കേനോപനിഷത്ത്
ഭാരതീയദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് കേനോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്ത് മുഖ്യ ഉപനിഷത്തുകളുടെ പട്ടികയിൽ ഇത് ഉൾപ്പെടുന്നു. സത്യാന്വേഷണത്തിന് ശക്തമായ പ്രേരണ നൽകുന്ന ഒരു രചനയാണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള ആത്യന്തിക സത്യം എന്താണെന്ന ചോദ്യം നാടകീയമായി ഉന്നയിച്ച് മറുപടി പറയുകയാണ് ഈ ഉപനിഷത്ത്. സാമവേദത്തിൽ പെടുന്ന തളവകാരബ്രാഹ്മണത്തിന്റെ ഭാഗമാണ് കേനോപനിഷത്ത്.
മിക്കവാറും എല്ലാ ഉപനിഷത്തുകളുടേയും കാര്യത്തിലെന്നപോലെ കർത്തൃത്വം അജ്ഞാതമായിരിക്കുന്ന ഈ ഉപനിഷത്തും അറിയപ്പെടുന്നത് ഏതെങ്കിലും രചയിതാവിന്റെ പേരിലല്ല. ഈശ്വാവാസ്യോപനിഷത്തിനെപ്പോലെ, ഇതിന്റെ പേരും ആദ്യമന്ത്രത്തിന്റെ തുടക്കത്തെ അവലംബിച്ചാണ്. ആദ്യമന്ത്രത്തിലെ ആദ്യവാക്കാണ് 'കേനം'. ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്ന്, "കേനേഷിതോപനിഷത്ത്" എന്ന പേരും ഇതിനുണ്ടെങ്കിലും ആ പേരിന് പ്രചാരം കുറവാണ്. ഉപനിഷത്ത് ഉൾക്കൊള്ളുന്ന ബ്രാഹ്മണത്തെ ആശ്രയിച്ച്, തളവകാരോപനിഷത്തെന്ന പേരും ഇതിനുണ്ട്.
താരതമ്യേന ചെറിയ ഉപനിഷത്താണ് കേനം. ആകെ 34 മന്ത്രങ്ങളാണ് ഇതിലുള്ളത്. അവ നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
🔱 ഒന്നാം ഭാഗം
ഇടംവലം നോക്കാതെ ബ്രഹ്മജ്ഞാനത്തിന്റെ തേജകേന്ദ്രത്തിലേയ്ക്ക് കുതിച്ചു ചാടുന്ന ഉപനിഷത്തെന്ന് കേനം വിശേഷിക്കപ്പെട്ടിട്ടുണ്ട്. മുഖവുരയൊന്നുമില്ലാതെ അന്വേഷണത്തിനു വിഷയമായ സമസ്യ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. ആ ആദ്യമന്ത്രം ഇതാണ്:-
💢 “കേനേഷിതം പതതി പ്രേഷിതം മനഃ
കേന പ്രാണഃ പ്രഥമഃ പ്രൈതി യുക്തഃ
കേനേഷിതാം വാചമിമാം വദന്തി
ചക്ഷുഃ ശ്രോത്രം ക ഉ ദേവോ യുനക്തി” 💢
"മനസ്സിനെ വിഷയങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇച്ഛവഴി പ്രേരിപ്പിക്കുന്നതെന്താണ്? പ്രാണൻ ഇളകുന്നത് ഏതിന്റെ നിയോഗം മൂലമാണ്? ഏത് ആഗ്രഹിച്ചിട്ടാണ് വാക്ക്പറയുന്നത്? കണ്ണിനേയും ചെവിയേയും നയിക്കുന്നത് ഏതു ദേവനാണ്" എന്നാണ് ഇതിന്റെ ഏകദേശമായ അർത്ഥം.
ഈ ചോദ്യത്തിന് അടുത്ത മന്ത്രം മറുപടി പറയുന്നത് "ചെവിയുടെ ചെവിയും (ശ്രോത്രസ്യ ശ്രോത്രം) മനസ്സിന്റെ മനസ്സും, വാക്കിന്റെ വാക്കും, ജീവശ്വാസത്തിന്റെ തന്നെ ജീവനും, കണ്ണിന്റെ കണ്ണും ആയതിനെ" ചൂണ്ടിക്കാട്ടി, (അതിനെ അറിയുന്ന) ബുദ്ധിമാന്മാർ മുക്തിയിൽ ഈ ലോകത്തിനപ്പുറം കടന്ന് അമരന്മാരായിത്തീരുന്നു എന്നാണ്. വക്കുകൾ കൊണ്ട് പറയാനാകാത്തതും വാക്കിനെ പറയിപ്പിക്കുന്നതുമായ അതല്ലാതെ മറ്റൊന്നുമല്ല ബ്രഹ്മം. മനസ്സിന്റെ ചിന്തയിൽ ഒതുങ്ങാത്തതെങ്കിലും മനസ്സിനെ ചിന്തിപ്പിക്കുന്നത് അതാണ്. കണ്ണ് അതിനെ കാണുന്നില്ല, എന്നാൽ കണ്ണിന്റെ കാഴ്ച അതാണ്. അതിന്റെ കേൾവി ചെവി കൊണ്ടല്ല, എന്നാൽ ചെവി കേൾക്കുന്നത് അതിനാലാണ്. അത് ശ്വാസത്തെ ആശ്രയിക്കുന്നില്ല. എന്നാൽ ജീവശ്വാസത്തെ വഴിനടത്തുന്നത് അതാണ്.
