28 December 2016

കാലചക്രം

കാലചക്രം

യാമം:
മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.

അഹോരാത്രം (ദിവസം): ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.

സപ്താഹം: ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം: പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.

മാസം: സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു: ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം: ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.

വര്‍ഷം: രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.
1. പ്രഭവം
2. വിഭവം
3. ശുക്ലം
4. പ്രമോദുതം
5. പ്രജോത്പതി
6. അംഗിരസം
7. ശ്രീമുഖം
8. ഭവം
9. യുവം
10. ധാനു
11. ഈശ്വരം
12. ബഹുധാന്യം
13. പ്രമാഥി
14. വിക്രമം
15. വിഷു
16. ചിത്രഭാനു
17. സ്വഭാനു
18. താരണം
19. പാര്‍ത്ഥിവം
20. വ്യയം
21. സര്‍വജിത്
22. സര്‍വ്വധാരി
23. വിരോധി
24. വികൃതി
25. വരം
26. നന്ദനം
27. വിജയം
28. ജയം
29. മന്മഥം
30. ദുര്‍മുഖി
31. ഹേവിളംബി
32. വിളംബി
33. വികാരി
34. ശര്‍വ്വരി
35. പ്ലവം
36. ശുഭകൃതി
37. ശോഭകൃത്
38. ക്രോധി
39. വിശ്വവസു
40. പരാഭവം
41. പ്ലവഗം
42. കീലകം
43. സൗമ്യം
44. സാധാരണം
45. വിരോധികൃത്
46. പരിധാമി
47. പ്രമോദി
48. ആനന്ദം
49. രാക്ഷസം
50. നളം
51. കാലയുക്തി
52. സിദ്ധാര്‍ത്ഥി
53. രൗദ്രി
54. ദുര്‍മതി
55. ദുന്ദുഭി
56. രുധിരോദ്ഗാരി
58. രക്താക്ഷി,
59. കോധനം
60. ക്ഷയം.

പൈത്രം: പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.

ദിവ്യം: ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

യുഗം: കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങളാണുള്ളത്. ക്രമേണ, ഓരോന്നിന്റെയും കാലദൈര്‍ഘ്യം 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.
കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.
ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.
ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.
കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

മഹായുഗം: ഇതിനെ ചതുര്‍യുഗമെന്ന് വിളിക്കാറുണ്ട്. 4320000 മനുഷ്യവര്‍ഷമാണ് ഇതിലുള്ളത്. കൃത ത്രേതാദ്വാപരകലിയുഗങ്ങള്‍ ഇതിന്റെ പാദങ്ങള്‍ ആയി അറിയപ്പെടുന്നു.

മന്വന്തരം: 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം (ആര്യഭട്ടാചാര്യമതം 72 എന്നാണ്) അതായത് 306720000 മനുഷ്യവര്‍ഷങ്ങള്‍. ഇപ്രകാരം 14 മനുക്കളുണ്ട്.
1. സ്വയംഭൂവമനു
2. സ്വാരോചിഷമനു
3. ഉത്തമമനു
4. താമസമനു
8. സാവര്‍ണിമനു
9. ദക്ഷസാവര്‍ണിമനു
10. ബ്രഹ്മസാവര്‍ണി മനു
11. ധര്‍മ്മസാവര്‍ണിമനു
12. രുദ്രസാവര്‍ണിമനു
13. രൗച്യദേവസാവര്‍ണിമനു.
14. ഇന്ദ്രസാവര്‍ണി മനു
എന്നിവരാണ് ഈ 14 മനുക്കള്‍.

കല്‍പം: ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് ധ(71ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം: ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം: ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധമുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 196,20,62,700 മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

No comments:

Post a Comment