സ്വാമിയേ ശരണമയ്യപ്പ
ഭാഗം - 27
ഭൂതനാഥോപാഖ്യാനം - പത്താം അദ്ധ്യായം
ശബരിമല യാത്രാവിധി
കാരുണ്യപൂര്‍വ്വം ഭൂതനാഥന്‍ അരുള്‍ ചെയ്ത വാക്കുകള്‍ കേട്ട് ഭക്തനായ രാജാവ് പറഞ്ഞു. ഭക്തര്‍ക്കുള്ള സങ്കടം നീങ്ങുവാന്‍ നിര്‍ഗ്ഗുണനായ അവിടുന്ന് സഗുണാകാരത്തില്‍ ശങ്കരനാരായണ സ്വരൂപനായി തീര്‍ന്നിരിക്കുന്നു. ചില്‍ഘന മൂര്‍ത്തേ, എന്റെ ആഗ്രഹംകേട്ടാലും...
ധന്യനായ അവിടുന്ന് എന്റെ മന്ദിരത്തില്‍ വസിക്കണം. അതിനുള്ള ക്ഷേത്രം എവിടെയാണു നിര്‍മ്മിക്കേണ്ടത് എന്ന് ദക്ഷാരിസൂനുവായ അവിടുന്ന് പറഞ്ഞാലും.
രാജാവിന്റെ വാക്കുകള്‍ ശ്രവിച്ച് ആനന്ദപൂര്‍വം മണികണ്ഠന്‍ പറഞ്ഞു: ഭൂപതേ, കേട്ടുകൊള്ളുക. എന്റെ ഭക്തയായ ശബരിയെന്ന തപസ്വിനി ദുര്‍ഭരമായ സംസാരതാപത്തെ അകറ്റുവാന്‍ നിര്‍ഗ്ഗുണനായ എന്നെ സദാസ്മരിക്കുന്നു. ധന്യാംഗിയായ ശബരിയും ഞാനും ഒന്നായിരിക്കുന്നു.
പമ്പാനദിയുടെ വടക്കുകിഴക്കായി വമ്പേറുന്ന നീലപര്‍വതത്തിന്റെ വടക്കേച്ചെരുവില്‍ അതിതേജസ്സോടെ സുസ്ഥിരയായി ശബരി വസിക്കുന്നു. അവിടെ നല്ല ഒരു ക്ഷേത്രം പണിതീര്‍ത്ത് എന്റെ ലിംഗം പ്രതിഷ്ഠിച്ചു കൊള്ളുക.
ക്ഷേത്രത്തില്‍ എന്റെ ലിംഗപ്രതിഷ്ഠയുടെ കിഴക്കു ഭാഗത്ത് പതിനെട്ട് പടിയോടുകൂടിയ സോപാനം പണിതീര്‍ത്തു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യ എന്നിവയെ കടന്നാലേ നിര്‍ഗ്ഗുണനായ എന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേ പോലെ പതിനെട്ടു പടികേറിവന്നാല്‍ ഭക്തര്‍ക്ക് എന്റെ ലിംഗം കാണാന്‍ കഴിയണം.
ലീലാസ്വരൂപിണിയായ മഞ്ജാംബികയ്ക്ക് ഒരു മാളിക എന്റെ വാമഭാഗത്തായി നിര്‍മ്മിക്കണം. കടുശബ്ദന്‍ (കടുത്തസ്വാമി) എന്ന എന്റെ ദാസനുവേണ്ടിയും ഒരു ക്ഷേത്രം പണിയണം. എന്റെ ഭക്തയായ ശബരി വസിക്കുന്ന കുന്നിനു അവളുടെ നാമസ്മരണ നിലനിര്‍ത്താനായി ശബരിഗിരിയെന്ന പേരുണ്ടാകും. എന്റെ സംഗമത്താല്‍ പമ്പാനദി ഗംഗയ്ക്കു തുല്യമാകും. എന്റെ ലിംഗത്തെ വിശ്വനാഥലിംഗമായും മഞ്ജാംബികാദേവിയെ അന്നപൂര്‍ണ്ണേശ്വരിയായും കടുശബ്ദനെ ഭൈരവനായും കാണുക.
