1 December 2016

അംഗദന്‍

അംഗദന്‍

രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു വാനരന്‍. വാനരരാജാവായ ബാലിയുടെ പുത്രന്‍. പുരാണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പഞ്ചകന്യകമാരില്‍ ഒരാളായ താരയാണ് അംഗദന്റെ മാതാവ്. അംഗദന്‍ ബൃഹസ്പതിയുടെ അംശാവതാരമാണെന്ന് കമ്പരാമായണത്തില്‍ ഒരു സൂചനയുണ്ട്. അംഗദന്‍ ദൗത്യകര്‍മത്തിന് പ്രസിദ്ധനാണ്. സീതാന്വേഷണാര്‍ഥം സുഗ്രീവന്‍ അയച്ച വാനരസേനയിലെ പ്രമുഖാംഗം, തികഞ്ഞ രാമഭക്തന്‍, ഹനുമാനെപ്പോലെ ബലവാനും സാഹസികനും ബുദ്ധിശാലിയും വിവേകിയും സമരവിദഗ്ധനുമായ വാനരസേനാനി എന്നീ നിലകളില്‍ വിഖ്യാതനാണ് അംഗദന്‍. ഈ വാനരരാജകുമാരന്‍ രാമരാവണയുദ്ധത്തില്‍ ഇന്ദ്രജിത്തുമായി ഏറ്റുമുട്ടി തന്റെ യുദ്ധ വൈദഗ്ധ്യവും സ്വാമിഭക്തിയും വ്യക്തമാക്കി. രാവണനുമായുള്ള സംവാദത്തില്‍ അംഗദന്റെ നീതിനിപുണതയും വാക്ചാതുര്യവും തെളിഞ്ഞുകാണാം. ഈ കഥയെ ആധാരമാക്കി അജ്ഞാതകര്‍തൃകവും അപൂര്‍ണവുമായ അംഗദദൂത് എന്ന ഒരു മണിപ്രവാളചമ്പു ലഭിച്ചിട്ടുണ്ട്.

സംസ്കൃതസാഹിത്യത്തില്‍ രാമായണകഥയെ ആധാരമാക്കിയുള്ള നിരവധി കാവ്യങ്ങളില്‍ അംഗദന്റെ ധീരതയുടെയും നയവൈദഗ്ധ്യത്തിന്റെയും വര്‍ണനകള്‍ ലഭിക്കുന്നുണ്ട്. 13-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന സുഭട്ടന്‍, അംഗദനെ നായകനാക്കി ദൂതാംഗദം എന്നൊരു കാവ്യം രചിച്ചു. വാല്മീകിരാമായണം, അധ്യാത്മരാമായണം എന്നീ പ്രസിദ്ധ രാമകഥാകാവ്യങ്ങളില്‍ അംഗദനെ ഹനുമാന്റെ സഖാവ്, രാമന്റെ സേവകന്‍, വാനരന്‍മാരുടെ സേനാനായകന്‍, ആദര്‍ശഭക്തന്‍ എന്നീ നിലകളില്‍ പ്രശംസിച്ചിട്ടുണ്ട്.

രാമായണത്തില്‍ത്തന്നെ ശത്രുഘ്നന്റെ ഒരു പുത്രനും മഹാഭാരതത്തില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത ഒരു സേനാനിയും (ദ്രോണപര്‍വം, XXV:38), ഭാഗവതത്തില്‍ കൃഷ്ണസഹോദരനായ ഗദന്റെ ഒരു പുത്രനും അംഗദന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

No comments:

Post a Comment