19 April 2017

നിലവിളക്ക്

നിലവിളക്ക്

നിലവിളക്ക് തറയില്‍ വെച്ചോ അധികം ഉയര്‍ത്തിയ പീഠത്തില്‍ വെച്ചോ കത്തിക്കരുത്. ശാസ്ത്രവിധിയില്‍ നിലവിളക്ക്, ശംഖ്, മണി, ഗ്രന്ഥം ഇവയുടെ ഭാരം ഭൂമിദേവി നേരിട്ടു താങ്ങുകയില്ലത്രേ! അതുകൊണ്ട് ഇലയോ, തട്ടമോ, പൂജിച്ച പൂക്കളോ ഇട്ട് അതില്‍ നിലവിളക്ക് വെയ്ക്കാം.

വിളക്കിന്‍റെ താഴ്ഭാഗം മൂലാധാരവും, തണ്ട സുഷുമ്നയെയും, മുകള്‍ഭാഗം ശിരസ്സിനെയും പ്രതിനിധീകരിക്കുന്നു. കത്തിനില്‍ക്കുന്ന ദീപം നെറ്റിയിലെ ആജ്ഞാചക്രത്തെ സൂചിപ്പിക്കുന്നു. ദീപം കത്തുന്നതോടെ ഓംകാരത്തിന്‍റെ ധ്വനി ഉത്ഭവിക്കുന്നു. എങ്ങനെയെന്നുവെച്ചാല്‍, ദീപം കത്തുന്നതിന് തിരിയും, എണ്ണയും, വായുവും ആവശ്യമാണല്ലൊ. കത്തിക്കൊണ്ടിരിക്കുന്ന തിരിയില്‍ എണ്ണ നിരന്തരം ചലിച്ച് വായുവുമായി സങ്കരം ഉണ്ടാകുമ്പോള്‍ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ധ്വനി ഉണ്ടാകുന്നു. ഇതാണ് പ്രണവതത്വമായ ഓംകാരധ്വനി. അതുകൊണ്ട് പ്രത്യേകമായ ജപാദികര്‍മ്മങ്ങള്‍ ചെയ്യുന്നില്ലെങ്കിലും കത്തിച്ചുവെച്ചിരിക്കുന്ന നിലവിളക്കിന്‍റെ പവിത്രമായ മന്ത്ര സാന്നിദ്ധ്യം അവിടെ ഉണ്ടായിരിക്കുന്നതാണ്.

രണ്ടു, അഞ്ച്, ഏഴു (ഏഴിന്റെ ഗുണിതങ്ങൾ ആയിട്ടുള്ള) തിരികളിട്ടുവേണം നിലവിളക്ക് കത്തിക്കാൻ.

കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.

വിളക്കുകളില്‍ നെയ്യ്‌ വിളക്കിനാണ്‌ ഏറ്റവും മഹത്വമുള്ളത്‌. പഞ്ചമുഖനെയ്‌ വിളക്കിനുമുമ്പിലിരുന്ന്‌ അഭീഷ്ടസിദ്ധിക്കായി ജപം തുടങ്ങിയവ നടത്തിയാല്‍ ക്ഷിപ്രഫലം ഉണ്ടാകുമെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെയ്‌ വിളക്ക്‌ മറ്റ്‌ എണ്ണ കൊണ്ടുള്ള തിരിയില്‍ നിന്നോ വിളക്കില്‍ നിന്നോ കൊളുത്തരുത്‌. ശുദ്ധമായ വെളിച്ചെണ്ണ, എള്ളെണ്ണ എന്നിവയും ഗൃഹ ദീപത്തിനുപയോഗിക്കാം. ചിലയിടങ്ങളില്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കു മാത്രമേ എള്ളെണ്ണ ഉപയോഗിക്കാറുള്ളൂ. മറ്റ്‌ എണ്ണകള്‍ ഉപയോഗിച്ച്‌ വിളക്ക്കൊളുത്തരുതെന്നാണ്‌ സങ്കല്‍പം. കരിംപുക അധികം ഉയരുന്ന എണ്ണകള്‍ ഉപയോഗിക്കുന്നത്‌ അശ്രീകരമാണ്‌.

