22 September 2017

നാരദന്‍

നാരായണ ഭക്തരിൽ അഗ്രഗണ്യനായ നാരദരുടെ ജന്മത്തെ കുറിച്ചുള്ള കഥ

വളരെ പ്രസിദ്ധനായ ഒരു പുരാണ കഥാപാത്രമാണ് നാരദൻ. ഇത്ര സാർവ്വത്രികമായി പുരാണങ്ങളിൽ പ്രവേശിച്ചിട്ടുള്ള മറ്റൊരു കഥാപാത്രമില്ല.  ബ്രഹ്മാവിന്റെ പുത്രനായ നാരദന്റെ ജനനം ബ്രഹ്മാവിന്റെ മടിയിൽ നിന്നാണ്‌.

നാരദന് പ്രധാനമായി ഏഴ് ജന്മങ്ങളാണ്‌‍ പുരാണങ്ങളിൽ കാ‍ണുന്നത്. ആദ്യം ബ്രഹ്മപുത്രനായിരുന്നു. അതിനു ശേഷം ബ്രഹ്മശാ‍പമേറ്റ് ഉപബർഹണൻ എന്ന ‍ഗന്ധർവനായി ജനിച്ചു. പിന്നീട് ദ്രുമിള ചക്രവർത്തിയുടെ മകനായി നാരദൻ എന്ന പേരിൽ ജനിച്ചു. ഇപ്രകാരം നാരദന്റെ ജന്മത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ അനവധി കഥകൾ പുരാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു.

നാരനെപ്പറ്റിയുള്ള ഒരു പൂർവ്വജന്മകഥ ഇപ്രകാരമാണ്. നാരദന്‍ തന്റെ പൂർവ്വജന്മത്തിൽ "ബര്‍ഹണന്‍" എന്ന പേരോടു കൂടിയ ഒരു ഗന്ധര്‍വ്വനായിരുന്നു. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു അദ്ദേഹം.

തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി അടുത്തജന്മം ബർഹണൻ ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന  ശൂദ്രസ്ത്രീയുടെ പുത്രനായിട്ടാണ് ജനിച്ചത്. ബ്രാഹ്മണഗൃഹത്തിൽ ബ്രാഹ്മണന്റെ പൂജയ്ക്ക് വേണ്ടുന്നതൊക്കെ ഒരുക്കിയിന്നതും മറ്റും ആ കുട്ടിയായിരുന്നു.

അക്കാലത്ത് ഒരിക്കൽ ആ ബ്രാഹ്മണഗൃഹത്തിൽ  മഹാഭാഗവതം സപ്താഹം നടക്കുന്നത് കുട്ടി കാണാനിടയായി. അവൻ അത് ശ്രദ്ധിച്ചുകേട്ടു, ഭഗവാനാണ് എല്ലാം എന്നും നാം ഭഗവാനെയാണ് സ്നേഹിക്കേണ്ടതെന്നുമൊക്കെക്കെ അവിടെ പറയുന്നത് അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഒടുവിൽ അവിടെ കൂടിയിരുന്ന മഹാത്മാക്കൾ പോകാനൊരുങ്ങുമ്പോൾ അവനും അവരൊടൊപ്പം പോകാനൊരുങ്ങി.

ഇതുകണ്ട അവന്റെ അമ്മ കരഞ്ഞുകൊണ്ട് തനിക്കാരുമില്ലെന്ന് പറഞ്ഞ് അവനെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുന്നു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെയെങ്കിലും കുട്ടി തന്റെ ഉദ്യമത്തിൽ നിന്നും തത്ക്കാലം പിന്തിരിഞ്ഞു.

