക്കുകയില്ല. ദേവപൂജയ്ക്ക് അധികാരികളല്ലാത്തവര്‍ ആരൊക്കെയാണ് എന്നു ഞാന്‍ പറഞ്ഞുതരാം. ഡംഭോടുകൂടി ഞാനാണു പൂജകന്‍ എന്നു ഭാവിച്ച്; പൂജയ്‌ക്കൊരുക്കിവെച്ച ദ്രവ്യങ്ങള്‍ പോരാ എന്നു കല്പിച്ച് ശിഷ്യരോട് ശണ്ഠകൂടുന്നവന്‍ ഭൂതനാഥന്റെ പൂജയ്ക്കു യോഗ്യനല്ല. നല്ല വിനയവും ഭൂതനാഥനില്‍ ഭക്തിയും എല്ലാവരോടും ദയയും സന്തോഷവുമുള്ളവന്‍ എങ്ങനെ പൂജിച്ചാലും മുല്ലബാണാരിയുടെ പുത്രന്‍ പ്രസാദിക്കും.
അതൊക്കെ നില്‍ക്കട്ടെ. അല്ലയോ ശൗനകാ, പന്തള മഹാരാജാവ് തുടര്‍ന്ന് ചെയ്ത കാര്യങ്ങള്‍ കേള്‍ക്കുക. കുംഭോത്ഭവനായ അഗസ്ത്യന്‍ മറഞ്ഞതിനുശേഷം സംപ്രീതനായ പന്തള മഹാരാജന്‍ താരകബ്രഹ്മത്തെ പൂജിച്ചു. തുടര്‍ന്ന് ബ്രാഹ്മണരെ കാല്‍കഴുകിച്ച് വഴിപോലെ പൂജിച്ച് അന്നവും, വസ്ത്രവും, ധേനുവും (പശു), സ്വര്‍ണ്ണവുമെല്ലാം ദാനം ചെയ്തു സന്തുഷ്ടരാക്കി. ആര്യതാതന്റെ ഭക്തരില്‍ പ്രധാനിയായ ആചാര്യനേയും വേണ്ടവിധം പൂജിച്ചശേഷം ശില്പിമാരോടും മന്ത്രിയോടും സേനകളോടും കൂടി ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവ് യാത്രയാരംഭിച്ചു. പുലിക്കൂട്ടത്തെ കൊണ്ടുവരാന്‍ ആര്യതാതനായ മണികണ്ഠന്‍ വനത്തിലേയ്ക്കു പോയപ്പോള്‍ കൊണ്ടു പോയതു പോലുള്ള ഒരു പൊക്കണം (തോള്‍മാറാപ്പ്, സഞ്ചി, ഭാണ്ഡം) എല്ലാവരും തലയിലേന്തുക എന്ന് രാജാവ് കല്പിച്ചു. ഒരു പൊക്കണം രാജാവും ശിരസ്സിലേറ്റി. ആര്യതാതന്റെ നാമങ്ങള്‍ ഉച്ചത്തില്‍ ജപിച്ചുകൊണ്ട് ക്ഷേത്ര നിര്‍മ്മാണത്തിനായി അവര്‍ പുറപ്പെട്ടു. യാത്രയ്ക്കു നല്ല ശകുനങ്ങള്‍ കണ്ടുതുടങ്ങി. ദേവകള്‍ സന്തോഷപൂര്‍വ്വം നിലകൊണ്ടു.
രാജാവും പരിവാരങ്ങളും മഹിഷീമാരികാവനത്തില്‍ എത്തിച്ചേര്‍ന്നു. ശില്പികള്‍ കോട്ടമൊന്നുമില്ലാത്ത ഒരു ക്ഷേത്രം അവിടെ വാപരനു വേണ്ടി പണിതീര്‍ത്തു. വില്ലും ശരങ്ങളും കുത്തിപ്പിടിച്ചു നില്‍ക്കുന്ന രൂപത്തില്‍ വാപരനെ ബ്രാഹ്മണര്‍ അവിടെ പ്രതിഷ്ഠിച്ചു. ആര്യതാതന്റെ വിഗ്രഹം കണ്ടു വണങ്ങാന്‍ പോകുന്ന ഭക്തന്മാരെ ദുഷ്ടമൃഗങ്ങള്‍ ഉപദ്രവിക്കാതെ സംരക്ഷിക്കുന്നത് വാപരസ്വാമിയാണ്. വാപരസ്വാമിയെ പൂജിക്കുന്നതിനുള്ള പൂജാരിമാരേയും മഹാരാജാവ് നിയമിച്ചു. പിന്നീട് അലസാനദി (അഴുതയാറ്) കടന്ന് വന്‍പാപങ്ങളേയും അകറ്റുന്ന പമ്പയില്‍ മഹാരാജാവും പരിവാരങ്ങളും സ്‌നാനം ചെയ്തു. മെല്ലെ സഞ്ചരിച്ച് പുണ്യവതിയായ ശബരി തപസ്സുചെയ്ത ആശ്രമഭൂമിയില്‍ അവര്‍ എത്തിച്ചേര്‍ന്നു.
സന്ധ്യയാകുന്ന പെണ്‍കിടാവു പ്രകാശിച്ചുതുടങ്ങി. ചന്തമേറുന്ന രാഗത്തില്‍ പാടുന്ന അനുരാഗവതിയായ അവള്‍ കോകമിഥുനങ്ങളുടെ അനുരാഗവും ഹരിച്ച് ഇന്ദുവാകുന്ന ചന്ദനപ്പൊട്ടോടെ വിലസി. സന്ധ്യാവന്ദനം നടത്തി ബ്രാഹ്മണരോടൊരുമിച്ച് ഫലങ്ങള്‍ ഭക്ഷിച്ച് മഹാരാജാവും സേനയും വിശ്രമിച്ചു. എല്ലാവരും ഉറങ്ങിയിട്ടും മഹാരാജാവിന് ഉറക്കം വന്നില്ല. ആ സമയത്ത് വീരനായ ഒരു പുരുഷന്‍ വന്ന് രാജാവിനോടു പറഞ്ഞു. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ (പൊന്നമ്പലമേട്ടില്‍) വസിക്കുന്ന ഭൂതേശനാണ് എന്നെ അയച്ചത്. ഞാന്‍ വാപരനാണ്. ധന്യനായ ഭവാനെ കൊണ്ടു ചെല്ലുവാനാണു എന്നെ നിയോഗിച്ചിരിക്കുന്നത്. മഹാരാജാവേ, നാം ഉടന്‍ തന്നെ പുറപ്പെടണം. മറ്റുള്ളവര്‍ ഉണരുന്നതിനു മുമ്പ് പെട്ടെന്നു തന്നെ ദേവനെ കണ്ടിട്ടുവരാം. ഭൂതനാഥന്റെ അസ്ത്രം അങ്ങയുടെ പരിവാരങ്ങള്‍ക്ക് ഒരാപത്തും വരാതെ കാത്തുരക്ഷിച്ച് ഇവിടെ നിലകൊള്ളും. ഇത്രയും പറഞ്ഞ് മനസ്സിനെ ജയിക്കുന്ന വേഗത്തില്‍ രാജാവിനേയും കൊണ്ട് വാപരന്‍ ഭൂതനാഥ സവിധത്തില്‍ എത്തി.
