രാമായണമാസമെന്ന കര്‍ക്കടകം
മഴയില്‍ നനഞ്ഞും കുളിര്‍ന്നും ഈറനോടെ പ്രകൃതി കുളിച്ചുനില്‍ക്കുന്ന മാസമാണ് കര്‍ക്കടകം. ഏതാനും പതിറ്റാണ്ടു മുന്‍പുവരെയും പട്ടിണിയുംപരിവട്ടവും നടമാടിയിരുന്ന അഭിശപ്തമാസം. തോരാത്ത മഴ കാരണം പുറത്തിറങ്ങാനാകാതെയും പണിയെടുക്കാന്‍ കഴിയാതെയും വീട്ടിനുള്ളില്‍ കൂനിക്കൂടിയിരുന്നു ശ്വാസംമുട്ടുന്ന സീസണ്‍. വാതം, ആസ്മ, പനി, വയറ്റിളക്കം മുതലായ രോഗങ്ങള്‍ പെരുകുന്ന മാസം. മനുഷ്യന്‍ എങ്ങനെയും ശപിച്ചുതള്ളുന്ന കര്‍ക്കടകം, ഇന്ന് ആദ്ധ്യാത്മിക ഉണര്‍വിന്റെ മാസവും രാമായണ മാസവുമായിരിക്കുന്നു.
കേരളത്തിന്റെ കാലാവസ്ഥയില്‍ ആയുര്‍വേദ പ്രകാരം ”ശരീരമിളതാകുക”യും മരുന്നുസേവയ്ക്ക് ഏറ്റവും ഉത്തമമായ കാലാവസ്ഥായായതിനാലും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഇന്നത്തേതിലും ജാഗരൂകരായിരുന്ന ഒരു തലമുറ, ആരോഗ്യ സംരക്ഷണത്തിനായി ഓരോ ഭവനങ്ങളിലും മരുന്നുകഞ്ഞി ഉണ്ടാക്കിക്കഴിക്കുമായിരുന്നു. ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യ സംരക്ഷണത്തില്‍ തീര്‍ത്തും താല്‍പ്പര്യമില്ല. പിന്നെ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ചികിത്സയ്ക്ക് എത്ര ലക്ഷം വേണമെങ്കിലും ചെലവിടും.
1982 ലെ വിശാലഹിന്ദു സമ്മേളനമാണ് കര്‍ക്കടകം, രാമായണ മാസമായി ആചരിക്കുവാന്‍ തീര്‍ച്ചയാക്കിയത്. മരുന്നുസേവയോടൊപ്പം, ഭക്ഷണ-വികാര-വിചാര-ശുദ്ധികൂടിയുണ്ടെങ്കില്‍ രോഗനിവാരണവും ആരോഗ്യസംരക്ഷണവും എളുപ്പമാകുന്നതാണ്. സമൂലമായ ശാരീരിക-സൂക്ഷ്മശാരീരിക സിദ്ധിക്ക് ഈശ്വരഭജനം ഏറെ പ്രയോജനകരമാണ്. ഇതുകൊണ്ടാണ് ആചാര്യന്മാര്‍ വ്രതാചരണത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്. കൃഷിപ്പണികളും വലിയ യാത്രകളും ഇല്ലാതെ വരുന്നതിനാല്‍, ഈശ്വരഭജനത്തിന് കര്‍ക്കടക മാസത്തില്‍ ധാരാളം സമയം ലഭിക്കും.
രാമായണത്തെപ്പോലെ ജനസാമാന്യം ഇത്രയേറെ നെഞ്ചിലേറ്റിയിട്ടുള്ള മറ്റൊരു പുരാണഗ്രന്ഥമുണ്ടെന്ന് തോന്നുന്നില്ല. മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍, ഓരോരുത്തരുടെയും രാജാവും സംരക്ഷകനും ആദര്‍ശപുരുഷനുമാണ്. രാമായണത്തിലെ ഓരോ കഥാപാത്രവും സ്വന്തം കുടുംബത്തിലെയും സമൂഹത്തിലെയും അംഗങ്ങളാണെന്നു കരുതാന്‍ യോഗ്യമാണ്. ഇത്രയേറെ അച്ചടി നടത്തിയിട്ടുള്ള മറ്റൊരു പുരാണമോ ഇതിഹാസമോ വേറെയില്ല. രാമായണ പ്രസിദ്ധീകരണത്തിലൂടെ കോടീശ്വരന്മാരായ എത്രയോ പ്രസാധകന്മാര്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുണ്ട്. പുരോഗമനത്തിന്റെ വസന്തകാലമെന്നു വിശേഷിപ്പിക്കുന്ന ഇക്കാലത്തും ഓരോ വര്‍ഷവും എത്ര ലക്ഷം രാമായണമാണ് അച്ചടിക്കപ്പെടുന്നത്. അവയത്രയും ആ വര്‍ഷം തന്നെ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നുവെന്നത്, രാമായണത്തെയും ശ്രീരാമനെയും ജനങ്ങള്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നതിന്റെ നിദര്‍നകമാണ്. ശ്രീരാമന്‍ അനുകരണയോഗ്യനായ മനുഷ്യദൈവമാണ്.
