അപ്രിയമാകാതെ എങ്ങനെ സത്യങ്ങള്‍ പറയണം
സത്യങ്ങള്‍ അപ്രിയമാണെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. അപ്രിയമായിപ്പറയുന്നത് ശരിയല്ല. പിന്നെ എങ്ങനെ പറയും. ശ്രീനാരദര്‍ അതു കാണിച്ചുതരുന്നു.
ഒരുനാള്‍ യുധിഷ്ഠിരന്‍ പ്രഭാതകൃത്യങ്ങളും പൂജകളും ദാനങ്ങളുമെല്ലാം കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ കുന്തീദേവി, ഗാന്ധാരി, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവരെ അവിടെയൊന്നും കാണാനില്ല. മാതാപിതാക്കന്മാരെയാരെയും കാണാതെ അദ്ദേഹം വേദനിച്ചു.
സഞ്ജയന്‍ തുടങ്ങിയവരോടന്വേഷിച്ചിട്ടും അവരെ സംബന്ധിച്ച ഒരു വിവരവും കിട്ടിയില്ല. കുരുക്ഷേത്ര യുദ്ധം മുഴുവന്‍ നേരില്‍കണ്ട് ധൃതരാഷ്ട്രര്‍ക്ക് പറഞ്ഞുകൊടുത്ത ആ ദിവ്യദൃഷ്ടിക്കാരന് ഇപ്പോള്‍ അടുത്തുള്ളതുപോലും പ്രകടമാകുന്നില്ല. ജീവന്‍ വിട്ടുപോയ ശരീരത്തെപ്പോലെ സഞ്ജയന്‍ ജീവച്ഛവമായി.
യുധിഷ്ഠിരനും സഹോദരങ്ങളും മനമുരുകി നിന്നു. ഇവര്‍ എവിടെപ്പോയി. ഇനി എവിടെ അന്വേഷിക്കാനാണ്? ഇവര്‍ക്കെന്തു സംഭവിച്ചു? ഇനി ഞങ്ങളുടെ ശ്രദ്ധക്കുറവില്‍ വിഷമിച്ച് അവര്‍ നാടുവിട്ടുപോയോ? അതോ മനംനൊന്ത് ഗംഗയില്‍ മുങ്ങി ജീവന്‍ വെടിഞ്ഞുവോ? ഈ പാപങ്ങളെല്ലാം ഞാന്‍ എങ്ങനെ കഴുകിക്കളയും?
ഇത്തരം ചിന്തകളുമായി വിഷമിച്ചിരിക്കുമ്പോഴാണ് നാരദമഹര്‍ഷി അവിടെ വന്നുകയറിയത്. പാദപൂജകള്‍ ചടങ്ങുപോലുമില്ലാതെ എഴുന്നേറ്റു നില്‍ക്കലില്‍ ഒതുക്കി. നാരദരോട് സങ്കടാവസ്ഥകള്‍ വിവരിച്ചു.
നാരദര്‍ മറുപടി നല്‍കി. ഹേ യുധിഷ്ഠിരാ, "മാ കംചന ശുചോ രാജന്യദീശ്വരവശം ജഗത്" ആരെക്കുറിച്ചും ശോകമരുത്. ഹേ രാജന്‍, ഈ ജഗത്തുമുഴുവന്‍ ഈശ്വരവശമാണ്. നടക്കുന്നതെല്ലാം ഈശ്വരകല്‍പ്പിതമാണ്. പഞ്ചഭൂതങ്ങളെ കൂട്ടിച്ചേര്‍ത്ത് വസ്തുക്കള്‍ ഉണ്ടാക്കുന്നതും അവയെ വേര്‍പെടുത്തി ഇല്ലാതാക്കുന്നതും ഭഗവാന്‍ തന്നെ. അതുകൊണ്ട് ഹേ മഹാത്മന്‍ അങ്ങ് അതൊന്നുമാലോചിച്ച് വിഷമിക്കരുത്.
ക്രീഡാവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും വേര്‍പിരിക്കുകയുമൊക്കെ ചെയ്യുന്നത് കളിക്കാരന്റെ ഇഷ്ടാനുസരണമാണ്. "സ്യാതാം തഥൈവേശേഛയാ നൃണാം" ഈശ്വരേച്ഛപോലെ അതെല്ലാം സംഭവിക്കുന്നു.
പിന്നെ ലോകത്തിന്റെ അവസ്ഥയെ എങ്ങനെ, ഏതു മനോഭാവത്തോടെ നോക്കിക്കാണുന്നു എന്നതിനനുസരിച്ചാണ് ശോക കാരണമാകുന്നത്. ലോകം നശ്വരമോ (നശിക്കുന്നത്) അനശ്വരമോ (നശിക്കാത്തത്) അതോ ഇതുരണ്ടുമല്ലാത്ത അവസ്ഥയാണോ ഇതെല്ലാം മനസ്സിന്റെ ചിന്താശക്തിക്കനുസരിച്ച് നോക്കിക്കാണാം. കാണുന്ന വസ്തു, ആലോകനം ചെയ്യുന്ന വസ്തുവാണ് ലോകം. അത് നശ്വരമാണ്. കണ്ണിനു കാണാന്‍ കഴിയാത്ത ജീവശക്തിയാണ് ലോകമെങ്കില്‍ അനശ്വരമാണത്.
ഉഭയചിന്തയില്‍ സത്തും ജഡവും ചേര്‍ന്നതാണെന്നു ചിന്തിച്ചാല്‍ രണ്ടുമല്ലെന്നു മനസ്സിലാക്കാം. പ്രകൃതി പുരുഷന്മാര്‍ ഒന്നെന്നു കണ്ടാല്‍ ബ്രഹ്മം മാത്രമല്ലാതെ മറ്റൊന്നുമില്ല. പിന്നെ ചിന്തിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യം തന്നെയില്ല.
മാതാപിതാക്കന്മാരെ രക്ഷിക്കുന്നതും രക്ഷിക്കേണ്ടതും അങ്ങാണെന്ന ചിന്തയും ശരിയല്ല. ജീവോജീവസ്യ ജീവനം എന്നാണ് ശാസ്ത്രം. ഉപജീവനത്തിനുള്ള വസ്തുക്കള്‍ ജഗത്തില്‍ ബാക്കിയുണ്ട്. രക്ഷിക്കുന്നവനും രക്ഷിക്കപ്പെടുന്നവനും എല്ലാം ഭഗവാന്‍ തന്നെയെന്നറിഞ്ഞ് അങ്ങോട്ട് സമര്‍പ്പിച്ചേക്കുക.
No comments:
Post a Comment