ഭംഗിയേറിയ നവരത്‌ന നിര്‍മ്മിതമായ ഉയര്‍ന്ന സാലങ്ങളാല്‍ (വൃക്ഷങ്ങളാല്‍) ചുറ്റപ്പെട്ടതും സൂര്യകോടി പ്രഭയോടുകൂടിയതും താപസന്മാരാലും ദേവഗണങ്ങളാലും പരിസേവിതമായതും താപത്രയരഹിതവുമായ മംഗളകരമായ ഭൂതനാഥപുരം എത്രയും അത്ഭുതാവഹമെന്ന് മൂന്നുലോകങ്ങളിലുമുള്ളവര്‍ പുകഴ്ത്തുന്നു. നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും സുന്ദരമൂര്‍ത്തികളായി അവിടെ നില്‍ക്കുന്നു. ബ്രഹ്മചര്യാവ്രതത്തോടുകൂടിയ കന്മഷഹീനരായ അനേകം ഭക്തന്മാര്‍ അവിടെ നില്‍ക്കുന്നു. സത്യധര്‍മ്മം പശു രൂപമെടുത്ത് ഗോപുര കവാടത്തില്‍ കാത്തു നില്‍ക്കുന്നു. സത്യധര്‍മ്മാനുജ്ഞ കിട്ടാതെ യാതൊരുവനും ഭൂതേശപാദങ്ങള്‍ക്കുസമീപം എത്തുകയില്ല. നാലുഭാഗത്തും വളര്‍ന്നുനില്‍ക്കുന്ന നവരത്‌നനിര്‍മ്മിതമായ സാലവൃക്ഷങ്ങള്‍ കാണാം. അവയുടെ പൂര്‍വ്വഭാഗത്തുകൂടി (കിഴക്കുദിക്കിലൂടെ) കടന്നു ചെന്നാല്‍ ധര്‍മ്മശാസ്താവിനെക്കണ്ട് വന്ദിക്കാം. സത്യവും എട്ടുധര്‍മ്മങ്ങളും അവിടെ മൂര്‍ത്തികളായി കാവല്‍ നില്‍ക്കുന്നു. അവരെ സന്തുഷ്ടരാക്കിയാലേ വിഷ്ടപനാഥനെ കണ്ടു വണങ്ങാന്‍ കഴിയൂ. മനഃശുദ്ധി, ആസ്തികചിന്ത (ഈശ്വരവിശ്വാസം), ശമം, ദീനരിലുള്ള കാരുണ്യം, മനഃസ്ഥൈര്യം, ഭക്തി, സന്തോഷം, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് അഷ്ടധര്‍മ്മങ്ങള്‍. ജ്ഞാനവും വൈരാഗ്യവും കൂടി ധര്‍മ്മങ്ങളില്‍ വേണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറഞ്ഞ എട്ടുധര്‍മ്മങ്ങളില്‍ ജ്ഞാനവും വൈരാഗ്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.
കത്തി ജ്വലിക്കുന്ന അഗ്നിയെപ്പോലെ അതീവശോഭയോടെ പ്രകാശിക്കുന്ന ഭൂതനാഥപുരത്തിലേക്ക് (മകരജ്യോതി പ്രകാശിക്കുന്ന പൊന്നമ്പലമേട്ടിലേക്ക് എന്നു സൂചന) വാപരന്‍ മഹാരാജാവിനെ കൈപിടിച്ചു കൊണ്ടു പോയി.
മഹാരാജാവ് ഭഗവാനെ ദര്‍ശിച്ചു. മാണിക്യനിര്‍മ്മിതമായ മനോഹരസിംഹാസനത്തിലാണ് ഭഗവാന്‍ ഇരുന്നിരുന്നത്. ആ സിംഹാസനത്തിലേക്ക് കയറുവാന്‍ പതിനെട്ട് പടികളുണ്ട്. ഭൂതനാഥന്‍ മുന്‍പ് പറഞ്ഞ തത്വങ്ങളെല്ലാം മൂര്‍ത്തികളായി അവിടെ നില്‍ക്കുന്നു. ചക്രവര്‍ത്തിയുടെ പ്രതാപത്തോടെ ഭൂതേശ്വരന്‍ സിംഹാസനത്തില്‍ വാണരുളുന്നു.
സ്വര്‍ണ്ണപ്പിടിയോടുകൂടിയ ചാമരങ്ങളും കാന്തിയേറുന്ന ആലവട്ടവും ആദരപൂര്‍വ്വം ദേവഗണങ്ങള്‍ വീശുന്നു. വെണ്‍കൊറ്റക്കുട മുകളില്‍ വിളങ്ങുന്നു. മാഗധര്‍ പാടി സ്തുതിക്കുന്നു. നാരദന്‍ വീണാനാദം മുഴക്കുന്നു. സിംഹാസനാരൂഢനായിരിക്കുന്ന താരകബ്രഹ്മമൂര്‍ത്തിയെ കണ്ട് ഭക്തിയും പ്രീതിയും ഉള്‍ക്കൊണ്ടു ഭൂപതി ഭക്തിപ്രിയനായ ദേവനെ നമസ്‌കരിച്ചു. ഭൂതനാഥാഷ്ടാക്ഷരമന്ത്രം അതീവഭക്തിയോടെ ഉരുക്കഴിച്ച് ഏറ്റവും ആനന്ദത്തോടെ രോമാഞ്ചമണിഞ്ഞ് ഭൂപതി സ്തുതിച്ചു തുടങ്ങി.
ചേതനനാഥാ! വിഭോ ജഗദീശ്വരാ!
ചേതനാരൂപ! നമസ്‌തേ ദയാനിധേ!
നിന്തിരുമേനിയൊഴിഞ്ഞു മറ്റൊന്നുമി-
ന്നന്തരാപാര്‍ക്കുകില്‍ കാണുന്നതില്ല ഞാന്‍
കാണുന്നതും ഭവാന്‍കേള്‍ക്കുന്നതും ഭവാന്‍
കാണുന്നുമായയാ വേറു വേറായഹോ
നിസ്സാരമായുള്ള ലൗകികകാര്യത്തി-
ലുത്സാഹമേറുന്നു വിദ്വജ്ജനത്തിനും
ത്വല്‍കൃപയില്ലാതെ സത്യത്തില്‍ മാനസം
നില്‍ക്കുമോ പണ്ഡിതര്‍ക്കും പത്മലോചനാ!
അമ്മയ്ക്കു മാനസത്തില്‍ കനിവില്ലെങ്കില്‍
അമ്മിഞ്ഞ ചപ്പുവാന്‍ ബാലനു കൂടുമോ?
രാജനീതിക്കു നിപുണനെന്നാകിലും
രാജാവിനിഷ്ടനല്ലാതുള്ള പൂരുഷന്‍
രാജപ്രതിനിധിയാം പ്രാഡ്വിപാകനായ്
രാജേന്ദുചൂഡാ! ഭവിക്കുന്നതെങ്ങിനെ?
നിന്നുടെ മായയിലൂന്നിക്കളിക്കാതെ
മന്നിടം മൂന്നിലുമില്ലൊരു ഭൂതരും
ശങ്കരനന്ദനാ! പാഹിമം ലോകൈക-
ശങ്കര! പങ്കജലോചനനന്ദനാ!
താരകബ്രഹ്മരൂപാപരിപാഹിമാം
കാരണരൂപാ! പുരാതന! പാഹിമാം
ഘോരമഹിഷീമദഹര! പാഹിമാം
ഘോരസംസാര രത്‌നാകര കുംഭജ!