കാലഗണനപ്രകാരവും കര്‍ക്കടക മാസത്തിന് ചില പ്രത്യേകതകളുണ്ട്. ഉത്തരായനത്തിന്റെ അവസാനമാണ് കര്‍ക്കടകം. മനുഷ്യരുടെ 12 മാസങ്ങളടങ്ങുന്ന ഒരു വര്‍ഷം ദേവന്മാര്‍ക്ക് ഒരു ദിവസമാണ് (24 മണിക്കൂര്‍). അപ്പോള്‍ നമ്മുടെ ഒരു മാസം ദേവന്മാരുടെ രണ്ട് മണിക്കൂറാണ്. ഉത്തരായനകാലം ദേവകള്‍ക്കു പകലാണ്. നമ്മുടെ കര്‍ക്കടകമാസം ദേവന്മാരുടെ ത്രിസന്ധ്യയായ രണ്ട് മണിക്കൂറാണ്. മനുഷ്യര്‍ നല്ലകാര്യങ്ങളൊക്കെ, ദേവകളുടെ പകലായ ഉത്തരായനത്തിലാണ് നടത്തുക. ക്ഷേത്രപ്രതിഷ്ഠകള്‍, കലശങ്ങള്‍, ഉത്സവങ്ങള്‍, യാഗങ്ങള്‍, ഹോമങ്ങള്‍ എന്നിവയൊക്കെയും ഉത്തരായനകാലത്തു നടത്തുന്നു. സന്ധ്യാസമയം മനുഷ്യരെപ്പോലെ തന്നെ ദേവകള്‍ക്കും പ്രധാനമാണ്. മനുഷ്യരെ പകല്‍ സമയം സൂര്യന്‍ രക്ഷിക്കുന്നു.
പല രോഗാണുക്കളുടെയും ആക്രമണങ്ങളില്‍ നിന്നും സൂര്യപ്രകാശം നമ്മെ രക്ഷിക്കുന്നു. ഇരുള്‍ വ്യാപിക്കുന്നതിന് മുമ്പായി, നാം ഭവനങ്ങളില്‍ നിലവിളക്കു കത്തിക്കുന്നു. എണ്ണ വിളക്കു തെളിയിക്കുന്നതോടെ എരിഞ്ഞടങ്ങുന്ന സൂര്യന്റെ പ്രകാശത്തിലെ ചില ഘടകങ്ങളുമായി വിളക്കിലെ അഗ്നി പലവിധത്തിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അതില്‍നിന്നും അനുകൂലമായ പലവിധ തരംഗങ്ങളും അനുകൂലോര്‍ജ്ജവും സൃഷ്ടിക്കപ്പെടുമെന്നും ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. സൂര്യപ്രകാശമില്ലാത്ത രാത്രിയില്‍ ഈ അനുകൂല ഊര്‍ജ്ജങ്ങള്‍ സഹായകരമാകുന്നതാണ്. ഇതോടൊപ്പം ”രാമ” നാമമുള്‍പ്പെടെയുള്ള മന്ത്രോച്ചാരണവും അതിന്റെ ”വൈഖരിയും” അന്തരീക്ഷ ശുദ്ധീകരണത്തിലും സൂക്ഷ്മശരീര-പ്രപഞ്ച ശരീരങ്ങളില്‍ ഗുണകരമായ സ്പന്ദന തരംഗം സൃഷ്ടിയ്ക്കിടയാക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആധുനികശാസ്ത്രം സൂക്ഷ്മ-പ്രപഞ്ച ശരീരങ്ങളെപ്പറ്റി വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അനുകൂല ഊര്‍ജ്ജത്തെ സിംബലുകളിലൂടെയും ആയതിന്റെ മന്ത്രങ്ങളിലൂടെയും സൃഷ്ടിച്ച് രോഗ ചികിത്സയ്ക്കും കാര്യസാധ്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്ന ”റെയ്കി”പ്പോലെയുള്ള ഊര്‍ജ്ജചികിത്സകള്‍ നിലവിലുണ്ട്.
