കര്‍മ്മഫലം
ഓരോ വ്യക്‌തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്‌തി ചെയ്‌ത കര്‍മ്മഫലം മാത്രമാണ് ആത്മാവിന്റെ കൂടെപ്പോകുന്നത്. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏതു ശരീരത്തിനാണോ കര്‍മ്മം അനുഭവിച്ചു തീരാന്‍ ആകാത്തത് അത് അടുത്ത ജന്മത്തിലേക്ക് കൊണ്ടുപോകുന്നു.സല്‍കര്‍മ്മം-ദുഷ്‌കര്‍മ്മം എന്നിവയുണ്ടോ? പുനര്‍ജന്മം ശാസ്‌ത്രീയ മാണോ? അതിന്റെ യുക്‌തി കഴിഞ്ഞ ജന്മം ചെയ്‌ത സല്‍ഫലങ്ങള്‍ക്കും, ദുഷ്‌ഫലങ്ങള്‍ക്കും ഈ ജന്മത്തില്‍ അനുഭവിക്കേണ്ടിവരുമെന്ന് പറയുന്നത് അന്ധവിശ്വാസമാണോ? ഈ ജന്മത്തില്‍ ഒരു പാപകര്‍മ്മവും ചെയ്യാത്ത ഒരു ശിശു എങ്ങനെ മൂകനും അന്ധനും ബധിരനുമായി ജനിക്കാന്‍ കാരണം? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ സാധാരണക്കാരില്‍നിന്ന് കേള്‍ക്കുന്നത് സ്വാഭാവികം. ഒരാളുടെ മരണം, പുനര്‍ജന്മരീതി എന്നിവയെക്കുറിച്ചുള്ള അറിവ്, ശാസ്‌ത്രസത്യങ്ങള്‍ എന്നീ കാര്യങ്ങള്‍ ആത്മീയമായി ചിന്തിക്കുന്ന ഏവര്‍ക്കും കൗതുകകരമായിരിക്കും.
കര്‍മ്മഫലവും പുനര്‍ജന്മവും
ഭാരതീയ ചിന്താധാരകള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാരവിചാരങ്ങള്‍, സങ്കല്‌പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് വിധേയമാണെന്നത് ഒരു ആധുനിക ശാസ്‌ത്രവീക്ഷണമാണ്.
'ഭഗവത്‌ഗീത' പറയുന്നു:
''ജാതസ്യ ഹിധ്യു പോര്‍ മൃത്യുഃ
ധ്രുവം ജന്മമൃതസ്യച''
അതായത് ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ജനന-മരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്‌തുതയാണ്. സുഖം-ദുഃഖം, ലാഭം-നഷ്‌ടം, ഉയര്‍ച്ച- താഴ്‌ച, ചിരി, കരച്ചില്‍, ശരി-തെറ്റ്- ശാസ്‌ത്ര ദൃഷ്‌ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജനനമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം. ആത്മാവ് എന്താണെന്ന് വ്യക്‌തമായി പറയാന്‍ കഴിയില്ലെന്ന് ശാസ്‌ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു. വിസ്‌തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച് ആര് നല്‍കിയാലും അത് ആ വ്യക്‌തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ് അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ഓക്‌സിജന്റെ 'തന്മാത്ര'പോലെ എല്ലാ ജീവജാലങ്ങളിലും ദ്രവ്യമുണ്ട്. ആ ദ്രവ്യങ്ങള്‍ മോളിക്കൂളുകള്‍-ആറ്റംസ് എന്നീ അവസ്‌ഥയില്‍ കുറേക്കാലം ഒന്നില്‍ നിലനിന്ന് പിന്നീട് മറ്റൊന്നിലേക്ക് പോകുന്നു (കര്‍മ്മഫലമനുസരിച്ച്).
