12 August 2017

വാഗ്‌ഭടൻ

വാഗ്‌ഭടൻ

ആയുർവേദത്തിലെ ത്രിമൂർത്തികളിൽ, ചരകനും സുശ്രുതനും കഴിഞ്ഞാൽ, മൂന്നാമനായി വാഗ്‌ഭടൻ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത്‌ പന്ത്രണ്ടാം ശതകത്തിൽ വാഗ്‌ഭടൻ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു. അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ആയുർ‌വേദ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ബുദ്ധമത അനുയായിയായിരുന്നു വാഗ്ഭടൻ. ബുദ്ധമതപ്രചരണാർത്ഥം 9ാം നൂറ്റാണ്ടിൽ അദ്ദേഹം ശ്രീലങ്ക വഴി കേരളത്തിലെത്തുകയും അങ്ങനെ കേരളീയർക്ക് അദ്ദേഹത്തിലൂടെ അഷ്ടാംഗഹൃഹയവും അഷ്ടാംഗസംഗ്രഹവും അറിയാനിടയാകുകയും പ്രസ്തുതഗ്രന്ഥങ്ങൾക്കാ കേരളീയ വൈദ്യശാസ്ത്രത്തിന്റെ ആണിക്കല്ലാകാനിടയാകുകയും ചെയ്തു.

വാഗ്‌ഭടന്റെ പിതാവ്‌ സിംഹഗുപ്‌തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളിൽ വാഗ്‌ഭടനെ പരാമർശിച്ചിട്ടുണ്ട്‌. രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതിൽ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടൻ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി. പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ കാവ്യാനുശാസനം, ഋഷഭദേവചരിതം എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.

അഷ്ടാംഗഹൃദയം വാഗ്‌ഭടൻ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. ധന്വന്തരി മഹർഷി ഒരിക്കൽ ഒരു പക്ഷിയുടെ രൂപത്തിൽ വൈദ്യൻമാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാൾ?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യൻമാരൊന്നും കൃത്യമായ ഉത്തരം നൽകിയില്ല. ഒടുവിൽ, സിന്ധു ദേശത്ത്‌ പാർത്തിരുന്ന വാഗ്‌ഭടൻ എന്ന പ്രസിദ്ധ വൈദ്യൻ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നൽകി, 'ഹിതഭുക്‌, മതിഭുക്‌, അശാകഭുക്‌' (ഹിതമായി ഭക്ഷിക്കുന്നവൻ, മിതമായി ഭക്ഷിക്കുന്നവൻ, ഇലക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാൾ). വാഗ്‌ഭടന്റെ ഉത്തരത്തിൽ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാൻ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.

സുശ്രുതസംഹിത, ചരകസംഹിത എന്നിവയെ അവലംബിച്ചാണ് വാഗ്‌ഭടൻ അഷ്ടാംഗഹൃദയം രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം (കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കൽ), ഊർധ്വം, ശല്യം, ദംഷ്ട്രം (വിഷചികിത്സ), ജര (രസായന ചികിത്സ), വൃഷം (വാജീകരണം) എന്നിവയാണ്‌ ആയുർവേദത്തിലെ എട്ട്‌ അംഗങ്ങൾ. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ അഷ്ടാംഗഹൃദയം. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കൽപം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.

ഉത്തരേന്ത്യയിൽ ബുദ്ധമതത്തിന് പ്രചാരം കുറഞ്ഞപ്പോൾ ബുദ്ധമതാനുയായിയായിരുന്ന വാഗ്ഭടൻ എട്ടാം നൂറ്റാണ്ടിൽ ശ്രീലങ്കയിലേക്ക് കുടിയേറുകയും അങ്ങനെ അദ്ദേഹത്തിന്റെ അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും ശ്രീലങ്കയിൽ പ്രചരിപ്പിക്കപ്പെട്ടു

ശ്രീലങ്കയിൽ നിന്നാണ്‌‌ ബുദ്ധമതം കേരളത്തിലെത്തിയത്‌. ഒൻപതാം നൂറ്റാണ്ടിൽ ബുദ്ധമതപ്രചരണത്തിന്‌ വാഗ്ഭടൻ കേരളത്തിലെത്തിയിരുന്നതായി കരുതപ്പെടുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങൾക്കും കേരളത്തിൽ പ്രചാരം സിദ്ധിച്ചു

കേരളത്തിൽ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വടക്കേ ഇന്ത്യയിൽ ചരകസംഹിതക്കായിരുന്നു അന്ന് പ്രാധാന്യം. (ഇന്ന് ആധുനിക സർവകലാശാലകൾ അഷ്ടാംഗഹൃദയവും പാഠ്യവിഷയമാക്കിയിട്ടുണ്ടെന്നു മാത്രം)

വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടൻ എന്നിവർ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തിൽ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരിൽ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കർത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങൾ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തിൽ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.