”രാമ”ശബ്ദംതന്നെ മഹാമന്ത്രമാണ്. ഏകാക്ഷരീ മന്ത്രമായ ”ഓം”കാരം (പ്രണവം) കഴിഞ്ഞാല്‍ രണ്ടാമത്തേതായ ദ്വയാക്ഷരീ മന്ത്രമാണ് രാമമന്ത്രം. രാമായണത്തിന്റെ പ്രാരംഭഭാഗത്ത് പാര്‍വ്വതീ ദേവി പരമേശ്വരനോട് ”അങ്ങെപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന രാമമന്ത്രത്തിന്റെ പൊരുള്‍, അതു കേള്‍ക്കാനുള്ള യോഗ്യത എനിക്കുണ്ടെങ്കില്‍ പറഞ്ഞുതരണമേയുന്നു പ്രാര്‍ത്ഥി ക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. പരമേശ്വരനായ (പരം, പരമം = ഇതിനപ്പുറം മറ്റൊന്നില്ലാത്തത് പരമേശ്വരനും പരാശക്തിയും മാത്രം ഈ പേരിനര്‍ഹര്‍) ഭഗവാന്‍ എപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്ന മന്ത്രമാകുമ്പോള്‍ ”രാമ” മന്ത്രം എത്രയോ മഹത്തരമാണെന്നു കാണാം.
രാ+മ = രാമ -ഇതില്‍ ”രാ” എന്ന അക്ഷരം, ബ്രഹ്മപ്രതീകമായ പരമേശ്വരനിലെ അഗ്നിയുടെ ബീജാക്ഷരമായ – ”രം”നെ പ്രതിനിധാനം ചെയ്യുന്നു. ”മ” എന്ന അക്ഷരം ”മാതാവ്” എന്ന പരാശക്തിയേയും പ്രതിനിധാനം ചെയ്യുന്നു. അര്‍ദ്ധനാരീശ്വരനായ ശിവന്‍, ബ്രഹ്മത്തിന്റെ ആദ്യഭാവങ്ങളായ, പരമേശ്വര-പരാശക്തിയെ മുഴുവനായി ഉള്‍ക്കൊള്ളുന്നു. കൂടാതെ ബ്രഹ്മ പ്രതീകമായ അഗ്നിയെ (ബ്രഹ്മവും അഗ്നിയും എല്ലാറ്റിനെയും അവസാനം തന്നിലേക്ക് സ്വാംശീകരിക്കുന്നു) ശരീരാംഗമായി (മൂന്നാം തൃക്കണ്ണ്) സ്വീകരിച്ചിട്ടുള്ളതും പരമേശ്വരന്‍ മാത്രമാണ്. ഇതില്‍നിന്നും സത്താമാത്രമായ-നിഷ്പന്ദ, നിരാകാര, നിര്‍ഗുണ അവസ്ഥയില്‍ നിന്നും ആദ്യത്തെ പ്രകടിത ദ്വന്ദ്വമായ, ശിവ-ശക്തിയെ തന്നെയാണ് രാമമന്ത്രത്തിലൂടെ സ്വാംശീകരിക്കുന്നതെന്നു കാണാം. ചിലര്‍ ‘രാമ’ മന്ത്രം, നാരായണനിലെ ‘ര’യും മഹാദേവനിലെ ‘മ’യും ചേര്‍ന്നുണ്ടായിട്ടുള്ളതാണെന്നും വ്യാഖ്യാനിക്കുന്നുണ്ട്. രണ്ടായാലും രാമമന്ത്രം മഹാശക്തി ദ്യോതകമാണെന്നതില്‍ സംശയമില്ല.
