4 December 2016

അക്രൂരന്‍

അക്രൂരന്‍

1. ശ്രീകൃഷ്ണന്റെ മാതുലന്‍. നഹുഷവംശത്തിലെ സ്വഫല്‍കന്റെയും കാശിരാജാവിന്റെ മകള്‍ ഗാന്ദിനിയുടെയും പുത്രന്‍. വസുദേവന്‍, ദേവകി എന്നിവരെ അപമാനിച്ച കംസനെ കൊല്ലാന്‍ ശ്രീകൃഷ്ണന് പ്രേരണ നല്കിയതും കംസന്‍ നടത്തിയ ചാപപൂജയില്‍ പങ്കെടുക്കാന്‍ കൃഷ്ണനെ ക്ഷണിച്ചതും അക്രൂരനാണ്. ഭാഗവതം, നാരായണീയം തുടങ്ങിയ സംസ്കൃതകൃതികളിലും കംസവധം കഥകളി, കൃഷ്ണഗാഥ വള്ളത്തോള്‍ നാരായണമേനോന്റെ അമ്പാടിയില്‍ ചെല്ലുന്ന അക്രൂരന്‍ തുടങ്ങിയ മലയാള കൃതികളിലും പ്രാധാന്യം നല്കി വര്‍ണിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അക്രൂരദൌത്യം. മറ്റുപല സന്ദര്‍ഭങ്ങളിലും അക്രൂരന്‍ ശ്രീകൃഷ്ണന്റെ സന്ദേശവാഹകനായിരുന്നിട്ടുണ്ട്. രുക്മിണീസ്വയംവരം, സുഭദ്രാഹരണം എന്നീ ഘട്ടങ്ങളില്‍ അക്രൂരനും സന്നിഹിതനായിരുന്നു. ആഹുകന്റെ പുത്രിയായ ഉഗ്രസേനയാണ് അക്രൂരന്റെ ഭാര്യ. അവര്‍ക്ക് ദേവകന്‍, ഉപദേവകന്‍ എന്ന രണ്ടു പുത്രന്മാരുണ്ടായി. സത്രാജിത്തിനെ കൊന്ന് സ്യമന്തകം അപഹരിച്ച ശതധന്വാവ് എന്ന യാദവനെ ശ്രീകൃഷ്ണന്‍ ഭയപ്പെടുത്തിയപ്പോള്‍ അയാള്‍ രത്നം അക്രൂരനെ എല്പിച്ചിട്ടാണ് രക്ഷപ്പെട്ടത്. ഭോജരാജവംശത്തിലെ ബലദേവന്‍ അക്രൂരന്റെ പാര്‍ശ്വവര്‍ത്തിയായിരുന്നു. ബഭ്രൂ, ഗാന്ദിനേയന്‍ എന്നീ പര്യായങ്ങളിലും അക്രൂരന്‍ അറിയപ്പെടുന്നു.

2. ജയന്തന്‍ എന്ന യാദവന്റെ പുത്രനായ ഒരു അക്രൂരനെക്കുറിച്ച് മത്സ്യപുരാണത്തില്‍ പരാമര്‍ശമുണ്ട്. ജയന്തന്റെ മകനായ ശ്രുതവാന്റെ പുത്രനാണ് ഈ അക്രൂരന്‍ എന്ന് പദ്മപുരാണം പറയുന്നു.

No comments:

Post a Comment