ഭൂപതേ, അതിനാല്‍ കാശിക്കുതുല്യമായി ശബരിമലയെ ഭവാന്‍ ചിന്തിച്ചുകൊള്ളുക. എന്റെ ഭൂതങ്ങളുടെ നാഥനായ വാപരന്‍ സന്തുഷ്ടനായി ആലയമുറപ്പിച്ചുവാഴുന്ന കാനനപ്രദേശം മഹിഷീമാരികം (എരുമേലി) എന്നറിയപ്പെടും. വാപരനേയും മാനിച്ചു പൂജിച്ചു കൊള്ളുക.
ശബരിമല ക്ഷേത്രത്തില്‍ എന്റെ ലിംഗം പ്രതിഷ്ഠിച്ച് ഉത്‌സവവും കൊണ്ടാടണം. വിപ്രരാകുന്ന ഭക്തന്മാര്‍ ആനന്ദപൂര്‍വം വേദം ജപിക്കണം. ഉത്‌സവത്തിന്റെ ഒടുവില്‍ എന്റെ പ്രിയങ്കരരായ ഭൂതവൃന്ദങ്ങള്‍ക്ക് ബലി നല്‍കണം. എന്റെ ലിംഗം കണ്ടു വന്ദിക്കുവാന്‍ ഭക്തര്‍ പോകേണ്ട വിധി ഞാന്‍ ധന്യനായ ഭവാനോടു ഇതാ പറയുന്നു. ഇതുകേള്‍ക്കുന്നവര്‍ക്കെല്ലാം നന്മയുണ്ടാകും.
ആദ്യമേ ദേശികനായ (ഗുരുവായ) ഭക്തനെ വന്ദനാദ്യങ്ങളാല്‍ സംപ്രീതനാക്കണം.
പിന്നീട് അദ്ദേഹത്തിന്റെ ആജ്ഞ സ്വീകരിച്ചു ബ്രഹ്മചര്യവ്രതം കൈക്കൊള്ളണം. പക്ഷത്രയം (45 ദിവസം) വ്രതം അനുഷ്ഠിക്കണം. പക്ഷദ്വയം (30 ദിവസം) ആയാലും മതിയാകും. എനിക്കു പ്രിയനായവന്‍ ഭക്തിപൂര്‍വ്വം എട്ടുവിധത്തിലുള്ള മൈഥുനവും ത്യജിക്കണം.
സ്ത്രീയെ സൂക്ഷിച്ചു നോക്കുക, സ്ത്രീ നന്നെന്നു പറയുക, സ്ത്രീയോടു ചേരുവാന്‍ ആഗ്രഹിക്കുക, സ്ത്രീയോടു സംസാരിക്കാന്‍ സമയം നിശ്ചയിക്കുക, അവളോടു സംസാരിക്കാനായി പോവുക, അവളെ ചെന്നു കാണുക, മന്ദം അവളോടു സംസാരിക്കുക, ഒടുവില്‍ കാര്യം സാധിക്കുക എന്നിവയാണു അഷ്ടവിധത്തിലുള്ള മൈഥുനങ്ങള്‍.
ഒന്നാമത്തേത് ഇല്ലെങ്കില്‍ മറ്റ് ഏഴും ഉണ്ടാവുകയില്ല. അതിനാല്‍ ഒന്നാമത്തേതു നീങ്ങാന്‍ പരിശ്രമിക്കുക. ദേശികനോടു (ഗുരുവിനോട്) അനുജ്ഞ വാങ്ങിയോ ഗുരുവിനോടൊപ്പമോ യാത്ര തുടങ്ങുന്നതാണു ഉത്തമം. ഭവാന്‍ എനിക്കു തന്നതു പോലുള്ള ഒരു പൊക്കണം (കെട്ട്) തലയിലേന്തി വേണം പോകേണ്ടത്. എന്റെ നാമം ഉച്ചരിക്കുകയും എന്റെ ഭക്തരെ പൂജിക്കുകയും ചെയ്യണം. പോകുന്ന വഴിക്ക് വാപരന്റെ ഗോഷ്ഠത്തിലെത്തി ആനന്ദത്തോടെ വന്ദിക്കണം. ദുഷ്ടസത്വങ്ങളെ അകറ്റുവാന്‍ ഞാന്‍ കൊണ്ടു പോയതു പോലെ ശരവും കൊണ്ടു പോവുക.
അംഗജവൈരിയായ ചന്ദ്രചൂഡന്‍ ഞാന്‍ മഹിഷിയുടെ മുകളില്‍ നൃത്തമാടുന്നത് കണ്ടുനിന്നപ്പോള്‍ ഒരു കാട്ടുപ്ലാവിനോടു ചേര്‍ന്ന് നന്ദി നിന്ന വൃഷഭഘട്ടവും (കാളകെട്ടി) വന്ദിച്ചു വേഗത്തില്‍ പോവുക. പ്രസ്ഥരഗിരിയില്‍ (കല്ലിടാംകുന്നില്‍) കല്ലെറിഞ്ഞ് പമ്പയില്‍ ചെന്നുകുളിച്ച് പിണ്ഡദാനം ചെയ്ത് പിതൃക്കളെ തൃപ്തരാക്കുക. പാപങ്ങളേയെല്ലാം പമ്പാനദിയില്‍ സമര്‍പ്പിച്ച് പര്‍വതയുഗ്മങ്ങള്‍ (കരിമല, നീലിമല) വാട്ടംകൂടാതെ വന്ദിച്ച് കയറുക. അങ്ങനെ കേറിപ്പോകുന്ന വഴിയില്‍ താണ ഒരു കുഴിയില്‍ എന്റെ പാര്‍ഷദനായ കടുരവന്‍ ദുര്‍ദേവതകളെ അമര്‍ത്തി വെച്ചിട്ടുണ്ട്. ശക്തിപോലെ അവര്‍ക്ക് വേണ്ട പൂജചെയ്യുക (അപ്പാച്ചിമേട്ടിലെ അരിയുണ്ട എറിയല്‍). പിന്നീട് ശബരി വസിച്ചിരുന്ന സ്ഥലവും വന്ദിച്ച് എന്റെ സന്നിധിയില്‍ എത്തണം.
തത്ത്വസോപാനത്തിലെ പതിനെട്ടുപടികള്‍ കയറി സത്വരം എന്റെ ലിംഗം കണ്ടു വന്ദിക്കണം. മഹാരാജാവേ, ഭക്തര്‍ക്ക് അപ്പോള്‍ ആനന്ദമുണ്ടായിവരും. അതിലും അധികമായി മറ്റെന്താണു അവര്‍ക്കുവേണ്ടത്? പിന്നീട് പ്രദക്ഷിണം ചെയ്ത് മഞ്ചമാതാവിനെ (മാളികപ്പുറത്തമ്മയെ) കൂപ്പണം.
ദുര്‍ദ്ദേവതകളെ നീക്കുന്നവനായ കടുശബ്ദനെ (കടുത്ത സ്വാമിയെ) ഭക്തിയോടെ വണങ്ങണം. ആകാശഗംഗയിലെ ജലം കൊണ്ട് ദേവകള്‍ എനിക്ക് അഭിഷേകം ചെയ്യുന്ന ജലം ഒഴുകിച്ചേര്‍ന്ന് പുണ്യതീര്‍ത്ഥമായൊഴുകുന്ന ഉരല്‍ക്കുഴി തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് ശക്തിക്കൊത്തവിധം ദാനം ചെയ്യണം.