🔱 രണ്ടാം ഭാഗം
ബ്രഹ്മത്തെ തന്നിൽ നിന്ന് വ്യത്യസ്തമായ എന്തോ ഒന്നായി അറിയുന്നുവെന്നു കരുതുന്നവൻ അതിനെ അറിയുന്നില്ല എന്നാണ് ഈ ഭാഗത്തെ ആദ്യമന്ത്രത്തിനർത്ഥം. അവനവനിലും ദൈവങ്ങളിലും കുടികൊള്ളുന്ന ഒന്നായി വേണം അതിനെ അന്വേഷിക്കാൻ. തന്നിൽ തന്നെ അതിനെ അറിയുക എന്നതാണ് ശരിയായ വഴി. എല്ലാ ദ്വന്ദഭാവത്തിനും അതീതമായ അതിനെ ബുദ്ധികൊണ്ടു പ്രാപിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്.
🔱 മൂന്നാം ഭാഗം
ബ്രഹ്മസ്വഭാവത്തെ ഒരു കഥയിലൂടെ വിവരിക്കുകയാണ് ഈ ഭാഗത്ത്: ദേവന്മാർക്കുവേണ്ടി ബ്രഹ്മം നേടിയ വിജയങ്ങളിൽ അഹങ്കരിച്ച അവർ അത് സ്വന്തം നേട്ടമായി കരുതി. ഇതറിഞ്ഞ ബ്രഹ്മം അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അവർക്ക് അതിനെ മനസ്സിലാക്കാനോ നേരിടാനോ കഴിഞ്ഞില്ല. ആദ്യം ബ്രഹ്മത്തിനു നേരെ ചെന്ന അഗ്നിയ്ക്ക് ബ്രഹ്മം അതിനു മുൻപിൽ വച്ച പുൽക്കൊടിയെപ്പോലും എരിക്കാൻ ആമായില്ല. പിന്നീട് ചെന്ന വായു ആഞ്ഞടിച്ചിട്ടും ആ പുൽക്കൊടിയെ ഇളക്കാനായില്ല. തുടർന്ന്, ഏതാണ് ഈ ശക്തിയെന്നറിയാൻ ദേവന്മാർ ഇന്ദ്രനെത്തന്നെ അയച്ചെങ്കിലും ബ്രഹ്മം മറഞ്ഞുകളഞ്ഞതിനാൽ ഇന്ദ്രനും അതിനെ മനസ്സിലാക്കാനായില്ല. അപ്പോൾ അവിടെ അറിവിന്റെ ശാലീനത നിറഞ്ഞ ഹിമവാന്റെ പുത്രി ഉമ പ്രത്യക്ഷപ്പെട്ടു. ഏതാണീ ശക്തിയെന്ന് ഇന്ദ്രൻ അവളോടു ചോദിച്ചു.
🔱 നാലാം ഭാഗം
"അത് ബ്രഹ്മമായിരുന്നു, നിങ്ങളുടെ വിജയങ്ങൾ ബ്രഹ്മത്തിന്റെ വിജയമായിരുന്നു" എന്ന് ഉമ ദേവന്മാരോടു പറഞ്ഞു. അങ്ങനെ ബ്രഹ്മത്തെ അറിയാനായതിനാലാണ് ദേവന്മാരിൽ അഗ്നിക്കും വായുവിനും ഇന്ദ്രനും മഹത്ത്വം ഏറുന്നത്.
ഉപനിഷത്ത് അവസാനിക്കുന്നത് ബ്രഹ്മത്തിന്റെ മഹ്വത്ത്വം വിവരിക്കുകയും ബ്രഹ്മസാക്ഷാത്കാരത്തിന് ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിക്കുകയും ചെയ്തുകൊണ്ടാണ്. ഇടിമിന്നലിലും മനുഷ്യന്റെ കണ്ണിലും എല്ലാം പ്രകാശിക്കുന്നത് ബ്രഹ്മമാണ്. ചിന്തിക്കാനും ആഗ്രഹിക്കാനും തീരുമാനിക്കാനും മനസ്സിന് ശക്തിനൽകുന്നത് ബ്രഹ്മമാണ്. അതിനാൽ മനസ്സിനെ ബ്രഹ്മസാധനക്കായി ഉപയോഗിക്കണം. ബ്രഹ്മത്തെ ധ്യാനിക്കുന്നവർ എല്ലാവർക്കും പ്രിയങ്കരരായിത്തീരുന്നു. ഇന്ദ്രിയനിഗ്രഹവും ആശകളുടെ നിയന്ത്രണവുമാണ് ബ്രഹ്മസാധനയുടെ വഴി. ബ്രഹ്മപ്രാപ്തർ എല്ലാ തിന്മകളേയും കീഴടക്കി പരമപദം പ്രാപിക്കുന്നു.
No comments:
Post a Comment