26 May 2017

അഗ്നിപുരാണം

അഗ്നിപുരാണം

പതിനെട്ടു പുരാണങ്ങളില്‍ എട്ടാമത്തേത്. അഗ്നിപുരാണം അഥവാ ആഗ്നേയപുരാണം പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും മഹാപുരാണങ്ങളില്‍ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാല്‍ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാന്‍ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠന്‍ വേദവ്യാസനും, വേദവ്യാസന്‍ സൂതനും, സൂതന്‍ നൈമിശാരണ്യത്തില്‍വച്ചു ശൌനകാദിമഹര്‍ഷിമാര്‍ക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം.

അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതില്‍ വിദഗ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.

383 അധ്യായങ്ങളും 15,000 ശ്ളോകങ്ങളുമടങ്ങിയ ഈ പുരാണത്തില്‍ മതം, ദര്‍ശനം, രാഷ്ട്രമീമാംസ, കല, വിവിധശാസ്ത്രങ്ങള്‍, അനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍ എന്നു തുടങ്ങി അക്കാലത്തു ശ്രദ്ധേയമായിരുന്ന സകല വിഷയങ്ങളും സംഗ്രഹരൂപത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഇതൊരു മഹാപുരാണമാണ് ഉപപുരാണമല്ല. വൈഷ്ണവം, ശൈവം മുതലായ ശാഖാശ്രിതങ്ങളായ ദര്‍ശനങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് മഹാപുരാണങ്ങള്‍ക്ക് ഉപപുരാണങ്ങളെ അപേക്ഷിച്ചുള്ള ഒരു സവിശേഷത. ഇന്ന് ഉപലബ്ധമായ അഗ്നിപുരാണം ആദ്യം രചിതമായ രൂപത്തിലല്ലെന്നും, അതു സമാപ്തീകൃതമായശേഷം പല ശാസ്ത്രങ്ങളും ദര്‍ശനങ്ങളും മറ്റും കൂട്ടിച്ചേര്‍ത്തു പല ശതാബ്ദങ്ങള്‍ക്കിടയില്‍ വികസിപ്പിച്ചു കൊണ്ടു വന്നതാണെന്നും പറയപ്പെടുന്നു.

അഗ്നിപുരാണത്തിന്റെ ആഖ്യാനശൈലി മറ്റു പുരാണങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകള്‍ പലതും ഉണ്ട്. ആദ്യമായി ചില പ്രത്യേക വിഷയങ്ങള്‍ വിസ്തരിച്ചുവര്‍ണിക്കുന്ന പുരാണസഹജമായ പഴയ പ്രവണതയുപേക്ഷിച്ചു വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ചു നിബന്ധിക്കുന്ന രീതിയാണ് അഗ്നിപുരാണത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ബ്രഹ്മാണ്ഡം, വായു, മത്സ്യം, വിഷ്ണു തുടങ്ങിയ പുരാണങ്ങളില്‍ ഒരവതാരത്തിന് ഒന്നോ അതിലധികമോ അധ്യായങ്ങള്‍ വിനിയോഗിക്കുമ്പോള്‍ അഗ്നിപുരാണത്തില്‍ വിഷ്ണുവിന്റെ മൂന്നവതാരങ്ങളെ ഒരു ചെറിയ അധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുകയാണ്.

രണ്ടാമതായി, സമകാലീനഭാരതത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ നേട്ടങ്ങളെ അഗ്നിപുരാണം പ്രതിഫലിപ്പിക്കുന്നു. അര്‍വാചീനരായ വിദ്വാന്‍മാരുടെ ചിന്തകളെയും മഹാചിന്തകന്മാരുടെ ദര്‍ശനങ്ങളെയും അതു പ്രകാശിപ്പിക്കുന്നു. അഗ്നിപുരാണം ഈശാനകല്പത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് മത്സ്യ, സ്കന്ദപുരാണങ്ങളില്‍ പറയുന്നു. എന്നാല്‍ ഇന്നു ലഭിച്ചിട്ടുള്ള അഗ്നിപുരാണത്തില്‍ ഈശാനകല്പത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല; പ്രത്യുത വാരാഹകല്പത്തെപ്പറ്റി പരാമര്‍ശമുണ്ടുതാനും. അതിനാല്‍ പ്രസ്തുത പുരാണങ്ങള്‍ രണ്ടിലും പരാമൃഷ്ടമായ അഗ്നിപുരാണമല്ല ആ പേരില്‍ ഇന്ന് ലഭിച്ചിരിക്കുന്നതെന്നു സ്പഷ്ടം.