പ്രശ്നമാര്‍ഗ്ഗത്തില്‍ എണ്ണയെ ശരീരമായും തിരിയെ ആത്മാവായും ജ്വാലയെ ആയുസ്സായും വിളക്കിനെ ഭവനമായും സൂചിപ്പിച്ചിട്ടുണ്ട്‌. ദീപം ഇടത്തുവശത്തേക്ക്‌ തിരിഞ്ഞുകത്തുക, മലിനമായി തോന്നുക, മങ്ങിയും ചെറുതായും ഇരിക്കുക, പൊരികള്‍ പുറപ്പെടുക, പൊട്ടുക, അകാരണമായി കെടുക, ആളിക്കത്തുക, ഇരട്ട ജ്വാലകള്‍ ഉണ്ടാകുക, വിറയാര്‍ന്നു കത്തുക തുടങ്ങിയവയൊക്കെ അശുഭലക്ഷണമാണ്‌. പതിവായി ഇവ ഭവനങ്ങളിലും സംഭവിച്ചാല്‍ ദോഷപരിഹാരാര്‍ത്ഥം ഈശ്വരഭജനം തുടങ്ങിയവ അനുഷ്ഠിക്കേണ്ടതാണ്‌. സ്വര്‍ണ്ണനിറത്തില്‍ പ്രകാശത്തോടും ചായ്‌വില്ലാതെ നേരെ ഉയര്‍ന്ന്‌ പൊങ്ങുന്നതുമായ ജ്വാല ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വായ്കൊണ്ട്‌ ഊതി നിലവിളക്ക്‌ അണയ്ക്കരുത്‌. തിരി പിന്നിലേക്കെടുത്ത്‌ എണ്ണയില്‍ മുക്കിയോ അല്‍പം എണ്ണ ദീപത്തില്‍ വീഴ്ത്തിയോ അണയ്ക്കാം. ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.

ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌. മംഗല്യവതികളായ സ്ത്രീകള്‍ നിലവിളക്കു കൊളുത്തുന്നത്‌ മംഗളപ്രദമാണ്‌. ഒരുപിടി പൂവ്‌ വിളക്കിന്‌ മുന്‍പില്‍ അര്‍പ്പിക്കുക. വിളക്കില്‍ ചന്ദനം തുടങ്ങിയവ ചാര്‍ത്തുക. പൂമാലചാര്‍ത്തുക, സമീപം ചന്ദനത്തിരി കൊളുത്തുക തുടങ്ങിയവയും സൗകര്യപൂര്‍വ്വം അനുഷ്ഠിക്കാം. വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.

കാര്‍ത്തിക നക്ഷത്രത്തിന്റെ ദേവത അഗ്നിയാണ്‌. കാര്‍ത്തിക നക്ഷത്രം തോറും ഗൃഹത്തില്‍ പഞ്ചമുഖ നെയ്‌ വിളക്ക്‌ കൊളുത്തുന്നത്‌ ഐശ്വര്യപ്രദമാണ്‌.

ദിവസവും സന്ധ്യയ്ക്കു വീടുകളിൽ വിളക്കു വയ്ക്കുക എന്നതു പണ്ടൊക്കെ ആചാരത്തിന്റെ ഭാഗം തന്നെയായിരുന്നു. സൂര്യൻ അസ്തമിക്കുന്നതിനു മുൻപു വിളക്കു വയ്ക്കണം. രാത്രിയുടെ ഇരുട്ടിൽ വെളിച്ചം കാണാൻ വേണ്ടി മാത്രമായിരുന്നില്ല ആ വിളക്കുവയ്ക്കൽ. നമ്മുടെ മനസ്സുകളിൽ തിന്മയുടെ കൂരിരുട്ട് ഇല്ലാതാക്കി എപ്പോഴും നന്മയുടെ വെളിച്ചം നിലനിർത്തേണമേ എന്ന പ്രാർഥനയുടെ പ്രതീകമാണു സന്ധ്യാദീപം. 

