വാസ്തു വിദ്യ - ഒരു അവലോകനം
വാസ്തുജ്ഞാനമഥാത: കമലഭവാന്മുനിപരമ്പരായാതം
ക്രിയതേധുനാ മയേദം....
ബ്രഹ്മാവില്‍ നിന്നുളവായി മുനിപരമ്പരയിലൂടെ സിദ്ധമായ വാസ്തുജ്ഞാനം ഇപ്പോള്‍ എന്നാല്‍ എഴുതപ്പെടുന്നു.
ബ്രഹത്സംഹിത (53.1)
ഭാരതീയ സംസ്കാരത്തിന്‍റെ ഊടും പാവുമാണ് വേദങ്ങള്‍. ബ്രഹ്മാവിന്‍റെ മുഖത്തുനിന്നും ആവിര്‍ഭവിച്ച ചതുര്‍വേദങ്ങളായ ഋഗ് വേദം, യജുര്‍ വേദം, സാമവേദം, അഥര്‍വ്വ വേദം എന്നിവയ്ക്ക് ഉപവേദങ്ങള്‍ ഉണ്ട്. ഋഗ് വേദത്തിന് ആയുര്‍വ്വേദവും, യജുര്‍വേദത്തിനു ധനുര്‍ വേദവും, സാമവേദത്തിന് ഗാന്ധര്‍വ വേദവും അഥര്‍വ്വവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളാകുന്നു.
അഥര്‍വ്വ വേദത്തിന്‍റെ ഉപവേദമായ സ്ഥാപത്യ വേദത്തില്‍ വാസ്തു വിദ്യ, ശില്‍പവിദ്യ, ചിത്രകല എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണ ചുമതലക്കാരില്‍ പ്രധാനിയായ സ്ഥപതിയെ സംബന്ധിക്കുന്നതിനാല്‍ ഈ ശാസ്ത്രത്തിന് “സ്ഥാപത്യ വേദം” എന്ന് പറയുന്നു.
സാമൂഹ്യ ജീവിയായ മനുഷ്യന്‍റെ ഭൌതികവും ആത്മീയവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിരവധി നിര്‍മ്മിതികള്‍ ഉണ്ട്. അവയുടെ ആസൂത്രണം, രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം എല്ലാം വാസ്തുവില്‍ പെടുന്നു. “വസ്” എന്ന സംസ്കൃത ധാതുവില്‍ നിന്ന് വാസ്തു പദം ഉത്ഭവിച്ചു. ”വസ്” എന്നാല്‍ താമസിക്കുക, കുടികൊള്ളുക എന്നാണ് അര്‍ത്ഥം. മനുഷ്യനു പുറമേ മൃത്യു ഉള്ള സര്‍വ്വ ജീവജാലങ്ങളും, മൃത്യു ഇല്ലാത്തവരായ ദേവി ദേവന്മാരും, ആത്മാക്കളും വസിക്കുന്ന സ്ഥൂലവും സൂക്ഷ്മവും ആയ വാസസ്ഥാനങ്ങളെല്ലാം വാസ്തുവില്‍ ഉള്‍പ്പെടുന്നു. മര്‍ത്യാമര്‍ത്യരുടെ ആവാസ സ്ഥാനം വാസ്തുവെന്ന് മയമതം പറയുന്നു.
“വസന്തി പ്രാണിനോ യത്ര ഇതി വാസ്തു”
പ്രാണന്‍ ഉള്ള എല്ലാറ്റിനും വസിക്കാനുള്ളതാണ് വാസ്തു.