അങ്ങിനെയിരിക്കെ ഒരിക്കൽ കാട്ടിൽ വിറകൊടിക്കാൻപോയ അവന്റെ അമ്മ സർപ്പദർശനമേറ്റ് മരിക്കുന്നു. അതോടെ സ്വതന്ത്രനായിത്തീർന്ന കുട്ടി മനസ്സിൽ തീർച്ചപ്പെട്ടുത്തി. ഏതുവിധത്തിലും ഭഗവദ്ദർശനം നേടണം. സമാധാനചിത്തത്തോടെ അവൻ സരസ്വതീ നദീതീരത്ത് ഒരു ആൽ‌വൃക്ഷത്തിനടിയിൽ പോയി ഭഗവത് ദർശനത്തിനായി ധ്യാനിക്കുവാൻ ആരംഭിച്ചു. ധ്യാനനിരതനായിരുന്ന അവന് പെട്ടെന്ന് തന്റെ ഉള്ളിലുള്ള രൂപം മറഞ്ഞു. പരിഭ്രാന്തിയോടെ അവൻ കണ്ണുതുറന്ന് നോക്കുമ്പോഴുണ്ട് അതാ ശംഖുചക്ര ഗദാധാരിയായ ഭഗവാൻ ചിരിച്ചുകൊണ്ട് മുന്നിൽ! മന്ദസ്മിതംതൂകിക്കൊണ്ട് ഭഗവാൻ അരുളി; "ഇനി നിനക്ക് ഈ ജന്മം എന്നെ കാണാനാകില്ല, പക്ഷെ, അടുത്ത ജന്മത്തിൽ നീ എന്റെ ഭക്തനായി ജനിക്കാനിടയാകും." ഇപ്രകാരം അരുളി ഭഗവാൻ പെട്ടെന്ന് അപ്രത്യക്ഷനായി.

നാരദൻ എന്ന വാക്കിന്റെ അർത്ഥം
നാരം (വെള്ളം) ദൻ (ദാനം) ചെയ്തവൻ. അതായത് ജലം ദാനം ചെയ്തവൻ ഈ പേരു വരാൻ കാരണമായ കഥ ഇങ്ങനെ.

ഒരിടത്ത്തീരെ നിർദ്ധനനായ എന്നാൽ സാത്വികഗുണസമ്പന്നനായ ഒരു ഉത്തമ ബ്രാഹ്മണൻ ജീവിച്ചിരുന്നു. ദാനധർമ്മാദികൾ ചെയ്ത് മോക്ഷം സമ്പാദിക്കാൻ മോഹിച്ചു ആ പാവം!

പക്ഷേ അന്നത്തിനുപോലും വകയില്ലാത്ത താൻ എന്താണ് ദാനം ചെയ്യുക? എവിടുന്നെടുത്തു നൽകും? അദ്ദേഹം മനസ്താപത്തോടെ ചിന്തിച്ചു,ഒടുവിൽ ഒരു തീരുമാനത്തിലെത്തി. പ്രകൃതീ ദേവി കനിഞ്ഞു നൽകിയ ജലം,അതിന്നൊരു ക്ഷാമവുമില്ലല്ലോ❓
ദാഹജലം പകർന്നു നൽകുന്നതിൽ പരം പുണ്യം വേറൊന്നുമില്ല. ജലദാനം ചെയ്തു പുണ്യം നേടാൻ തന്നെ ആ സാധു തീരുമാനിച്ചു.

നാലും കൂടുന്ന വഴിയിൽ ഒരു തണ്ണീർപന്തൽ കെട്ടിയുണ്ടാക്കി. സ്വയം വെള്ളം കോരി ചുമന്ന് നിറച്ച് വഴിപോക്കരായ ജനങ്ങൾക്ക് സ്നേഹ ബഹുമാനങ്ങളോടെ ദാഹജലം നൽകി നിഷ്ക്കാമ സേവനം ചെയ്ത് കാലം കഴിച്ചു.

ഒടുവിൽ ജീവിതാവസാനകാലത്ത് ചിത്രഗുപ്തന്റെ നിശിത വിശകലനത്തിന് ഈ ബ്രാഹ്മണനും ഇരയായി. അനേകായിരം പേർക്ക് ദാഹശമനം നടത്തിയ ബ്രാഹ്മണൻ വൈകുണ്ഠത്തിൽ ഭഗവാൻ ശ്രീമന്നാരായണന്റെ സ്വാമിയുടെ സവിധത്തിലേക്ക് ആനയിക്കപ്പെട്ടു.

സുകൃതം നിറഞ്ഞൊരു ബ്രാഹ്മണജന്മം തന്നെ ഭഗവാൻ വീണ്ടും നൽകി. മുൻ ജന്മത്തെപ്പോലെത്തന്നെ ഈ ജന്മത്തിലും സ്വന്തം കൈകൊണ്ട് അനേകായിരങ്ങൾക്ക് ദാഹജലം പകർന്നു നൽകി ആ സാധു ബ്രാഹ്മണൻ സുകൃതം വർദ്ധിപ്പിച്ചു.