ഇതിനും പുറമേ, സ്മൃതിനിബന്ധങ്ങളില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ശ്ളോകങ്ങള്‍ ഇന്നത്തെ അഗ്നിപുരാണത്തില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. തീര്‍ഥചിന്താമണിയില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ഒരു ശ്ളോകത്തിന്റെ വക്താവു സൂര്യനാണ്. ഇന്നത്തെ അഗ്നിപുരാണത്തിലാകട്ടെ സൂര്യന്‍ വക്താവായി ഒരു ഭാഗവുമില്ല. സ്മൃതിനിബന്ധത്തില്‍ വസിഷ്ഠന്‍ അംബരീഷരാജാവിനോട് ഉപദേശിക്കുന്നതായി അഗ്നിപുരാണത്തിലില്ല. ഇന്ന് കാണുന്നരൂപത്തിലുള്ള അഗ്നിപുരാണം ആദിരചനയുടെ യഥാര്‍ഥരൂപമല്ലെന്നും വിവിധ വിഷയങ്ങളുടെ സങ്കലനംകൊണ്ടും മറ്റും ക്രമേണ പരിണാമം പ്രാപിച്ചതാണെന്നും ഇക്കാരണങ്ങളാല്‍ വ്യക്തമാണ്.

ശ്ളോകസംഖ്യ. അഗ്നിപുരാണത്തിലെ അധ്യായങ്ങളുടെയും ശ്ളോകങ്ങളുടെയും സംഖ്യയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. അഗ്നിപുരാണത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെ കാണുന്നു.

ഈ ആഗ്നേയ മഹാപുരാണം 15,000 ഗ്രന്ഥസംഖ്യയുള്ളതാകുന്നു. ശതകോടി ഗ്രന്ഥങ്ങളുള്ള ഈ പുരാണം ദേവലോകത്തില്‍ ദേവകളാലും പഠിക്കപ്പെടുന്നു. 'ലോകങ്ങള്‍ക്കു ഹിതമിച്ഛിക്കുന്ന' അഗ്നിയാല്‍ ചുരുക്കിപ്പറയപ്പെട്ടതാണിത്.

ദേവന്മാര്‍ക്കു നിഷ്പ്രയാസം പഠിക്കാന്‍ കഴിയുന്ന വിസ്തൃതമായ പുരാണം മനുഷ്യര്‍ക്കു ക്ളേശകരമാകാതിരിക്കാന്‍ വേണ്ടിയാണത്രേ അഗ്നി നൂറുകോടി ഗ്രന്ഥങ്ങള്‍ ചുരുക്കി 15,000 ശ്ളോകത്തില്‍ ഒതുക്കിയത്. ഗ്രന്ഥശബ്ദം ശ്ളോകത്തെയാകാം നിര്‍ദേശിക്കുന്നത്.

മത്സ്യപുരാണപ്രകാരം അഗ്നിപുരാണത്തില്‍ 16,000 ശ്ളോകങ്ങളാണുള്ളത്; സ്കന്ദപുരാണമനുസരിച്ചു 16,000; ഭാഗവതപുരാണപ്രകാരം 15,400; നാരദീയപുരാണമനുസരിച്ച് 15,000; ഇവയില്‍ നാരദീയപുരാണമാണ് ആധികാരികമായി കണക്കാക്കിവരുന്നത്. അതിലിങ്ങനെ പറയുന്നു:

'അഥാതഃ സംപ്രവക്ഷ്യാമി
തവാഗ്നേയപുരാണകം
ഈശാനകല്പ വൃത്താന്തം
വസിഷ്ഠായാനലോ∫ബ്രവീത്
തത്പഞ്ചദശസാഹസ്രം
നാമ്നാം ചരിതമദ്ഭുതം'.