ശ്രീകുമാരന്‍റെ “ശില്‍പ രത്നാകര” ത്തില്‍ പറഞ്ഞിരിക്കുന്നത് സ്ഥാവരവും ജംഗമവും ആയ എല്ലാ വസ്തുക്കളും കണ്ട്, അറിഞ്ഞ്, അനുഭവിച്ച് ”വസ്തു”വിനെ ശില്‍പിയുടെ കാഴ്ചപ്പാടില്‍ ഭാവനാ വിലാസത്തോടെ ആവിഷ്ക്കരിക്കുമ്പോള്‍ “വസ്തു” വാസ്തുവായിത്തീരുന്നു. വാസ്തുപ്രമാണങ്ങളില്‍ “മാനം” അഥവാ അളവുകള്‍ എത്ര കൃത്യതയോടെയാണ് കൈകാര്യം ചെയ്യുന്നത്. സൂക്ഷ്മതയുള്ള അളവുകള്‍ മനുഷ്യരിലും സര്‍വ്വ ജീവജാലങ്ങളിലും കാണപ്പെടുന്നു.
പക്ഷികള്‍ കൂടു കെട്ടുന്നതും, ജീവികള്‍ മാളങ്ങള്‍ നിര്‍മ്മിക്കുന്നതും നിരീക്ഷിച്ചാല്‍ പ്രത്യേകമായ പരിശീലനം കൂടാതെ അവ മാനപ്രമാണങ്ങള്‍ അനുസരിച്ച് ഓരോ പ്രദേശത്തും ലഭ്യമായ
വസ്തുക്കള്‍ കൊണ്ട് വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതായി കാണാം. അളവുകള്‍ പാലിക്കാന്‍ പക്ഷി മൃഗാദികള്‍ക്ക് സ്വതസ്സിദ്ധമായ കഴിവുകളുണ്ട്. ഈ കഴിവുകള്‍ മനുഷ്യന്‍ പ്രായോഗിക തലങ്ങളില്‍ ശാസ്ത്രീയമായി രൂപപ്പെടുത്തി പ്രയോഗിക്കുന്നു.
കുരങ്ങുകള്‍ ഒരു മരക്കൊമ്പില്‍ നിന്നു മറ്റൊന്നിലേക്ക് ചാടുമ്പോള്‍ ഏറെ മാനങ്ങള്‍ പരിഗണിക്കുന്നുണ്ട്. കുതിക്കുന്നതും ചാടിപ്പിടിക്കുന്നതുമായ ശിഖരങ്ങളുടെ ഭാരവഹന ശേഷിയും ചാടുന്ന ദൂരത്തിന് അനുസരിച്ചു പ്രയോഗിക്കേണ്ട ശക്തിമാനവും മാനനിര്‍ണ്ണയത്തില്‍ പെടുന്നു. ഇതുപോലെ ദേശാടനപ്പക്ഷികള്‍ ദൂര-ഉയരമാന സംവിധാനങ്ങളോ, ദിക്ക് നിര്‍ണ്ണയ ഉപകരണങ്ങളോ കൂടാതെ അവയെല്ലാം കൃത്യമായി മാനം ചെയ്ത് തങ്ങള്‍ക്ക് എത്തിച്ചേരേണ്ട ഇടത്ത് എത്തുകയും മടങ്ങി സ്വദേശങ്ങളിലെത്തുകയും ചെയ്യുന്നുണ്ടല്ലോ.
ഇന്ന് മനുഷ്യനിര്‍മ്മിതമായ ആകാശയാനങ്ങള്‍ യന്ത്ര സഹായത്താല്‍ ദൂര-ഉയരമാന-ദിക്ക് നിര്‍ണ്ണയങ്ങള്‍ സാധിക്കുന്നു; എന്നാല്‍ അവ പലപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കുകയും, അപകടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ടല്ലോ; അപ്പോള്‍ പക്ഷികള്‍ക്ക് ഈശ്വര ദത്തമായി ലഭിച്ച കഴിവുകള്‍ക്ക് പകരം വെയ്ക്കാന്‍ മനുഷ്യനിര്‍മ്മിതമായ ഒന്നിനും സാദ്ധ്യമല്ല എന്ന് നിസ്സംശയം പറയാം.
മനുഷ്യന്‍ സ്വന്തം ധിഷണാശക്തി ഉപയോഗിച്ച്, പ്രകൃതിയില്‍ നിന്നും പലതും ഉള്‍ക്കൊണ്ട് ആവിഷ്കരിച്ച ശാസ്ത്രമാണ് വാസ്തു.