ആധാരമറ്റവര്‍ക്കാധാരഭൂതനം
സാധുശീലാ! ഭവാനെന്നെ രക്ഷിക്കണം
അച്ഛനുമമ്മയുമാചാര്യനും മമ
രക്ഷിതാവും ഭൂതനാഥാ വിഭോ! ഭവാന്‍
ലാളനം ചെയ്കിലും താഡനം ചെയ്കിലും
നിന്തിരുമേനി തന്നെ ഗതിദൈവമേ!
- (ഭൂതനാഥോപാഖ്യാനം കിളിപ്പാട്ട്)
ഇങ്ങനെ ചൊല്ലി സ്തുതിച്ച മഹാരാജാവിനെ ആലിംഗനം ചെയ്ത് മന്ദസ്മിതത്തോടെ ഇന്ദുചൂഡാത്മജന്‍ മന്ദംപറഞ്ഞു. മന്നവമൗലേ, എന്റെ അനുഗ്രഹത്താല്‍ ഭവാന് ഇനി മേല്‍ക്കുമേല്‍ മംഗളം വന്നുചേരും. മുന്‍പ് ദേവകാര്യങ്ങള്‍ നന്നായി നടത്തുവാനായി ഞാന്‍ ഭവാന്റെ കൊട്ടാരത്തില്‍ വന്നു.
ആ കാലത്ത് ‘നിനക്കു ചക്രവര്‍ത്തിത്വം വരട്ടെ’ എന്ന് പരമഭക്തന്‍കൂടിയായ എന്റെ ഗുരുനാഥന്‍ അരുള്‍ ചെയ്തിരുന്നു. ആ വാക്യം സത്യമാക്കിത്തീര്‍ക്കുവാനാണ് ഞാന്‍ ഇപ്പോള്‍ ചക്രവര്‍ത്തിത്വം കൈക്കൊണ്ടിരിക്കുന്നത്. ചിന്മുദ്രയോടുകൂടി ഭട്ടബന്ധം പൂണ്ട് ഇരിക്കുന്നരൂപത്തില്‍ എന്നെ ഓര്‍മ്മിക്കുന്നതാണ് ഉത്തമം. അഞ്ജനശാസ്ത്ര വിദഗ്ദ്ധനായ ഒരു മനുഷ്യന്‍ വന്നു പറയുന്നതു പോലെ എന്റെ വിഗ്രഹം നന്നായി നിര്‍മ്മിച്ചു പ്രതിഷ്ഠിച്ചു കൊള്ളുക.
എല്ലായിടത്തും എന്റെ സാന്നിദ്ധ്യമുണ്ട്. എങ്കിലും ഉത്തമ സാന്നിദ്ധ്യം ഇവിടെയുണ്ടാകും. ലൗകീകരീത്യാ പറഞ്ഞു വെന്നേയുള്ളൂ? ‘തത്ത്വമസി’ ആദിയായ മഹാവാക്യങ്ങള്‍ ഓര്‍ക്കുന്ന വിദ്വജ്ജനങ്ങളുടെ ചിത്തമാണ് എന്റെ ആലയം. തത്വങ്ങളെല്ലാം മുന്‍പ് ഞാന്‍ ഭവാനു വിസ്തരിച്ചുപദേശിച്ചുതന്നതെല്ലാം ഓര്‍മ്മിക്കുക. പുറമേ കാണുന്ന ക്ഷേത്രം ശരീരവും ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം ജീവനുമാണ്.
ഈ തത്ത്വം പ്രാകൃതരായവരെ ബോധിപ്പിക്കുവാനാണ് ഇവിടെ ക്ഷേത്രമാതൃക കാണിച്ചു കൊടുക്കുന്നത്. തത്ത്വം ക്ഷണനേരം കൊണ്ടു ബോദ്ധ്യമായ്ത്തീരുവാന്‍ ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് ഓര്‍മ്മിക്കുക. എനിക്കു ദേഹം കല്പിക്കുന്നവരെല്ലാം എനിക്കു വാസഗേഹവും കല്പിക്കണം. എന്നെ പരാല്‍പരനായി ചിന്തിക്കുന്നവര്‍ എന്നും എന്റെ ആലയമായി പരിണമിക്കും. ലോകോപകാരാര്‍ത്ഥമായി എന്റെ ക്ഷേത്രം പണിയിക്കുന്നതിനു പോവുക. ഒട്ടും മടിക്കേണ്ടതില്ല. എന്റെ ചുരികയെന്ന ആയുധം അങ്ങേയ്ക്ക് തരാം. അതുകൊണ്ട് ഒരുകാര്യം സാധിക്കും. പിന്നീട് അത് ആരും എടുക്കാത്ത വിധത്തില്‍ വെയ്ക്കാനും മടിക്കരുത്.
ഞാനും എന്റെ അര്‍ദ്ധദേഹമായ (പ്രിയങ്കരനായ) വാപരനും തമ്മില്‍ ഒരു ഭേദവുമില്ല എന്ന് മനസ്സില്‍ ഉറപ്പിക്കണം. മഞ്ജമാതാവും എന്റെ ശക്തിയാണ്. അതില്‍ ഒരുവനും സംശയം പാടില്ല എന്നറിയുക. എന്റെ പാര്‍ശ്വത്തില്‍ വസിക്കുന്ന ധന്യനായ കടുരവനേയും (കടുത്ത) പര്‍വ്വതപുംഗവനേയും ഒരേപോലെ ചിന്തിച്ച് എന്റെ ഭക്തരായുള്ളവര്‍ ബഹുമാനിക്കണം. മറ്റുള്ള സര്‍വ്വഭൂതഗണങ്ങളും ഇവരില്‍ തന്നെ ചേരുന്നതാണ്. ഇത്രയും പറഞ്ഞ് മഹാരാജാവിന് ചുരിക നല്‍കി ഭൂതേശ്വരന്‍ മറഞ്ഞു.
വാപരന്‍ ഉടന്‍ തന്നെ മഹാരാജാവിനെ ശബരിഗിരിയില്‍ തിരികെ എത്തിച്ചു. ആചാര്യനൊഴികെ മറ്റൊരാളും മഹാരാജാവിന്റെ യാത്രയെക്കുറിച്ച് അറിഞ്ഞില്ല. ആര്യതാതനുള്ള ആലയം പണിതീര്‍ക്കുന്നതു കാണാന്‍ ആഗ്രഹത്തോടെ സൂര്യന്‍ കിഴക്കുദിച്ചുയര്‍ന്നു സാരസപുഷ്പങ്ങള്‍ വിടര്‍ന്നു തുടങ്ങി. സാരംഗസംഘം ശംഖുമുഴക്കി. മഹര്‍ഷിമാര്‍ വേദശബ്ദം മുഴക്കുന്നു. ഭൂമിയില്‍ നിന്നും അന്ധകാരം ഒഴിയുന്നു. ഭൂസുരവൃന്ദത്തോടൊപ്പം മഹാരാജാവ് സ്‌നാനം ചെയ്ത് അര്‍ഘ്യദാനവും ഭൂതേശപൂജയും യഥാവിധി നിര്‍വ്വഹിച്ച് ഭൂമിയേയും ദേവകളേയും വന്ദിച്ചു പൂജിച്ചു.
