8 July 2017

നിദര്‍ശനയോഗ്യ ദിക്കുകള്‍

നിദര്‍ശനയോഗ്യ ദിക്കുകള്‍

ഭിത്തി: തറയ്ക്കു മുകളില്‍ ഭിത്തി കെട്ടുമ്പോള്‍ വിസ്താരത്തിന്റെ എട്ടില്‍ ഒന്നാണ് ഭിത്തിവണ്ണം കൊടുക്കാറുള്ളത്.

പ്രവേശനദ്വാരം: പ്രധാന കട്ടിള തുറക്കാവുന്ന വിധത്തിലുള്ളതാണ്. ഈ കട്ടിളയാണ് മുന്‍വശത്ത് വയ്ക്കുന്നത്. മറ്റു മൂന്നു വശങ്ങളിലും ഭിത്തിയില്‍ അടച്ചിട്ടിരിക്കുന്നതു മാതിരി തുറക്കാന്‍ വയ്യാത്ത വാതില്‍ പണിയുന്നു. അടച്ചിട്ടിരിക്കുന്ന മാതിരിയുണ്ടാക്കുന്ന വാതിലിന് ‘ഘനദ്വാരം’ എന്നു പേര്‍.

സോപാനം: ശ്രീകോവിലിന്റെ മുന്‍വശത്ത് പുറത്തേക്കിറങ്ങാനും കയറാനും വയ്ക്കുന്ന പടികളും അതിന്റെ കൈവരികളും ഉള്‍പ്പെടെയുള്ള ഭാഗത്തിനാണ് ‘സോപാനം’ എന്നു പറയുന്നത്.

വേദിക: ഭിത്തിയില്‍ കട്ടിളയുടെ ചേറ്റുപടി നിരപ്പില്‍ പുറത്തേക്കു തള്ളിനിര്‍ത്തി പണിയുന്ന ഭാഗമാണ് വേദിക.
കല്ലുത്തരം: ഭിത്തിയില്‍ യോനി ഒപ്പിച്ചുള്ള ഉയരത്തില്‍ കട്ടിളയ്ക്കു മുകളില്‍ പുറത്തേക്കു തടിപ്പിച്ച് മനോഹരമായ കല്ലുത്തരം കൊടുക്കുന്നു.

ഗ്രീവം: കല്ലുത്തരത്തിനു മുകളില്‍ ഉത്തരക്കീഴുവരെ വീണ്ടും ഭിത്തി നിര്‍മ്മിക്കുന്നത് ഗ്രീവം.

കുടം: മേല്‍ക്കൂര നിര്‍മ്മാണമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മോന്തായത്തിന്റെ ഉയരം വിസ്താരത്തിന്റെ പകുതിയാണ്, സമചതുരത്തിലും വൃത്താകൃതിയിലുമുള്ള ശ്രീകോവിലിനു മുകളില്‍ കഴുക്കോല്‍ ചേതിരയില്ലാതെ തിരുവും കഴുക്കോലായി കൊടുത്തിരിക്കും. ഈ കഴുക്കോലുകളെല്ലാം മുകളില്‍ ഒത്ത നടുക്ക് കുടയില്‍ പിടിപ്പിച്ചിരിക്കും.

സ്തൂപിക: ഇതാണ് താഴികക്കുടം. സാധാരണ ഇത് ചെമ്പുകൊണ്ടാണ് നിര്‍മ്മിക്കാറുള്ളത്. ഇതിന് ഒന്നോ രണ്ടോ മൂന്നോ കുടങ്ങള്‍ ഉണ്ടായിരിക്കും.
തറ ഉയരം, കുട ഉയരം, സ്തൂപിക ഉയരം ഇതിന് പ്രത്യേക കണക്കുകളുണ്ട്.

യോനി: ഏതു ദിക്കിലേക്ക് ദര്‍ശനയോഗ്യമാണ് ഒരു ക്ഷേത്രം എന്നു നിര്‍ണ്ണയിക്കുന്നതാണ് യോനി. ആകെ എട്ടു യോനികളാണ്. കിഴക്കുമുതല്‍ പ്രദക്ഷിണക്രമത്തില്‍ പറഞ്ഞാല്‍ ധ്വജയോനി, ധൂമയോനി, സിംഹയോനി, കുക്കുരയോനി, വൃഷഭയോനി, വരയോനി, ഗജയോനി, വായസയോനി, എന്നിവയാണ്. ഇവയില്‍ ധ്വജയോനി (പടിഞ്ഞാറു ദര്‍ശനം), സിംഹയോനി (വടക്കു ദര്‍ശനം), വൃഷഭയോനി (കിഴക്കു ദര്‍ശനം), ഗജയോനി (തെക്കു ദര്‍ശനം) എന്നീ നാലു യോനികളേ സ്വീകരിക്കുകയുള്ളു. അതുകൊണ്ട് ഈ നാലെണ്ണത്തെ ദിക് യോനികള്‍ എന്നു പറയുന്നു.

പ്രതിഷ്ഠ

ദേവപ്രതിഷ്ഠയ്ക്ക് എട്ടുതരം വിഗ്രഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവ
‘ശൈലി, ദാരുമയി, ലൗഹി, ലേപ്യാ, സൈകതീ 
മനോമയീ മണിമയീ പ്രതിമാഷ്ടവിധാമൃതാ’
ശില, മരം, ലോഹം, മണല്‍, രത്‌നം, ചായംകൊണ്ട് വരച്ചത്, കടും ശര്‍ക്കര കൊണ്ടു ലേപനം ചെയ്തുണ്ടാക്കിയത്, മനസ്സില്‍ സങ്കല്‍പിച്ചത് എന്നിവയാണവ.

ശിലാവിഗ്രഹം

പുരുഷവിഗ്രഹങ്ങള്‍ക്ക് പുരുഷശിലയും സ്ത്രീ വിഗ്രഹങ്ങള്‍ക്ക് സ്ത്രീശിലയുംവേണം. പീഠംസ്ത്രീ ശിലയിലുണ്ടാക്കുകയാണ് പതിവ്.

ഭാരക്കൂടുതല്‍ (സാന്ദ്രത) ഉള്ളതും മുഴങ്ങുന്ന ശബ്ദമുള്ളതും തീപ്പൊരി ധാരാളമുണ്ടാകുന്നതും അരയാല്‍, പേരാല്‍ എന്നിവയുടെ ഇല പോലുള്ളതും വിസ്താരമുള്ളതുമായ ശില പുരുഷശിലയാണ്.

കദളിവാഴയുടെ ആകൃതിയിലുള്ളതും വിസ്താരം കുറഞ്ഞതും മനോഹരമായതും നനുത്ത ശബ്ദമുള്ളതും തണുത്തതുമായ ശില സ്ത്രീശിലയാണ്. ഈ രണ്ടു ലക്ഷണങ്ങളും ഇടകലര്‍ന്നു കാണുന്നത് നപുംസകശില.

ശ്മശാനഭൂമിയിലുള്ളതും ഉപയോഗിച്ചു ബാക്കിവന്നതും പൊട്ടും വെടിപ്പും (വിള്ളല്‍) ഉള്ളതും ഇടിമിന്നല്‍, അഗ്‌നിബാധ എന്നിവയേറ്റതും കോണിലേക്ക് തിരിഞ്ഞു കിടക്കുന്നതും പൊള്ളയായതുപോലെയുള്ള ശില വിഗ്രഹനിര്‍മ്മാണത്തിനുപയുക്തമല്ല.

നവതാലം, ദശതാലം, പഞ്ചതാലം, അഷ്ടതാലം തുടങ്ങിയ അനേകം കണക്കുകള്‍ വിഗ്രഹനിര്‍മ്മാണത്തിന് സ്വീകരിച്ചുവരുന്നു. (താലം ചൊട്ടച്ചാണ്‍ കൈയുടെ പെരുവിരലിന്റെ അഗ്രവും ചൂണ്ടുവിരലിന്റെ അഗ്രവും വിടര്‍ത്തിയാലുള്ള അളവ്).

ഉയരത്തെ ഒന്‍പതു സമഭാഗമായി തിരിച്ചാല്‍ അതില്‍ ഇത്രഭാഗം ശിരസ്സ്, ഇത്രഭാഗം ഉരസ്സ്, ഇത്രഭാഗം ഉദരം, ഇത്രഭാഗം കാല്‍ എന്നെല്ലാം നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിഗ്രഹത്തിന്റെ ഉയരത്തെ ഒന്‍പതു സമഭാഗങ്ങളാക്കി ഓരോ ഭാഗത്തിന്റെ അളവ് നോക്കിയുണ്ടാക്കുന്നതാണ് നവതാലം. ഇതുപോലെ പത്തു ഭാഗങ്ങളാക്കിയാല്‍ ദശതാലം.

കരിങ്ങാലിക്കാതല്‍കൊണ്ട് അസ്ഥികൂടം കെട്ടിയുണ്ടാക്കി ചകിരിനാരുകൊണ്ട് നാഡി ഞരമ്പുകളുണ്ടാക്കി കെട്ടിവയ്ക്കും. അതിന്റെ മുകളില്‍ പ്രത്യേക തരം അഷ്ടബന്ധം (തിരുവട്ടപ്പശ നാലുഭാഗം, കുന്തിരിക്കം മൂന്നുഭാഗം, ഗുല്‍ഗുലു അഞ്ചുഭാഗം, ചെഞ്ചല്യം എട്ടുഭാഗം (കോലരക്ക്), കാവിക്കല്ല് മൂന്നുഭാഗം എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് ചൂടാക്കി എടുക്കുന്നു.) ഇതാണ് ബഹുബോവിദാന വിധി.

‘ഭൂമേകമാനം ത്രിഫലാത്രിമാനം പാഷാണജാലം ദശഭാഗമേവ
ചെഞ്ചല്യ ചൂര്‍ണേന സമംസുപക്വം തൈലേന യുക്തം കടും ശര്‍ക്കരാഖ്യം’

ഒരു ഭാഗം കാവിമണ്ണ്, മൂന്നു ഭാഗം ത്രിഫലത്തോട്, പത്തുഭാഗം കോഴിപ്പരല്‍ ഇതിനുസമം ചെഞ്ചല്യപ്പൊടി ഇവ കലര്‍ത്തി എണ്ണയില്‍ ചൂടാക്കിയെടുക്കുന്ന ഈ കൂട്ട് ഉടഞ്ഞ വിഗ്രഹങ്ങള്‍ ഒട്ടിക്കാനും നഷ്ടപ്പെട്ട ഭാഗങ്ങള്‍ ഉണ്ടാക്കാനും അഷ്ടബന്ധത്തിനു പകരമായും ഉപയോഗിക്കാം. സാളഗ്രാമങ്ങള്‍ ഈ കൂട്ട് ഉപയോഗിച്ച് ഒട്ടിച്ച് വിഗ്രഹമാക്കുകയും ചെയ്യാം.

No comments:

Post a Comment