ബേലൂരിലെ കല്ലിൽ കൊത്തിവച്ച ഇതിഹാസങ്ങൾ
ബേലൂർ സമുദ്ര നിരപ്പിൽ നിന്നും 3199 അടി ഉയരത്തിലുളള ഒരു ചെറിയ പട്ടണം. പതിനായിരത്തിൽ താഴെ ജനസംഖ്യ. ബേലൂരിന്റെ പ്രധാന സവിശേഷത കേശവക്ഷേത്രമാണ്. യുനെസ്കോ ലോക പൈതൃകങ്ങളിലൊന്നായി പ്രഖ്യാപിച്ച സ്ഥലം.
ശ്രാവണബെലഗോളയിൽ നിന്നും 13 കി.മീ. ചന്നരായപട്ടണ, അവിടെ വച്ച് ബാംഗ്ളൂർ- മാംഗ്ളൂർ NH 48 ൽ കയറി 38 കി.മീ. പോയാൽ ഹസ്സൻ പട്ടണം അവിടെ നിന്നും സ്റ്റേറ്റ് ഹൈവെ വഴി ബേലൂരിലേക്ക് 39 കി.മീറ്റർ. ശ്രാവണബെലഗോളയിൽ നിന്നും മൊത്തം 93 കി.മീ. ആകെ 1 മണിക്കൂർ 37 മിനിറ്റ് യാത്ര.
എ.ഡി 1117 ൽ ഹൊയ്സാല രാജവംശത്തിലെ വിഷ്ണു വർദ്ധനൻറ്റെ കാലത്ത് പണികഴിപ്പിച്ച ക്ഷേത്രം. ഹൊയ്സാല കാലഘട്ടത്തിലെ കലയുടെയും സംസ്കാരത്തിന്റ്റെയും വാസ്തുകലയുടെയും മകുടോദാഹരണം. കർണ്ണാടകയിലെ അതിപ്രധാനമായ ട്രയാംഗുലാർ ടെമ്പിൾ റൂട്ടിലെ ഏറ്റവും പ്രധാന ക്ഷേത്രം. മറ്റുളളവ ഹാലെബിഡുവും ശ്രാവണ ബെലഗോളയുമാണ്. ചാലുക്യരെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെയോ വിഷ്ണുവർദ്ധനൻ ജൈനമതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയതിന്റെയോ സ്മരണാർത്ഥമാണ് ഈ ക്ഷേത്ര നിർമ്മിതിയെന്ന് പറയാം. ഈ ക്ഷേത്രത്തിന്റെ പണി പൂർത്തിയാകാൻ 103 വർഷമെടുത്തെന്നാണ് ചരിത്രം പറയുന്നത്. ഇതിനടുത്തായി വിഷ്ണു വർദ്ധനന്റെ രാജ്ഞി പണികഴിപ്പിച്ച കാപ്പെ ചെന്നിഗരായ ക്ഷേത്രവും മറ്റൊരു ചെറിയ ലക്ഷ്മീ ക്ഷേത്രവുമുണ്ട്.
37 മീറ്റർ ഉയരമുളള അതിമനോഹരമായ ഗോപുരം കടന്ന് അകത്ത് എത്തിയാൽ വിശാലമായ കരിങ്കൽ പാകിയ ക്ഷേത്രപരിസരം. വലതു വശം മൂലയിൽ ക്ഷേത്ര കുളം. ഇടതു വശത്തായി കൽക്കിണർ. ഗോപുരത്തിനടുത്തായി ധ്വജസ്തംഭം. അതിനടുത്തായി ഗരുഢ വിഗ്രഹം. അവിടെ നിന്നും ചെറിയൊരു അകലെ കാഴ്ചയായി ചെന്നകേശവ ക്ഷേത്രം പ്രശോഭിക്കുകയാണ്. പരിസരത്തായി അനുബന്ധ ക്ഷേത്രങ്ങളും. സൗമ്യ നായകി, രംഗനായക ക്ഷേത്രങ്ങൾ.
ചെന്ന കേശവ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് മുകളിൽ നിരവധി ചെറു ശില്പ നിർമ്മിതികൾ. ക്ഷേത്രത്തിന് അകത്ത് നാൽപ്പതിലധികം ചിത്രപ്പണികളുളള തൂണുകൾ. ഇരുട്ട് തളം കെട്ടിനില്ക്കുന്നതിനാൽ ശില്പവേലകൾ വ്യക്തമായി കാണുവാനുളള പ്രകാശ സംവിധാനം അകത്തുണ്ട്. ക്ഷേത്രത്തിന് അകത്തെ കാഴ്ചകൾ കാണാൻ തന്നെ മണിക്കൂറുകൾ വേണം. മദനികമാരും ദർപ്പണ സുന്ദരിയും നരസിംഹ തൂണുമൊക്കെ വിശദമായി കാണേണ്ട കാര്യങ്ങൾ തന്നെ. ക്ഷേത്രത്തിന് അകത്തെ കാഴ്ചകളേക്കാൾ ഇരട്ടിയാണ് പുറത്തെ കാഴ്ചകൾ. ആനകൾ, സിംഹങ്ങൾ, കുതിരകൾ, പക്ഷികൾ, മൃഗങ്ങൾ, മഹാഭാരത- രാമായണ സന്ദർഭങ്ങൾ എല്ലാം പുറത്ത് കൊത്തിവച്ചിട്ടുണ്ട്. എല്ലാം വിശദമായി കാണാനും അറിയാനുമാണെങ്കിൽ ദിവസങ്ങൾ വേണം. അത്രയ്ക്ക് വിപുലമാണ് ഇവിടുത്തെ ശില്പവേലകൾ.
എത്ര തവണ കണ്ടെങ്കിലും മതിവരുന്നില്ല ചെന്നകേശവ കാഴ്ചകൾ. മദനികമാരെ പിരിയാൻ ആവുന്നില്ല. അത്രയ്ക്ക് മധുര മനോഞ്ജമാണ് ഈ ക്ഷേത്രം.
No comments:
Post a Comment