തുടര്‍ന്ന് ആഹാരം കഴിച്ച് തന്റെ കൂടെ വന്നവരേയും ഭക്ഷണം നല്‍കി തൃപ്തരാക്കി. സേനകള്‍ക്കും ശില്പിമാര്‍ക്കും മഹാരാജാവ് കല്പന നല്‍കി. നാളെ പ്രഭാതത്തിലാണ് ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള മുഹൂര്‍ത്തം. അതിനാല്‍ ഉടന്‍ തന്നെ മരങ്ങളും കല്ലുകളുമെല്ലാം കൊണ്ടുവന്നു കൂട്ടുക. രാജകല്പന അനുസരിച്ച് സേനയും ശില്പികളും പ്രവര്‍ത്തിച്ചു. വളരെ വേഗത്തില്‍ അന്നത്തെ പകല്‍ അവസാനിച്ചു. സന്ധ്യാവന്ദനം ചെയ്ത് ഭക്ഷണവും കഴിച്ച് സന്തോഷത്തോടെ എല്ലാവരും ഉറക്കമായി. രാജാവ് മാത്രം ഉറങ്ങാതെ മനസ്സില്‍ താരകബ്രഹ്മത്തെ ചിന്തിച്ച് ഇരുന്നു.
ഈ സമയത്ത് ദേവേന്ദ്രന്‍ ചിന്തിച്ചു. രാജശേഖരമഹാരാജാവ് താരകബ്രഹ്മത്തിന്റെ പരമഭക്തനാണ്. അതുമൂലം എന്റെ സ്ഥാനമാനങ്ങളും പ്രൗഢിയും എല്ലാം ദയാപരനായ ഭൂതനാഥന്‍ ചിലപ്പോള്‍ പന്തളരാജാവിനു നല്‍കിയേക്കാം. നാണവും മാനവും കൈവിട്ട് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പോവേണ്ട കാലം വന്നു ചേരും. മാനവും പ്രാണനും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ പ്രാണനേക്കാളും വലുതാണു മാനം.
പ്രാണന്‍ ക്ഷണഭംഗുരമാണെന്നുറപ്പാണ്. മാനമാകട്ടെ ആ ചന്ദ്രകാലം നില നില്‍ക്കും. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ ധര്‍മ്മയുദ്ധം ചെയ്ത് പന്തളമഹാരാജാവിനെ കൊല ചെയ്യുന്നുണ്ട്. ധര്‍മ്മശാസ്താവിനുള്ള ക്ഷേത്രം ഞാന്‍ തന്നെ പണികഴിപ്പിക്കും. അപ്പോള്‍ എന്നില്‍ ഭൂതനാഥന്‍ സന്തുഷ്ടനാകും. ഇതില്‍ ഒരു ദോഷവുമില്ല എന്നെല്ലാം ചിന്തിച്ച് കയ്യില്‍ വജ്രായുധവുമേന്തി വൃത്രാന്തകന്‍ അര്‍ദ്ധരാത്രിയില്‍ കിരാത വേഷമെടുത്ത് പന്തളരാജാവിന്റെ മുന്നിലെത്തി.
മഹാരാജാവിനോടു കിരാതന്‍ ചോദിച്ചു. ഘോരമായ ഈ കാട്ടില്‍ ആരേയും പേടിയില്ലാതെ രാത്രിയില്‍ നിസ്സാരരായ സേനാഗണത്തോടുകൂടി കിടക്കുന്നതാരാണ്? ഞാന്‍ ഈശ്വരനായിരിക്കുന്ന ഈ വനത്തില്‍ എന്റെ അനുവാദം കൂടാതെ മരങ്ങള്‍ മുറിക്കാനും പാറകള്‍ പൊട്ടിക്കാനും ആരാണ് പറഞ്ഞത്? നിങ്ങളെ താമസം കൂടാതെ ഞാന്‍ കൊല്ലുന്നുണ്ട്. പെട്ടെന്ന് തിരിച്ച് പോകുന്നതാണ് നിങ്ങള്‍ക്കുനല്ലത്. കിരാതന്റെ ദുര്‍വാക്കുകള്‍ കേട്ട് ഭൂപതി പറഞ്ഞു:- നിഷ്ഠൂര വാക്യങ്ങള്‍ ഈ വിധം പറയുന്ന ദുഷ്ടനെ ഞാന്‍ കൊല്ലാതെവിടുമോ? മദ്യപാനം ചെയ്തു മത്തനായി വന്നതാണെങ്കില്‍ ഞാന്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു. ഞാന്‍ അഭയം തന്നിരിക്കുന്നു. ഉടന്‍ തന്നെ ഇവിടെനിന്നു പോവുക. രാജാവിന്റെ വാക്കുകള്‍കേട്ട് കോപിച്ച ഇന്ദ്രന്‍ വജ്രായുധവുമായി യുദ്ധത്തിനൊരുങ്ങി. അമ്പും വില്ലും ധരിച്ച രാജശേഖരനൃപന്‍ ഉടനെ അസ്ത്രവര്‍ഷം ചൊരിഞ്ഞു. രാജാവ് അയച്ച അസ്ത്രങ്ങളെല്ലാം വജ്രം കൊണ്ട് ഇന്ദ്രന്‍ ഖണ്ഡിച്ചു. പന്തളരാജാവിനെ കൊല്ലാനായി ഇന്ദ്രന്‍ ഉടന്‍തന്നെ വജ്രായുധം എടുത്തു വീശി. കിരാതനെ എതിരിടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ മഹാരാജാവ് ഭൂതനാഥന്‍ സമ്മാനിച്ച ഛുരിക പ്രയോഗിച്ചു.
കത്തുന്നതീ പോലെ ഛുരിക ഇന്ദ്രനു നേര്‍ക്ക് പാഞ്ഞടുത്തു. വജ്രായുധം നിഷ്ഫലമായതുകണ്ട് ഛുരികയെ ഭയന്ന് ഇന്ദ്രന്‍ ഓടിത്തുടങ്ങി. ഛുരിക ഇന്ദ്രനെ പിന്തുടര്‍ന്നു. ഒടുവില്‍ ഓടിയോടി ഇന്ദ്രന്‍ ഭൂതനാഥസ്വാമി വസിക്കുന്ന സ്വര്‍ണ്ണാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭൂതനാഥനെ ദണ്ഡനമസ്‌ക്കാരം ചെയ്ത് ഇന്ദ്രന്‍ വന്ദിച്ചു. ഭൂതനാഥന്‍ ഇന്ദ്രനോട് പറഞ്ഞു ഛുരികായുധം ഞാന്‍ പന്തളരാജാവിനു നല്‍കിയതാണ്. അതിനാല്‍ ആ ആയുധത്തില്‍ ഇപ്പോള്‍ എനിക്ക് ഒരു അധികാരവുമില്ല. ഭൂപതിയുടെ അടുത്തേക്ക് തന്നെ ചെല്ലുക. ഇവിടെ നിന്നാല്‍ അബന്ധം വരുന്നതാണ്. അവിടെത്തന്നെ ചെല്ലുന്നതാണ് നല്ലത്. എന്റെ ഭക്തനായ രാജശേഖരനൃപനു സ്വര്‍ഗ്ഗം വെറും തൃണം (പുല്ല്) പോലെയാണ് ഗംഗാനദീതീരത്തു വസിക്കുന്ന ഒരാള്‍ വെള്ളത്തിനായി കുളം കുഴിക്കുവാന്‍ ഒരുമ്പെടുമോ?