ഇപ്രകാരം ഏഴു ജന്മങ്ങൾ ആവർത്തിക്കപ്പെട്ടു. ഏഴു ജന്മങ്ങളിലും പാപസ്പർശം പോലും ഏൽക്കാതെ പുണ്യകർമ്മം, ജലദാനം ചെയ്ത് പ്രാരബ്ധം തീർന്ന് വിഷ്ണുലോകം പൂകാനുള്ള സമയമടുത്തു.

ഭക്തവത്സലനായ ഭഗവാൻ ശ്രീഹരി ഒരു ബ്രാഹ്മണന്റെ വേഷത്തിൽ ദാഹജലം യാചിച്ച് ആസന്നമരണനായ ആ സാധുവിന്റെ മുന്നിലെത്തി. ആ സാധു സ്വന്തം കൈകൊണ്ടു തന്നെ പതിവുപോലെ ജലം പകർന്നു നൽകി.

ഞൊടിയിടയിൽ ശംഖുചക്ര, ഗദാപത്മധാരിയായ  പ്രസന്നവദനനായ സാക്ഷാൽ നാരായണൻ അദ്ദേഹത്തിനു മുന്നിൽ ഏതു വരം ചോദിച്ചാലും നൽകി അനുഗ്രഹിക്കാനുള്ള ഭക്തവാത്സല്യത്തോടെ പ്രത്യക്ഷനായി.

അർത്ഥ കാമങ്ങളിൽ ലേശവും മോഹമില്ലാത്ത ആ സാധു ഭഗവാന്റെ തൃപ്പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. ആ പാദസേവയല്ലാതെ, ഭഗവാന്റെ നാമം പ്രകീർത്തിച്ച് ഏതു ലോകത്തും എപ്പോഴും സഞ്ചരിക്കാനുള്ള മോഹമല്ലാതെ മറ്റൊന്നു ആവശ്യമില്ല. ബ്രാഹ്മണൻ കണ്ണീർവാർത്തുകൊണ്ടു മറുപടി നൽകി.

ഭക്തപരാധീനനായ ഭഗവാൻ തന്റെ ഭക്തന്റെ അഭീഷ്ടം സാധിപ്പിച്ചുകൊടുത്തു. ഒപ്പം നാദമാധുരി വഴിയുന്ന മഹതി എന്ന വീണയും നൽകി. അർത്ഥസമ്പുഷ്ടമായ ദീക്ഷാ നാമവും കനിഞ്ഞു നൽകി. നാരദൻ (വെള്ളം ദാനം ചെയ്തവൻ) ദേവർഷിയായി ആചാന്ദ്ര താരം പതിന്നാലു ലോകവും സഞ്ചരിക്കാനുള്ള അനുഗ്രഹവും നൽകി ഭഗവാൻ.

നാരദന്‍  വെറുമൊരു ‘വഴക്കാളി’ എന്നാണ് പലരുടെയും ധാരണ. എന്നാൽ ദൈവികതത്വങ്ങളെ ജനങ്ങളിലേക്കെത്തിക്കുകയും ജലം ദാഹത്തിനെ അകറ്റുന്നതുപോലെ ഹൃദയദാഹമായ, ജന്മലക്ഷ്യമായ വൈകുണ്ഠ പ്രാപ്തിലെത്തിച്ച് ജന്മമില്ലാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് നാരദന്‍ ചെയ്യുന്നത്. ”നാരം ദദാതി ഇതി നാരദഃ” എന്ന് പദവിഗ്രഹം. നാരം (വെള്ളം) ദാനം ചെയ്യുന്നവന്‍ എന്ന് പദത്തിന്റെ അർത്ഥം അന്വർത്ഥമാക്കിയ ദേവർഷിയായിരുന്നു നാരദൻ.

പലര്‍ക്കും ആവശ്യമായ ഘട്ടത്തില്‍ ഓടിയെത്തി ഭഗവദ്തത്വം ഉപദേശിച്ചുനല്‍കും. മൂലമന്ത്രവും അനുഷ്ഠാനവുമെല്ലാം പറഞ്ഞുതരും. പല മന്ത്രങ്ങളും ഉപാസിച്ചു സിദ്ധി വരുത്തിയ ആളാണ് നാരദന്‍. സത്യം എവിടെയും വിളിച്ചുപറയുന്നവനും സത്യം മാത്രം പറയുന്നവനും അതിന് പ്രത്യേകമായ ശൈലി ഉപയോഗിക്കുന്നവനുമാണ് നാരദന്‍.

No comments:

Post a Comment