4 December 2016

ദുര്‍വാസാവിന്റെ പിറവി

ദുര്‍വാസാവിന്റെ പിറവി

കലിമൂത്ത് ദുര്‍വാസാവിനെപ്പോലെ അവന്‍തുള്ളി . ഇത് നാം നിത്യേന ഉപയോഗിക്കുന്ന പദമാണ്. ശുണ്ഠിക്കാരനായിരുന്നു ദുര്‍വാസാവുമുനി. അദ്ദേഹത്തിന്റെ ശാപം ഏല്‍ക്കാത്തവര്‍ കുറവായിരുന്നു. ദേവന്മാര്‍ക്ക് ജരാനരവരട്ടേ എന്നു ദുര്‍വാസാവു ശപിച്ചതിനാലാണ് പാലാഴിമഥനം വേണ്ടിവന്നത്. അതിനാല്‍ ദുര്‍വാസാവിന്റെ കലി ലോകപ്രസിദ്ധമായിത്തീര്‍ന്നു.

ദുര്‍വാസാവിന്റെ പിറവി ഇങ്ങനെയാണ്. ഒരിക്കല്‍ ശിവനും ബ്രഹ്മാവും തമ്മില്‍ വലിയ കലഹമുണ്ടായി. അതു സംഘര്‍ഷത്തിലേക്കുവരെയെത്തി. ശിവന്റെ കോപം കണ്ട് ദേവകള്‍ വരെ ഓടിഒളിച്ചു. പാര്‍വതിയും ഭയന്നു. അവര്‍ ശിവനോട് പറഞ്ഞു ”ദുര്‍വാസം ഭവതിമേ” (എനിക്കങ്ങയുടെ കൂടെ സുഖമായി വസിക്കുവാന്‍ കഴിയുന്നില്ല) ഇതുകേട്ട ശിവന്‍ തന്റെ പ്രേയസിക്ക് ദുര്‍വാസം വരുത്തിവച്ചതു തല്‍ക്കാലം വന്ന കോപത്തിനാലാണെന്നും ശിവന്‍ മനസ്സിലാക്കി. അതിനാല്‍ പാര്‍വതിയുടെ രക്ഷയ്ക്കായി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്നും ശിവന്‍ നിശ്ചയിച്ചു.

പാതിവ്രത്യത്തില്‍ പ്രസിദ്ധമായ ശീലാവതിയും അക്കാലത്തായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ഭര്‍ത്താവ് ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിട്ടും അഭിസാരികയെ പ്രാപിക്കുവാനുള്ള മനസ്സ് വിട്ടുപോയിരുന്നില്ല. അതിനും ഭാര്യ എതിരായിരുന്നില്ല. അവര്‍ നടക്കാനാവാത്ത ഭര്‍ത്താവിനെ തോളിലേറ്റി അവിടെ എത്തിക്കുമായിരുന്നു.

ഒരിക്കൽ ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായി. അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ ‘സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ’ എന്ന്‌ ശിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി ‘നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ’ എന്നൊരു പ്രതിശാപവും നല്‍കി.

സൂര്യന്‍ ഉദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കുഴയുമെന്നതിന്നാല്‍ വേണ്ട നടപടികള്‍ക്ക് ദേവന്മാര്‍ നീക്കമായി. ത്രിമൂര്‍ത്തികളും ദേവകളും ചേര്‍ന്ന് അത്രിമഹര്‍ഷിയുടെ ഭാര്യയായ അനുസൂയയെ സമീപിച്ചു. ഒടുവില്‍ അനുസൂയ ഇടപെട്ട് ശീലാവതിയുടെ ശാപം പിന്‍വലിപ്പിച്ചു. അതിന്റെ സന്തോഷത്താല്‍ അനുസൂയയോട് എന്തുവരമാണ് വേണ്ടതെന്ന് ദേവന്മാര്‍ ചോദിച്ചു.
ത്രിമൂര്‍ത്തികള്‍ എന്റെ ഗര്‍ഭത്തിലൂടെ അംശാവതാരമെടുക്കണമെന്ന് അനുസൂയ അപേക്ഷിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും അനുസൂയയുടെ പുത്രന്മാരായി. പാര്‍വതിക്കു ദുര്‍വാസ ഹേതുവായി കോപത്തെ ശിവന്‍ അനുസൂയയില്‍ നിക്ഷേപിച്ചു. അനുസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ്.

No comments:

Post a Comment