ഭൂതനാഥന്‍ ഇങ്ങനെ അരുളിചെയ്ത സമയമത്രയും ഇന്ദ്രനെ ആക്രമിക്കാതെ മറഞ്ഞുനിന്ന ഛുരിക എണ്ണ ഒഴിച്ചാല്‍ ആളിപ്പടരുന്ന അഗ്നിയെന്ന പോലെ കത്തിജ്വലിച്ച് ഇന്ദ്രനെ സമീപിച്ചു. ജംഭാന്തകനായ ഉമ്പര്‍കോന്‍ ഒടുവില്‍ പന്തളേശനെ തന്നെ അഭയം പ്രാപിച്ചു. കാരുണ്യവാനായ രാജാവ് ഇന്ദ്രന് അഭയം നല്‍കി. ഉടന്‍ തന്നെ ശാന്തമായ ഛുരിക രാജാവിന്റെ കൈകളില്‍ മടങ്ങിയെത്തി. നാണവും ക്ഷീണവും പൂണ്ട് ഇന്ദ്രന്‍ ക്ഷോണീപതിയോടു പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ് എന്നറിയുക. നിന്നുടെ വീര്യം അറിയുവാനായി വന്നതാണ് ഞാന്‍. ഭൂതേശഭക്തന്മാരുടെ മാഹാത്മ്യം ജഗത്രയങ്ങളിലുമുള്ള ഭക്തര്‍ പുകഴ്ത്തട്ടെ. മഹാരാജാവ് വിനീതനായി ഇന്ദ്രനെ വന്ദിച്ചു പറഞ്ഞു: മനുഷ്യരായ ഞങ്ങളോട് വാനവരായ നിങ്ങള്‍ ഈവിധം തുടങ്ങിയാല്‍ അതു ശരിയല്ല എന്നു പറയാന്‍ ഈശ്വരനല്ലാതെ ശക്തരായി മറ്റാരുമില്ല. ഭവാന്‍ എന്നോട് തോറ്റു എന്ന് മനസ്സില്‍ ചിന്തിക്കുന്നതു ന്യായമാവുകയില്ല. സാക്ഷാല്‍ ജഗദീശ്വരനോടു തോല്‍ക്കുകയാണെങ്കില്‍ ആര്‍ക്കും ആക്ഷേപമില്ലല്ലോ?.
രാജാവിന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടുകൂടി മുഖം കുനിച്ച് ഇന്ദ്രന്‍ പറഞ്ഞു. സംഭവിച്ചതൊക്കെ സംഭവിച്ചു. സഖേ, ഭവാന് ഇനി മേല്‍ക്കുമേല്‍ നല്ലതുവന്നുചേരും. ഭൂതനാഥന്റെ ആലയത്തിനു സ്ഥാനം കാണുവാന്‍ ഞാന്‍ വിശ്വകര്‍മ്മാവിനെ അയയ്ക്കുന്നതാണ്. അങ്ങയുടെ കൂടെയുള്ള ശില്പികളില്‍ ഒരാളെ പ്പോലെ കൂടെ നിന്ന് വിശ്വകര്‍മ്മാവ് സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. ഇത്രയും പറഞ്ഞ് വൃത്രാരി അപ്രത്യക്ഷനായി. സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആചാര്യനോടും ബ്രഹ്മണരോടുംകൂടി സ്‌നാനവും നിത്യകര്‍മ്മാദികളും അനുഷ്ഠിച്ച് രാജാവ് ക്ഷേത്രശിലാസ്ഥാപനത്തിന് ഒരുങ്ങി. ഉത്തമമായ ഒരു മുഹൂര്‍ത്തം ആചാര്യന്‍ വിധിച്ചു. നല്ലതുപോലെ മഹാരാജാവ് ദാനങ്ങള്‍ നല്‍കി. മംഗളവാദ്യങ്ങള്‍ മുഴങ്ങി. ദേവവൃന്ദങ്ങള്‍ അത്ഭുതപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. ശില്പിമാരില്‍ ഒരുവനെപ്പോലെ ദേവശില്പി വന്നു ചേര്‍ന്നു. വിശ്വകര്‍മ്മാവിനെ തിരിച്ചറിഞ്ഞ ആചാര്യന്‍ മഹാരാജാവിനു ദേവശില്പിയെ കാണിച്ചു കൊടുത്തു. ആമോദത്തോടെ രാജാവ് വിശ്വകര്‍മ്മാവിനെ വന്ദിച്ചു. വിശ്വകര്‍മ്മാവ് ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു.
ഭൂതനാഥന്‍ അയച്ച അസ്ത്രം തറച്ചുനില്‍ക്കുന്നതിന്റെ സമീപത്ത് മഹാരാജാവ് ഛുരിക സ്ഥാപിച്ചു. അസ്ത്രത്തിന്റേയും ഛുരികയുടേയും മധ്യത്തില്‍ ക്ഷേത്രത്തിനുള്ള ശിലയിട്ടു. അഗ്നികോണിലേക്ക് മുഖമായി ആ ശില നില്‍ക്കുന്നതുകണ്ട് നിമിത്തലക്ഷണാദികളില്‍ വിദഗ്ദ്ധനായ ആചാര്യന്‍ പറഞ്ഞു. മഹാരാജാവേ, എന്നെങ്കിലും ഈ ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടാകുമെന്ന് എനിക്കു തോന്നുന്നു. ഇതുകേട്ട് മഹാരാജാവ് ചോദിച്ചു. ആചാര്യാ, അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് പറഞ്ഞാലും. ഈ സമയത്ത് ആകാശത്തു നിന്നും ഒരു അശരീരി (ആകാശവാണി) പുറപ്പെട്ടു. ഘോരനായ കലിയുടെ കാലത്തുവന്നു ചേരുന്ന അശുദ്ധികളെയെല്ലാം കെടുക്കുവാന്‍ അഗ്നിബാധ എനിക്ക് ഇഷ്ടമാണ്. മഹാരാജാവേ, അങ്ങ് ഭഗ്നാശനാവേണ്ടതില്ല. ഇനി വേണ്ടതെല്ലാം ആചാര്യന്‍ പറഞ്ഞു തരുന്നതാണ്. ആലയം പണികഴിപ്പിച്ചു കൊള്ളുക. ആകാശവാണി കേട്ട് ശാന്തചിത്തനായ രാജാവ് ക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ആജ്ഞ ശില്പികള്‍ക്കു നല്‍കി.
വൃശ്ചികമാസത്തിലെ ഒന്നാം ദിവസമാണ് ഭൂതനാഥക്ഷേത്ര നിര്‍മ്മാണത്തിന് പ്രസ്തര സ്ഥാപനം (കല്ലിടല്‍) നടത്തിയത്. കല്ലുകള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണുകൊണ്ട് മഞ്ച സമാനമായ ആലയം പണിതീര്‍ത്തു. പതിനെട്ട് തത്ത്വസോപാനങ്ങളോടു കൂടിയ ആ ആലയം അസ്ത്രത്തിന്റേയും ചുരികയുടേയും മുകളിലായാണ് നിര്‍മ്മിച്ചത്. ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. കടുശബ്ദനും (കടുത്ത), ധന്യനായ ഗിരിസത്തമനും ആലയങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജാംബികയുടെ ആലയത്തിനു സമീപത്ത് മഹാരാജാവിനും, താപസന്മാര്‍ക്കും, ബ്രഹ്മണര്‍ക്കും വിശ്രമിക്കുവാനുള്ള ഒരു ആലയവും പണിതീര്‍ത്തു. ഭൂതനാഥന്റെ വിഗ്രഹം ഏതുവിധത്തില്‍ നിര്‍മ്മിക്കണമെന്ന് ശില്പികള്‍ മഹാരാജാവിനോടും മുനിമാരോടും ബ്രാഹ്മണരോടും ചോദിച്ചു.