വീണ്ടും എന്റെ ലിംഗത്തെ വന്ദിച്ച് കൃതാര്‍ത്ഥരായി മന്ദംമടങ്ങുക. എങ്കില്‍ അവര്‍ക്ക് യാത്രാഫലം സിദ്ധിക്കും. ഭൂമിയില്‍ അവര്‍ എത്രയും ധന്യരായിരിക്കും. ഭക്തിയോടെ ഇങ്ങനെ ചെയ്യുന്നവര്‍ മുക്തരായിത്തീരും. ബ്രഹ്മചര്യാദി വ്രതങ്ങളില്ലാതെ എന്നെ വന്നു കാണുന്നവര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നതല്ല. നിര്‍ദ്ധനനായവന്‍ അങ്ങാടിയില്‍ ചെന്ന് ഒന്നും സാധിക്കാതെ മടങ്ങി വരുന്നതു പോലെയാണു അവരുടെ അവസ്ഥ.
അങ്ങയുടെ വംശജരായ രാജാക്കന്മാരെക്കണ്ടു മനസ്സില്‍ ഞാനെന്നുറപ്പിച്ച് വന്ദിക്കുന്നവര്‍ അങ്ങയോടുള്ള ഭക്തികൊണ്ട് എന്റെ ഭക്തരായി മാറുന്നതാണ്. പുണ്യമേറുന്ന മകരസംക്രാന്തി നാളില്‍ എന്റെ ലിംഗം ദര്‍ശിക്കുന്നവര്‍ക്ക് വിശേഷപുണ്യം ലഭിക്കുന്നതാണ്.
പണ്ട് എന്നെ രാമന്‍ എന്ന സഗുണരൂപമോര്‍ത്തുസേവിച്ച ശബരി വീണ്ടും ജനിച്ച് എന്നെ നിര്‍ഗ്ഗുണരൂപത്തില്‍ ഭജിക്കുന്നു. ശബരിക്ക് സായൂജ്യം നല്‍കുവാന്‍ ഞാന്‍ ഇതാ പോകുന്നു. പുണ്യവതിയായ ശബരിയുടെ ദേഹം ഭസ്മമാകുമ്പോള്‍ ആ ഭസ്മം എന്റെ വാമഭാഗത്ത് ശരംകൊണ്ടുകുഴിച്ച കുഴിയില്‍ നിക്ഷേപിക്കുന്നതാണ്. അവിടം ഭസ്മവാപിയെന്ന് (ഭസ്മക്കുളം) അറിയപ്പെടും. കേരളത്തെ സംരക്ഷിക്കുവാന്‍ ഭാര്‍ഗ്ഗവരാമന്‍ എന്നോട് അഭ്യര്‍ത്ഥിക്കുകയാല്‍ ഞാന്‍ പതിനെട്ട് ക്ഷേത്രങ്ങളില്‍ വസിക്കുന്നതാണ്. അതില്‍ മുഖ്യമായതു ശബരിമലയാണ്. പിന്നെ ഗുളദേവന്‍ എന്ന നാമത്തോടെ ക്ഷേത്രങ്ങള്‍ ഉണ്ടായിവരും.
ശബരിമലയുടെ പതിനാറുദിക്കുകളിലും എന്റെ ക്ഷേത്രങ്ങള്‍ ഉണ്ടായിവരും. ഭക്തന്മാര്‍ പണികഴിപ്പിക്കുന്ന മന്ദിരങ്ങളും അനവധിയുണ്ടായിവരും.
മഹാരാജാവേ, ഗൂഢമായ ഒരു തത്വം ഞാന്‍ പറയാം. ആനന്ദത്തോടെ ഭവാന്‍ കേള്‍ക്കുക. ദേഹികളുടെ ദേഹമാണു എന്റെ ആലയം. അതില്‍ ദേഹിയായി നില്‍ക്കുന്നതും ഞാന്‍ തന്നെയാണ്. തത്ത്വങ്ങളാകുന്ന പതിനെട്ട് സോപാനങ്ങള്‍ കടന്നാല്‍ എന്നെ കാണാം. എന്റെ പൂജാവിധികളും മറ്റും വേണ്ടവിധത്തില്‍ അഗസ്ത്യമഹര്‍ഷി പറഞ്ഞു തരുന്നതാണ്. എന്റെ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ മുനിസത്തമനായ അഗസ്ത്യന്‍ വന്നുചേരും.
