23 May 2017

കാളിയകഥ

കാളിയകഥ

സ്വായംഭുവമന്വന്തരത്തിൽ യശസ്വിയായ വേദശിരസ്സ് എന്ന മഹർഷി തപസ്സ് അനുഷ്ഠിയ്ക്കുന്ന സമയം. ആയിടയ്ക്ക്, അതേ ആശ്രമത്തിൽ തപസ്സിനായി, അശ്വശിരസ്സ് എന്ന മഹർഷിയും വന്നു. ആ വരവ് വേദശിരസ്സിന് ഇഷ് ടപെട്ടില്ല. അദ്ദേഹം അശ്വശിരസ്സിനോട് പറഞ്ഞു :-- ‘മഹർഷേ ! തപസ്സിന് വേറൊരിടത്തു പോയാലും ! ഇവിടെ തപസ്സുചെയ്യുന്നത് എനിയ്ക്ക് ഇഷ്ടമല്ല.’ ഇതുകേട്ട് അശ്വശിരസ്സു പറഞ്ഞു: ‘ മഹാവിഷ്ണുവിന്റേതാണ്, ഈ ഭൂമി. എത്രയോ മുനിമാർ ഇവിടെ തപസ്സുചെയ്തിരിക്കുന്നു !!! ഒരു പാമ്പിനെപ്പോലെ നിങ്ങൾ കോപിച്ച് സീല്ക്കാരത്തോടെ സംസാരിക്കുന്നതിനാൽ ഗരുഡനെ ഭയക്കേണ്ട പാമ്പായി തീരട്ടെ! " വേദശിരസ്സിന് ഈ ശാപം സഹിക്കാനായില്ല. അദ്ദേഹം തിരിച്ചു ശപിച്ചു: ‘ചെറിയ തെറ്റിന് വലിയ ശാപം ചെയ്ത നിങ്ങൾ ദുഷ്ടനാണ്. അതിനാൽ കാക്കയായിത്തീരട്ടെ.’
കോപമടങ്ങിയപ്പോൾ രണ്ടു മഹർഷിമാർക്കും പശ്ചാത്താപമുണ്ടായി. പശ്ചാത്താപം കണ്ട ഭഗവാൻ മഹാവിഷ്ണുവിന് ദയതോന്നി. അദ്ദേഹം അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു:-- ‘നിങ്ങൾ രണ്ടാളും എന്റെ ഭക്തന്മാരാണ്. എന്റെ കണ്ണിൽ അഭിന്നരാണ്. നിങ്ങളുടെ ശാപവാക്കുകൾ നിഷ്ഫലമാവുകയില്ല.
വേദശിരസ്സേ, ഞാൻ അങ്ങയുടെ ശിരസ്സിൽ പാദംവച്ചനുഗ്രഹിക്കുന്ന ദിവസം അങ്ങേക്ക് ഗരുഡഭയം ഒഴിവാകും. അശ്വശിരസ്സേ, അങ്ങ്, കാക്കയായാലും ജ്ഞാനിയായിരിക്കും. സങ്കടപ്പെടാതിരിയ്ക്കുക. ഇതിൽനിന്നു ക്ഷിപ്രകോപത്തിന്റെ ദുഷ്ഫലം മനസ്സിലാക്കി ജീവിയ്ക്കുക." തന്റെ ഭക്തന്മാരെ അനുഗ്രഹിച്ച് മഹാവിഷ്ണു മറഞ്ഞു. അശ്വശിരസ്സ് ഭുശുണ്ഡൻ എന്ന കാകനായി അനിലപർവ്വതത്തിൽ അഭയം തേടി. സർവ്വ ശാസ്ത്രവിശാരദനായ ആ കാക്കയാണ്, ഗരുഡന് രാമായണമുപദേശിച്ചത്. വേദശിരസ്സാകട്ടെ കദ്രു-കശ്യപദമ്പതിമാരുടെ പുത്രനായി കാളിയൻ എന്ന പേരിൽ പിറന്നു.
കാളിയനോടൊപ്പം ജനിച്ച സർപ്പങ്ങളിൽ അനന്തൻ ഭൂഭാരം വഹിക്കാനായി പാതാളത്തിലാക്കി വാസം. മറ്റു സർപ്പങ്ങൾ സുതലം, മഹാതലം, രസാതലം, തലാതലം എന്നിവിടങ്ങളിൽ താമസമാക്കി.
കാളിയനാകട്ടെ, ഭൂതലത്തിലെ രമണകദ്വീപിൽ വസിച്ചു. അവിടെ ഗരുഡഭയംകൊണ്ട് സ്ഥിരവാസം സാധിച്ചില്ല. സർപ്പങ്ങൾ ഗരുഡനു നല്‍കിവന്ന ബലിയും രത്നദാനവും കാളിയന് ഇഷ്ടപ്പെട്ടില്ല. താൻ ബലിനല്‍കാതിരിക്കുകയും ബലിസാധനങ്ങൾ സ്വയം ആഹരിയ്ക്കുകയും ചെയ്തു.
ഈ ധിക്കാരം ഗരുഡൻ പൊറുത്തില്ല. എങ്ങനെയാണെങ്കിലും
കാളിയനെ വകവരുത്താനായി ഗരുഡന്റെ ശ്രമം. ഭയന്നോടിയ കാളിയന് എങ്ങും അഭയം ലഭിച്ചില്ല. അവസാനം നാരദനിർദേശമനുസരിച്ച് കാളിയൻ കാളിന്ദിയിലെത്തി സസുഖം വാണു. അവിടെ ഗരുഡൻ ചെല്ലുകയില്ല. ചെന്നാൽ ദേഹനാശം സംഭവിയ്ക്കുമെന്ന് ഒരു മഹർഷി ശപിച്ചിരുന്നു. ഈ ശാപം ഭയന്ന് ഗരുഡൻ കാളിന്ദിയിൽ പോകാതെയായി. അതാണ് കാളിയൻ സ്വൈരമായി പാർക്കാൻ യമുന സുരക്ഷിതസ്ഥാനം ആയത് .
കാളിയൻ വേദശിരസ്സ് ആണല്ലോ -- അതിനാൽ ഭഗവാൻ ശാപമോക്ഷം നല്കിയതനുസരിച്ച് കൃഷ്ണാവതാരത്തിൽ തലയിൽ ചവിട്ടി നൃത്തം ചെയ്തതോടെ, ഗരുഡഭയവും തീർന്നു. ഇതാണ് കാളിയകഥ.

No comments:

Post a Comment