13 July 2017

വ്രതങ്ങള്‍

വ്രതങ്ങള്‍

ഭാരതത്തില്‍ പൗരാണികകാലം കാലം മുതല്‍ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌ അതീവ പ്രാധാന്യവും മഹത്വവും കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്‌ വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. പുണ്യം, ആരോഗ്യം, ശ്രേയസ്സ്‌ തുടങ്ങിയവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദികര്‍മ്മങ്ങളാണ്‌ വ്രതങ്ങള്‍. പ്രായേണ ചെലവുകുറഞ്ഞതും വളരെയധികം ഫലപ്രദവുമായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹദോഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദോഷങ്ങളുടെ പരിഹാരങ്ങളും ഐശ്വര്യവും ആത്യന്തികമായി ഈശ്വരസാക്ഷാത്കാരവും കൈവരുന്നു.
വ്രതങ്ങളുടെ എല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്‌. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധി, ജപം, ഈശ്വരസ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവന്നു. അങ്ങനെ ക്രമേണ പൂര്‍വജന്മങ്ങളിലും ഈ ജന്മത്തിലും സ്വാഭാവികമായും ദുഷ്കൃതിഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.

തപസ്സിന്റെ ഒരു ലഘുവായ ഒരു പതിപ്പാണ്‌ വ്രതം എന്നുപറയാം. ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട്‌ കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനമാണ്‌ തപസ്‌. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ട്‌ മാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്‌. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച്‌ ഈശ്വരോപാസന ചെയ്യുന്ന തിതിക്ഷയാണ്‌ തപസിന്റെ അടിസ്ഥാനം. അതേസമയം കഠിനമായ തപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന്‌ അസാദ്ധ്യം തന്നെ. അത്തരത്തിലുള്ളവര്‍ക്ക്‌ വിധിക്കപ്പെട്ടിട്ടുള്ളവയാണ്‌ വ്രതങ്ങള്‍.
തപസ്സിന്റേതായാലും വ്രതങ്ങളുടേതായാലും അടിസ്ഥാന നിയമങ്ങള്‍ക്ക്‌ ഐകരൂപമുണ്ട്‌. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്‌. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകിക സുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസ ചെയ്യുക എന്നതാണ്‌ വ്രതാനുഷ്ഠാനംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവയിലൂടെ മാത്രമേ ശരീരവും മനസ്സും പരിശുദ്ധമാകൂ. അങ്ങനെയാകുമ്പോള്‍ മാത്രമാണ്‌ ദോഷശാന്തിയും ഈശ്വരസാക്ഷാത്കാരവും കൈവരുന്നത്‌. നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍, ദുരിതങ്ങള്‍, സംഘര്‍ഷങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ദുഷ്കൃത്യങ്ങള്‍ എന്നിവയ്ക്കിടയില്‍ നിശ്ചിത ദിവസമോ ദിവസങ്ങളോ ഇവയില്‍ നിന്നെല്ലാം ശരീരംകൊണ്ടും മനസ്സുകൊണ്ടും ഒഴിവായി, സുഖങ്ങളെ പരിത്യജിച്ച്‌, ഈശ്വരോപാസ മാത്രം ചെയ്യുക. അത്‌ അതുവരെ മനസ്സില്‍ അടിഞ്ഞികൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ സഹായിക്കും. ദുഷ്കൃത്യങ്ങളുടെ ഫലമായ പാപങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ വ്രതാനുഷ്ഠാനങ്ങള്‍ ലൗകിക ജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണെന്ന്‌ കാണാം.

വ്രതങ്ങളെല്ലാം കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇത്തരത്തിലുള്ള കാലഗണനയെ അടിസ്ഥാനമാക്കി വൈവിദ്ധ്യമേറിയ അനവധി വ്രതങ്ങള്‍ പ്രചാരത്തിലുണ്ട്‌. തപസ്‌, അതിന്‌ ഫലപ്രാപ്തിയുണ്ടാകുന്നതുവരെ തുടരുമ്പോള്‍ വ്രതം നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കുന്നു.

ശരീരം, ചിന്ത, മനസ്സ്, വാക്ക് ഇവയുടെ ശുദ്ധിയില്‍ അധിഷ്ഠിതവും ഹൈന്ദവസംസ്‌കാരത്തിന്റെ അടിത്തറയുമാണ് വ്രതാനുഷ്ഠാനങ്ങള്‍ അതിന്റെ ഭാഗമായ സ്‌നാനം ആഹാരശുദ്ധി എന്നിവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണ, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശ്ശുദ്ധിയും കൈവരുന്നു. അങ്ങിനെ വ്രതാനുഷ്ഠാനങ്ങളിലൂടെ പൂര്‍വ്വജന്‍മത്തിലും ഈ ജന്‍മത്തിലും ചെയ്ത ദുഷ്‌കര്‍മ്മങ്ങളുടെ പാപക്കറ കഴുകിക്കളയുന്നു. അതോടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങള്‍ക്ക് മോചനം ലഭിക്കുന്നു. ആദ്ധ്യാത്മിക ജീവിതത്തിന്റെയും ഭൗതിക ജീവിതത്തിന്റെയും ആരോഗ്യത്തിനും ശ്രേയസ്സിനും വ്രതാനുഷ്ഠാനങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഈശ്വരസാക്ഷാത്കാരത്തിന് ഇത്കൂടിയേതീരൂ.

മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു സത്യം. വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി എന്നിങ്ങനെ പലതുണ്ട്. സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം.

കായികവും വാചികവും മാനസികവുമായി പാപങ്ങളാണ്‌ മനുഷ്യന്റെ രോഗ-ദുരിതങ്ങള്‍ക്ക്‌ നിദാനം. വ്രതങ്ങളിലൂടെയും മറ്റ്‌ അനുഷ്ഠാനങ്ങളിലൂടെയും പാപങ്ങളെ കഴുകിക്കളഞ്ഞ്‌ ശുദ്ധീകരിക്കപ്പെടുകയാണ്‌ ചെയ്യുകയാണ്‌. അതുകൊണ്ടുതന്നെ ശരീരം, മനസ്സ്‌, വാക്ക്‌ എന്നിവ കഴിയുന്നത്ര ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌. വ്രതം അനുഷ്ഠിക്കുന്നവര്‍ വ്രതത്തിന്റെ സ്വഭാവവും ശാസ്ത്രവിധിയുമനുസരിച്ച്‌ അന്നപാനാദികള്‍ നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. സത്കാരരൂപത്തിലോ ദാനരൂപത്തിലോയാതൊന്നും സ്വീകരിക്കരുത്‌ യമനിയമങ്ങളും ശമദങ്ങളും പാലിക്കുകയും ഭോഗങ്ങള്‍ ത്യജിക്കണം. മനസ്സില്‍ സാത്ത്വികഭാവം വളര്‍ത്തി അവിടെ ഈശ്വരചൈതന്യത്തെ ഉണര്‍ത്തുന്നതിന്‌ മേല്‍പ്പറഞ്ഞ നിയന്ത്രങ്ങള്‍ സഹായിക്കുന്നു.

വ്രതങ്ങള്‍ പ്രധാനമായി മൂന്ന് വിധത്തിലുണ്ട്.
1. നിത്യം
2. നൈമിത്തികം
3. കാമ്യം

നിത്യം : മോക്ഷപ്രാപ്തിക്കു വേണ്ടി അനുഷ്ഠിക്കുന്നതാണ് നിത്യം.

നൈമിത്തികം : പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നതാണ് നൈമിത്തികം.

കാമ്യം : ഏതെങ്കിലും ആഗ്രഹസാഫല്യത്തിനുവേണ്ടി അനുഷ്ഠിക്കുന്നത് കാമ്യം.

കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും സംശുദ്ധമായി ഈശ്വരോന്മുഖമാക്കുക എന്ന ഉദ്ദേശത്തോടെ നിരവധി വ്രതങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ നിശ്ചയിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില വ്രതങ്ങളെക്കുറിച്ചും അവ അനുഷ്ഠിക്കേണ്ട രീതികളെക്കുറിച്ചും അവയുടെ ഗുണത്തെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.

ആഴ്ചവ്രതങ്ങള്‍

1. ഞായറാഴ്ച വ്രതം

സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. അതുപോലെ ആദിത്യപ്രീതികരമായ ഞായറാഴ്ച വ്രതം ഏറ്റവും ഉത്തമവും ഫലപ്രദവുമാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക. ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കുക. ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാന്‍ പാടില്ല എന്നു വിധിയുണ്ട്.
ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം കൂടുതല്‍ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്.

ഞായറാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഫലം :
ചര്‍മ്മരോഗനിവാരണം, കാഴ്ചശക്തി, പ്രാണശക്തിലഭ്യത

2. തിങ്കളാഴ്ചവ്രതം

ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം

3. ചൊവ്വാഴ്ച വ്രതം

ജാതകപ്രകാരം ചൊവ്വാദശാകാലമുള്ളവര്‍, ചൊവ്വാദോഷം മൂലം വിവാഹതടസ്സം നേരിടുന്നവര്‍, പാപസാമ്യം കൂടാതെ വിവാഹം കഴിക്കേണ്ടി വന്നതുമൂലം ചൊവ്വയുടെ അനിഷ്ടഫലങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരൊക്കെ ചൊവ്വാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതനിഷ്ഠ, ഉപവാസം എന്നിവ അനുഷ്ഠിക്കുക, ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ചൊവ്വ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. വ്രതദിവസം സന്ധ്യകഴിഞ്ഞ് ഉപ്പു ചേര്‍ന്ന ആഹാരം കഴിക്കരുതെന്ന് വിശ്വസിക്കപ്പെടുന്നു. ദോഷകാഠിന്യമനുസരിച്ച് 12, 18, 41 എന്നീ കണക്കില്‍ തുടര്‍ച്ചയായ ചൊവ്വാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്. ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവയാണനുഷ്ഠിക്കേണ്ടത്.

ചൊവ്വാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ഋണമോചനം, വിവാഹതടസ്സം മാറല്‍, ജ്ഞാനവര്‍ദ്ധനവ്

4. ബുധനാഴ്ച വ്രതം

ബുധദശാകാലമുള്ളവര്‍ ബുധനാഴ്ച തോറും ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യ വ്രതവിധികളും ഉപവാസവും അനുഷ്ഠിക്കുക വ്രതദിവസം പച്ചനിറമുള്ള പൂക്കള്‍കൊണ്ട് ബുധനെ പൂജിക്കുക, ശ്രീകൃഷ്ണക്ഷേത്രദര്‍ശനം നടത്തുക എന്നിവയും അനുഷ്ഠിക്കേണ്ടതാണ്.

ബുധനാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
വിദ്യക്കും വ്യാപാരത്തിനും ഉത്തമം, തടസ്സങ്ങള്‍ നീങ്ങും

5. വ്യാഴാഴ്ച വ്രതം

വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍ അനുഷ്ഠമായവര്‍ എന്നിവര്‍ ഈ വ്രതമനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. സാമാന്യ വ്രതവിധിയും ഉപവാസവും ഇവിടേയും ആവശ്യമാണ്. വ്രതദിവസം വിഷ്ണുക്ഷേത്രദര്‍ശനം, മഞ്ഞപ്പൂക്കള്‍ കൊണ്ട് വ്യാഴപൂജ എന്നിവ അനുഷ്ഠിക്കേണ്ടതാണ്. തുടര്‍ച്ചയായി നിശ്ചിത വ്യാഴാഴ്ചകള്‍ വ്രതമനുഷ്ടിച്ചശേഷം വ്രതസമാപ്തി വരുത്തുന്ന വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ എന്നിവ നടത്തുകയും തുടര്‍ന്ന് ബ്രാഹ്മണഭോജനം നടത്തുകയും വേണം. തികച്ചും സാത്ത്വികമായ മനോഭാവത്തോടുകൂടിവേണം വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്‍.

6. വെള്ളിയാഴ്ച വ്രതം

ശുക്രദശാകാലമുള്ളവരാണ് ഈ ദിവസം വ്രതമനുഷ്ഠിക്കേണ്ടത്. പൊതുവായ ഐശ്വര്യത്തിനും ദശാകാലപരിഗണനകളില്ലാതെ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുന്ന പതിവുണ്ട്. സാമാന്യ വ്രതവിധികളും ഉപവാസവും പാലിക്കുക. ലക്ഷ്മീദേവീക്ഷേത്രം, അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം ഏന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുക, വെളുത്ത പൂക്കള്‍ കൊണ്ട് ശുക്രപൂജ ചെയ്യുക എന്നിവയാണ് വ്രതദിവസം അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ മംഗല്യസിദ്ധി, ധനാധാന്യസമൃദ്ധി എന്നിവ പ്രദാനം ചെയ്യാന്‍ കഴിയുന്ന വ്രതമാണ് ഇത്.

വെള്ളിയാഴ്ച വ്രതമെടുത്താല്‍ ലഭ്യമാകുന്ന ഗുണം :
ആഗ്രഹസാഫല്യം, ദാമ്പത്യഫലം

7. ശനിയാഴ്ച വ്രതം

ഏഴരശനി, കണ്ടകശനി, ശനിദശ എന്നിവയുടെ ദോഷങ്ങളകറ്റുന്നതിന് ഏറ്റവും ഫലപ്രദമായ വ്രതം. ഈ ദോഷകാലങ്ങളില്‍ മുഴുവനും ശനിയാഴ്ചവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതവിധി, ഉപവാസം അതിനു കഴിയാത്തവര്‍ ഒരുക്കലൂണ് എന്നിവ പാലിക്കണം. ശനീശ്വരകീര്‍ത്തങ്ങള്‍, ശാസ്തൃകീര്‍ത്തനങ്ങള്‍ എന്നിവ ജപിക്കുകയും ശാസ്ത്രാക്ഷേത്രദര്‍ശനം നടത്തി നീരാജനം തുടങ്ങിയ വഴി പാടുകള്‍ നടത്തുകയും കറുത്ത വസ്ത്രധാരണം, ശനീശ്വരപൂജ എന്നിവയും നടത്തുന്നത് ഉത്തമമാണ്. ശനിദോഷമുള്ളവര്‍ ശനിയാഴ്ച ദിവസം എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.

ശനിയാഴ്ച വ്രതമെടുത്താല്‍ കൈവരുന്ന നേട്ടം :
ശനിദോഷ നിവാരണം, ദുരിതങ്ങള്‍ നീങ്ങും

8. ഏകാദശി :

ചാന്ദ്ര മാസ കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കുംപൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.

ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.

സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.

ഇഹലോകസുഖവും പരലോകസുഖവും ഫലം. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ-ശിക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു. ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികാൽ, വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തിൽ വേണം ഏകാദശിവ്രതം ആരംഭിക്കുവാൻ. എകാദശി നാളില് പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം. ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല് വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.
എകാദശി നാളില് രാവിലെ മൂന്ന് മണി മുതല് ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂര്ണ്ണുമായ ഉപവാസമാണ് വേണ്ടത്.

പകൽ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവ്വം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം.

ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ
ക്ഷീരോദ മഥനോ‌ദ്ഭുതേ
തുള‌സീ ത്വം നമാമ്യഹം

ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ ഉറക്കമുണർന്ന് മലരും തുളസിയിലയും ഇട്ട തീ‌ർത്ഥം സേവിച്ച് പാരണ വിടുക (വ്രതം അവസാനിപ്പിക്കുക). ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള് ഒഴിവാക്കുമ്പോള് പഴങ്ങള് കഴിക്കാം. ക്രമേണ പഴങ്ങള് ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.

ഏകാദശി പുരാണ കഥകള് അനുസരിച്ച് ഒരു ദേവിയാണ്  ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവില് നിന്നും ഉല്ഭഏവിച്ചതാണ്. ഇത് സംബന്ധിച്ചുള്ള കഥ ഇങ്ങനെ :

ബ്രഹ്മദേവന് സൃഷ്ടിച്ച അസുരനാണ് താലജംഘന്. അദ്ദേഹത്തിന്റെി മകന് മുരന്. ഇരുവരും ചന്ദ്രാവതി പുരിയിലായിരുന്നു താമസം. അവര് ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോള് ദേവന്മാര് മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിങ്കലേക്ക് അയച്ചു.

ദേവന്മാര് വിഷ്ണുവിനോട് സങ്കടം ഉണര്ത്തി ച്ചപ്പോള് വിഷ്ണുവില് നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉല്ഭനവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.

ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോള് സ്വന്തം പേരില് ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും അത് അനുഷ്ഠിക്കാത്തവര്ക്ക് കടുത്ത ശിക്ഷ നല്ക ണമെന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.
അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവില് നിന്നും ഉല്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.

ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.

ഒരു സംവത്സരത്തിനിടയില്‍ വരുന്ന ഏകാദശികളുടെ പേരുകളാണ് 

(1) ഉല്‍പ്പന്ന ഏകാദശി
(2) മോക്ഷദാ ഏകാദശി
(3) സഫലാ ഏകാദശി
(4) പുത്രദാഏകാദശി
(5)ഷഡ്തിലാ ഏകാദശി 
(6) ജയ ഏകാദശി 
(7) വിജയ ഏകാദശി 
(8) ആമലകി ഏകാദശി 
(9) പാപമോചിനി ഏകാദശി 
(10) കാമദാ ഏകാദശി 
(11) വരൂഥിനി ഏകാദശി 
(12) മോഹിനി ഏകാദശി 
(13) അപരാ ഏകാദശി 
(14) നിര്‍ജ്ജലാ ഏകാദശി 
(15) യോഗിനി ഏകാദശി 
(16) പത്മ (ശയന) ഏകാദശി 
(17) കാമികാ ഏകാദശി 
(18) പുത്രപ്രദാ ഏകാദശി 
(19) അജാ ഏകാദശി 
(20) പരിവര്‍ത്തിനി (പത്മനാഭ) ഏകാദശി 
(21) ഇന്ദിരാ ഏകാദശി 
(22) പാപാങ്കുശ ഏകാദശി 
(23) രമാ ഏകാദശി 
(24) ഹരിബോധിനി (ഉത്ഥാന) ഏകാദശി  എന്നിവയാണ്.

(25) കമല (പരമ) ഏകാദശി
(26) പത്മിനി ഏകാദശി എന്നീ രണ്ട് ഏകാദശികള്‍ അധിമാസത്തില്‍ വന്നു ചേരുന്നവയാണ്.

പ്രാധാന്യമുളള ഏകാദശികള്‍. 

👉 വൈകുണ്ഠ ഏകാദശി
👉 ശയനൈകാദശി
👉 ഉത്ഥാനേകാദശി
👉 ഗുരുവായൂർ ഏകാദശി [വൃശ്ചികത്തിലെ]
👉 പ്രോഷ്ഠപദ ശുക്ലൈകാദശി
👉 പരിവർത്തനൈകാദശി
👉 കാർത്തിക ശുക്ലൈകാദശി
👉 ധനുശുക്ലൈകാദശി
👉 സ്വർഗവാതിൽ ഏകാദശി
👉 മാഘശുക്ലൈകാദശി
👉 ഭീമൈകാദശി 
👉 തിരുവില്ല്വാമല ഏകാദശി [കുംഭമാസത്തിലെ ഏകാദശി
തിരുവില്വാമലയിൽ കുംഭാരന്റെ ഉത്സവമായി നടത്തുന്നു.]
👉 തൃപ്രയാർ ഏകാദശി [വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി തൃപ്രയാറിൽ പ്രസിദ്ധം]

9. ഷഷ്ടിവ്രതം :

സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.

സുബ്രഹ്മണ്യ പ്രീതിയിലൂടെ സന്താനാഭിവൃദ്ധി നേടിത്തരുന്നതാണു ഷഷ്ഠീവ്രതം. സർപ്പമായി മാറിയ മകൻ സുബ്രഹ്മണ്യനെ തിരിച്ചു കിട്ടാനായി പാർവതി ഷഷ്ഠീവ്രതം അനുഷ്ഠിച്ചെന്നാണ് ഐതിഹ്യം. വെളുത്ത പക്ഷത്തെ ഷഷ്ഠിദിവസമാണു വ്രതം ആചരിക്കേണ്ടത്. പഞ്ചമി നാളിൽ ഒരിക്കൽ മാത്രം ആഹാരം. രാത്രി വെറും നിലത്തു വേണം കിടക്കാൻ. ഷഷ്ഠി ദിവസം അതിരാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി സുബ്രഹ്മണ്യനെ ഭജിക്കണം. രാവിലെ ആറു നാഴിക പുലരുന്നതു വരെ ഷഷ്ഠിയുണ്ടെങ്കിൽ അത് അർക്ക ഷഷ്ഠി. അസ്തമയത്തിന് ആറു നാഴിക മുമ്പ് വരുന്ന ഷഷ്ഠി സ്കന്ദ ഷഷ്ഠി. സർപ്പദോഷ പരിഹാരമായും മഹാരോഗനിവാരണത്തിനായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാം.

തുലാം മാസത്തിലെ ഷഷ്ടി ആണ് സ്കന്ദ ഷഷ്ടി. ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാസുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠി വ്രതം.

10. പ്രദോഷവ്രതം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏറെ ഫലപ്രദായകമാണ് പ്രദോഷവ്രതമെന്നും അറിയുക. പ്രദോഷദിനത്തില്‍ പ്രഭാതസ്നാനശേഷം ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം ഇവ ധരിച്ച് ആല്‍പ്രദക്ഷിണം ചെയ്ത് ശിവക്ഷേത്രദര്‍ശനം നടത്തണം. പഞ്ചാക്ഷരീനാമജപം, ശിവമാഹാത്മ്യകഥകളുടെ കഥനവും ശ്രവണവും, ഉപവാസം ഇവയാല്‍ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ തൊഴുക.

ശിവക്ഷേത്രത്തില്‍ കരിക്കു നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. പൂര്‍ണ ഉപവാസം നന്ന്. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നേദ്യ ചോറുണ്ണാം.
അസ്തമയസമയത്ത് ത്രയോദശി വരുന്ന ദിവസമാണ് പ്രദോഷ വ്രതമനുഷ്ഠിക്കുന്നത്

പ്രദോഷം :

ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം. ശിവപ്രീതിക്കായി അനുഷ്ടിക്കുന്ന വ്രതമാണ്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു.

11. അമാവാസി :

പിതൃപ്രീതിക്കു സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇവയും ഫലം. രാവിലെ പുണ്യതീർത്ഥസ്നാനം, പിതൃബലി സമർപ്പനം, ഒരിക്കലൂണ് ഇവ വേണം. ഹിന്ദു വിശ്വാസപ്രകാരം, അമാവാസിദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾക്കുള്ള സാമാന്യമായ പേര് അമാവാസി വ്രതം അഥവാ അമാവാസ്യാവ്രതം അമാവാസിയുടെ സ്വാധീനം മനുഷ്യ ശരീരത്തിലും ചെലുത്തുന്നുണ്ട് എന്നാണ് ഹൈന്ദവ വിശ്വാസം. ഇതിൽ നിന്നുള്ള ദോഷവശങ്ങൾ ഒഴിവാക്കുന്നതിനായി അമാവാസിനാളുകളിൽ വ്രതം അനുഷ്ടിക്കുന്നത്. വ്രതാനുഷ്ടാനങ്ങളെ പൂർവികർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായാണ് കരുതിയിരുന്നത്. പിതൃപ്രീതിയ്ക്കായാണ് അമാവാസി വ്രതം നോറ്റിരുന്നത്. സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇതൊക്കെ ഫലമായി കണ്ടിരുന്ന അമാവാസി വ്രതാനുഷ്ടാനത്തിന് പിന്നിൽ നമ്മുടെ പൂർവ്വികർക്ക് ചില നേരറിവുകൾ ഉണ്ടായിരുന്നു.

രാവിലെ പുണ്യതീർത്ഥസ്നാനശേഷം പിതൃബലി സമർപ്പണം, ഒരിക്കലൂണ് ഇവ വേണമെന്ന് അവർ അനുശാസിച്ചിരുന്നു. കർക്കിടകം, മകരം, കുംഭം, തുലാം ഈ മാസങ്ങളിലെ അമാവാസികൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു.
സമുദ്രസ്നാനം, തിലതർപ്പണം, ഒരിക്കലൂണ് എന്നിവ അനുഷ്ഠിക്കുകയും നിഷിദ്ധങ്ങളായ കർമങ്ങൾ ചെയ്യാതിരിക്കുകയും അമാവാസ്യാവ്രതത്തിൽ ഉൾപ്പെടുന്നു. കറുത്തവാവുന്നാൾ പിതൃക്കളുടെ തൃപ്തിക്കായി ദർശശ്രാദ്ധം എന്ന പിതൃകർമവും തിലതർപ്പണവും നടത്തുന്നത് അതീവ ശ്രേയസ്കരമാണ്. ഒരു വംശത്തിൽ ജീവിച്ചിരിക്കുന്ന ഒരു പുത്രൻ, അയാളുടെ മരിച്ചുപോയ പിതാവ്, പിതാമഹൻ, പ്രപിതാമഹൻ, മാതാവ്, മാതാമഹൻ, മാതൃപിതാമഹൻ, മാതൃപ്രപിതാമഹൻ, പിതാമഹി, പ്രപിതാമഹി, മാതാമഹി, മാതൃപിതാമഹി, മാതൃപ്രപിതാമഹി എന്നിവരെയെല്ലാം ഉദ്ദേശിച്ച് തിലതർപ്പണം ചെയ്തേ മതിയാവൂ. ആ വംശത്തിൽ വേറെയും പുത്രന്മാരുണ്ടെങ്കിൽ അവരും ഈ വിധത്തിലുള്ള കർമങ്ങൾ അനുഷ്ഠിക്കണം. വംശത്തിന്റെ അഭിവൃദ്ധിക്ക് അമാവാസ്യാവ്രതം അവശ്യം അനുസരിക്കേണ്ടതാണെന്നും അതു ചെയ്യാത്തവരുടെ വംശത്തിന് ഹാനി സംഭവിക്കുമെന്നും സ്മൃതികളിൽ പറയുന്നു. ഉത്തരായനത്തിന്റെ ആരംഭം മകരമാസത്തിലും ദക്ഷിണായനത്തിന്റെ ആരംഭം കർക്കിടക മാസത്തിലും ആകയാൽ ആ മാസങ്ങളിലുള്ള അമാവാസ്യകൾക്കും വ്രതങ്ങൾക്കും പ്രാധാന്യം കല്പിച്ചിട്ടുണ്ട്. കേരളത്തിൽ നടപ്പുള്ള വാവുബലി, വാവൂട്ട് മുതലായവ അമാവാസ്യാവ്രതത്തിന്റെ ആചരണവിഷയകമായ പ്രചരണത്തിനു തെളിവാണ്

12. പൌർണ്ണമി: 

ദേവീപ്രീതിക്കു വേണ്ടി ഒരിക്കലൂണ്, പുലർച്ചെ കുളി, ക്ഷേത്രദർശനം എന്നിവ പ്രധാനം.

13. ശ്രാവണി ഉപാകർമ്മം:

ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്. ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. ഉപവാസവും മംഗളസൂചകമായ ചടങ്ങുകളും ഇതിനു വിധിച്ചിട്ടുണ്ട്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യർ, ശൂദ്രർ എന്നീ നാലു വർണ്ണങ്ങളിൽപ്പെട്ട ഓരോരുത്തർക്കും പ്രധാനമായ ദേശീയോത്സവങ്ങളിൽ ബ്രാഹ്മണർക്ക് ശ്രാവണി ഉപാകർമ്മം പ്രധാനമാണ്. പക്ഷേ ഏതെങ്കിലും ഒരു വിധത്തിൽ എല്ലാ ഹിന്ദുക്കളുമായി ബന്ധപ്പെട്ടതാണ് അവ ഓരോന്നും. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.

പ്രധാനമായും യജുർവേദികൾ ആയ ബ്രാഹ്മണർ ആണ് ശ്രാവണി മാസത്തെ പൌർണമി നാളിൽ ഉപാകർമം അനുഷ്ടിക്കുന്നത്. ഈ ദിവസത്തെ ആവണി അവിട്ടം എന്നും വിളിച്ചു വരുന്നു.

14. അർക്കവ്രതം

സർവ്വവേദസ്വരൂപനും പ്രപഞ്ചധാരിയും ജഗദാധാരവുമായ ആദിത്യനെ ഉദ്ദേശിച്ച് ആചരിച്ചുവരുന്ന വ്രതമാണ് ഇത്. ഞായറാഴ്ച ഉദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് മൗനമായി ഗായത്രീമന്ത്രജപത്തോടുകൂടി ഹിരണ്യഗർഭനായ സൂര്യനെ ഉപാസിക്കണം. സൂര്യസ്തോത്രങ്ങൾ ചൊല്ലുകയും ആകാം.ഞായറാഴച ഒരുനീരം മാത്രം ആഹാരം കഴിക്കാം. സൂര്യാസ്തമയത്തിനുശേഷം ഉപവാസം വേണം. ജനങ്ങൾക്ക് ധർമ്മവൃദ്ധിയും സർവ്വപാപഹരവുമാണ് അർക്കവ്രതം.

15. സോമവാരവ്രതം

പെൺകുട്ടികൾ ഇഷ്ടവരപ്രാപ്തിക്കും സുമംഗലികൾ ദീർഘസൗമംഗല്യത്തിനും അനുഷ്ഠിക്കുന്ന പ്രധാന വ്രതമാണ് സോമവാരവ്രതം. ഇത് തിങ്കളാഴചനോമ്പ് എന്നും അറിയപ്പെടുന്നു.

2 comments: