പഞ്ചമൂല്യങ്ങള്
ഭാരതീയരുടെ മൂല്യങ്ങളെ പഞ്ചമൂല്യങ്ങള് എന്നുവിളിക്കാം.
1. ആദരണം
2. അനുസരണം
3. അച്ചടക്കം
4. അംഗീകാരം
5. അനുഭാവം
എന്നിവയാണിത്. മുതിര്‍ന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് നമ്മുടെ സദാചാരമൂല്യങ്ങളുടെ അടിസ്ഥാന ഘടകമാണ്. നമ്മുടെ കൈയിലെ അഞ്ചുവിരലുകളോട് നമുക്ക് പഞ്ചമൂല്യങ്ങളെ ബന്ധപ്പെടാവുന്നതാണ്. കൈയിലെ പെരുവിരലാണ് ആദരണമൂല്യമായി നാമോര്‍ക്കേണ്ടത്. നാം പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ബാക്കി നാലുമൂല്യങ്ങളും താനെയുണ്ടാകും.
ഇവിടെ നാമോര്‍ക്കുക. അധ്യാപകന് ക്ലാസിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ എഴുന്നേല്‍ക്കുന്നത് മൂല്യങ്ങളുടെ ആചരണമാണ് കാണിക്കുന്നത്. അതായത് ആദരിക്കുക എന്നത് പ്രഥമ കര്‍ത്തവ്യം. തുടര്‍ന്ന് അടുത്ത മൂല്യത്തിലേക്ക് ഗുരുനാഥന് വിദ്യാര്‍ത്ഥിയെ പരിശീലിപ്പിക്കുന്നു. തന്റെ ഒരു ആംഗ്യത്തിലൂടെ വിദ്യാര്‍ത്ഥിയോട് ഇരിക്കാന്‍ ആവശ്യപ്പെടുന്നു. ‘അനുസരണം’ എന്ന മൂല്യത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥികളും ചിട്ടയോടെ ഇരിക്കുന്നു.
സ്വാഭാവികമായി മൂല്യപ്രകടനത്തിന്റെ അടുത്തഘട്ടം നമുക്കു ദര്‍ശിക്കാം. എല്ലാ വിദ്യാര്‍ത്ഥികളും ചിട്ടയോടെ ഇരിക്കുമ്പോള്‍ അവിടെ അച്ചടക്കം എന്ന മൂല്യം സൃഷ്ടിക്കപ്പെടുന്നു. സുഭാഷ് ചന്ദ്രബോസ് പറഞ്ഞ ‘അച്ചടക്കമുള്ള ജനതയാണ് ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്’ എന്ന ചിന്തയിലേക്ക് നാം ആനയിക്കപ്പെടുന്നു.
അച്ചടക്കത്തില്‍ നിന്നാണ് ഒരു വ്യക്തിക്ക് അംഗീകാരം ലഭിക്കുന്നത്. അതുപോലെതന്നെ പരസ്പരം അംഗീകരിക്കുക എന്നത് ജനാധിപത്യപരമായ മൂല്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പാണ്. പരസ്പര അംഗീകാരങ്ങളാണ് അനുഭാവം അഥവാ അനുകമ്പ സൃഷ്ടിക്കുന്നത്. പഞ്ചമൂല്യങ്ങളെ നേരത്തെ സൂചിപ്പിച്ചതുപോലെ കൈവിരലുകളിലെ അഞ്ചുവിരലുകളോട് ബന്ധപ്പെടുത്തിയാല്‍...
പെരുവിരല്‍ ആദരണമൂല്യവും
ചൂണ്ടുവിരല്‍ അനുസരണമൂല്യവും
നടുവിരല്‍ അച്ചടക്കമൂല്യവും
മോതിരവിരല്‍ അംഗീകാരമൂല്യവും
ചെറുവിരല്‍ അനുഭാവമൂല്യവുമായി കാണേണ്ടതാണ്.
ഇവിടെ വിരലുകളോട് ബന്ധപ്പെടുത്താനൊരു കാരണമുണ്ട്. പെരുവിരല്‍ നടുവിരലുകളെയും ഒരുപോലെ ആദരിക്കുന്നതു കാണാം. ചൂണ്ടുവിരലാണ് അനുസരിപ്പിക്കുന്നത്. നടുവിരല്‍ ഉയര്ന്നുനില്ക്കുന്നതിലൂടെ അച്ചടക്കം ഏറ്റവും ഉയര്‍ന്ന മൂല്യമാണെന്നു മനസ്സിലാക്കാം. വധൂവരന്മാര് വിവാഹമോതിരെ മോതിരവിരലില്‍ അണിയുമ്പോള്‍ ഭാര്യാഭര്ത്താക്കന്മാരായി പരസ്പരം അംഗീകരിക്കുന്നതായി യാഥാര്ത്ഥ്യപ്പെടുത്തുന്നു. ചെറുവിരല്‍ അനുഭാവത്തെ സൂചിപ്പിക്കുന്നതിനുദാഹരണമാണ് നല്ല ഒരു പാട്ടുകേള്‍ക്കുമ്പോള്‍ താളം പിടിക്കുന്ന നേരത്ത് ആദ്യം തൊടുന്നത് ചെറുവിരലായിരിക്കും.