നമ്മള്‍ തമ്മില്‍ പിരിയുന്നു എന്നോര്‍ത്ത് അല്‍പം പോലും സങ്കടപ്പെടേണ്ട. എന്നും അങ്ങയുടെ ചിത്തപങ്കജത്തിലും അങ്ങയുടെ മന്ദിരത്തിലും എന്നുമാത്രമല്ല ലോകം മുഴുവനും ഞാന്‍ നിറഞ്ഞിരിക്കുന്നു. പിന്നെ അങ്ങയെ പിരിയുന്നതെങ്ങിനെ എന്നു പറഞ്ഞാലും.
എന്റെ ക്ഷേത്രം പണി കഴിപ്പിക്കുന്നതിനുള്ള സ്ഥലം അങ്ങേയ്ക്ക് കാട്ടിത്തരാന്‍ ഞാന്‍ ഒരു അസ്ത്രം അയക്കുന്നതാണ്. അതുവീഴുന്ന സ്ഥാനം കാണാന്‍ അങ്ങേയ്ക്ക് ഞാന്‍ ദിവ്യദൃഷ്ടി നല്‍കുന്നതാണ്. ഇത്രയും പറഞ്ഞ് മണികണ്ഠസ്വാമി ഒരു ബാണമയച്ചു. ശബരിമലയില്‍ ആ അമ്പു വീണസ്ഥലം ദിവ്യദൃഷ്ടിയാല്‍ പന്തളരാജാവ് കണ്ടു.
രാജാവിനെ നോക്കി ആമോദത്തോടെ ഭൂതനാഥന്‍ വീണ്ടും പറഞ്ഞു. നമ്മള്‍ തമ്മില്‍ ചെയ്ത ഈ സംവാദം സന്തോഷത്തോടെ ശ്രവിക്കുന്നവരെല്ലാം എന്റെ അനുഗ്രഹത്താല്‍ ഭക്തരായിത്തീരും. അവര്‍ക്ക് മുക്തി സിദ്ധിക്കുമെന്നതില്‍ സംശയമില്ല.
പുത്രപൗത്രാദികളോടെ സന്തോഷത്തോടെ ധര്‍മ്മം പരിപാലിച്ചു ഭൂമി ഭരിച്ച് എന്റെ ഭക്തരില്‍ അഗ്രഗണ്യനായി അങ്ങുവാഴുക. ദേഹാന്ത്യത്തില്‍ അങ്ങേയ്ക്ക് കൈവല്യം വരുന്നതാണ്. ഇത്രയും പറഞ്ഞ് സുന്ദരനും സുകുമാരനും ഭൂതനാഥനുമായ ഈശ്വരന്‍ മറഞ്ഞു.
മഹാരാജാവും സഭയിലെ ധന്യരായ സജ്ജനങ്ങളും ഭൂതേശനെ ചിത്തത്തില്‍ ധ്യാനിച്ചു സന്തോഷത്തോടെ അവരവരുടെ ഗൃഹങ്ങളില്‍ വസിച്ചു.
സൂതന്‍ പറഞ്ഞു, താപസന്മാരേ, ഭവാന്മാര്‍ക്ക് സംസാരതാപം അകറ്റണമെങ്കില്‍ ധര്‍മ്മശാസ്താവിനെ സേവിച്ചുകൊള്ളുക. സമ്മോദത്തോടെ മംഗളം വരുന്നതാണ്. ഇങ്ങനെയെല്ലാം പറഞ്ഞു ഭൂതേശനെ മാനസത്തില്‍ ധ്യാനിച്ച് മൗനിയായി സൂതന്‍ ഇരുന്നു.
ധ്യനനിരതരായി മുനിമാരും വാണു
(പത്താം അദ്ധ്യായം സമാപിച്ചു)
ഭൂതനാഥോപാഖ്യാനം പൂര്‍വഖണ്ഡം സമാപിച്ചു
No comments:
Post a Comment