ഈ സമയത്ത് സാക്ഷാല്‍ പരശുരാമന്‍ ഒരു അഞ്ജന ശാസ്ത്രജ്ഞന്റെ രൂപമെടുത്ത് മഹാരാജാവിന്റെ സമീപത്ത് വന്ന് മന്ദഹാസപൂര്‍വ്വം പറഞ്ഞു. രാജാവേ, ഇവിടെ ഭൂതേശന്‍ ഇരുന്നരുളുന്നത് ഏതു വിധമെന്ന് അഞ്ജനം കൊണ്ട് ഞാന്‍ അങ്ങേയ്ക്ക് തെളിവാര്‍ന്നു കാണിച്ചുതരാം. അപ്രകാരമാവട്ടെ എന്നു രാജാവ് സമ്മതിച്ചു. അഞ്ജനത്തില്‍ (മഷിയില്‍) നോക്കിയ രാജാവ് വിസ്മയിച്ചു. ഭട്ടബന്ധത്തോടെ ചിന്മുദ്രായുതനായ അഷ്ടമൂര്‍ത്തിസുതന്റെ എണ്ണമറ്റ വിഗ്രഹങ്ങളും, അസ്ത്രങ്ങളും, ചുരികകളും, കത്തിക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മഹാരാജാവ് കണ്ടു. ചിന്മുദ്രയോടുകൂടി കേവലാനന്ദത്തോടെ മണികണ്ഠദേവന്‍ ഇരിക്കുന്നതും മറ്റ് എണ്ണമറ്റ വിസ്മയങ്ങളും കണ്ട് ഭൂപതി അഞ്ജന ശാസ്ത്രജ്ഞനോടു ചോദിച്ചു: എണ്ണമറ്റ ബിംബങ്ങളും, ഛുരികാസ്ത്രങ്ങളും ഇങ്ങനെ ഇവിടെ കാണുവാന്‍ കാരണമെന്താണ്? ധന്യമതേ, അങ്ങ് പറഞ്ഞാലും.
പരശുരാമന്‍ പറഞ്ഞു: ഭൂപതേ, പറയാം. അങ്ങയേപ്പോലെയുള്ള പന്തളരാജാക്കന്മാര്‍ മുമ്പും ഭൂമിയില്‍ ഉണ്ടായിരുന്നു. ധന്യരായ അവര്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച ബിംബങ്ങളാണ് എണ്ണമറ്റതായി ഭവാന്‍ കണ്ടത് എന്നറിയുക. ദേവേന്ദ്രനെ ജയിക്കുവാന്‍ ഛുരികയും ദേവന്‍ അപ്പോള്‍ അവര്‍ക്കു നല്‍കാറുണ്ട്. ഇന്ദ്രനെ ആദ്യമായി ജയിച്ച രാജാവ് ഞാനാണ് എന്ന് മനസ്സില്‍ വൃഥാ ചിന്തിച്ചു മദിക്കേണ്ട...
പരശുരാമന്റെ വാക്കുകള്‍ ശ്രവിച്ച് ലജ്ജയോടുകൂടി രാജശേഖരന്‍ പറഞ്ഞു: കാരുണ്യവാരിധേ, കല്പങ്ങള്‍ തോറും ഇതേവിധം സംഭവിക്കുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഇന്ദ്രനും ഞാനും തമ്മിലുള്ള പ്രശ്‌നം ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അതെല്ലാം നിന്തിരുവടി അറിഞ്ഞത് ആശ്ചര്യമായിരിക്കുന്നു. ഭവാന്‍ ആരാണ് എന്നുപറഞ്ഞുതന്നാലും.
ഭൂപാലവാക്യം കേട്ട് ഭാര്‍ഗ്ഗവരാമന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു ‘ഭാര്‍ഗ്ഗവീനായകാ, കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനാണ് ഞാന്‍ എന്നറിയുക. അഷ്ടാദശ പീഠയുക്തനായി കേരളഭൂമിയെ സംരക്ഷിച്ചു കൊള്ളാമെന്ന് ഭൂതനാഥന്‍ എന്നോട് സത്യം ചെയ്തിരിക്കുന്നു. അതില്‍ മുഖ്യമായത് ഇവിടം തന്നെയാണ്. മററ് പതിനേഴു പീഠങ്ങളും സന്തോഷപൂര്‍വ്വം ഞാന്‍ ഉടന്‍തന്നെ പ്രതിഷ്ഠിക്കും. ഇവിടെ പ്രതിഷ്ഠിക്കേണ്ട ബിംബത്തേക്കുറിച്ചു ഞാന്‍ പറയാം. ഭട്ടബന്ധം പൂണ്ട് ചിന്മുദ്രയോടുകൂടിയ ഒരു കരം മുട്ടില്‍ ചേര്‍ത്ത് ഇരിക്കുന്നവിധത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കേണ്ടത്. ഈ വാക്കുകള്‍ കേട്ട് എല്ലാവരും ഭാര്‍ഗ്ഗവരാമനെ താണുവണങ്ങി.
പരശുരാമന്‍ പറഞ്ഞതു പോലെയുള്ള ഭൂതനാഥവിഗ്രഹം ശില്പികളേക്കൊണ്ട് മഹാരാജാവ് നിര്‍മ്മിച്ചു. മാളികപ്പുറത്തമ്മ തുടങ്ങിയവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചു. നവധാന്യങ്ങള്‍ മുളപ്പിക്കുന്ന മുളയിടീല്‍ ചടങ്ങും മറ്റ് പ്രതിഷ്ഠാകര്‍മ്മങ്ങളും നല്ലതുപോലെ അനുഷ്ഠിക്കപ്പെട്ടു.
സൂര്യന്‍ മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഭഗര്‍ക്ഷേ ഭാര്‍ഗ്ഗവരാമന്‍ ഭൂതനാഥനെ പ്രതിഷ്ഠിച്ചു. അഗസ്ത്യ മഹര്‍ഷിയും, ആചാര്യനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷികളായി. ഭഗര്‍ക്ഷത്തോടുകൂടി പഞ്ചമീ തിഥി വന്നതിനാല്‍ ഏറ്റവും ശുഭകരമായ ദിനമായിരുന്നു അന്ന്. വിപ്രന്‍മാര്‍ വേദഘോഷം മുഴക്കി. വേദിയര്‍ക്ക് രാജാവ് ദാനങ്ങള്‍ നല്‍കി. സേനാഗണങ്ങള്‍ വാദ്യങ്ങള്‍ മുഴക്കി. ദേവകള്‍ പുഷ്പവൃഷ്ടി നടത്തി. സകലജനങ്ങള്‍ക്കും സന്തോഷം കൈവന്നു. പന്തളമഹാരാജാവ് കൃതാര്‍ത്ഥനായി.