നമ്മുടെ ബുദ്ധമത ഗ്രന്ഥങ്ങളില്‍ സദാചാരപരമായ മൂല്യങ്ങള്‍ ധാരാളമുണ്ട്. ബുദ്ധമതക്കാര്‍ മൂല്യങ്ങളെ നിഷേധരൂപത്തിലുള്ളതും വിധി രൂപത്തിലുള്ളതും എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ചെയ്യുരുതാത്തതേത് എന്നുപറഞ്ഞുതരുന്നതാണ് നിഷേധരൂപ മൂല്യങ്ങള്‍. ചെയ്യേണ്ടത് ഏത് എന്നു പറഞ്ഞുതരുന്നതാണ് വിധി മൂല്യങ്ങള്‍.
ബുദ്ധമതത്തിലെ നിഷേധരൂപത്തിലുള്ള മൂല്യങ്ങളെ അതായത് ചെയ്യാന്‍ പാടില്ലാത്തത് അഞ്ചുശീലങ്ങളായാണ്, അഥവാ പഞ്ചശീലങ്ങള്‍ എന്നാണറിയപ്പെടുന്നത്.
1. മോഷ്ടിക്കാതിരിക്കുക
2. കൊല്ലാതിരിക്കുക
3. വഴിപിഴച്ച ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
4. കള്ളം പറയാതിരിക്കുക.
5. മദ്യപിക്കാതിരിക്കുക.
ബുദ്ധമതത്തിലെ ചെയ്യേണ്ട മൂല്യങ്ങളെയാണ് വിധി മൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. അത് അഷ്ടാംഗമാര്‍ഗങ്ങള്‍ എന്ന പേരിലറിയപ്പെടുന്നു....
1. ശരിയായ ദൃഷ്ടി
2. ശരിയായ സങ്കല്‍പ്പം
3. ശരിയായ വാക്ക്
4. ശരിയായ കര്‍മം
5. ശരിയായ ജീവിതം
6. ശരിയായ വ്യായാമം
7. ശരിയായ സ്മൃതി
8. ശരിയായ ധ്യാനം
എന്നിവയാണ് മൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്ന എട്ടുമാര്ഗങ്ങള് എന്ന് ബുദ്ധമതം പറയുന്നു. ഭാരതീയര്‍ മൂല്യങ്ങളിലേക്ക് എത്താന്‍ പഞ്ചശുദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. 1. കായശുദ്ധി (ദേഹശുദ്ധി)
2. വാക്ശുദ്ധി
3. മനഃശുദ്ധി
4. ഇന്ദ്രിയശുദ്ധി
5. ഗൃഹശുദ്ധി
എന്നിവയാണത്. അതുപോലെ തന്നെ മൂല്യങ്ങള്‍ പാലിക്കപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷത്തെ പഞ്ചയജ്ഞങ്ങള്‍ എന്നും അറിയപ്പെടുന്നു.
പരമമായ സത്യത്തോടുള്ള ഉത്തരവാദിത്തത്തെ ബ്രഹ്മയജ്ഞം എന്നും പൂര്‍വികരോടുള്ള ഉത്തരവാദിത്വത്തെ പിതൃയജ്ഞമെന്നും പ്രപഞ്ചപ്രതിഭാസങ്ങളോടുള്ള ഉത്തരവാദിത്തത്തെ ഭൂതയജ്ഞമെന്നും സഹോദരമനുഷ്യരോടുള്ള ഉത്തരവാദിത്തെ മനുഷ്യയജ്ഞമെന്നും വിളിക്കുന്നു. ഇതെല്ലാം സദാചാരമൂല്യങ്ങളായാണ് ഭാരതീയര്‍ കണക്കാക്കുന്നത്.