വാഗ്ഭടൻ (550-600 എ ഡി) രചിച്ചത് എന്ന് അനുമാനിക്കപ്പെടുന്ന അഷ്ടാംഗഹൃദയം, ആയുർവേദ ചികിത്സയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇൻഡ്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിൽ ഒന്നുമാണ്. ശൈലിയുടെ സൗന്ദര്യവും മിതത്വവും, കൃത്യമായ നിരീക്ഷണങ്ങളും വിശദീകരണങ്ങളും ചേർത്തുള്ള വിഷയത്തിന്റെ അനുക്രമമായ അവതരണവും, നിർദ്ദിഷ്ഠമായ ചികിത്സാ രീതികളുടെ സവിശേഷതകളും ചേർന്ന് അഷ്ടാംഗഹൃദയത്തെ ആയുർവേദത്തിലെ ബൃഹത് ത്രയങ്ങളിൽ(പ്രധാനപ്പെട്ട മൂന്ന് പ്രബന്ധങ്ങളിൽ) ഒന്നെന്ന നിലയിലേക്കുയർത്തിയിരിക്കുന്നു. പുരാതന കാലത്തു തന്ന അഷ്ടാംഗഹൃദയം പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും, അതാതു ഭാഷകളിൽ അനേകം വ്യാഖ്യാനങ്ങൾ രൂപപ്പെടുകയും ചെയ്തു.

ആയുർവേദശാസ്ത്രത്തിന്റെ വികാസം ഉപദേശകാലം, സംഹിതാകാലം, സംഗ്രഹകാലം എന്നീ മൂന്നു കാലഘട്ടങ്ങളിൽ ആയിരുന്നു.

ഗുരു ശിഷ്യന് ഉപദേശരൂപത്തിൽ പറഞ്ഞുകൊടുത്തുവന്നിരുന്നത് ഉപദേശ (ദൈവ) കാലം
ശിഷ്യന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരം നല്കുന്ന രീതിയിൽ ഗ്രന്ഥം നിർമിച്ചിരുന്നതു സംഹിതാ (ആർഷ) കാലം
ക്രമീകരണങ്ങളോടുകൂടി വിഷയവിശകലനം ചെയ്തു സംഗ്രഹിച്ച് ഗ്രന്ഥനിർമാണം ചെയ്തിരുന്നതു സംഗ്രഹ (സംസ്കാര) കാലം
സംഗ്രഹ കാലത്തിനു മുൻപ് രചിച്ച ഗ്രന്ഥങ്ങളിൽ വിഷയങ്ങൾക്ക് ക്രമമോ, പരസ്പര ബന്ധമോ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കൽ മാത്രമായിരുന്നു അവയുടെ പ്രധാന ഉദ്ദേശ്യം. ഭാഷയുടെ കാഠിന്യവും സംഹിതകളുടെ വിസ്തൃതിയും കാരണം അവ വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കുവാനും പ്രയാസമായിരുന്നു. സുന്ദരമായ ഭാഷയും, ക്രോഡീകരിച്ച ഉള്ളടക്കവും ചേർത്ത് ശിഷ്യർക്കു കൂടുതൽ സൗകര്യമായി അഭ്യസിക്കുവാൻ വേണ്ടിയാണ് വാഗ്ഭടൻ അഷ്ടാംഗഹൃദയം നിർമിച്ചത്. വിഷയങ്ങൾ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന സംഹിതാ കാല ഗ്രന്ഥങ്ങളിൽനിന്ന് പ്രധാനപ്പെട്ടവയെ ഒന്നിച്ചു ചേർത്ത് തീരെ ചുരുക്കാതെയും അധികം വിസ്തരിക്കാതെയും അഷ്ടാംഗഹൃദയം നിർമിക്കുന്നു എന്നാണ് വാഗ്ഭടൻ ആരംഭത്തിൽ ഗ്രന്ഥനിർമാണോദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ഭാഷാജ്ഞാനവും, ശാസ്ത്രജ്ഞാനവും അഷ്ടാംഗഹൃദയത്തിൽ വ്യക്തമാണ്‌.

കായചികിത്സ, ബാലചികിത്സ, ഊർധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുർവേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകൾ വിവരിക്കുന്നതുകൊണ്ട് ആയുർവേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തിൽ ഹൃദയത്തിനുള്ള പ്രാധാന്യം ആയുർവേദത്തിൽ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വർഥമാണ്.

മേൽക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളിൽത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീർണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തിൽ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവർക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവൻ, സുശ്രുതൻ, ദേളൻ, ചരകൻ മുതലായ പൂർവാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തിൽ വാഗ്ഭടൻതന്നെ പ്രസ്താവിച്ചിട്ടുണ്ട്.

പ്രബന്ധത്തിന്റെ തുടക്കത്തിൽ, പല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവുകളുടെ സമാഹരണമാണിത് എന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നുണ്ട്. ആറു വിഭാഗങ്ങളിലായി ആകെ120 അദ്ധ്യായങ്ങൾ; പദ്യരൂപത്തിൽ രചിച്ച പ്രബന്ധത്തിൽ ആരംഭത്തിൽ 7120 ശ്ലോകങ്ങളും പിന്നീട് കൂട്ടി ചേർത്തതെന്നു കരുതുന്ന 33 ശ്ലോകങ്ങളും; എല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിലുള്ള രണ്ടുവരി ഗദ്യവും(മൊത്തം 240) അടങ്ങുന്നു.

No comments:

Post a Comment