7 October 2017

പളനിമല മുരുകനും കാവടിയും

പളനിമല മുരുകനും കാവടിയും

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി  മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ  ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവ്വതങ്ങൾ  നേടി.  ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ  ഒരു ദണ്ഡിന്റെ രണ്ട് അറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശലയിൽ  എത്തിക്കാൻ ചട്ടം കെട്ടിയശേഷം  അഗസ്ത്യമുനി കൈലാസത്തിൽ നിന്നും   മടങ്ങി.  പളനിക്ക് സമീപം എത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ   മലകൾ തോളിൽ നിന്നും താഴെ ഇറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും  സാധിച്ചില്ല. കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ   കൗപീനം മാത്രം ധരിച്ച് ഒരു  വടിയും ധരിച്ച് നിൽക്കുന്നതാണ്  കാണാനായത്. ഈ ബാലനാകട്ടെ കൈലാസപർവ്വതനിരയുടെ ഭാഗമായ ഈ മല തന്റെതാണ് എന്ന് വാദിച്ചു.  വാക് തർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ബാലൻ ഹിഡുംബനെ വധിച്ചു, ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും  ഹിഡുംബന്റെ ഭാര്യക്കൊപ്പം അവിടെയെത്തി.  ദിവ്യബാലനായ സുബ്രമണ്യനെ സ്തുതിച്ചു ക്ഷമയാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബന് ജീവൻ നൽകി, പുനർ ജനിച്ച ഹിഡുംബൻ രണ്ടു വരങ്ങളാണ് ചോദിച്ചത്.  ഒന്ന് തന്നെ പളനി ആണ്ടവന്റെ ദ്വാരപലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടുവന്ന പോലെ ക്ഷേത്രത്തിൽ പൂജാദ്രവ്യങ്ങൾ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും സുബ്രമണ്യൻ ഹിഡുംബന് നൽകി. പളനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതി വഴിയിലെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേതം നിലകൊള്ളുന്നു. ദേവകളുടെ സേനാപതിയുടെ സന്നിധിയിൽ  ഒരു അസുരന് ഭക്തർ ആരധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.

No comments:

Post a Comment