പൂജാപുഷ്പങ്ങള്‍
ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ദേവന് അര്‍ച്ചിക്കുന്നതിനായി പൂജാപുഷ്പങ്ങള്‍ കരുതുന്ന ഭക്തര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളുണ്ട്. ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ മനസ്സറിഞ്ഞ് അര്‍പ്പിക്കുന്ന ഒരു പൂവ് മതി ഭഗവാനെ പ്രീതിപ്പെടുത്താന്‍. പക്ഷേ ഓരോ ആരാധനാ മൂര്‍ത്തിയും ഇഷ്ടപ്പെടുന്ന പൂക്കളുടെ കാര്യത്തില്‍ വ്യത്യസ്തതയുണ്ട്.
ശൈവ, വൈഷ്ണവ, ശാക്തേയ എന്നിങ്ങനെയുള്ള ആരാധനാ സമ്പ്രദായമാണ് ഓരോ ക്ഷേത്രങ്ങളും പിന്തുടരുന്നത്. ശങ്കരനാരായണ മൂര്‍ത്തിക്ക് വൈഷ്ണവവും ശൈവവുമായ പുഷ്പങ്ങളും ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ മൂര്‍ത്തികള്‍ക്ക് ശൈവവും ശാക്തേയവുമാ പുഷ്പങ്ങളാണ് സമര്‍പ്പിക്കേണ്ടത്.
കൃഷ്ണതുളസി, രാമതുളസി, നീലത്താമര, വെള്ളത്താമര, ചെന്താമര, ചെമ്പകം, നന്ത്യാര്‍വട്ടം, പിച്ചകം, ജമന്തി, പുതുമുല്ല, മുല്ല, കുരുക്കുത്തിമുല്ല, മല്ലിക എന്നീ പുഷ്പങ്ങളാണ് വൈഷ്ണവ ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അര്‍പ്പിക്കേണ്ടത്. വിഷ്ണുവിന് തുളസി, ശിവന് കൂവളത്തിന്റെ ഇല, ഭദ്രകാളി ദേവിയ്ക്ക് കുങ്കുമപ്പൂവ് എന്നിവ വിശേഷപ്പെട്ടതാണ്.
നിലത്ത് വീണ പുഷ്പങ്ങളും ഇതളുകള്‍ നഷ്ടമായ പൂക്കളും, പൂര്‍ണമായും വിടരാത്ത പുഷ്പങ്ങളും ഉപയോഗിച്ച പൂക്കളും ഭഗവാന് സമര്‍പ്പിക്കരുത്. ശരീരശുദ്ധിയോടെ വേണം പൂജയ്ക്കുവേണ്ടി പൂക്കള്‍ ഇറുക്കേണ്ടത്. തുളസിയിലയും, കൂവളത്തിലയും ഓരോ ഇതളായി ഇറുക്കരുത്. അശുഭങ്ങളായ വാരങ്ങള്‍, നക്ഷത്രങ്ങള്‍, നിത്യയോഗങ്ങള്‍ എന്നിവയില്‍ ഇവ പറിക്കരുതെന്ന് വിധിയുണ്ട്.
തുളസിയിലയും കൂവളത്തിലയും വാടിയാലും ഉണങ്ങിയാലും അതിന്റെ സവിശേഷത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ പൂജകള്‍ക്ക് ഉപയോഗിക്കാം. പകല്‍ 12 മണിക്കുശേഷം പൂക്കള്‍ ഇറുക്കരുതെന്നാണ് വിശ്വാസം.
No comments:
Post a Comment