12 August 2017

തൃപ്പയാർ

തൃപ്പയാർ

പേരിനു പിന്നിലെ ഐതിഹ്യം

വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാന്റെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തന്റെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി. തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങിനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ “തിരു-പുറൈ‌-ആറ്” എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു എന്നും പറയപ്പെടുന്നു.

ചരിത്രം
കാലങ്ങൾക്ക് മുൻപ് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നു പ്രതിഷ്ഠ. ബുദ്ധമതക്കാരുടെ കേന്ദ്രവുമായിരുന്നു. പിന്നീട് ബ്രാഹ്മണ്യവത്കരണത്തിനു ശേഷം ശാസ്താവിന്റെ പ്രതിഷ്ഠയെ പുറത്തേക്ക് മാറ്റുകയും പകരം ചതുർബാഹുവായ ശ്രീരാമനെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു.  തൃപ്രയാർ ക്ഷേത്രം ഒരു കാലത്ത്‌ സാമൂതിരി ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് ഡച്ചുകാ‍രും, മൈസൂർ രാജാക്കന്മാരും, അതിനു ശേഷംകൊച്ചി രാജവംശവും ക്ഷേത്രം അധീനത്തിൽ വെച്ചു.

തൃപ്രയാർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു നിന്നു രണ്ടു വട്ടെഴുത്തു ശാസനങ്ങൾ കണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽ പാതിയിലേറെ അവ്യക്തമായ നിലയിലാണ്‌ ഒരെണ്ണം. മറ്റേതിൽ ഊർ സഭയും പൊതുവാളും ചേർന്ന് ക്ഷേത്രത്തിലേക്ക് മുരുകനാട്ട് ശങ്കരൻ കുന്റപ്പൻ ദാനം ചെയ്ത വസ്തു വകകൾ എങ്ങനെ വിനിയോഗം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങൾ എഴുതിയിരിക്കുന്നു. മൂഴിക്കുളം കച്ചത്തെപ്പറ്റിയും പരാമർശമുണ്ട്.

പ്രതിഷ്ഠ
ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ഖരനെ വധിച്ച്‌ വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമദേവൻ ഇവിടെ വാഴുന്നത്‌. ശ്രീരാമവിഗ്രഹത്തിന്റെ കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും വില്ല് ശിവനെയും പുഷ്പഹാരം ബ്രഹ്മാവിനെയും പ്രതിനിധീകരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു, അതായത് തൃപ്രയാറിലെ ശ്രീരാമൻ, നാട്ടുഭാഷയിൽ തൃപ്രയാർ തേവർ, അഥവാ തൃപ്രയാറപ്പൻ, ത്രിമൂർത്തികളുടെ ശക്തിപ്രഭാവത്തോടെ വാഴുന്നു.

തേവരുടെ കയ്യിലെ വില്ലുമാത്രമല്ല ഇവിടത്തെ ശിവസാന്നിദ്ധ്യത്തിന് ഉപോദ്ബലകം. ശിവപ്രതിഷ്ഠയ്ക്കു പിന്നിൽ പാർവ്വതീദേവിയുടെ സാന്നിദ്ധ്യത്തെ സൂചിപ്പിയ്ക്കുന്നതിനായി പിൻവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. തൃപ്രയാറിലെ ശ്രീകോവിലിൽ പിൻവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. തമിഴ്നാട്ടിലെ ഭൂരിപക്ഷം ശിവക്ഷേത്രങ്ങളിലും കേരളത്തിലെ ചില ശിവക്ഷേത്രങ്ങളിലും ശിവന്റെ ശ്രീകോവിലിന്റെ തെക്കേ നടയിൽ ഒരു പ്രത്യേക മുറിയ്ക്കകത്ത് ദക്ഷിണാമൂർത്തി എന്ന ഭാവത്തിൽ തെക്കോട്ട് ദർശനമായി ശിവപ്രതിഷ്ഠയുണ്ടാകാറുണ്ട്. തൃപ്രയാറിലും ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്ട്. കൂടാതെ ശിവപുത്രനായ ഗണപതിയുടെ സാന്നിദ്ധ്യവുമുണ്ട്. ഇവയെല്ലാം ശൈവവൈഷ്ണവബ്രഹ്മ സാന്നിദ്ധ്യത്തിന് ഉദാഹരണമാണ്.

ഉപദേവതകളായി, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണസങ്കല്പം),  അയ്യപ്പൻ, ദക്ഷിണാമൂർത്തി (ശിവൻ), ഗണപതിഎന്നിവരും അദൃശ്യ സാന്നിധ്യമായിഹനുമാനും, ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു. ആദ്യം ക്ഷേത്രം അയ്യപ്പന്റേതായിരുന്നുവെന്നും പിന്നീടാണ് ശ്രീരാമപ്രതിഷ്ഠയുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. തന്മൂലം ആദ്യം അയ്യപ്പനെ ദർശിച്ചിട്ടുവേണം ക്ഷേത്രദർശനം നടത്താൻ. വലതുകയ്യിൽ അമൃതകലശം ധരിച്ച അയ്യപ്പനാണ് ഇവിടെയുള്ളത്.

മുപ്പത്തിമുക്കോടി ദേവകളും പങ്കെടുക്കുന്ന ദേവസംഗമം എന്നറിയപ്പെടുന്ന ആറാട്ടുപ്പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് ശ്രീ തൃപ്രയാർ തേവരാണ്. കർക്കിടമാസത്തിലെ നാലമ്പല ദർശനങ്ങളിലെ ആദ്യ ദർശനം തൃപ്പയാർ തേവരുടേതാണ്.

പൂജാക്രമങ്ങൾ
ദിവസവും ഉഷപൂജ, എതിർത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നുനേരം ക്ഷേത്രത്തിനെ വലം വെക്കുന്നു. വെളുപ്പിന് മൂന്നുമണിയോടെ നടതുറന്നാൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയും വൈകീട്ട് അഞ്ചു മണിയ്ക്ക് തുറന്നാൽ രാത്രി എട്ടുമണി വരെയും ദർശനം നടത്താം.

No comments:

Post a Comment