മഞ്ജാംബികയേയും കടുശബ്ദനേയുമെല്ലാം ആചാര്യന്‍ പ്രതിഷ്ഠിച്ചു. അതിനു സാക്ഷികളായി ഋഷീശ്വരന്‍മാരായ അഗസ്ത്യനും പരശുരാമനും നിലകൊണ്ടു. മഹാരാജാവിനോട് പരശുരാമന്‍ പറഞ്ഞു. ഭവാന്‍ ഉത്സാഹപൂര്‍വ്വം ഇവിടെ ഏഴു ദിവസത്തെ ഉത്സവം നടത്തണം. ബ്രാഹ്മണര്‍ നാലു വേദങ്ങളും ഉരുക്കഴിക്കണം. ഭംഗിയായി ശ്രീഭൂതബലിയും കഴിക്കണം. മാസപൂജയ്ക്ക് വേണ്ടുന്ന നിയമങ്ങളെല്ലാം അങ്ങ് ചിട്ടപ്പെടുത്തി അതിനുവേണ്ട ആളുകളെ ചട്ടം കെട്ടി നിയോഗിക്കണം.
ഇവിടെ നിത്യവും വിളക്കുവെക്കുവാന്‍ രണ്ട് ഭൂതങ്ങള്‍ കാത്തിരിക്കും. ഭക്തന്‍മാര്‍ ഇവിടേക്ക് എപ്രകാരം വരണമെന്നുള്ളത് ഭൂതേശ്വരന്‍ ഭവാനോടു മുന്‍പേ പറഞ്ഞുതന്നിട്ടുണ്ട്. അതേപ്രകാരം ഭജിച്ച് ഇവിടെ വന്നു ചേരുന്നവര്‍ക്ക് ആഗ്രഹങ്ങളെല്ലാം സാധിക്കും. സാലപുരസ്ഥിതനായ ആചാര്യന് (താഴമണ്‍) ആയിരിക്കണം എന്റെ പൂജാകര്‍മ്മങ്ങള്‍ നടത്താനുള്ള ആധികാരം.
ജന്‍മങ്ങളെല്ലാമറ്റ് ഇനി നിര്‍മ്മലമായ ബ്രഹ്മസായൂജ്യം ഭവാന് വന്നുചേരും. മഹാരാജാവിനോട് ഇത്രയും പറഞ്ഞശേഷം ഭൂതേശനെ പൂജിച്ച് പ്രാര്‍ത്ഥിച്ച് ഭാര്‍ഗ്ഗവരാമന്‍ അപ്രത്യക്ഷനായി. കുംഭജനായ അഗസ്ത്യ മഹര്‍ഷി ഭൂതനാഥസഹസ്രനാമം ജപിച്ച് ഭൂതേശന് അര്‍ച്ചന നടത്തി. പന്തളരാജാവിന് വേണ്ട ഉപദേശങ്ങള്‍ നല്‍കി ഉള്ളില്‍ ആനന്ദത്തോടെ അഗസ്ത്യമഹര്‍ഷിയും മറഞ്ഞു.
പരശുരാമന്‍ പറഞ്ഞതു പോലെയെല്ലാം ഭക്തിയോടെ രാജാവ് നിര്‍വഹിച്ചു. പുണ്യവതിയായ ശബരിയുടെ ശരീരം ദഹിപ്പിച്ച പുണ്യഭസ്മം ചേര്‍ന്ന കുളത്തില്‍ സ്‌നാനം ചെയ്തും കുംഭദള തീര്‍ത്ഥവും പമ്പാതീര്‍ത്ഥവും കൊണ്ട് അഭിഷേകമേറ്റ് പരിശുദ്ധനായും ആമോദപൂര്‍വ്വം ഭൂതനാഥനെ വന്ദിച്ച് മഹാരാജാവ് പൂജിച്ചു. ഭക്തിയോടെ ഭൂതനാഥനെ സ്തുതിച്ചു നിന്ന മഹാരാജാവ് ഒരു ആകാശവാണി (അശരീരി) കേട്ടു.
‘മഹാരാജാവേ, കേള്‍ക്കുക, ഭവാന് ഒരിക്കലും സംസാരതാപം ഉണ്ടാവുകയില്ല എന്നു നിശ്ചയമാണ്. നിന്നുടെ വംശത്തില്‍ വന്നു ജനിക്കുന്ന രാജാക്കന്‍മാരെല്ലാം എന്റെ അംശങ്ങള്‍ തന്നെയായിരിക്കും. വിദ്യയും നല്ല വിനയവും, മനഃശുദ്ധിയും അവര്‍ക്കുണ്ടാകും. ധന്യരാകുന്ന അവരെ സേവിച്ചാലും എന്നെ സേവിച്ച ഫലം ലഭിക്കും. എന്റെ ധന്യമായ വിഗ്രഹം സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് ഭവാന്‍ അലം കൃതമാക്കണം. അതില്‍ എനിക്ക് കാംക്ഷയില്ലെങ്കിലും എന്റെ ഭക്തര്‍ക്ക് അതു ദര്‍ശിച്ചാല്‍ ആമോദമുണ്ടാകുന്നതാണ്. മഞ്ജമാതാവിന്റെ വിഗ്രഹത്തിലും അതേപ്രകാരം അലങ്കാരങ്ങള്‍ ചെയ്യേണ്ടതാണ്. ധന്യനാകുന്ന ആചാര്യനെ എനിക്കു തുല്യനായിത്തന്നെ എപ്പോഴും കാണുക. ഭവാന് സംഗഹീനത്വം ഭവിക്കുന്നതാണ്. മഹീപാലരത്‌നമേ, അങ്ങേക്ക് മംഗളം ഭവിക്കട്ടെ.’
ഈ വിധം ആകാശവാണി കേട്ട് ആനന്ദമത്തനായ രാജശേഖരനൃപന്‍ അല്പനേരം സന്തോഷത്തോടെ നൃത്തം ചെയ്ത് ഭക്തനായ ആചാര്യനോടു പറഞ്ഞു:- ഇനി ഞാന്‍ ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് ധന്യനായ ഭവാന്‍ തന്നെ ചൊല്ലുക. നിന്തിരുമേനിയുടെ കല്പനകള്‍ അനുസരിക്കുവാന്‍ എനിക്ക് സങ്കടമേതുമില്ല. രാജവചനങ്ങള്‍ കേട്ട് ആചാര്യന്‍ പറഞ്ഞു: രാജമൗലേ, അങ്ങ് പന്തളരാജധാനിയിലേക്കു പോവുക. അങ്ങും അനുചരും എത്രയോ നാളുകളായി വനത്തില്‍ പുത്രമിത്രാദികളെ വെടിഞ്ഞ് വിരഹദുഃഖത്തോടെ കഴിയുന്നു.
ഒരു കാര്യവുമില്ലാതെ ഇനിയും അങ്ങയുടെ പരിചാരകരെ വലയ്ക്കുന്നത് ആര്യതാതനും ഇഷ്ടമാവുകയില്ല. ഇങ്ങോട്ട് അലസാ (അഴുതാ) നദി കടന്നാണു വന്നത്. തിരിച്ച് പമ്പാനദി കടന്നു പോകുന്നതാണ് ഉചിതം. അല്ലെങ്കില്‍ അധികം ദൂരം സഞ്ചരിക്കേണ്ടതായി വരും. പമ്പയുടെ തീരത്തുകൂടി പോവുന്നതു തന്നെയാണു നല്ലത്. ആചാര്യന്റെ നിര്‍ദ്ദേശം സ്വീകരിച്ച് പന്തളരാജാവും പരിവാരങ്ങളും നാട്ടിലേക്കു പുറപ്പെട്ടു. മാസപൂജയ്ക്കു വേണ്ടുന്നതെല്ലാം ബ്രാഹ്മണരെ പറഞ്ഞേല്‍പ്പിച്ച ശേഷം ഭൂതനാഥനെ വന്ദിച്ചു മഹാരാജാവ് യാത്രയായി.
ദിവസങ്ങള്‍ക്കകം അവര്‍ പന്തളത്തെത്തി. രാജശേഖര മഹാരാജാവും പരിവാരങ്ങളും തിരിച്ചെത്തിയപ്പോള്‍ പൗരജനങ്ങള്‍ ആര്‍ത്തുവിളിച്ചു. വീഥികളെല്ലാം വൃത്തിയാക്കി തോരണങ്ങള്‍ കൊണ്ടലങ്കരിച്ച് പ്രജകള്‍ ആഘോഷിച്ചു. മഹാരാജാവിനെ നീരാജനമുഴിഞ്ഞ് സ്ത്രീജനങ്ങള്‍ സ്വീകരിച്ചു. ആനന്ദത്തോടുകൂടി രാജാവ് കൊട്ടാരത്തില്‍ പ്രവേശിച്ചു. ബ്രാഹ്മണര്‍ക്ക് നിരവധി ദാനങ്ങള്‍ നല്‍കി. ശില്‍പ്പികള്‍ക്ക് സന്തോഷം വരുവാന്‍ ഉചിതമായ സമ്മാനങ്ങള്‍ നല്‍കി. ആചാര്യന്റെ വാക്കുകള്‍ അനുസരിച്ച് രാജശേഖര മഹാരാജാവ് പുത്രനായ രാജരാജനെ തന്റെ അന്തരാവകാശിയായി വാഴിച്ചു. പുത്രനെ സിംഹാസനത്തില്‍ ഇരുത്തി കിരീടവും ചെങ്കോലും മറ്റ് രാജചിഹ്നങ്ങളും അണിയിച്ച് മഹാരാജാവ് പറഞ്ഞു. രാജരാജാ, ധര്‍മ്മം പിഴയ്ക്കാതെ രാജ്യം പരിപാലിച്ച് നിര്‍മ്മലചിത്തനായി ഭവാന്‍ വാഴുക.
നിത്യവും നിന്റെ മാതാവിന്റെ പാദങ്ങള്‍ ഭക്തിയോടെ നമസ്‌ക്കരിക്കണം. മന്ത്രിമാരോട് ഒരുമിച്ച് വേണ്ടവിധത്തില്‍ രാജ്യകാര്യങ്ങള്‍ നോക്കുക. ധര്‍മ്മം പിഴയ്ക്കാതെ വേണം രാജ്യം ഭരിക്കേണ്ടത്. ധര്‍മ്മശാസ്താവിനെ പൂജിക്കണം. നമ്മുടെ വംശത്തിന് ഏകമാര്‍ഗ്ഗദീപമാണ് ധര്‍മ്മശാസ്താവ് എന്നും നീ മനസ്സില്‍ ഉറപ്പിക്കുക. വര്‍ഷം തോറും ശബരിമലയില്‍ ഭംഗിയോടെ ഉത്സവം നടത്തണം. ബ്രാഹ്മണരെ സദാ ബഹുമാനിക്കണം. ബ്രാഹ്മണര്‍ പ്രത്യക്ഷ ദൈവങ്ങളാണ്. വര്‍ഷം തോറും ശബരിമലയില്‍ നീ ഉത്സാഹപൂര്‍വ്വം പോകണം. നന്ദനാ, സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഭൂതനാഥസ്വാമിയെ അണിയിച്ച് ഭഗവാനെ ദണ്ഡനമസ്‌ക്കാരം ചെയ്യണം. മാളികമാതാവിനേയും സര്‍വ്വഭൂതങ്ങളേയും വണങ്ങണം. മാസപൂജകള്‍ മുടങ്ങാതെ നടക്കാനായി ബ്രാഹ്മണരെ പറഞ്ഞയക്കണം.
ഇത്തരം നിരവധി ഉത്തമ ഉപദേശങ്ങള്‍ പുത്രനു നല്‍കി പുത്രനെ രാജ്യഭാരമേല്‍പ്പിച്ച് രാജശേഖരനൃപന്‍ ആചാര്യനോടൊരുമിച്ച് പുണ്യനദിയായ പമ്പയുടെ തീരത്തു ചെന്നു ചേര്‍ന്നു. അവിടെ തപസ്സനുഷ്ഠിച്ച് താരകബ്രഹ്മത്തില്‍ ചിത്തമുറപ്പിച്ച് അവര്‍ ദിവ്യസ്വയംജ്യോതിരവ്യയമദ്വയഭവ്യസനാതനമായി ഭവിച്ചു. ഭക്തിയോടുകൂടി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ശബരിമലയിലെത്തി ഭഗവാനെ കാണാത്ത മനുഷ്യന്‍ ഇരുപാദങ്ങളുള്ള മൃഗതുല്യനാണ്. താരകത്തെ സദാ ഹൃദയത്തില്‍ ചിന്തിച്ചാല്‍ സംസാരസാഗരം തരണം ചെയ്യാം. യാതൊരുവന്‍ ഈ ഭൂതനാഥോപാഖ്യാനം പാരായണം ചെയ്യുകയോ, കേള്‍ക്കുകയോ, ഭക്തിയോടെ പഠിക്കുകയോ ചെയ്യുന്നുവോ അവന് ചിന്തിച്ച കാര്യങ്ങളെല്ലാം സാധ്യമാകും. അന്ത്യത്തില്‍ മുക്തിയും ലഭിക്കും. ഏതേതു കാര്യങ്ങള്‍ സാധിക്കാനായും മനസ്സില്‍ ഭക്തിയോടെ ഈ കഥ പഠിച്ചാല്‍ അതു സാധ്യമാകും എന്നതില്‍ സംശയമില്ല. ഭൂതനാഥനെ പ്രസാദിപ്പിക്കുവാനായി നിഷ്‌കാമരായി നിത്യവും ഇതു ജപിച്ചാല്‍ നിഷ്‌ക്കള ബ്രഹ്മത്തില്‍ മനസ്സു ചെന്നു ചേരും. ഭക്തിയുള്ളവരാണ് ഇതു ചൊല്ലുവാന്‍ അര്‍ഹരായവര്‍. ഇതു നിത്യവും ചൊല്ലുകയോ കേള്‍ക്കുകയോ ചെയ്താല്‍ നിത്യസുഖം ഭൂതനാഥന്‍ തരുന്നതാണ്.
ഇത്രയും പറഞ്ഞ് സൂതന്‍ ഭൂതനാഥചരിതം ഉപസംഹരിച്ചു. ശൗനകാദി മഹര്‍ഷിമാര്‍ ഈ ദിവ്യചരിത്രം ശ്രവിച്ച് തൃപ്തരായിത്തീര്‍ന്നു.
(പതിനഞ്ചാം അദ്ധ്യായം സമാപിച്ചു)
ബ്രഹ്മാണ്ഡപുരാണത്തിലെ കേരളമാഹാത്മ്യത്തില്‍ ഉള്‍പ്പെട്ട ഭൂതനാഥോപാഖ്യാനം സമാപിച്ചു.
No comments:
Post a Comment