സദ്യ എങ്ങനെ?
'സദ്യ' എന്ന വാക്ക് സംസ്കൃതത്തിലെ "സഗ്ധീദ:" എന്നതില്‍ നിന്നും ഉരുത്തിരിഞ്ഞ് വന്നതാകാനാണ് കൂടുതല്‍ സാദ്ധ്യത. കാരണം അതിന്‍റെ വാച്യാര്‍ത്ഥം "ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നിച്ചുള്ള മഹാഭോജനം" എന്നാകുന്നു. 'സദ്യ' എന്ന വാക്കിന്‍റെ ലളിതമായ അര്‍ത്ഥം "സഹഭോജനം" എന്നാകുന്നു.
BC 566 മുതല്‍ AD പത്താംനൂറ്റാണ്ട് വരെ തിരുവല്ല മുതല്‍ നാഗര്‍കോവില്‍ വരെ ഭരണം നടത്തിയിരുന്ന "ആയ്" രാജാക്കന്മാരുടെ കാലം മുതല്‍ സദ്യ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. ഇതിന് ശേഷമാണ് ചേരരാജവംശം സ്ഥാപിതമായത്.
രണ്ടാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഭൗമശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളാമി, ബാരിസ് നദി അഥവാ പമ്പാനദി മുതല്‍ കന്യാകുമാരി വരെ 'ആയ്' രാജഭരണം ഉണ്ടായിരുന്നുവെന്ന് പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ കിഴക്ക് തിരുനെല്‍വേലി വരെയും ഇവരുടെ ഭരണമുണ്ടായിരുന്നതിനാല്‍ സദ്യയുടെ സംഭാവനയില്‍ തമിഴ്നാടിന്‍റെ സ്വാധീനവും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.
എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്പ്, ചവര്‍പ്പ് എന്നീ ആറ് രസങ്ങള്‍ ചേര്‍ന്ന സദ്യയെക്കുറിച്ച് ആയുര്‍വേദത്തിലും, ദിവസം ഒരുനേരം സദ്യയാവാമെന്ന് സിദ്ധവൈദ്യത്തിലും പരാമര്‍ശിക്കുന്നുമുണ്ട്. ആകയാല്‍ സദ്യ എന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പറയാതെ വയ്യ.
എങ്ങനെ വിളമ്പണം?
തൂശനിലയുടെ വാല്‍ഭാഗം, ഉണ്ണുന്ന ആളിന്‍റെ ഇടതുവശം വരുന്ന വിധം വാഴയിലയിട്ട്, അതില്‍ കായനുറുക്ക്, ശര്‍ക്കരവരട്ടി, ചേനനുറുക്ക്, കൊണ്ടാട്ടം, പഴം എന്നിവ ഇലയുടെ ഇടത് ഭാഗത്തായും, പിന്നെയുള്ള തൊട്ടുകൂട്ടുന്ന അച്ചാര്‍, ഇഞ്ചിപ്പുളി എന്നിവ ഇലയുടെ ഇടത്തേ മൂലയിലും, ഇലയുടെ പകുതിമുതല്‍ വലത്തോട്ടായി അവിയല്‍, തോരന്‍, കാളന്‍ എന്നിവയും, ഇലയുടെ മദ്ധ്യത്തില്‍ താഴെയായി ചോറും അതില്‍ വലിയ പപ്പടവും ചെറിയ പപ്പടവും, നെയ്യ്, പരിപ്പ്, സാമ്പാര്‍, പുളിശ്ശേരി, പച്ചമോര് എന്നിവയും വിളമ്പുന്നു.
'ഇലയറിഞ്ഞ് വിളമ്പണം' എന്ന് പഴമക്കാര്‍ പറഞ്ഞിട്ടുണ്ട്. 'പന്തിയില്‍ പക്ഷം കാണിക്കരുത്' എന്നും പറഞ്ഞിട്ടുണ്ട്.
ആദ്യം പരിപ്പുമായി അല്പം ചോറൂണ്, ഇടയില്‍ തൊടുകറികളും, അച്ചാറുകളും, പിന്നെ സാമ്പാറുമായി അല്പം ചോറൂണ്, പിന്നെ പായസങ്ങള്‍, പിന്നെ പുളിശ്ശേരിയുമായി അല്പം ചോറൂണ്, പിന്നെ പച്ചമോര് കൂട്ടിയും അല്പം കുടിച്ചും വീണ്ടുമൊരു ചോറൂണ്. പിന്നെ പഴം കഴിക്കണം. നാരങ്ങയെടുത്ത് കയ്യില്‍ വെച്ച്, സദ്യ ഇഷ്ടമായാല്‍ ഇല നമ്മുടെ ഭാഗത്തേയ്ക്ക് മടക്കിവെച്ച് എഴുനേല്‍ക്കണം (സദ്യ ഇഷ്ടമായില്ലെങ്കില്‍ ഇല എങ്ങോട്ട് മടക്കണമെന്നോ അല്ലെങ്കില്‍ ഇല മടക്കരുതെന്നോ പഴമക്കാര്‍ പറഞ്ഞതായി എങ്ങും വായിച്ചിട്ടില്ല).
വീട്ടിലെത്തിയാല്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാതെ വെള്ളം കുടിക്കണം. പിന്നെ ഉറക്കമാവാം. ഇതോടെ സദ്യ പൂര്‍ണ്ണം.
ഇന്നത്തെ ആളുകള്‍ക്ക് സദ്യയുടെ ചിട്ടവട്ടങ്ങളോ ഇലയില്‍ വിളമ്പുന്ന നാരങ്ങ എന്തിനെന്നോ അറിയില്ല. ദേശവ്യത്യാസം അനുസരിച്ച് സദ്യ വിളമ്പുന്ന രീതിയിലും വിഭവങ്ങളിലും കാതലായ മാറ്റങ്ങള്‍ കാണാറുണ്ട്.
No comments:
Post a Comment