ഗീത പറയുന്നു:
''വാസാംസി ജീര്‍ണാനി യഥാ വിഹായ
നവാനിഗൃഹ്‌ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാണി
അന്യാതി സംയാതി നവാമി ദേഹി''
എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്‌ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. അതായത് ആത്മാവ് പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. പരമാത്മാവില്‍ അലിഞ്ഞുചേരുന്നതുവരെ എന്നു പറയാം.അപ്പോള്‍ ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു. ഇതിലൂടെ ആത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്‌തമാകുന്നു. ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്. ശ്രീകൃഷ്‌ണന്‍ പറയുന്നു. ''ഇദം ശരീരം കൗന്തേയ- ക്ഷേത്രമിത്യഭിധീയതേ.'' അര്‍ജ്‌ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും. ശരീരത്തിന് സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍; വൈദ്യുതി ഉപകരണത്തിന് എന്തു സംഭവിച്ചാലും വൈദ്യുതിക്ക് ഒന്നും സംഭവിക്കുന്നില്ല.ഇനി ചിന്തിക്കേണ്ടത് ആത്മാവ് എന്തടിസ്‌ഥാനത്തിലാണ് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത് എന്നാണ്. ഇവിടെ നമുക്ക് ശാസ്‌ത്രീയമായി പറയാവുന്ന ഒരു പ്രയോഗം 'കര്‍മ്മഫലം' എന്നാണ്.
ഓരോ വ്യക്‌തിയും മരിച്ചുകഴിഞ്ഞാല്‍ ആ വ്യക്‌തി ചെയ്‌ത 'കര്‍മ്മഫലം' മാത്രമാണ് ആത്മാവിന്റെ കൂടെപ്പോകുന്നത്. തന്റെ കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കാന്‍ പറ്റിയ ശരീരത്തെയാണ് തെരഞ്ഞെടുക്കുന്നത്. അങ്ങനെ ജന്മജന്മാന്തരമായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഏതു ശരീരത്തിനാണോ 'കര്‍മ്മം' അനുഭവിച്ചു തീരാന്‍ ആകാത്തത് അത് അടുത്ത ജന്മത്തിലേക്ക് കൊണ്ടുപോകുന്നു.
''താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ''
നാം ചെയ്‌ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം.വിശാലമായി ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ് ഒരു സൂക്ഷ്‌മജീവി മുതല്‍ ഈ ബ്രഹ്‌മാണ്ഡത്തിലെ സൂര്യഗോളംവരെയാണ്. അതിലേതിന്റേയും നിലനില്‍പ്പിന് കോട്ടം വരുത്തിയാല്‍ അത് പാപവുമാണ്. അതിന്റെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ. അനുഭവിച്ചുതീരുമ്പോള്‍ അതില്‍നിന്ന് മുക്‌തമാകുകയും ചെയ്യും. ആത്മാവിന് കൊണ്ടുപോകാന്‍ പാപകര്‍മ്മഫലങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആത്മാവിന് മോക്ഷപ്രാപ്‌തിയായെന്നു പറയാം.പാപപുണ്യങ്ങള്‍കൊണ്ടുപോകുന്നതിനെ ഇങ്ങനെ ഉപമിക്കാം: വൈദ്യുതി എത്ര ഉയര്‍ന്ന അളവിലായാലും വൈദ്യുതി കമ്പിയില്‍ക്കൂടി പോകുമ്പോള്‍ കമ്പിക്ക് ബാധകമാകാറില്ല. സുഗന്ധമോ, ദുര്‍ഗന്ധമോ ആയാലും വായു അതു പരത്തുമ്പോള്‍ വായുവിന്റെ അസ്‌ഥിത്വത്തെ ബാധിക്കാറില്ല.
കര്‍മ്മഫലം: മൂന്നുതരം. സഞ്ചിതം, ആര്‍ജിതം, പ്രാരബ്‌ധം.
സഞ്ചിതകര്‍മ്മം: കഴിഞ്ഞ ജന്മംവരെയുള്ള ജന്മങ്ങളില്‍ ചെയ്‌ത കര്‍മ്മങ്ങളില്‍ അനുഭവിച്ചു തീര്‍ക്കാത്തത്. ഒരു സഞ്ചിയിലിട്ട് കൊണ്ടുവരുന്നതിനോട് ഉപമിച്ചാല്‍- കഴിഞ്ഞ ജന്മംവരെ ചെയ്‌തതില്‍ അനുഭവിച്ച് തീര്‍ക്കാത്തതാണ് 'സഞ്ചിതകര്‍മ്മം.'
ആര്‍ജിത കര്‍മ്മഫലം: ഈ ജന്മത്തില്‍ ചെയ്‌തു കൂട്ടിയത് അഥവാ ഈ ജന്മത്തില്‍ ആര്‍ജിച്ചത്.
