ദേവീഭാഗവതം കേൾക്കുന്നതു കൊണ്ടുള്ള പ്രയോജനം?
ദേവീഭാഗവതം ഒൻപതു ദിവസം കൊണ്ടു കേൾക്കുകയാണെങ്കിൽ കേൾക്കുന്ന കുടുംബാംഗങ്ങളുടെ പരേതാത്മാക്കൾക്കു മോക്ഷപ്രാപ്തി ലഭിക്കുന്നു. ജനമേജയന്‍ പരീക്ഷിത്തിന്റെ ആത്മാവിന് മോക്ഷപ്രാപ്തി ലഭിക്കുന്നതിനു വേണ്ടി നടത്തിയ യജ്ഞമാണ് ഇത്. ഇതിൽ പറയുന്നുണ്ട് മരിച്ച ആത്മാക്കൾക്കു മോക്ഷപ്രാപ്തി ലഭിക്കുമെന്നും വിഷ്ണുവിൽ ലയിക്കുമെന്നും. ഗായത്രീമന്ത്രത്തിന്റെ വ്യാഖ്യാനം കൂടിയാണിത്, ഇതു ജപിക്കുന്ന പുണ്യവും ലഭിക്കും.
ദസറ - ദശഃ ഹര, ദുർഗാദേവി 10 അസുരന്മാരെ ഹനിക്കുന്നു. ദശ, ഹര ലോപിച്ചാണു ദസറയായത്. മധു, കൈടഭൻ, മഹിഷാസുരൻ, ധൂമ്രലോചനൻ, രക്തബീജൻ, ചണ്ഡൻ, മുണ്ഡൻ, ശുംഭൻ, നിശുംഭൻ, ജീവാഹന്ത (മനസ്സിന്റെ അഹങ്കാര രൂപമായ അജ്ഞാനമാകുന്ന അസുരൻ) എന്നിവരാണ് 10 അസുരന്മാർ. ആത്മാക്കളുടെ ജീവിതവിജയത്തിനായി ഉമാദേവി, ബുദ്ധിമണ്ഡലത്തിൽ മുകളിൽ പറഞ്ഞവയെ നശിപ്പിച്ച് ബുദ്ധിമണ്ഡലത്തിൽ വിജ്ഞാന തേജസ്സായി ദശപാപഹര എന്ന പേരിൽ അവതരിച്ചു.
ഭദ്രകാളി - ഇവർക്ക് 10 സ്വരൂപങ്ങളാണ്, ദുർഗയുടെ ഭയാനകരൂപമാണു കാളിയായി സങ്കൽപിക്കുന്നത്. പുത്രവത്സലയും സ്നേഹമയിയുമായ കാളി ഭക്തർക്കുവേണ്ടി എന്തും നൽകുന്ന സർവശക്തി സ്വരൂപിണിയാണ്. മംഗളസ്വരൂപിണിയാണ്. ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് ഉദ്ഭവിച്ചതാണു ഭദ്രകാളി. കാളി, ഭുവനേശ്വരി, കമല, മാതംഗി, ബഗളാമുഖി, ഷോഡശി, താര, ഭൈരവി, ഛിന്നമസ്ത, ധൂമാവതി എന്നിവയാണ് 10 സ്വരൂപങ്ങൾ. ദശമഹാവിദ്യ എന്ന പേരിൽ ആരാധിക്കപ്പെടുന്നു. 64 കലകൾ ചേർന്നതാണു കാളീദേവി. കാളിദാസനു വരം കൊടുത്തതിലൂടെ വിദ്യയുടെ മാതാവായും അറിയപ്പെടുന്നു. ആഹാരം, വസ്ത്രം, ഭൂമി, ശത്രുദോഷങ്ങൾ ഇവയ്ക്കെല്ലാം അധികാരം കാളിയിലാണ്.
മഹാലക്ഷ്മി - വിഷ്ണു ഭഗവാന്റെ ധർമപത്നിയായ മഹാലക്ഷ്മി വിവിധ ലക്ഷ്മികളായി അറിയപ്പെടുന്നുണ്ട്. ലക്ഷ്മീകൃപയില്ലെങ്കിൽ ആർക്കും ജീവിക്കാൻ സാധിക്കില്ല. ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും ധനത്തിൽ ധനലക്ഷ്മിയായും കർമങ്ങളിൽ മംഗളലക്ഷ്മിയായും സ്വർഗത്തിൽ സ്വർഗലക്ഷ്മിയായും പാതാളത്തിൽ നാഗലക്ഷ്മിയായും ഭൂമിയിൽ വിശ്വലക്ഷ്മിയായും സൂര്യനിൽ പ്രഭാലക്ഷ്മിയായും രാജ്യത്തിൽ രാജ്യലക്ഷ്മിയായും ധാന്യലക്ഷ്മിയായും അപകടത്തിൽ ധൈര്യലക്ഷ്മിയായും വിദ്യയിൽ വിദ്യാലക്ഷ്മിയായും കീർത്തിലക്ഷ്മിയായും വിജയലക്ഷ്മിയായും ഉമ മംഗളമരുളുന്നു.
സരസ്വതി - വിദ്യയുടെ അധിദേവതയാണ്. ജ്ഞാനസ്വരൂപിണിയായ പരാശക്തി ഹംസവാഹിനിയാണ്. താമരയുടെ മുകളിലിരിക്കുന്നു. മാലയും പുസ്തകവും വീണയും ധരിച്ചിരിക്കുന്നതു ഹംസസ്വരൂപികളായ ആത്മാക്കളെ രക്ഷിക്കുവാനാണ്. സരസ്വതിയെ പൂജിച്ചാൽ എല്ലാ ദേവതകളെയും പൂജിച്ചതിനു തുല്യമാണ്. വീണാസരസ്വതി, വാഗീശ്വരി, ലയീസരസ്വതി മുതലായ പല പേരുകളിൽ പൂജിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment