2 July 2017

ഗുരുനാഥൻ

ഗുരുനാഥൻ

നാം സ്ഥിരമായി കേള്ക്കുന്നതാണ്  ഗുരുനാഥനാണ് ഉപാസനയിൽ ഏറ്റവും പ്രധാനം എന്നത്. തീര്ച്ചയായും ശാസ്ത്രം അതു തന്നെയാണ് പറയുന്നത്.. പക്ഷെ നാം വിട്ടു പോകുന്നത്  അതിന്റെ അര്ഥനിര്ണയത്തെ മനസ്സിലാക്കുന്നതിലാണ്..

നാമജപാദികൾ സാമാന്യമായി സാധകർ ചെയ്യുന്നത്  ദേവിയെ ലഭിക്കാനല്ല.. നല്ല ഗുരുനാഥനെ കിട്ടാനാണ്.. കാരണം ഗുരുനാഥൻ ആണ് ദേവതാ ഭാവത്തിലേക്ക് എത്താനുള്ള വഴികാണിക്കുന്നത്..

അതിന് ഉത്തമനായ ഗുരുനാഥൻ ആവശ്യമാണ്.. പക്ഷെ ഉത്തമനായ ഗുരുനാഥനെ ലഭിക്കുന്നതിന് ഉത്തമ ഭാവം ശിഷ്യനു ആവശ്യമാണ്. ഭാരതീയ പാരമ്പര്യത്തിൽ ഏതും നമ്മളെ വരിക്കുയാണ് ചെയ്യുക അല്ലാതെ നാം അവയെ വരിക്കുകയല്ല. അതായത് ഗുരുവിനെ അന്വേഷിച്ചു പോകുക എന്നത് വേണ്ടായെന്നല്ല.. പക്ഷെ അതിന് സ്വയം പാകപ്പെടുത്തുക എന്നതും കൂടിയുണ്ട്.. ഉത്തമനായ ശിഷ്യനെ ഉത്തമനായ ഗുരുനാഥനെ ലഭിക്കൂ.

ശാന്തനും വിനീതനും, ശുദ്ധാത്മാവും, ശ്രദ്ധാവാനും, ഗുരൂപദേശത്തെ ധാരണം ചെയ്യുവാൻ സമര്ഥനും കുലീനനും ബുദ്ധിമാനും സച്ചരിത്രത്തോടു കൂടിയവനും ആയ വ്യക്തിയാണ് ശിഷ്യനാകുവാൻ യോഗ്യൻ. 

ഇതു ഒന്നൂ കൂടി മനസ്സിലാകണമെങ്കിൽ ശിഷ്യോപനയനീയം എന്ന ഭാഗത്തെ മനസ്സിലാക്കിയാൽ മതിയാകും. ശിഷ്യലക്ഷണം പറയുന്നത് കാമത്തേയും ക്രോധത്തേയും വര്ജ്ജിച്ചവനും,   നവധാഗുണസംയുക്തഃ  അതായത് ആചാരം, വിനയം, വിദ്യാ, പ്രതിഷ്ഠാ, തീര്ഥദര്ശനം, നിഷ്ഠാ, തപഃ, ദാനം തുടങ്ങിയ ഗുണങ്ങളോടു കൂടിയവനും, ബുദ്ധിമാനും,  ഓര്മ്മശക്തിയുള്ളവനും, ജിതേന്ദ്രിയനും, ശൂരനും ഉദാരനും, പ്രിയത്തോടു കൂടിയ വാക്കുകൾ പറയുന്നവനും, ഊഹിക്കുവാൻ കഴിവുള്ളവനും, കര്മ്മം ചെയ്യുവാൻ ശക്തനായവനും, ഗുരു ശുശ്രൂഷയിൽ രമിക്കുന്നവനും, ശുദ്ധനും ഒക്കെ ചേര്ന്നതാകണം ശിഷ്യൻ എന്നാണ്.  
ഇങ്ങിനെയുള്ള ശിഷ്യനുമാത്രമേ ഉത്തമനായ ഗുരുനാഥനെ കിട്ടൂ.. അതിനു വേണ്ടിയാണ് ജപാദികൾ. 

ഗുരുവിനെ കിട്ടിയാൽ മാത്രം പൂര്ത്തിയാകില്ല.. ദുർവാശിയോടു കൂടിയോ, ക്രൂരതയോടു കൂടിയോ, പിശുക്കു കാരണമോ, അസൂയകൊണ്ടോ, പരുഷവാക്യങ്ങൾകൊണ്ടോ, അലസതയോടു കൂടിയോ അല്ലാതെ പാപമില്ലാത്തതും ശ്രേഷ്ഠമായ ശീലത്തോടു കൂടി നിത്യവും ആചാര്യനിൽ നിന്ന് വിദ്യ സ്വീകരിക്കുന്നവനുമാകണം. അതിന് വേണ്ടിയാണ് ഉത്തമഗുണത്തെ ആചാര്യന്മാർ ശിഷ്യന്മാര്ക്കു വിധിച്ചിരിക്കുന്നത്. 

ഇനി  ഗുരുവും പ്രവൃത്തികൊണ്ട് വിദ്യോപദേശത്തെ ചെയ്യാതെ  ശിഷ്യനെ മറ്റ് കാര്യങ്ങളെ ചെയ്യിച്ചാൽ ആ ഗുരുവിന് പാപം ലഭിക്കും എന്നാണ് ശാസ്ത്രം.

ഇപ്രകാരം വിദ്യയെ സ്വീകരിച്ചു കൊണ്ട് കാലമായാൽ ആചാര്യന്റെ ആജ്ഞയനുസരിച്ച് മാത്രമേ ശിഷ്യൻ ഗുരുസന്നിധിയൽ നിന്ന് പോകാവൂ.

