1 December 2016

ചലനമില്ലാത്ത ഉണ്മയാണ് ആത്മാവ്

ചലനമില്ലാത്ത ഉണ്മയാണ് ആത്മാവ്

ആത്മാവ് ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാനാകാത്തതും അചിന്ത്യവും വികാരങ്ങള്‍ക്ക് വിധേയമല്ലാത്തതുമാണ്. ചിന്തിച്ച് കണ്ടെത്താനാകാത്തതാണ് ആത്മാവ്. അതിനാല്‍ ചിന്തിക്കുന്നതിലൂടെയല്ല ജീവിക്കുന്നതിലൂടെയാണ് ജീവിതം അര്‍ഥമുള്ളതാകുന്നത്. എല്ലാ ചിന്തകളും അസ്തമിക്കുമ്പോഴാണ് യഥാര്‍ഥ ജീവിതം ആരംഭിക്കുന്നത്.

ആത്മാവെന്നാല്‍ പ്രപഞ്ചത്തിനാധാരമായ പരംപൊരുളാണ്. അല്ലാതെ കവിതയിലെ ആത്മാവല്ല.  ആത്മാവിനെ ആയുധങ്ങള്‍കൊണ്ട് മുറിവേല്പിക്കാനോ, അഗ്നിയാല്‍ ദഹിപ്പിക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റിനാല്‍ ശോഷിപ്പിക്കാനോ സാധ്യമല്ല. അത് എല്ലായിടത്തും ഉള്ളതാണ്, സ്ഥിരസ്വഭാവമാര്‍ന്നതാണ്, ചലനമില്ലാത്തതാണ്, എന്നും ഉള്ളതാണ്.

അഥവാ ആത്മാവ് എന്നും ജനിക്കുന്നതായും എന്നും മരിക്കുന്നതായും സങ്കല്പിച്ചാലും ദുഃഖത്തിന് അവകാശമില്ലെന്ന് ഭഗവാന്‍ അര്‍ജുനനെ ഓര്‍മിപ്പിക്കുന്നു. ജനിച്ചവന് മരണവും മരിച്ചവന് ജനനവും നിശ്ചയമാണ്. പരിഹരിക്കാനാവാത്ത ഈ വിഷയത്തില്‍ ദുഃഖത്തിനിടമില്ലെന്ന് ഭഗവാന്‍ പറയുന്നു. ദുഃഖം അജ്ഞാനത്തില്‍ നിന്നാണ് ജനിക്കുന്നത്. ദുഃഖംകൊണ്ട് ആരും കരുത്താര്‍ജിക്കുന്നില്ല. അത് ശരീരത്തെയാകെ തളര്‍ത്തുകയാണ് ചെയ്യുക. ഒരാളുടെ ദുഃഖം മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിക്കും. ഊര്‍ജം ഇല്ലാതെയാക്കും.

ശരീരം കുടവും ആത്മാവ് അതിനകത്തെ വായുവുമാണ്. കുടത്താല്‍ വായു പരിമിതമാണ് എന്നു തോന്നുന്നു. കുടത്തെ നമുക്കെങ്ങോട്ടും കൊണ്ടുപോക‍ാം. എന്നാല്‍ ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്ന വായുവിന് ഒരു മാറ്റവുമുണ്ടാകുന്നില്ല. കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. എവിടെയെങ്കിലും വച്ച് കുടം പൊട്ടിയാലും ഒന്നും സംഭവിക്കുന്നില്ല. ഉള്ളിലെ വായു പുറത്തെ വായുവുമായി ലയിക്കുന്നു എന്നതുപോലും നമ്മുടെ തോന്നലാണ്. കുടം പോയി. അത്ര മാത്രമേ സംഭവിക്കുന്നുള്ളു. കുടം നശിക്കുന്നതുപോലെ മാത്രമാണ് മരണം. ആത്മാവ് ഉണ്ടാവുകയോ, ജീവിക്കുകയോ, വര്‍ധിക്കുകയോ, മാറ്റം വരുകയോ, ക്ഷയിക്കുകയോ, നശിക്കുകയോ ചെയ്യുന്നില്ല.

2 comments:

  1. വളരെ ശരി നാം നമ്മെ തിരിച്ചരീയുക

    ReplyDelete
  2. വളരെ ശരി നാം നമ്മെ തിരിച്ചരീയുക

    ReplyDelete