രാമമന്ത്രം, മനുഷ്യ സൂക്ഷ്മശരീരത്തിലെ, നട്ടെല്ലിനുള്ളിലുള്ള-സുപ്രധാനനാഡിയായ ”സുഷുമ്‌ന”യിലെ നാഡീകേന്ദ്രമായ, മൂലാധാര-സ്വാധിഷ്ഠാന പത്യന്തമുള്ള, നെഞ്ചുകുഴിയില്‍ സ്ഥിതിചെയ്യുന്ന ‘മണിപൂരക’ ആധാരചക്രത്തെ (ഷഡാധാരചക്രങ്ങളില്‍ മൂന്നാമത്തേത്)യാണ് സ്വാധീനിക്കുന്നത്. പഞ്ചഭൂതങ്ങളില്‍ അഗ്നിയെയാണ് മണിപൂരകചക്രം പ്രതിനിധീകരിക്കുന്നത്. ശരീരത്തിന്റെ ഊഷ്മാവ്, ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയെ ഈ ചക്രം നിയന്ത്രിക്കുന്നു. അതിനാല്‍ ‘രാമ’ മന്ത്രത്തിലെ ‘രം’ (അഗ്നിബീജം) ശരീരത്തെ ഏറെ സ്വാധീനിക്കുന്നു. ഇനി ‘മ’കാരം, മാതാവിനെ (പരാശക്തി) പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ സൂക്ഷ്മശരീരത്തിലെ ഷഡാധാരങ്ങളില്‍ ആദ്യത്തേതായ മൂലാധാരത്തില്‍ (നട്ടെല്ലിന്റെ ഏറ്റവും താഴത്തെ ഭാഗത്ത്, ഗുദത്തിനും ലിംഗമ ൂല്യത്തിനും മദ്ധ്യേ സര്‍പ്പാകൃതിയില്‍ (കുണ്ഡിലിനി) സ്ഥിതി ചെയ്യുന്നു. ഈ കുണ്ഡിലിനിയുടെ ഉണര്‍വ്വാണ് സര്‍വ്വ അനുഗ്രഹങ്ങള്‍ക്കും സിദ്ധികള്‍ക്കും അടിസ്ഥാനം. രാമമന്ത്ര ജപത്തിലൂടെ ഈ രണ്ടു ചക്രങ്ങള്‍ക്കും ഉണര്‍വ്വുണ്ടാക്കുകയും ‘ഫലസിദ്ധി’ ഉറപ്പാക്കുകയും ചെയ്യുന്നു.
രാമമന്ത്രത്തിന്റെ അതിപ്രാധാന്യം അനുഭവവേദ്യമായ പരമാചാര്യന്മാര്‍, അതുകൊണ്ടാണ് പ്രാധാന്യമേറിയ സന്ധ്യാവേളയില്‍, ബ്രഹ്മപ്രതീകമായ അഗ്നിയെ ജ്വലിപ്പിച്ച നിലവിളക്കിനു മുന്നിലിരുന്ന് (അഗ്നി മീളേ പുരോഹിതം) ”രാമ” നാമം ജപിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സാധാരണഗതിയില്‍, ഭജനകീര്‍ത്തനങ്ങള്‍, ഗണപതി-സരസ്വതി-ഗുരു-ശിവന്‍ എന്നീ ക്രമത്തില്‍ ജപിക്കുവാനാണ് ആചാര്യനിര്‍ദ്ദേശവും അനുഷ്ഠാനവും. രാമമന്ത്രത്തിന് ”ഓം”കാരംപോലെ ഈ ക്രമമൊന്നും ബാധകമല്ല. എല്ലാക്കാലവും പ്രത്യേകിച്ച് കര്‍ക്കടകമാസത്തിന്റെ പ്രത്യേക സാഹചര്യം ഉള്‍ക്കൊണ്ട് രാമമന്ത്ര ജപവും രാമായണ പാരായണവും ഏറെ ഗുണപ്രദമാണ്.
ജ്യോതിശാസ്ത്രപ്രകാരം കര്‍ക്കടകത്തിന്റെ പ്രതീകം ഞണ്ടാണ്. സര്‍വ്വ പ്രകാരേണയും സാമാന്യ ജീവികളില്‍നിന്നും വ്യത്യസ്തമാണ് ഞണ്ട്. അതിന്റെ ഗമനം പിന്നോട്ടാണ്. സ്പര്‍ശനമാത്രയില്‍ ഇറുക്കുകയും (കുത്തുകയും) മണ്ണില്‍ പൂഴ്ന്ന് കളിക്കുകയും ചെയ്യുന്ന സ്വഭാവം ഞണ്ടിന് പ്രത്യേകമാണ്. ഏതുവിധേനയും അഭികാമ്യമല്ലാത്ത സ്വഭാവമാണ് ഞണ്ടിനുള്ളത്. ഈ പിന്നാക്ക ഗമനത്തില്‍ നിന്നും മുന്നോട്ടുഗമിക്കുവാനും ഉപദ്രവ സ്വഭാവത്തില്‍ നിന്നും അനുഗ്രഹഭാവത്തിലേക്കും അന്തര്‍മുഖത്വത്തില്‍ നിന്നും ബഹിര്‍മുഖത്വത്തിലേക്കും പ്രയാണം ചെയ്യുവാന്‍ രാമനാമജപവും രാമായണ പാരായണവും പ്രചോദനാത്മകമാകും.
No comments:
Post a Comment