അതിനാല്‍ 'പഞ്ചദശ സാഹസ്രം' (15,000) എന്നു പറഞ്ഞിരിക്കുന്നതുതന്നെ അഗ്നിപുരാണത്തിലെ ശ്ളോകസംഖ്യയായി കണക്കാക്കാം.

ആഖ്യാതാക്കള്‍.

അഗ്നിപുരാണത്തിന്റെ കര്‍ത്തൃത്വം വ്യാസമഹര്‍ഷിയിലാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അഗ്നിപുരാണത്തിലെ പ്രധാനാഖ്യാതാവായ അഗ്നിഭഗവാന്‍ പല വിഷയങ്ങളെയും പ്രപഞ്ചനം ചെയ്യിക്കുന്നത് അവയില്‍ പ്രാമാണികന്മാരായ വിദ്വാന്മാരെക്കൊണ്ടാണെന്നത് പ്രസ്താവാര്‍ഹമാണ്. അവരില്‍ മുഖ്യരായ ആഖ്യാതാക്കളുടെയും അവര്‍ ഉപന്യസിക്കുന്ന വിഷയങ്ങളുടെയും വിവരം താഴെകൊടുക്കുന്നു:

ഭാര്‍ഗവരാമന്‍ - രാജനീതി

സമുദ്രന്‍ - സാമുദ്രികം

ധന്വന്തരി - വൈദ്യശാസ്ത്രം

പാലകാപ്യന്‍ - ഹസ്തിശാസ്ത്രം

ശാലിഹോത്രന്‍ - അശ്വശാസ്ത്രം

സ്കന്ദന്‍ - വ്യാകരണം

നാരദന്‍ - വിഷ്ണുപൂജ

ഹയഗ്രീവന്‍ - വിഷ്ണുപൂജ, ഭവനലക്ഷണം, പ്രതിമാനിര്‍മാണം

ഭഗവാന്‍ - ദേവതാപ്രതിമകള്‍, ദേവതാരാ ധനം, ഗ്രന്ഥലേഖനം, രൂപഖനനം

ഈശ്വരന്‍ - ഗണാരാധനം

പുഷ്കരന്‍ - വര്‍ണാശ്രമം

രാമന്‍ - ഭരണതന്ത്രം

കുമാരന്‍ - വ്യാകരണം

യമന്‍ - യമഗീത

കാലം. അഗ്നിപുരാണത്തിലെ അലങ്കാര വിവരണത്തില്‍ ദണ്ഡി, ഭാമഹന്‍ മുതലായവരെ ഉദ്ധരിക്കുകയും ഗ്രന്ഥകാരന്‍ ധ്വനിവാദം ഗ്രഹിച്ചിട്ടുള്ളതായി സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നതിനാല്‍ ആ ഭാഗം എ.ഡി. 900-ാമാണ്ടിടയ്ക്കു രചിച്ചതാകണമെന്ന് പി.വി. കാണേ പ്രസ്താവിക്കുന്നു. എസ്.കെ.ഡെ., ഹരപ്രസാദ്ശാസ്ത്രി എന്നിവര്‍ അഭിപ്രായപ്പെടുന്നത് അഗ്നിപുരാണം എ.ഡി. 800-നും 900-നും മധ്യേ വിരചിതമായതാകണമെന്നത്രേ. അത് ആദ്യരൂപത്തില്‍തന്നെ ക്രമാനുസൃതമായി വികാസം പ്രാപിച്ച് ഇന്നത്തെ രൂപത്തിലെത്തിയത് എ.ഡി. 700-ഓ 800-ഓ മുതല്‍ 1000-ാമാണ്ടോ 1100-ാമാണ്ടോ വരെയുള്ള കാലഘട്ടത്തിലായിരിക്കണമെന്നു ഡോ. ഗിയാനിയും പറയുന്നു. അഗ്നി ആഖ്യാതാവായുള്ള അധ്യായങ്ങളെല്ലാം ആദ്യരൂപത്തില്‍ ഉള്‍പ്പെട്ടവയാണെന്നു ഡോ. ഗിയാനി സമര്‍ഥിക്കുന്നു. ആ ഭാഗം വൈഷ്ണവമതത്തിന്റെ പ്രാബല്യത്തെയാണ് കാണിക്കുന്നത്. എ.ഡി. 7-ാം ശ.വരെ വൈഷ്ണവ മതമായിരുന്നു ഭാരതത്തില്‍, വിശേഷിച്ചു വടക്കും കിഴക്കും, ആധിപത്യം വഹിച്ചിരുന്നത്. ഈശ്വരന്‍ ആഖ്യാതാവായുള്ള അധ്യായങ്ങളെല്ലാം ശൈവ മതത്തിന്റെ പ്രാബല്യത്തെയാണു കാണിക്കുന്നത്. ശൈവമതം വൈഷ്ണവ മതത്തിനെതിരായി നിലയുറപ്പിക്കുവാന്‍ തുടങ്ങിയത് 7-ാമതോ 8-ാമതോ ശ. മുതല്‍ക്കാണ്. അതിനാല്‍ അഗ്നിപുരാണത്തിലെ ശൈവമതപ്രവണതയുള്ള ഭാഗമെല്ലാം പ്രസ്തുത ശ.-ങ്ങള്‍ക്കുശേഷം കൂട്ടിച്ചേര്‍ത്തതാണെന്നനുമാനിക്കുക യുക്തമായിരിക്കും. ആര്‍.സി. ഹസ്രയും ഏകദേശം ഇതേ അഭിപ്രായം തന്നെയാണുന്നയിച്ചിട്ടുള്ളത്. അര്‍വാചീനങ്ങളായ പല കൃതികളുടെയും സംഗ്രഹങ്ങളടങ്ങിയ ഈ പുരാണത്തിന് അത്രവളരെ പ്രാമാണികത്വം അവകാശപ്പെടാന്‍ നിവൃത്തിയില്ലെന്നും ഒരു വിജ്ഞാനകോശമായ ഈ ഗ്രന്ഥം പുരാണമെന്ന സംജ്ഞ അര്‍ഹിക്കുന്നില്ലെന്നും പ്രൊഫ. വില്‍സന്‍ സുദൃഢമായി പ്രഖ്യാപിക്കുന്നു. എങ്കിലും മുഹമ്മദീയാക്രമണത്തിനു വളരെ മുന്‍പാണത് വിരചിതമായതെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അഗ്നിപുരാണത്തിലെ അന്തിമഘട്ടത്തെയാണ് ഉപദേവതമാരുടെ പൂജ തുടങ്ങിയ പലവക വിഷയങ്ങള്‍ സംഗ്രഹിച്ചിട്ടുള്ള അധ്യായങ്ങള്‍ കുറിക്കുന്നത്. ഈ ഘട്ടം ഏകദേശം എ.ഡി. 10-ാം ശ.-ത്തോടുകൂടി ആരംഭിച്ചുവെന്നും, 11-ാം ശ. വരെ ആ സങ്കലന പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഏകദേശം മൂന്നുനാലു ശതകങ്ങളിലെ സങ്കലനപ്രക്രിയയുടെ പരിണതഫലമാണ് ഇന്നുകാണുന്ന അഗ്നിപുരാണമെന്ന് കരുതുന്നതില്‍ തെറ്റില്ല.

ഉള്ളടക്കം

അഗ്നിഭഗവാന്‍ വസിഷ്ഠനോടുപദേശിക്കുന്ന രീതിയിലാണ് ഈ പുരാണത്തിന്റെ നിബന്ധനം. ബ്രഹ്മജ്ഞാനമാണ് സര്‍വജ്ഞപദപ്രാപ്തിക്കുള്ള ഉപായമെന്ന് ഉപക്രമമായി പറഞ്ഞുവച്ചശേഷം, അറിയേണ്ടതായ രണ്ടുതരം വിദ്യകളെപ്പറ്റി പ്രസ്താവിക്കുന്നു. ബ്രഹ്മത്തെ അറിയാനുതകുന്ന വിദ്യയേതോ, അതു പരാവിദ്യ; വേദങ്ങള്‍, വേദാംഗങ്ങള്‍, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, അഭിധാനം, മീമാംസ, ധര്‍മശാസ്ത്രം, പുരാണം, ന്യായശാസ്ത്രം, വൈദ്യശാസ്ത്രം, ഗാന്ധര്‍വശാസ്ത്രം, ധനുര്‍വേദം, അര്‍ഥശാസ്ത്രം എന്നിവയെല്ലാം അപരാവിദ്യ. ഈ രണ്ടുതരം വിദ്യകളെയും സംഗ്രഹിച്ച് ഈ പുരാണത്തില്‍ ഉപന്യസിക്കുന്നു. അപരാവിദ്യയ്ക്ക് മുന്‍തൂക്കമുണ്ടെന്നുമാത്രം. അനേകശതം പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ഈ മഹാപുരാണത്തിലെ വിഷയപ്രതിപാദനം ഒരടുക്കും ചിട്ടയുമില്ലാത്ത മട്ടിലാണെങ്കിലും താഴെപറയുന്ന രീതിയില്‍ ഉള്ളടക്കത്തെ ക്രമീകരിക്കാം.

