30 April 2017

യോഗ

യോഗ

യോഗ എന്ന പദത്തിന്റെ അർഥം പലരും പലതരത്തിലാണെടുക്കുന്നത്. അത് ആസനങ്ങളാണെന്നു ചിലർ പറയും. ആത്മീയ പാതയാണത് എന്നു ചിലർ വിശ്വസിക്കുന്നു. മറ്റുചിലരാകട്ടെ, അതുകൊണ്ട് ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു പറയുന്നു.

യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. ഏറെക്കുറെ ഒഴിച്ചുകൂടാൻ പറ്റാത്തതാണു യോഗ എന്നു ഞാൻ പറയും. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗയെ പിന്തുടരേണ്ടിയിരിക്കുന്നു.

ആത്മീയമായി അതിനെ വിശദീകരിച്ചാൽ അത് ആത്മീയമല്ലാതെയാകും. അത് അനുഭവിക്കാനുള്ളതാണ്. ജീവിതത്തെ സജീവമാക്കുന്നതും നിങ്ങളിൽ ജന്മങ്ങളോളം നിലനിൽക്കുന്ന സ്നേഹവും ഊർജവും നിറയ്ക്കുന്നതും ആത്മീയതയാണ്.‌

ധ്യാനം തീർച്ചയായും യോഗയുടെ ഭാഗമാണ്. യോഗ ധ്യാനപരമാകണം. അതല്ലെങ്കിൽ അതു വെറും വ്യായാമമാകും, ജിംനാസ്റ്റിക്സ് ആകും.‌ ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ ‘‘യോഗഃ കർമസു കൗശലം’’ എന്നു പറയുന്നു. ‘യോഗ പ്രവൃത്തിയിലെ നൈപുണ്യമാണ്’ എന്നാണതിന്റെ അർഥം. യോഗയ്ക്കും നൈപുണ്യത്തിനും ഒരേ അർഥമാണ്. നിങ്ങൾക്കു നൈപുണ്യമുണ്ടെങ്കിൽ എവിടെയോ നിങ്ങൾ യോഗയുടെ മാർഗം സ്വീകരിച്ചിട്ടുണ്ട് എന്നാണർഥം. മാത്രമല്ല, നിങ്ങൾ യോഗ, പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുകയും യമനിയമങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്കു തീർച്ചയായും പ്രവൃത്തിയിൽ നൈപുണ്യം ഉണ്ടാകും.

നിങ്ങളുടെ ഉൽസാഹം എങ്ങനെ നിലനിർത്തുമെന്നതും ഊർജം ചോർന്നുപോകാതെ നിങ്ങളുടെ ജോലി എങ്ങനെ നടത്തുമെന്നതും ആണ് നൈപുണ്യം. ഇതു യോഗയിലൂടെ മാത്രമേ സാധിക്കൂ. സാധാരണ ജോലിയെടുക്കുമ്പോൾ നിങ്ങൾ ക്ഷീണിക്കുന്നു. അതുകാരണം, പ്രവൃത്തിയുടെ ഫലം ഉണ്ടാകുമ്പോഴേക്കും നിങ്ങൾക്കു ക്ഷീണം കാരണം അത് ആസ്വദിക്കാൻ കഴിയുന്നില്ല. അതുകൊണ്ടു നിങ്ങളുടെ ഉൽസാഹത്തെ സജീവമാക്കുകയും ഊർജത്തെ നിലനിർത്തുകയും ചെയ്യുന്നതോടൊപ്പം നിങ്ങൾക്കു നേട്ടങ്ങളും നൽകുന്ന നൈപുണ്യമാണു യോഗ.

നിങ്ങൾക്കു വളരെയധികം ഉൽസാഹവും ഊർജവുമുണ്ടെങ്കിൽ നിങ്ങൾ ഈ നിമിഷത്തിലാണ്. നിങ്ങൾ സംഭവങ്ങളെ അവ വരുന്നതുപോലെ സ്വീകരിക്കുന്നു. നിങ്ങൾ എന്തെങ്കിലുമൊന്നു പ്രതീക്ഷിക്കുന്നില്ല. അപ്പോൾ നിങ്ങളുടെ പ്രവൃത്തി, ഫലത്തിൽനിന്നുണ്ടാകുന്ന ആനന്ദം പ്രതീക്ഷിക്കുന്നതിനു പകരം ആനന്ദത്തിന്റെതന്നെ പ്രകാശനമാകുന്നു.

ആസനങ്ങളും വ്യായാമങ്ങളും യോഗയുടെ ഭാഗമാണ് എന്നതിൽ സംശയമില്ല. എന്നാൽ, അതിനെ വെറും വ്യായാമമായി പരിമിതപ്പെടുത്തുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്. അതു സർവവ്യാപകമായ വളർച്ചയാണ്. മനുഷ്യജീവിതത്തിന്റെ പ്രകാശനവും ചേർച്ചയുമാണ്. ഓരോ ശിശുവും യോഗിയാണ്. ശരീരവഹനത്തിലും ശ്വസനരീതിയിലും ഗ്രഹണശക്തിയിലും കൂർമതയിലും വർത്തമാനകാലത്തിൽ നിലകൊള്ളാനുള്ള കഴിവിലും ശിശു യോഗിയുടെ എല്ലാ സ്വഭാവങ്ങളും പ്രകാശിപ്പിക്കുന്നു

യോഗയിൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക–ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസിന്റെ ദൈർഘ്യം കൂട്ടുന്ന വ്യായാമം– അതാണു യോഗാഭ്യാസം. സർവരോഗ സംഹാരി കൂടിയാണു യോഗ. ജീവിത ശൈലീ രോഗങ്ങൾ ഉൾപ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കു യോഗാഭ്യാസം തീർച്ചയായും ആശ്വാസം പകരും. മനസ്സിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും യോഗ സഹായിക്കും. ഓർമശക്തിയും ഊർജസ്വലതയും വർധിപ്പിക്കാനും ഏറെ നല്ലത്.

ജീവിത ചിട്ട യോഗയിൽ പ്രധാനമാണ്. ദിവസത്തിൽ സൗകര്യപ്രദമായ ഏതു സമയത്തും യോഗാഭ്യാസം ചെയ്യാം. ഗർഭാവസ്ഥയിൽ പോലും യോഗയാവാം. പരിശീലിച്ചു കഴിഞ്ഞാൽ പ്രത്യേകിച്ചു സഹായിയുടെ ആവശ്യം പോലുമില്ലാതെ തുടരാം. വാർധക്യത്തിലും ഗർഭിണിയായിരിക്കുമ്പോഴും വിവിധ ആരോഗ്യ പ്രശ്നമുള്ളപ്പോഴും യോഗ ചെയ്യുന്നതിന് ഒരു ഗുരുവിന്റെ സഹായം തേടുന്നതാണു നല്ലത്. ലളിതമായ ആസനങ്ങളും പ്രാണായാമങ്ങളും കൊണ്ടു തന്നെ വലിയ ഗുണം ലഭിക്കും. യോഗാഭ്യാസം ആരംഭിക്കുന്നതിനു മുൻപു ചില തയാറെടുപ്പുകൾ ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1] യോഗാഭ്യാസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും പ്രാർഥന അല്ലെങ്കിൽ ധ്യാനത്തോടെയായിരിക്കണം.

2] ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തിരഞ്ഞെടുക്കേണ്ടത്.

3] രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിത സമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം. ധൃതിയിൽ ചെയ്യരുത്.

4] മനോ നിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.

5] യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.

6] കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.

7] ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപ സമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.

8] യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.

9] മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.

10] ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.

No comments:

Post a Comment