ആദ്ധ്യാത്മികതയും ശാസ്ത്രവും സമ്മേളിക്കുന്ന വസ്തുവിദ്യാപാരമ്പര്യമാണ് ഭാരതത്തിന് ഉള്ളത്. ഋഷീശ്വരന്മാരുടെ അര്‍പ്പണ ബുദ്ധിയോടുകൂടിയ നിരീക്ഷണ പരീക്ഷണങ്ങളാണ് ഇന്നത്തെ വാസ്തു വിദ്യയുടെ അടിസ്ഥാനം.
സ്ത്രീപുത്രാദിഭോഗ സൌഖ്യ ജനകം ധര്‍മ്മാര്‍ത്ഥകാമപ്രദം
ജന്തൂനാം ലയനം സുഖാസ്പദമിദം ശീതാംശുകര്‍മ്മാപഹം
വാപി ഗേഹ ഗൃഹാദി പുണ്യമഖിലം ഗേഹാല്‍ സമുദ്പദ്യതേ
ഗേഹം പൂര്‍വ്വ മുശന്തി തേന വിബുധാ: വിശ്വകര്‍മ്മാദയ:
സ്ത്രീപുത്രാദി ഭോഗങ്ങളുടെയും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെയും ഉറവിടം ഭവനമാണ്. മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കുപോലും ഗൃഹം അത്യന്താപേക്ഷിതമാണ്. കൊടും തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും ഗൃഹം നമ്മെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ സകല സുഖങ്ങള്‍ക്കും നിദാനമായി ഭവനം വര്‍ത്തിക്കുന്നു.
മാനപ്രമാണ സംയുക്താം
ശാലാം തത്രൈവയോജയേല്‍
ആയുരാരോഗ്യ സൌഭാഗ്യം
ലഭതേ നാസംശയ:
കൃത്യമായി അളവുകളോടുകൂടി നിര്‍മ്മിക്കുന്ന ഭവനങ്ങള്‍ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യും. മനുഷ്യനു മാത്രമല്ല, സര്‍വ്വ ചരാചരങ്ങളുടെയും ജീവിതത്തിലെ സുഖാനുഭവങ്ങളെ നിയന്ത്രിക്കുവാനുള്ള അലൌകിക ശക്തി ഓരോ ഭൂഭാഗത്തിനും ഗൃഹഭാഗത്തിനും ഉണ്ട്. ശാരീരികവും മാനസികവുമായ കാര്യങ്ങള്‍ സൂക്ഷ്മ ചിന്തയിലൂടെ വാസ്തുശാസ്ത്രം ചര്‍ച്ച ചെയ്യുന്നു.
“വാസ്തു ശാസ്ത്രം കരിഷ്യാമി ലോകാനാം ഹിതകാരയാ”
വാസ്തു ശാസ്ത്രം ലോകത്തിന്‍റെ ഹിതത്തിനു വേണ്ടിയാണ്.
കേരളീയ വാസ്തുവിദ്യ, ഭാരതീയ വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെ കാലാവസ്ഥയ്ക്ക് അനുകൂലമായ, പ്രകൃതിക്ക് ഇണങ്ങുന്ന കലാവൈദഗ്ധ്യം നിറഞ്ഞ നിര്‍മ്മിതികളുടെ രൂപകല്‍പ്പന നടത്തി. കേരളത്തില്‍ മഴകൂടുതല്‍ ആണ്. വേനലില്‍ തീഷ്ണമായ വെയില്‍ ചൂടു വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷത്തില്‍ പകുതിയോളം ലഭിക്കുന്ന കനത്ത മഴയില്‍ നിന്ന് രക്ഷ നേടുവാന്‍ ചരിഞ്ഞ മേല്‍ക്കൂരയുള്ള നിര്‍മ്മിതികള്‍ സഹായിച്ചു. ഈര്‍പ്പം കടക്കാത്ത, ഉയര്‍ന്ന അധിഷ്ടാനങ്ങളും, കാറ്റിലും, ശക്തമായ വെയിലില്‍ നിന്നും രക്ഷ നല്‍കുന്ന ഉയരം കുറഞ്ഞ ചുമരുകളും കാലാവസ്ഥയ്ക്ക് അനുയോജ്യമായി ആസൂത്രണം ചെയ്തവയാണ്. കാറ്റിന്‍റെ ദിക്കിലേക്ക് ദര്‍ശനമായ മുറികളും നേര്‍ക്കുനേരെയുള്ള വാതിലുകളും വായുസഞ്ചാരം സുഗമമാക്കിത്തീര്‍ത്തു. വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ചെങ്കല്ല് (വെട്ടുകല്ല്) സുലഭമാണ്. അവിടെയുള്ള ഗൃഹ, ക്ഷേത്ര നിര്‍മ്മിതികള്‍ ചെങ്കല്ല് കൊണ്ടാണ്.
പ്രാചീന വാസ്തുവിദ്യാ ഗ്രന്ഥങ്ങള്‍ വാസ്തുവിനെ നാലായി വിഭജിച്ചിരിക്കുന്നു:
1. ഭൂവാസ്തു
2. ഹര്‍മ്മ്യവാസ്തു
3. യാനവാസ്തു
4. ശയനവാസ്തു.
സമസ്ത ജീവജാലങ്ങള്‍ക്കും ചരാചരവസ്തുക്കള്‍ക്കും ആധാരമായി നിലകൊള്ളുന്നത് ഭൂമിയാണ്. നമുക്കു ചുറ്റും കാണുന്ന മനുഷ്യനിര്‍മ്മിതമെന്നു പറയപ്പെടുന്ന എല്ലാം തന്നെ ഭൂമിയില്‍ നിന്നും ലഭിച്ചതാണ്. അവയ്ക്ക് ഭൌതികമോ, രാസപരമോ ആയ രൂപഭേദങ്ങള്‍ വരുത്തി മനുഷ്യന് ഉപയോഗപ്രദമാക്കുന്നു. (Engineer makes surroundings fit for man to live in) അവയെല്ലാം തന്നെ ഭൂമിയിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. ഭൂമി മാതാവാണ്, ശക്തികേന്ദ്രവും ഊര്‍ജ്ജ സ്രോതസ്സുമാണ്. അപ്പോള്‍ മനുഷ്യന്‍റെ നിലനില്‍പ്പ് ഭൂമിയെ കൊണ്ടാണ്.
ബ്രഹദാരണ്യകോപനിഷത്തിലെ ദര്‍ശന പ്രകാരം സര്‍വ്വ ജീവജാലങ്ങളും ഈ ഭൂമിയുടെ മധുവാകുന്നു. പ്രഭാതത്തില്‍ ഉണര്‍ന്ന് ഭൂവന്ദനം ചെയ്ത് പാദസ്പര്‍ശം ക്ഷമിക്കണമെന്ന് ഭൂമിയോട് അപേക്ഷിക്കുന്നത് പൌരാണിക ഭാരതീയരുടെ നിത്യാചാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
സ്ഥലം, ജലം, വൃക്ഷം എന്നിവയാണ് ഭൂമിയുടെ അധിവാസ യോഗ്യത നിര്‍ണ്ണയിക്കുന്നതിലെ മുഖ്യ ഘടകങ്ങള്‍. ശീതോഷ്ണാവസ്ഥ, വര്‍ഷപാതം, കാറ്റിന്‍റെ ദിശ, ഭൂഗര്‍ഭഘടന, ഭൂപ്രകൃതിയിലെ നിമ്നോന്നതങ്ങള്‍ എല്ലാം സ്ഥലഗുണങ്ങളില്‍ പെടുന്നു. ഭൂഗര്‍ഭത്തിലും ഉപരിതലത്തിലുമുള്ള ജലലഭ്യത, ജലത്തിന്‍റെ സ്വസ്ച്ചത, പ്രവാഹഗതി എന്നിവ ജലഗുണങ്ങളും വൃക്ഷങ്ങളുടെ ഔഷധമൂല്യവും, പുഷ്പഫല സാന്നിദ്ധ്യവും ഉപയോഗപരതയും വൃക്ഷ ഗുണങ്ങളായും പരിഗണിക്കുന്നു. ഈ ഗുണത്രയമാണ് ഗൃഹം നിര്‍മ്മിക്കാനുള്ള ഭൂമി തിരഞ്ഞെടുക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍.
ഗോമര്‍ത്തൈ: ഫലപുഷ്പദുഗ്ദ്ധതരുഭി
ശ്ച്യാഡ്യാ സമാ പ്രാക്പ്ലവാ
സ്നിഗ്ധാ ധീരരവാ പ്രദക്ഷിണ ജലോ-
പേതാശു ബീജോല്‍ഗമാ
സംപ്രോക്താ ബഹുപാംസുരക്ഷയജലാ
തുല്യാ ച ശീതോഷ്ണയോ:
ശ്രേഷ്ടാ ഭൂ, രധമാ സമുക്ത വിപരീ-
താ, മിശ്രിതാ മദ്ധ്യമാ
(മനുഷ്യാലയ ചന്ദ്രിക)
പശുക്കള്‍ക്കും, മനുഷ്യര്‍ക്കും പൊതുവേ താമസത്തിന് ഉതകുന്ന പ്രദേശം തന്നെ വേണം നോക്കി സ്വീകരിക്കേണ്ടത്. ശുദ്ധ ജലവും ശുദ്ധ വായുവും ഉള്ള സ്ഥലമാണ് വസിക്കാന്‍ ഉത്തമമെന്നു സാരം. പുഷ്പ ഫല വൃഷങ്ങള്‍ ധാരാളം ഉണ്ടായിരിക്കുന്നത് വളരെ ശോഭനമാണ്. കുന്നും കുഴിയും കൂടാതെ സമനിരപ്പായോ, കിഴക്കോട്ട് അല്‍പ്പം ചരിഞ്ഞതോ ആയ ഭൂമി നന്നാണ്.
മിനുസമുള്ളതും, ചവുട്ടിയാല്‍ ഗംഭീര ശബ്ദമുണ്ടാവുന്നതും പ്രദക്ഷിണമായി ജലമൊഴുകുന്നതും, വിത്തിട്ടാല്‍ പെട്ടെന്ന് മുളയ്ക്കുന്നതും, ഒരു കുഴി കുഴിച്ച് ആ മണ്ണുകൊണ്ടു തന്നെ കുഴി നികത്തിയാല്‍ മണ്ണു ശേഷിക്കുന്നതും ഒരിക്കലും വെള്ളം വറ്റാത്തതും ശീതകാലത്തു അതി ശൈത്യവും ഉഷ്ണകാലത്ത് കൂടുതല്‍ ഉഷ്ണവും ഇല്ലാത്തതുമായ പ്രദേശം താമസത്തിന് ഉചിതമാകുന്നു.
വാസ്തുവിദ്യ കെട്ടിട നിര്‍മ്മാണ ശാസ്ത്രമാണല്ലോ. വിവിധ നിര്‍മ്മിതികള്‍ അതിന്‍റെ പരിധിയില്‍ വരുന്നു. ഹര്‍മ്മ്യ വാസ്തുവിനെ സൌകര്യാര്‍ത്ഥം ഗൃഹവാസ്തുവെന്നും പ്രാസാദ വാസ്തുവെന്നും രണ്ടായി വിഭജിക്കാം. ഗൃഹ വാസ്തുവില്‍, കൊട്ടാരങ്ങള്‍, വീടുകള്‍. കമ്പോളങ്ങള്‍, പാഠശാലകള്‍, ലായങ്ങള്‍, കോട്ടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇവയില്‍ ഏറ്റവും പ്രധാനം മനുഷ്യാലയമാകുന്നു. കല്പാന്തകാലത്തോളം നിലനില്‍ക്കേണ്ട ശ്രേഷ്ഠ നിര്‍മ്മിതികള്‍ ആണ് പ്രാസാദങ്ങള്‍(ക്ഷേത്രങ്ങള്‍).
“പ്രാസാദ ഇതി പ്രാസാദം” എന്ന പ്രമാണ പ്രകാരം മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നതാണ് പ്രാസാദം. അതിനാല്‍ ഉത്തുംഗമായ രൂപകല്‍പ്പനയയും അതിശ്രേഷ്ടമായ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മിതിയും, ശില്‍പ ചിത്രാലങ്കാരങ്ങളും പ്രസാദങ്ങളില്‍ സമ്മേളിക്കുന്നു. ക്ഷേത്രങ്ങളില്‍ ചെല്ലുമ്പോള്‍ ഒരു പ്രത്യേക സന്തോഷം, സമാധാനം ഒക്കെ അനുഭവപ്പെടാറില്ലേ?
സ്ഥാവര സ്വഭാവമുള്ള, ചലിക്കാന്‍ കഴിയാത്തവയാണ് സ്ഥിരവാസ്തുക്കള്‍. ഭൂമിയും ഹര്മ്മ്യവും(ഗൃഹം) ഇതില്‍പ്പെടുന്നു. എന്നാല്‍ യാനശയനാദികള്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കൊണ്ടു പോകാവുന്നതാണ്; അതിനാല്‍ അവ ചരവാസ്തുക്കളാണ്. ശിബികം (പല്ലക്ക്, ഡോളി), സ്യന്ദനം (രഥം,വണ്ടി), പ്ലവഗം(ചങ്ങാടം,വള്ളം) എന്നിവയാണ് മുഖ്യ യാനവാസ്തുക്കള്‍. കൃത്യമായ കണക്കുകള്‍ അനുസരിച്ചാണ് ചുണ്ടന്‍ വള്ളങ്ങള്‍ നിര്‍മ്മിക്കുന്നത്. വിമാനത്തെയും പ്ലവഗ വാസ്തുവില്‍ ഉള്‍പ്പെടുത്താം. യാനവാസ്തു പ്രമാണങ്ങളില്‍ ഇവയുടെ നിര്‍മ്മാണ സംബന്ധമായ കണക്കുകള്‍ വിവരിക്കുന്നു. ആകാശയാനങ്ങളെക്കുറിച്ച് ഭരദ്വാജ പ്രണീതമായ യന്ത്ര സര്‍വ്വസ്വം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്.
ആസനവും ശയനീയവുമാണ് ശയനവാസ്തുവില്‍ പെടുന്നത്. പീഠം, കസേര, മഞ്ചല്‍, കട്ടില്‍, തൊട്ടില്‍ തുടങ്ങിവയൊക്കെ ഇതില്‍പ്പെടുന്നു. ഇവയുടെ നിര്‍മ്മാണ ക്രമവും, കണക്കുകളും വാസ്തു ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉപയോഗിക്കാവുന്ന വൃക്ഷങ്ങളെപ്പറ്റിയും വ്യക്തമായി നിഷ്കര്‍ഷിച്ചിരിക്കുന്നു. കാഞ്ഞിരം കട്ടില്‍ നിര്‍മ്മിക്കാന്‍ വിശേഷമാണ്.
ധര്‍മ്മകര്‍മ്മങ്ങള്‍ അറിയുകയും ആചരിക്കുകയും ചെയ്യുന്നവര്‍, ഈശ്വരഭക്തിയുള്ളവര്‍, സാത്വിക ഭക്ഷണം കഴിക്കുന്നവര്‍, സത്ചിന്തകളും സത്പ്രവൃത്തികളുമുള്ളവര്‍ ഇവരില്‍ മാത്രമേ വാസ്തു മണ്ഡല ദേവതകള്‍ പ്രസാദിക്കുകയും, വാസ്തു ശുഭഫലങ്ങള്‍ നല്‍കുകയുമുള്ളു എന്നാണ് ആചാര്യ മതം.
No comments:
Post a Comment