17 December 2016

ശാസ്തൃഗായത്രീ മന്ത്രം

ശാസ്തൃഗായത്രീ മന്ത്രം

മന്ത്രങ്ങളില്‍ വെച്ചു സര്‍വ ശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രീമന്ത്രം.
‘ഓംഭൂര്‍ഭുവഃസ്വഃതത്‌സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്’
എന്നാണു ഗായത്രീ മന്ത്രം. ഒരു പാദത്തില്‍ എട്ടക്ഷരങ്ങള്‍വീതം മൂന്നു പാദങ്ങളിലായി 24 അക്ഷരങ്ങളുള്ള ഛന്ദസ്സാണ് ഗായത്രി. ഛന്ദസ്സുകളുടെ മാതാവാണ് ഗായത്രി (ഗായത്രീ ഛന്ദസ്സാംമാതാ). ഗാനം ചെയ്യുന്നവരെ ത്രാണനം ചെയ്യുന്നവ (രക്ഷിക്കുന്നവ) യാണ് ഗായത്രീ മന്ത്രങ്ങള്‍ (ഗായകം ത്രായതീതി ഗായത്രി).
പ്രധാന ദേവതാ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം മൂല മന്ത്രം പോലെ തന്നെ ഗായത്രീ മന്ത്രങ്ങള്‍ (ഗായത്രീ ഛന്ദസ്സിലുള്ള മന്ത്രങ്ങള്‍) നല്‍കിയിട്ടുണ്ട്. മഹാഗണപതിയുടെ വ്യത്യസ്തങ്ങളായ7 ഗായത്രീ മന്ത്രങ്ങളുണ്ട്. ശാസ്താവിനു ശാസ്തൃഗായത്രി, ഭൂതനാഥഗായത്രി എന്നിങ്ങനെ രണ്ട് മുഖ്യഗായത്രീ മന്ത്ര ങ്ങളാണുള്ളത്.
‘ഓംഭൂതാധിപായവിദ്മഹേ ഭവപുത്രായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’
എന്നാണു ശാസ്തൃഗായത്രീ മന്ത്രം.
‘ഓം ഭൂതനാഥായ വിദ്മഹേമഹാ ദേവായ ധീമഹിതന്നഃശാസ്താ പ്രചോദയാത്’
എന്നു ഭൂതനാഥഗായത്രീ മന്ത്രം .
ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ള അര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ (ശിവ) പുത്രനായദേവനെ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.
ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ ഭൂമി, ജലം, തേജസ്സ് (അഗ്നി), വായു, ആകാശം നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.
ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ (ശിവന്റെ) പുത്രനാണു ശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍ (ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായും വിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക്കാനുള്ള പ്രാര്‍ത്ഥന കൂടിയാണ് ശാസ്തൃഗായത്രീ മന്ത്രം.



No comments:

Post a Comment