പ്രാരബ്‌ധകര്‍മ്മം: അപ്പപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതിന്റേതാണിത്.
ഇവ മൂന്നും ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കണം.
ഇതില്‍ അനുഭവിച്ച് തീര്‍ക്കാത്ത മൂന്നും അടുത്ത ജന്മത്തിന്റെ തുടക്കത്തില്‍ 'സഞ്ചിതകര്‍മ്മ'മായി ഭവിച്ച് അനുഭവിച്ച് തീര്‍ക്കണം. മനുഷ്യന്‍ അനുഭവിക്കുന്ന സുഖവും, ദുഃഖവുമെല്ലാം അവന്റെ മുന്‍ജന്മ കര്‍മ്മഫലമാണെന്ന് നമ്മുടെ പിതാമഹന്മാര്‍ പറഞ്ഞുകേട്ടിരിക്കും. തീര്‍ത്ഥയാത്രപോലെ ഒന്നാണ് വ്രതാനുഷ്‌ഠാനങ്ങള്‍. വിശപ്പിന്റെ വിലയും, ദുഃഖവും അനുഭവിച്ചു തീര്‍ക്കേണ്ടതായ കുറേ പാപകര്‍മ്മങ്ങള്‍ ഇതുവഴി ഭാഗികമായി അനുഭവിച്ചുതീരുന്നു. ദാനധര്‍മ്മാദികള്‍ക്ക് മഹത്വമുണ്ട്. അര്‍ഹിക്കുന്ന വ്യക്‌തികള്‍ക്കു മാത്രമേ ദാനം ചെയ്യാവൂ. അന്നത്തെ അന്നത്തിന് വകയില്ലാത്തവന് ദാനം ചെയ്‌തതുകൊണ്ടു മാത്രമേ പുണ്യം ലഭിക്കൂ. കഴിവുള്ളവന് ദാനം ചെയ്‌തതുകൊണ്ട് ഒരു പാപകര്‍മ്മത്തിനുമേല്‍ ഒരു കുറവും വരുത്താന്‍ കഴിയില്ല.പലരീതിയില്‍ ദുഃഖിക്കുന്നവരും, അംഗവൈകല്യം സംഭവിച്ചവരും, അന്ധരും, ബധിരരും, മൂകരുമെല്ലാമായി ജനിക്കുന്നത് മുജ്‌ജന്മ ഫലമാണെന്ന് വിശ്വസിച്ചുപോരുന്നു. അങ്ങനെ ജനിക്കുന്നവര്‍ എന്തെന്ത് പാപകര്‍മ്മം ചെയ്‌താണ് അപ്രകാരമുള്ള ശിക്ഷ കിട്ടുന്നതെന്ന് 'വിഷ്‌ണുധര്‍മ്മ ശാസ്‌ത്രത്തില്‍' വിവരിക്കുന്നുണ്ട്. ഉദാഹരണത്തിനായി ചിലത് ഇവിടെ പറഞ്ഞുകൊള്ളട്ടെ!
1. മഹാപാതകികള്‍ 'കുഷ്‌ഠ' രോഗികളായിത്തീരുന്നു.
2. ബ്രഹ്‌മഹത്യാ പാപം ചെയ്‌തവര്‍ 'ക്ഷയ' രോഗികളാത്തീരുന്നു.
3. ജ്‌ഞാന-വിജ്‌ഞാന ഗ്രന്ഥങ്ങള്‍ അപഹരിച്ചവന്‍ 'മൂക'നായി ജനിക്കുന്നു.
4. പശുക്കളെ വധിക്കുന്നവനും, വിളക്ക് അപഹരിക്കുന്നവനും 'അന്ധ'നായിത്തീരുന്നു.
അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. ശ്രീരാമകൃഷ്‌ണ പരമഹംസര്‍, രമണമഹര്‍ഷി എന്നിവര്‍ ജീവിതാന്ത്യത്തില്‍ വളരെ വേദന സഹിച്ചാണ് മരിച്ചത്. ഇതും മുജ്‌ജന്മ ഫലമായി കണക്കാക്കുന്നു.
പുനര്‍ജന്മത്തെക്കുറിച്ച് അതിന്റെ ശാസ്‌ത്രമുഖം പരിശോധിക്കാം. പുനര്‍ജന്മത്തെക്കുറിച്ച് അതിഗഹനമായി പഠിച്ച-ഇപ്പോള്‍ 'മിയാമി' യൂണിവേഴ്‌സിറ്റിയിലെ മനഃശാസ്‌ത്ര പ്രഫസറും സുപ്രസിദ്ധ മനഃശാസ്‌ത്രജ്‌ഞനുമായ ഡോ. ബ്രയന്‍ എല്‍. വയസ് 'റിട്രോഗ്രെസ്സീവ് ഹിപ്‌നോട്ടിസം' എന്ന സംവിധാനത്തിലൂടെയാണ് പുനര്‍ജ്‌ജന്മത്തെക്കുറിച്ച് പഠനം നടത്തിയത്.
ഓരോ വ്യക്‌തിയുടേയും ഇന്നലെകളുടെ ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നത് 'ഹിപ്‌നോട്ടിസ'ത്തിലൂടെ പറയിപ്പിക്കുന്നു. തൊട്ടുള്ള ഭൂതകാലം മുതല്‍ പതിറ്റാണ്ടുകള്‍ക്ക് പുറകോട്ടുപോയി എല്ലാവിവരങ്ങളും ലഭ്യമാക്കുന്നത് റിട്രോഗ്രസ്സീവ്‌ഹിപ്‌നോട്ടിസ'ത്തിലൂടെയാണ്. അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെ അത്ഭുതകരമായ വിവരണങ്ങള്‍ തന്റെ ലക്ഷക്കണക്കിന് വിറ്റഴിക്കപ്പെട്ട Many lives Many Masters, Only Love is real എന്നീ പുസ്‌തകങ്ങള്‍ അതിലെ വിവരണങ്ങള്‍ ആരും തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് സത്യം.ഒരു വ്യക്‌തിക്ക് തന്റെ മാതാവിന്റെ ഗര്‍ഭത്തില്‍ 4-5 മാസം പ്രായമായതിനുശേഷം ഹിപ്‌നോട്ടൈസ് ചെയ്യുന്ന സമയംവരെയുള്ള കാര്യങ്ങള്‍ ഓര്‍മ്മിച്ച് പറയാന്‍ കഴിയുമത്രേ. വ്യക്‌തികളുടെ മനസ്സിലെ ബോധ മനസ്സറിയാത്ത കാര്യങ്ങള്‍ ഉപബോധമനസ്സില്‍നിന്ന് ചികഞ്ഞെടുക്കുന്നു.ഡോ. ബ്രയന്‍ വയ്‌സ് ഒരിക്കല്‍ അസാധാരണ സ്വഭാവത്തിനുടമയായ'കാതറിന്‍' എന്ന സ്‌ത്രീയെ ഹിപ്‌നോട്ടൈസ് ചെയ്യുന്നതിന് മുമ്പുതന്നെ അവര്‍ തന്റെ ബുദ്ധിമുട്ടുകള്‍ സ്വബോധത്തില്‍തന്നെ പറയാന്‍ തുടങ്ങി. ബ്രയന്‍ അവളെ ഹിപ്‌നോട്ടിസത്തിന് വിധേയയാക്കി. അത്ഭുതമെന്നു പറയട്ടെ; ഹിപ്‌നോട്ടിക്ക് വേളയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് പല ഭാഷകളില്‍ അതാതു രാജ്യങ്ങളില്‍ ജന്മമെടുത്തപ്പോള്‍ അവിടെ ഉപയോഗിച്ച 'ഈജിപ്‌ഷ്യന്‍', 'മംഗോളിയന്‍' ഭാഷകളില്‍ ഉത്തരം പറഞ്ഞുവത്രേ. എന്നാല്‍ 'കാ തറിന്‍' എന്ന സ്‌ത്രീ ഒരിക്കലും അമേരിക്കവിട്ട് ഒരിടത്തും പോയിട്ടില്ലാത്തവളാണെന്നോര്‍ക്കണം.ഓരോ ജന്മത്തിലും തന്റെ മാതാപിതാക്കളേയും സുഹൃത്തുക്കളേയും ജന്മസ്‌ഥലവും ജോലിയുമെല്ലാം കാതറിന്‍ വളരെ വ്യക്‌തമായി- അദൃശ്യമായ മാസ്‌റ്റര്‍ ഏയ്‌ഞ്ചലിന്റെ സഹായത്തോടെ ഡോക്‌ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞുവത്രേ.