തൈത്തിരിയോപനിഷത്തിലെ ഉപദേശങ്ങളെല്ലാം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആപ്തവാക്യങ്ങളാണ്. സത്യംവദ ധര്‍മംചര-സത്യം പറയുക, ധര്‍മം ആചരിക്കുക. സത്യാദ്ന പ്രമദിതവ്യം-സത്യത്തില്‍നിന്ന് ഒരിക്കലും വഴിതെറ്റരുത്. മാതൃദേവോ ഭവ-അമ്മയെ ദൈവതുല്യമായി കരുതുന്നവനായിത്തീരുക. പിതൃദേവോഭവ-പിതാവിനെ ദൈവതുല്യം കരുതുന്നവനായിത്തീരുക-ആചാര്യ ദേവോഭവ-ഗുരുവിനെ ദൈവതുല്യം കരുതുന്നവനായിത്തീരുക-അതിഥിദേവോഭവ വീട്ടിലെത്തുന്ന അതിഥികളെ ദൈവതുല്യം കരുതുന്നവനായിത്തീരുക.
ബൃഹദാരണ്യോകപനിഷത്തില് മൂല്യാധിഷ്ഠിത വിദ്യാഭ്യാസ ദര്‍ശനം കാണാം. ഉദാത്തമായ മൂന്നുമൂല്യങ്ങള് മൂന്നു ‘ദ’കള്‍ എന്നറിയപ്പെടുന്നു. ‘ദ’ എന്ന അക്ഷരത്തോടു ആരംഭിക്കുന്ന മൂന്ന് വാക്കുകള്‍ ദാനം, ദമം, ദയ. ദാനം അഥവാ തനിക്കുള്ളത് മറ്റുള്ളവര്‍ക്കു നല്‍കുക, ദമം എന്നാല്‍ ആത്മനിയന്ത്രണം പാലിക്കുക. ദയ എന്നാല്‍ എല്ലാറ്റിനോടുമുള്ള അനുഭാവം, അനുകമ്പ അഥവാ അഹിംസ.
സമൂഹത്തിലെ ഇന്നത്തെ മൂല്യത്തകര്‍ച്ച അതിഭയാനകമാണ്. വാര്‍ധക്യകാലത്ത് മക്കള്‍ ഉപേക്ഷിക്കുന്ന ക്രൂരതയ്ക്കു വിധേയമാക്കുന്ന യുവമാതാപിതാക്കള്‍ മറ്റൊരു ഭാഗത്ത്. ലക്ഷങ്ങള്‍ക്ക് മക്കളെ വില്‍ക്കുന്ന മാതാപിതാക്കളും ബന്ധുക്കളും. അശ്ലീലദൃശ്യങ്ങള്‍ നെറ്റിലും മൊബൈലിലും കണ്ടുരസിക്കുന്ന യുവതലമുറയും കൂടെ മധ്യവയസ്കരും. മദ്യപാനം, മയക്കുമരുന്ന്, കള്ളക്കടത്ത് സമൂഹമെങ്ങോട്ടാണ്! മൂല്യങ്ങളുടെ ശവപ്പറമ്പായി മാറുകയാണ് നമ്മുടെ സമകാലിക ലോകം!
നമുക്കറിയാം പണ്ട് പട്ടണങ്ങളില്‍ വെളിച്ചെണ്ണ ഇവിടെ വില്ക്കപ്പെടും എന്ന ബോര്‍ഡാണ് കണ്ടിരുന്നത്. എന്നാലിന്ന് ഈ ബോര്‍ഡ് മാറി. ശുദ്ധമായ വെളിച്ചെണ്ണ ഇവിടെ വില്ക്കപ്പെടുന്നു എന്ന ബോര്‍ഡാണ് നാം കാണുന്നത്...
മഹര്‍ഷി അരബിന്ദോ പറഞ്ഞതുപോലെ അച്ചടക്കം ആത്മീയമായ ഒരു മൂല്യമാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭൗതികതയുടെ ഉപഭോഗാസക്തിയുടെ ലോകത്ത് ആത്മഭാവത്തെ തിരിച്ചറിയാനുള്ള കഴിവാണ് മൂല്യങ്ങളിലൂടെ ലഭ്യമാകുന്നത്.
ഭൗതികപുരോഗതി മനുഷ്യനെ ആഡംബരങ്ങളിലേക്കു നയിക്കുമ്പോള്‍ ആത്മീയപുരോഗതി മനുഷ്യനെ മൂല്യങ്ങളിലേക്കു നയിക്കുന്നു. മതം കൂടാതെയുള്ള പുരോഗതി മുടന്തനാണെന്ന് ഐന്സ്റ്റീന് പറഞ്ഞതു മൂല്യപഠനത്തെ ഉദ്ദേശിച്ചാണ്....
No comments:
Post a Comment