ഉത്തമനായ ഗുരുനാഥനെ ലഭിച്ചാൽ പിന്നെ ജപമേയില്ല. നാമജപം നമ്മളുടെ സത്ത്വഗുണത്തെ വര്ദ്ധിപ്പിക്കും. നാമം ചൊല്ലുന്നത് കാമ്യലബ്ധിക്കല്ല.. ജ്ഞാന വൈരാഗ്യസിദ്ധ്യര്ഥം ഭിക്ഷാം ദേവി എന്ന് ആണ് പറയുക.. ശുദ്ധമായ ജ്ഞാനം ലഭിക്കാൻ ശുദ്ധമായ മനസ്സ് വേണം. ശുദ്ധമായ ശരീരത്തിലെ ശുദ്ധമായ മനസ്സ് ഉണ്ടാകൂ . അതിനാകട്ടെ   രോഗമില്ലാത്ത ശരീരം വേണം.  അതിന് ശുദ്ധമായ അന്നം ലഭ്യമാകണം. ശുദ്ധമായ അന്നം ലഭിക്കണമെങ്കിൽ ധനം ആവശ്യമാണ്. ധനലാഭത്തിന് ധര്മ്മമാര്ഗ്ഗത്തിൽ ചരിച്ചേ മതിയാകൂ. കാരണം ധര്മ്മത്തിലൂടെ കിട്ടുന്നതുമാത്രമേ സുഖത്തെ നൽകൂ. അടുത്ത വൈരാഗ്യശബ്ദം  സന്യാസി ആകണം എന്ന അര്ഥത്തിൽ അല്ല പ്രയോഗം. വിരാഗസ്യ ഭാവഃ. രാഗങ്ങളില്ലാതെ ഇരിക്കുക എന്നതാണ്. അതായത് ശരീരത്തെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്ക്ക് കാരണം രാഗാദികളാണ്. രാഗാദി രോഗാൻ സതതാനുഷക്താനെന്ന അഷ്ടാംഗഹൃദയകാരന്റെ വാക്കുകൾ തന്നെ പ്രമാണം. രാഗമില്ലാതെ ഇരിക്കുമ്പോൾ   രോഗമില്ലാത്ത ശരീരം ലഭ്യമാകും. ജ്ഞാന വൈരാഗ്യമെന്ന രണ്ടു വാക്കിൽ ഇത്രയും ആചാര്യന്മാർ ചിന്തിച്ചിട്ടുണ്ട് എന്നര്ഥം. അതുകൊണ്ട് തന്നെയാണ് കാമ്യമില്ലാതെ ജ്ഞാനവൈരാഗ്യസിദ്ധ്യര്ഥം എന്നു നാം പ്രാര്ഥിക്കുന്നതും.

കാമ്യങ്ങളായ സുഖത്തിന് വേണ്ടിയല്ല ഉപാസനാദികൾ. കാരണം സുഖവും ദുഃഖവും ഒന്നിന്റെ രണ്ടു ഭാഗങ്ങളാണ്..നമുക്ക് ഇഷ്ടമായതിന്റെ ആധിക്യമായാൽ സുഖവും ന്യൂനമായാൽ ദുഃഖവും ആകും. ഇതു രണ്ടും തന്നെ രാഗങ്ങളാണ് ഉണ്ടാക്കുന്നത്.. ഇതു തന്നെയാണ് രോഗത്തിന് കാരണവും. ധര്മ്മനാശത്തിന് നിദാനവും ഇതുതന്നെ.. ഉപാസന ചെയ്യുന്നത് ആകട്ടെ ഈ രാഗത്തിൽ നിന്നു രക്ഷപ്പെടാനാണ്. ദേവിയെ രാഗമഥനിയെന്നു വിളിക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെ.. രാഗമാകുന്ന രോഗത്തെ നശിപ്പിക്കുന്നവളാണ് ദേവി. 

ജഞാനവൈരാഗ്യമെന്ന രണ്ടു കാര്യങ്ങളാണ് ശിഷ്യഗുണത്തെ പൂര്ത്തിയാക്കാൻ സഹായിക്കുന്നത്. അതുകൊണ്ടാണ് അതിനെ ദേവിയോട് അര്ഥിക്കുന്നതും.. അതിന് ആകെയുള്ള വഴി നാമജപാദികളാണ്.  നിങ്ങളുടെ ത്രിഗുണഭാവം എങ്ങിനെയാണോ നിങ്ങളുടെ മുന്പിൽ ഗുരുനാഥനായി വരുന്ന  വ്യക്തിയും അതാകും. ഗുരുനാഥനെ അന്വേഷിക്കുകയല്ല അതിനുള്ള യോഗ്യതയുണ്ടാക്കുക എന്നതാണ് ആദ്യ പടി.  നാമജപത്തേയും സ്വധര്മ്മത്തേയും മുറുകെ പിടിക്കുക.. ധര്മ്മോ രക്ഷതി രക്ഷിതഃ, അതാകട്ടെ ജഗദീശ്വരി തന്നെയാണ് അതു കൊണ്ടു തന്നെയാണ് ദേവിയെ ധര്മ്മിണി ധര്മ്മവര്ദ്ധിനീ എന്നു വിളിക്കുന്നത്.. സ്വധര്മ്മത്തെ ആചരിച്ച്  ഉത്തമനായ ഗുരുനാഥനിലേക്ക് എത്തിക്കാൻ ഗുരുരൂപിണിയും കൂടിയായ ആ ജഗത് സ്വരൂപിണി എല്ലാവരേയും അനുഗ്രഹിക്കട്ടെ.. ഹരി ഓം..

No comments:

Post a Comment