അവതാരങ്ങളും ഇതിഹാസങ്ങളും. 1 മുതല്‍ 16 വരെയുള്ള അധ്യായങ്ങളില്‍ ദശാവതാരങ്ങള്‍ സംഗ്രഹിച്ചു പ്രതിപാദിച്ചിരിക്കുന്നു. അതിനിടയ്ക്കു രാമായണം, മഹാഭാരതം, ഹരിവംശം, യദുവംശം എന്നിവയുടെ സംഗ്രഹവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ജഗത്സര്‍ഗവര്‍ണനം. അടുത്ത മൂന്ന് അധ്യായങ്ങളില്‍ വിശ്വസൃഷ്ടി, സ്വായംഭുവനമനുവംശം, പ്രതിസര്‍ഗം മുതലായവയാണ് പ്രതിപാദ്യം.

ദേവപൂജാവിധി. 21 മുതല്‍ 106 വരെയുള്ള അധ്യായങ്ങളിലായി പരന്നുകിടക്കുന്ന വിഷയങ്ങള്‍ വിഷ്ണു, ശിവന്‍ തുടങ്ങിയ വിവിധ ദേവതകളുടെ പൂജാക്രമങ്ങള്‍, മന്ത്രങ്ങള്‍, അഗ്നികാര്യം, മണ്ഡലാദിവര്‍ണനം, പവിത്രാരോപണം. ദീക്ഷകള്‍ എന്നിങ്ങനെ ദേവതാര്‍ച്ചനയ്ക്കുള്ള വിധികളാണ്. അതിനിടയ്ക്കു 48 സംസ്കാരങ്ങള്‍, ഉത്സവവിധി, സ്നാനവിധാനം, വൃക്ഷപ്രതിഷ്ഠ തുടങ്ങിയവയുടെ പരാമര്‍ശവുമുണ്ട്.

വാസ്തുവിദ്യ. 30 അധ്യായങ്ങളിലായി (38-67) ദേവാലയനിര്‍മാണം, വാസ്തുബലി, പ്രാസാദലക്ഷണം, പ്രതിമാനിര്‍മാണം, പിണ്ഡികലക്ഷണം, സഭാസ്ഥാപനം, കൂപവാപീതടാകാദിപ്രതിഷ്ഠ, ജീര്‍ണോദ്ധാരണം, ഭൂതബലി മുതലായവ വിവരിക്കുന്നു.

ഭൂവനകോശം. ഭൂവിഭാഗങ്ങള്‍, സപ്തസമുദ്രങ്ങള്‍, സപ്തദ്വീപങ്ങള്‍, പുഷ്കരം, ഗംഗ, പ്രയാഗ, വാരാണസി, നര്‍മദ, ഗയ മുതലായവയുടെ മാഹാത്മ്യം 14 അധ്യായങ്ങളില്‍ (107-120) വര്‍ണിക്കുന്നു.

ജ്യോതിഃശാസ്ത്രം. 121 മുതല്‍ 133 വരെയുള്ള 13 അധ്യായങ്ങളിലെ പ്രതിപാദ്യം ജ്യോതിശ്ശാസ്ത്രമാണ്. കാലഗണന, യുദ്ധജയാര്‍ണവം, ജ്യോതിശ്ശാസ്ത്രസാരം, നാനാചക്രവര്‍ണനം, നക്ഷത്രഫലം, നാനാബലനിരൂപണം, വിവിധ പൂജകള്‍, മന്ത്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ സവിസ്തരം നിരൂപണം ചെയ്യുന്നു.

മന്ത്രൗഷധാദിപ്രയോഗങ്ങള്‍. 11 അധ്യായങ്ങളിലായി (134-144) വശ്യങ്ങളും മാരകങ്ങളുമായ മന്തൗഷധങ്ങളുടെ പ്രയോഗങ്ങളാണ് വിവരിക്കുന്നത്. ത്രൈലോക്യവിജയവിദ്യ, സംഗ്രാമവിജയവിദ്യ, നക്ഷത്രചക്രം, ഷഡ്ക്കര്‍മനിരൂപണം, വിവിധപൂജകള്‍, ലക്ഷകോടിഹോമം, മഹാമാരിമന്ത്രം തുടങ്ങിയവയെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു.

വര്‍ണാശ്രമധര്‍മങ്ങള്‍. നാലാശ്രമങ്ങളെയും സംബന്ധിച്ച വിധികള്‍, ഗ്രഹയജ്ഞം, മന്വന്തരവിഭാഗം എന്നിവയുടെ വിവരണത്തിന് 16 അധ്യായങ്ങളാണ് വിനിയോഗിച്ചിട്ടുള്ളത്.

പ്രായശ്ചിത്തവിധികള്‍. മഹാപാതകങ്ങള്‍ക്കുള്ള പ്രായശ്ചിത്തം, വിവിധവ്രതങ്ങള്‍, നവവ്യൂഹാര്‍ച്ചന എന്നിവയ്ക്കുപുറമേ നരകസ്വരൂപവര്‍ണന, ഗായത്രീമാഹാത്മ്യം, വ്രതദാനസമുച്ചയം മുതലായ പല സംഗതികളും ഏതാണ്ട് 50 അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നു.

രാജധര്‍മം. അഭിഷേകമന്ത്രം, രാജസഹായസമ്പത്തി, രാജാനുജീവിവൃത്തം, ദുര്‍ഗസമ്പത്തി, രാജധര്‍മം, സ്ത്രീരക്ഷ, സാമാദ്യുപായം, ദണ്ഡപ്രണയനം, യുദ്ധയാത്ര മുതലായവയാണ് ഈ ഭാഗത്തു വിവരിക്കുന്നത്. അവയെല്ലാം കൂടി 38 അധ്യായങ്ങള്‍ വരും.

ശകുന, സാമുദ്രിക ശാസ്ത്രങ്ങള്‍. ശുഭാശുഭസ്വപ്നങ്ങള്‍, ശകുനങ്ങള്‍, രണദീക്ഷ, പുരുഷലക്ഷണം, സ്ത്രീലക്ഷണം, ആയുധലക്ഷണം, രത്നപരീക്ഷ, പക്ഷിമൃഗാദിശാസ്ത്രം എന്നിങ്ങനെ പലതും ഈ വിഭാഗത്തിലുള്‍പ്പെടുന്നു. സ്ത്രീയുടെ ലക്ഷണങ്ങളിലൊന്ന് പറയുന്നതിങ്ങനെയാണ്. 'ഏതൊരുവള്‍ നടക്കുമ്പോള്‍ കാലിന്റെ ചെറുവിരല്‍ നിലംതൊടുന്നില്ലയൊ ആ സ്ത്രീ മൃത്യുദേവതതന്നെയാകുന്നു.' ശകുനങ്ങളിലൊന്ന്. 'ഏതു മാര്‍ഗത്തിലൂടെ വളരെ കാക്കകള്‍ പുരത്തിനുള്ളിലേക്കു കടക്കുന്നതായി കാണുന്നുവോ, ആ മാര്‍ഗത്തിലൂടെ ചെന്നു നിരോധിച്ചാല്‍ ആ പുരത്തെ പിടിക്കുവാന്‍ സാധിക്കും.'

വ്യവഹാരനിരൂപണം. തുലാധിരോഹണം, അഗ്നിപരീക്ഷ, ജലപരീക്ഷ, വിഷപരീക്ഷ, ദായവിഭാഗം, സീമാവിവാദം (അതിര്‍ത്തിത്തര്‍ക്കം) മുതലായവയാണ് ഇവിടത്തെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.

തുടര്‍ന്നുവരുന്ന വേദവിധാനം, ഉത്പാതശാന്തി, വിവിധ പൂജാമന്ത്രങ്ങള്‍ എന്നിവ മുന്‍പറഞ്ഞ ചില ശീര്‍ഷകങ്ങളില്‍ പ്പെടുത്താനേയുള്ളു.

വംശാനുചരിതം. സൂര്യവംശം, സോമവംശം, യദുവംശം, തുടങ്ങിയ രാജവംശങ്ങളുടെ പഞ്ചലക്ഷണപ്രകാരമുള്ള വംശാനുചരിതം ഇവിടെ അഞ്ചധ്യായങ്ങളില്‍ പ്രതിപാദിക്കുന്നു.

ആയുര്‍വേദം. 279 മുതല്‍ 292 വരെയുള്ള അധ്യായങ്ങളില്‍ ധന്വന്തരി സുശ്രുതന്നുപദേശിച്ചു കൊടുത്ത ആയുര്‍വേദമാണ് വിസ്തരിച്ചിരിക്കുന്നത്. സിദ്ധൗഷധങ്ങള്‍, വൃക്ഷായുര്‍വേദം, നാനാരോഗഹരൗഷധം, രസാദിലക്ഷണം, മന്ത്രരൂപൗഷധം, മൃതസഞ്ജീവനൗഷധം, മൃത്യുഞ്ജയകല്പം, അശ്വചികിത്സ, ഗജചികിത്സ (ഹസ്ത്യായുര്‍വേദം), ഗവായുര്‍വേദം, സര്‍പ്പവിഷചികിത്സ, ത്രൈലോക്യമോഹനമന്ത്രം തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ മുഖ്യ വിഷയങ്ങള്‍. ഈ ഭാഗം ഇന്നും ആയുര്‍വേദ വിദ്യാര്‍ഥികളുടെ പാഠ്യഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഛന്ദശ്ശാസ്ത്രം, കാവ്യാദിലക്ഷണം, വ്യാകരണം. പിംഗളന്റെ ഛന്ദസ്സൂത്രങ്ങളുടെ സംഗ്രഹം എട്ട് അധ്യായങ്ങളില്‍ പ്രകാശിപ്പിച്ചിരിക്കുന്നു. കാവ്യലക്ഷണം, നാടകനിരൂപണം, രസനിരൂപണം, രീതിനിരൂപണം, നൃത്യം, അഭിനയം, ശബ്ദാര്‍ഥാലങ്കാരങ്ങള്‍, കാവ്യഗുണങ്ങള്‍, കാവ്യദോഷങ്ങള്‍ എന്നിവ 10-ല്‍പരം (337-347) അധ്യായങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. 348-ാം അധ്യായത്തില്‍ ഏകാക്ഷരകോശ നിരൂപണം ചെയ്തിരിക്കുന്നു. 'അ' മുതല്‍ 'ക്ഷ', 'ക്ഷോ' വരെയുള്ള അക്ഷരങ്ങളുടെ അര്‍ഥങ്ങള്‍ വിവരിച്ചിരിക്കുന്നു.

അടുത്ത 10 അധ്യായങ്ങളിലെ പ്രതിപാദ്യം സ്കന്ദവ്യാകരണവും തുടര്‍ന്നുള്ള ഏഴ് അധ്യായങ്ങളിലേത് സംസ്കൃതശബ്ദങ്ങളുടെ നിഘണ്ടുവും ആകുന്നു.

യോഗം, വേദാന്തം, യമമാര്‍ഗവര്‍ണനം, അഷ്ടാംഗയോഗം, വിവിധാസനങ്ങള്‍, ബ്രഹ്മവിജ്ഞാനം, ഗീതാസാരം, യമഗീത എന്നിവ 10 അധ്യായങ്ങളില്‍ വിവരിക്കുന്നു.