എന്താണ് പാപകര്‍മ്മം
കര്‍മ്മത്തിന്റെ ഭാഗമായി ചിലര്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ അതു ചെയ്യുന്ന വ്യക്‌തിയെ ബാധിക്കില്ല. ഉദാ: ഒരു പട്ടാളക്കാരന്‍ ശത്രുവിനെ വധിക്കേണ്ടിവരുമ്പോള്‍ കര്‍മ്മഫലം രാഷ്‌ട്രത്തിന്റേതായിത്തീരുന്നു. 'ഒരാരാച്ചാര്‍' ഒരു കുറ്റവാളിയെ തൂക്കിലേറ്റുമ്പോള്‍ ആ കര്‍മ്മം സമൂഹത്തിന്റേതായിത്തീരുന്നു.മേല്‍വിവരിച്ച പുനര്‍ജന്മമനുസരിച്ച് ഏവര്‍ക്കും ഉണ്ടാകാവുന്ന ഒരു സംശയമാണ് 'പിതൃകര്‍മ്മം'.ആത്മാവ് വീണ്ടും വീണ്ടും പുതിയ ശരീരം സ്വീകരിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ആര്‍ക്കാണ് പിതൃകര്‍മ്മം ചെയ്യുന്നത്?ഉത്തരം ഇതാണ്- പിതൃകര്‍മ്മത്തിന് പ്രാധാന്യമുള്ളതുകൊണ്ടും, മുന്‍തലമുറയോടുള്ള നന്ദിപ്രകടനവുമായാണ് പിതൃകര്‍മ്മം അനുഷ്‌ഠിക്കുന്നത്. പിതൃകര്‍മ്മം, പിതൃക്കളുടെ വിശപ്പടക്കാനോ, അവരുടെ ആത്മാവിന്റെ കൂടെക്കൊണ്ടുപോകുന്ന 'കര്‍മ്മഫലം' ഇല്ലാതാക്കാനോ അല്ല. പിതൃകര്‍മ്മാനുഷ്‌ഠാനം സ്വന്തം അച്‌ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ് ഇവരുടെ വംശത്തില്‍പ്പെട്ടവര്‍ക്കു മാത്രമല്ല, ജന്മജന്മാന്തരങ്ങളായി നേരിട്ടും, പരോക്ഷമായും സഹായിച്ച ആശ്രിതന്‍, സുഹൃത്തുക്കള്‍, ജന്തുജാലങ്ങള്‍, സസ്യലതാദികള്‍... എന്നിവര്‍ക്ക് നന്ദിപറയാനും കൂടിയാണ്. മാതാപിതാക്കളുടെ ആത്മാവ് പുനര്‍ജനിച്ചാലും സ്വര്‍ഗ്ഗത്തിലോ, നരകത്തിലോ പോയാലും പിതൃകര്‍മ്മം നാം ജീവിച്ചിരിക്കുന്നവരെ അനുഷ്‌ഠിക്കണം. കര്‍മ്മഫലങ്ങളുടെ ഗതിവിഗതികള്‍ ഇങ്ങനെ ഇരിക്കേ സത്യധര്‍മ്മങ്ങള്‍ക്ക് മൂല്യച്യുതി വന്നിട്ടുള്ള ഈ കാലത്ത് ധനത്തിനുവേണ്ടി ഏത് അധര്‍മ്മവും ചെയ്യാന്‍ തയ്യാറാകുന്ന 'ക്വട്ടേഷന്‍' സംഘങ്ങള്‍, നീതിക്കുവേണ്ടി കോടതി കയറിയിറങ്ങി കാലം വ്യര്‍ത്ഥമാക്കാതെ അക്കാര്യം 'ക്വട്ടേഷന്‍' സംഘത്തെ ഏല്‌പിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യസമൂഹം കര്‍മ്മഫലത്തെയും പുനര്‍ജന്മരീതിയേയും കുറിച്ച് ഒന്ന് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ നമ്മുടെ ജയിലറകള്‍ പലതും കാലിയായേനെ. സ്‌ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയും കുറയുമായിരുന്നു. ഈ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്ന ഒരു നാളെയെ കാണാന്‍ നമുക്കാവുമോ?
No comments:
Post a Comment