ഹരിഃശ്രീ ഗണപതയെ നമഃ
എഴുത്തിനിരുത്തുക എന്ന ആചാരം വിദ്യയുടെ ജ്യോതിർലോകത്തേക്ക് ശിശുക്കളെ ഉപനയിക്കുന്ന പവിത്രമായ ഒരു സംസ്കാരമാണ്. "ഹരിഃശ്രീ ഗണപതയെ നമഃ" എന്ന മന്ത്രത്തിന്റെ ഉച്ചാരണത്തോടെയാണ് തുടക്കം, ഇവിടെ വിദ്യാദേവതയായ സരസ്വതിയെയോ, ദക്ഷിണാമൂർത്തിയേയോ അല്ല നമിക്കുന്നത്, ത്രിമൂർത്തികളോ, ദേവിത്രയമോ അല്ല നമിക്കപ്പെടുന്നത്, ഹരിയും ലക്ഷ്മിയും ഗണപതിയുമാണോ ഹരിയും ശ്രീഗണപതിയുമാണോ വിവക്ഷിക്കപ്പെടുന്നത്. വ്യാകരണമനുസരിച്ച് ഗണപതിക്കാണ് നമസ്കാരം. ഏത് ഉദ്യമവും വിഘ്നേശ്വരനെ വന്ദിച്ചുകൊണ്ട് ആരംഭിക്കുന്നത് പതിവാണ്. ശ്രീ ഗണപതി എന്നത് പ്രസിദ്ധം. ഹരി ശബ്ദം എപ്രകാരം അന്വയിക്കണം എന്നതിലാണ് അവ്യക്തത. 'ഹരിശ്രീ കുറിക്കുക' എന്നത് തുടങ്ങുക എന്നർത്ഥം നിസ്സന്ദേഹമായി പ്രചരിച്ചു കഴിഞ്ഞു.
അക്ഷരങ്ങളെ അക്കം കൊണ്ട് കുറിക്കുന്ന "പരൽ പേര്" അനുസരിച്ച് ഈ മന്ത്രത്തിലെ അക്ഷരങ്ങളുടെ അക്കങ്ങൾ കൊണ്ട് കൂട്ടിയാൽ 33 എന്നു കിട്ടുന്നു.
1 – ക, ട, പ, യ
2 – ഖ, ഠ, ഫ, ര
3 – ഗ, ഡ, ബ. ല
4 – ഘ, ഢ, ഭ, വ
5 – ങ, ണ, മ, ശ
6 – ച, ത, - , ഷ)
7 – ഛ, ഥ, - , സ
8 - ജ , ദ, -, ഹ
9 – ഝ, ധ, -. ള
0 – ഞ, ന ( ഴ, റ
''അ'' മുതൽ ''ഔ''വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു.
വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണ്.
അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല.
ഹ - 8, രി - 2, ശ്രീ - 2, ഗ - 3, ണ - 5, പ - 1, ത - 6, യെ - 1, ന - 0, മ - 5 = 33 ( 8+2+2+3+5+1+6+1+0+5 =33)
33 ന് മുപ്പത്തിമുക്കോടി എന്നൊരു പൗരാണിക സങ്കൽപമുണ്ട് അതിനാൽ അക്ഷരമാലയുടെ സംഖ്യയെയാണ് മന്ത്രം കൊണ്ട് കുറിച്ചിരുതെന്നും വരാം.
ഗ്രന്ഥപൂജകൊണ്ട് ഉദ്ദേശിക്കുന്നത് കുറച്ച് പുസ്തകങ്ങൾ പൊതിഞ്ഞുകെട്ടി പൂജയ്ക്കുവെക്കുന്നത് മാത്രമാകരുത്. വായന വ്യർത്ഥമായ നേരം പോക്കലാവാതിരിക്കത്തക്കവണ്ണം പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായിക്കുന്നതാണ് ശരിയാണ് ഗ്രന്ഥപൂജ. എഴുത്തുവിദ്യ തുടങ്ങന്നവർക്കു മാത്രമല്ല എല്ലാവർക്കും വിദ്യാരംഭം പവിത്രദിനമായിരിക്കുന്നത് ജ്ഞാനാർജനത്തിൽ 'ഒടുക്ക'മെന്നില്ലാത്തതുടക്കം എപ്പോഴും പ്രസക്തമാണ്. സമസ്താജനാരാധ്യയായ വാണീദേവിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ലഭിക്കുമാറാകട്ടെ.
No comments:
Post a Comment