ഫലശ്രുതി
അവസാനമായി ആഗ്നേയപുരാണത്തിന്റെ മാഹാത്മ്യം പ്രകീര്‍ത്തനം ചെയ്തശേഷം ഫലശ്രുതി ഇങ്ങനെ പറയുന്നു:

'ഈ പുരാണം കേള്‍ക്കുകയോ കേള്‍പ്പിക്കുകയോ പഠിക്കുകയോ പഠിപ്പിക്കുകയോ എഴുതുകയോ എഴുതിക്കുകയോ പൂജിക്കുകയോ കീര്‍ത്തിക്കുകയോ ചെയ്യുന്നവര്‍കൂടി ബ്രഹ്മതുല്യരാകും..... ഈ പുസ്തകം എഴുതുവാനുള്ള ഓലയും എഴുത്താണിയും ഗ്രന്ഥം കെട്ടുവാനുള്ള ചരട്, പട്ടികാബന്ധവസ്ത്രം എന്നിവയും ദാനം ചെയ്യുന്നവന്‍ സ്വര്‍ഗം പ്രാപിക്കും. അഗ്നിപുരാണത്തെ ദാനം ചെയ്യുന്നവന്‍ ബ്രഹ്മലോകം ഗമിക്കും. ഈ പുസ്തകം ഗൃഹത്തിലുണ്ടായാല്‍ പിന്നെ ഉത്പാതഭയം വേണ്ടതില്ല. അവന്‍ ഭുക്തിമുക്തികളെ പ്രാപിക്കും.'

അഗ്നിപുരാണം സാങ്കേതികാര്‍ഥത്തില്‍ ഒരു സാഹിത്യ കൃതിയല്ല; പ്രത്യുത മതം, സാഹിത്യം, ദര്‍ശനം, ധര്‍മശാസ്ത്രം, കല തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ചു ചേര്‍ത്തു വികസിപ്പിച്ചിട്ടുള്ള ഒരു വിജ്ഞാനകോശമാണ്. അക്കാലത്ത് ഉപലബ്ധമായിരുന്ന മിക്ക കൃതികളെയും അഗ്നിപുരാണത്തിന്റെ കര്‍ത്താവ് അഥവാ കര്‍ത്താക്കള്‍ ഉപജീവിച്ചിട്ടുണ്ടെന്നത് സ്പഷ്ടമാണ്. വേദസംഹിതകള്‍, രാമായണം, മഹാഭാരതം, ഹരിവംശം, മത്സ്യാദിപുരാണങ്ങള്‍, ഭഗവത്ഗീത, യമഗീത, പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍, കൌടില്യന്റെ അര്‍ഥശാസ്ത്രം, മനു-യാജ്ഞവല്ക്യ-നാരദാദികളുടെ സ്മൃതിഗ്രന്ഥങ്ങള്‍, കുമാരവ്യാകരണം, പിംഗളന്റെ ഛന്ദസ്സൂത്രം, പാണിനിയുടെ ശിക്ഷ, ധനുര്‍വേദം, യുദ്ധജയാര്‍ണവം, പഞ്ചരാത്രസംഹിത, ജ്യോതിഃശാസ്ത്രം, ഭരത-ഭാമഹ-വാമന-ദണ്ഡിപ്രഭൃതികളുടെ കാവ്യാലങ്കാരശാസ്ത്രങ്ങള്‍, പാലകാപ്യന്റെ ഹസ്ത്യായുര്‍വേദം, അമരകോശം, സുശ്രുത-ചരക-വാഗ്ഭടാദികളുടെ ആയുര്‍വേദഗ്രന്ഥങ്ങള്‍, ഭരതന്റെ നാട്യശാസ്ത്രം, പുഷ്കരനീതി, കാമന്ദകീയ നീതിസാരം, വരാഹമിഹിരന്റെ ബൃഹത്സംഹിത, വിശ്വകര്‍മശില്പം, രൂപമണ്ഡനം എന്നിങ്ങനെ എണ്ണമറ്റ രൂപങ്ങളുടെ സംഗ്രഹങ്ങള്‍ ഈ പുരാണത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.

പണ്ഡിതര്‍ കെ. വാസുദേവന്‍ മൂസ് ഈ പുരാണം (സ്കന്ദവ്യാകരണം, സംസ്കൃതനിഘണ്ടു എന്നിവയടങ്ങിയ 18 അധ്യായങ്ങളൊഴിച്ചുള്ള ഭാഗം) മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

No comments:

Post a Comment