"ദീപോ ഹരതു മേ പാപം സന്ധ്യാദീപ നമോസ്തു തേ..." 
എന്നാണ് ആ പ്രാർഥന. അല്ലയോ സന്ധ്യാദീപമേ, എല്ലാ പാപങ്ങളെയും തീർത്ത് നല്ല വഴിയിൽ നയിക്കേണമേ എന്നാണ് അർത്ഥം. 

നിലവിളക്കിന്‍റെ മഹത്വം

∙ നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു. 

∙ നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. 

നിലവിളക്ക് തെളിക്കുന്ന ദിക്ക്

∙രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി വേണം തിരിതെളിയ്ക്കാൻ. ഇങ്ങനെ ചെയ്താൽ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. 

∙ വൈകിട്ട് പടിഞ്ഞാറ് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താൽ കടബാധ്യത തീരും. 

∙ വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ദ്ധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

∙ തെക്ക് ദിക്ക് നോക്കി നിലവിളക്ക് തെളിക്കരുത്. 

നിലവിളക്കിലെ തിരി

∙ പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് നിലവിളക്കില്‍ ഇടുന്ന തിരിയില്‍ ഏറ്റവും ശ്രേഷ്ഠം. 

∙വിവാഹ തടസ്സം നീങ്ങാൻ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം

∙ മനസിന്റെ ദു:ഖം മാറാൻ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം. 

∙ ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. (രണ്ട് തിരികൾ കൂപ്പുകൈയുടെ രീതിയിലാക്കി വേണം തിരിതെളിയ്ക്കാൻ 

∙ രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു 

∙ മൂന്നു തിരിയിട്ട ദീപംവും നാല്തിരിയിട്ട ദീപവും തെളിക്കരുത്. അജ്ഞതയും ദാരിദ്രത്തെയുമാണ് ഇവ സൂചിപ്പിക്കുന്നത്. 

∙ അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. 

വിളക്കിന്റെ തെളിച്ചത്തിലുണ്ട് ഭാവിയും ജീവിതവും! 

ശുഭകർമ്മങ്ങൾക്ക് വിളക്ക് തെളിച്ച് ആരംഭം കുറിക്കുന്ന പതിവുണ്ട്. 

എന്താണ് വിളക്കിന്റെ മഹത്വം? 
വിളക്ക് എങ്ങനെയാണ് ഗൃഹക്ഷേത്രാദികളിൽ സ്ഥാനം പിടിച്ചത്?. 
ജ്യോതിഷത്തിൽ വിളക്കിന്റെ പ്രാധാന്യം എന്താണ്? 

എന്നതിനെപ്പറ്റി ഒരു അന്വേഷണം നടത്തി നോക്കാം. അവസാനം പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയാൽ തന്നെ മറ്റു ചോദ്യങ്ങൾക്കുളള ഉത്തരമുണ്ടാകും. 

'സർവ്വ പ്രശ്നേഷു സർവ്വേഷ്ഠ കർമ്മസ്വപിവിശേഷതഃ 

പ്രാസാദേനൈവ ദീപസ്യ ഭവിഷ്യച്ശുഭമാദിശേൽ'' 

എല്ലാ പ്രശ്നങ്ങളിലും എല്ലാത്തരം കർമ്മങ്ങളിലും പ്രത്യേകമായി വിളക്കിന്റെ തെളിച്ചം കൊണ്ട് ഭാവികാലം ശുഭം പറയണം. വിളക്കിന്റെ ഇടതു വശം ജ്വാലയുണ്ടായാലും തെളിയാത്ത ജ്വാലയായാലും തീപ്പൊരിയോടു കൂടി നേരിയ ജ്വാലയായാലും ശുദ്ധമായ എണ്ണയും തിരിയും ഉണ്ടെങ്കിൽ പോലും വേഗം അണഞ്ഞു പോവുകയും ജ്വാലയ്ക്ക് ശബ്ദമുണ്ടാവുകയും, വിറയാർന്നതും, തെളിഞ്ഞ് പിളർന്ന ജ്വാലയായും ഉളള ദീപം അശുഭ ഫലം തരുന്നു. കത്തിച്ചാൽ വീണ്ടും വീണ്ടും കെട്ടു പോകുന്ന ദീപം അശുഭമാണ്. 

തടിച്ച് ഉറപ്പുളളതും, നീളമേറിയതും, വിറയില്ലാത്തതും, പ്രകാശിക്കുന്നതും, ശബ്ദമില്ലാത്തതും, ഭംഗിയുളളതും, വലതു വശം ചുറ്റുന്നതും, വൈഢൂര്യനിറമോ സ്വർണ്ണനിറമോ ഉളളതുമായ ജ്വാലയാർന്ന ദീപവും, ഉയർന്ന ജ്വാലയായി കാണപ്പെടുന്ന ദീപവും ശോഭനവും സന്തുഷ്ടവുമായ ഐശ്വര്യത്തെ തരുന്നു. വിളക്കിലെ എണ്ണ പ്രഷ്ടാവിന്റെ ദേഹമായും അതിനുളളിൽ കിടക്കുന്ന തിരി ആത്മാവായും ജ്വാല ആയുസ്സായും, അതിന്റെ നൈർമല്യം, മാലിന്യം എന്നിവ സുഖവും ദുഃഖവുമായും വിളക്ക് ഗൃഹമായും ; മൃദു ഗുണവും പാരുഷ്യവും ഉളള കാറ്റ് ബന്ധുരൂപവും ശത്രു രൂപവും ആയിത്തീരുന്നു. മഹാ ദേവാത്മാവായ ആ ദീപം പ്രഷ്ടാവിന്റെ സ്ഥിതി ഗതികൾ അങ്ങേയറ്റം സൂചിപ്പിക്കുന്നു. 

മഹാദേവാതാത്മ എന്നതിന് ദേവസ്വരൂപമെന്നോ ശിവസ്വരൂപമെന്നോ പറയാം. വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം. വിളക്കിലെ എണ്ണയുടെ അളവു കൊണ്ട് ദേഹപുഷ്ഠി ചിന്തിക്കാം. എണ്ണയുടെ ചൂട് ദേഹാസ്വാസ്ഥ്യം കാണിക്കുന്നു. മാലിന്യം രോഗാദ്യാനുഭവമാണ്. നൈർമല്യം ശരീര പ്രാകാശത്തെ കാണിക്കുന്നു. എണ്ണയുടെ അളവു കൊണ്ട് പുണ്യപാപങ്ങൾ നിർണ്ണയിക്കാം. 

സുകൃത ദുഷ്കൃതങ്ങളുടെ ഏറ്റകുറച്ചിലുകളാണല്ലോ ജീവിതം. ആത്മാവായ തിരി ശുദ്ധമായിരുന്നാൽ ബുദ്ധി പ്രകാശം, ആത്മസുഖം മുതലായവ കാണിക്കുന്നു. തിരിയുടെ മലിനത്വം, ദുഃഖാധിക്യം സന്തോഷക്കുറവ് എന്നിവയാണ് തിരി ഒന്നിനു മുകളിൽ ഒന്നായി പിരിഞ്ഞു കിടന്നാൽ വായുവിന് ആവരണം സംഭവിച്ചിട്ടുണ്ടെന്ന് പറയാം. ഉപയോഗിക്കാതെ കിടക്കുന്ന തിരികൾ സന്താനങ്ങളുടെ സുഖദുഃഖങ്ങളെ കാണിക്കുന്നു. തിരി അധികമായാൽ മന:ക്ലേശം ഫലമാകുന്നു ജ്വാലയുടെ ആകൃതി അനുസരിച്ച് ആയുസ്സിന്റെ സ്ഥിതി പറയാം. തടിച്ച് ഉരുണ്ട ജ്വാലയായാൽ ആയു: പുഷ്ടി, ജ്വാല ഇളക്കമുളളതെങ്കിൽ ആയുസിന്റെ സന്നിഗ്ധത, തെളിഞ്ഞ ജ്വാലയായാൽ സൗഖ്യം, മങ്ങിയ ജ്വാല ദുഃഖം. 

വിളക്കിന്റെ വലിപ്പമനുസരിച്ച് ഗൃഹത്തിന്റെ സ്ഥിതികൾ പറയണം. വിളക്കിന്റെ വലിപ്പം വീടിന്റെ ഭംഗി ഉറപ്പ് എന്നിവ കാണിക്കുന്നു. വിളക്കിന് കേടു ണ്ടെങ്കിൽ ഗൃഹദോഷം പറയണം. ശുദ്ധമായ വിളക്ക് വീടിന്റെ പരിശുദ്ധിയെ കാണിക്കുന്നു. മഷി അധികമുണ്ടെങ്കിൽ അഗ്നി ഭയം ഫലം. വിളക്കു മാറ്റി വച്ചാൽ വീടുമാറ്റം പറയണം. 

ദീപത്തിന്റെ ജ്വാല കിഴക്കു ദിശയിലേക്കായാൽ അഭീഷ്ടസിദ്ധിയും, അഗ്നികോണിലായാൽ അഗ്നിഭയവും തെക്കു ദിക്കിലായാൽ മരണഭയവും നിര്യതി കോണിലായാൽ ഓർമ്മകുറവും ഉണ്ടാകുന്നു. വരുണ ദിക്കിലെ ജ്വാല ശാന്തി നൽകുന്നു. വായു കോണിലായാൽ ഐശ്വര്യഹാനിയും, വടക്കു ദിക്കിലായാൽ രോഗശാന്തിയും ഉണ്ടാകും, ഈശാനകോണിലുളള ജ്വാല സുഖം നൽകുന്നു. അഗ്നിയുടെ മേലോട്ടുയരുന്ന ജ്വാല സർവ്വാഭീഷ്ട വസ്തുക്കൾ ഉടനടി പ്രദാനം ചെയ്യുന്നു. 

വിശേഷാൽ, ഒറ്റത്തിരി രോഗലക്ഷണവും, രണ്ടു തിരിയായാൽ ഉത്തമവും, മൂന്നു തിരി ആലസ്യ ലക്ഷണവും നാലു തിരി ദാരിദ്ര്യവും അഞ്ചു തിരിയായാൽ ശോഭന ഫലവുമാകുന്നു. 

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം? 

വൈകിട്ട് നിലവിളക്കു കൊളുത്തിയാൽ എത്രസമയം വയ്ക്കണം. ഞാൻ മണിക്കൂറോളം കത്തിച്ചുവയ്ക്കുമായിരുന്നു. ചില ആളുകൾ പറയുന്നു. മരണവീട്ടിലാണു ദീർഘനേരം നിലവിളക്കു കൊളുത്തിവയ്ക്കുന്നതെന്ന്. 

നിലവിളക്കു കൊളുത്തി എത്രസമയം വയ്ക്കണം? 
കൂടുതൽ സമയം വയ്ക്കുന്നതുകൊണ്ടു ദോഷമുണ്ടോ? 

രാവിലെയും വൈകിട്ടുമാണു വീടുകളിൽ സാധാരണ നിലവിളക്കു തെളിക്കുന്നത്. സൂര്യഭഗവാനെ ആദരിക്കാനാണിത്. ഉദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുൻപാണു വിളക്കു തെളിക്കേണ്ടത്. രാവിലെ കിഴക്കോട്ടും വൈകിട്ട് പടിഞ്ഞാറോട്ടുമായിരിക്കണം തിരിനാളം. വിളക്കിലെ എണ്ണ വറ്റുംവരെ കത്തിച്ചുവയ്ക്കാമെന്നാണു കണക്ക്. മരണവീടുകളിൽ വിളക്കിലെ എണ്ണ തീരുന്നതനുസരിച്ചു വീണ്ടും വീണ്ടും ഒഴിച്ചുകൊടുത്ത് ചടങ്ങു തീരുംവരെയാണു വിളക്കു കത്തിക്കുന്നത്.

No comments:

Post a Comment