3 November 2016

മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും

മഹാദേവനും വിവിധ മൂര്‍ത്തി ഭേദങ്ങളും:-

ആൽച്ചുവട്ടിൽ ദക്ഷിണാഭിമുഖമായിരുന്ന് സാധകൻമാർക്ക് ജ്ഞാനോപദേശം ചെയ്യുന്ന ശിവൻ ദക്ഷിണാമൂർത്തിയായി കരുതപ്പെടുന്നു. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം ഈ സങ്കൽപത്തിലുള്ളതാണ്.

പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന കാളകൂട വിഷം പ്രപഞ്ചരക്ഷയ്ക്കായി ഭഗവാൻ ശിവൻ പാനം ചെയ്തു. ആ വിഷം ശിവ ഭഗവാന്റെ കണ്ഠത്തിൽ കുടുങ്ങി നിന്നു. അവിടം നീല നിറമായി. ആ സങ്കൽപത്തിലുള്ള ശിവനാണ് നീലകണ്ഠൻ. ചേർത്തലയ്ക്ക് സമീപമുള്ള തിരുവിഴ ക്ഷേത്രത്തിൽ നീലകണ്ഠനായി ശിവനെ ആരാധിക്കുന്നു.

കാസർഗോഡ് നീലേശ്വരത്ത് നീലേശ്വരനായി നീലകണ്ഠനെ പൂജിക്കുന്നു.

തളിപ്പറമ്പിന് സമീപം കാഞ്ഞിരങ്ങാട്ട് ശിവൻ വൈദ്യനാഥനായി ആരാധിക്കപ്പെടുന്നു. അവിടെ ഞായറാഴ്ചകളിൽ വ്രതശുദ്ധിയോടെ ദർശനം നടത്തി വഴിപാട് കഴിക്കുന്നത് രോഗശാന്തി നൽകുമെന്നാണ് വിശ്വാസം.

എറണാകുളത്തെ എറണാകുളത്തപ്പൻ കിരാതമൂർത്തിയാണ്. അർജ്ജുനനെ പരീക്ഷിക്കാൻ കാട്ടാള രൂപം ധരിച്ച ശിവഭഗവാനാണ് കിരാതമൂർത്തി എന്നാണ് സങ്കൽപം.

തിരുനാവായയ്ക്ക് സമീപം തൃപ്രങ്ങാട്ട് ശിവക്ഷേത്രത്തിൽ ശിവനെ കാലസംഹാര മൂർത്തിയായാണ് ആരാധിക്കുന്നത്. യമധർമനിൽ നിന്ന് മാർക്കണ്ഡേയനെ ശിവഭഗവാൻ രക്ഷിച്ചത് ഇവിടെ വച്ചാണെന്നാണ് സങ്കൽപം. ആയുർദോഷശാന്തിയ്ക്ക് ഇവിടെ വഴിപാട് കഴിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

വൈക്കം മഹാദേവക്ഷേത്രത്തിൽ ഭഗവാനെ രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാതമൂർത്തിയായും വൈകീട്ട് പാർവ്വതീസമേതനായ പരമേശ്വരനായും ആരാധിക്കുന്നു. രാവിലെ ദർശനം നടത്തിയാൽ ജ്ഞാനവും ഉച്ചയ്ക്ക് ദർശനം നടത്തിയാൽ സിദ്ധിയും പ്രാപ്തമാകുമെന്നാണ് വിശ്വാസം.

ഏറ്റുമാനൂർക്ഷേത്രത്തിൽ അഘോരമൂർത്തിയായി ശിവനെ ആരാധിക്കുന്നു. ഭക്തർക്ക് സൗമ്യനും ദുഷ്ടൻമാർക്ക് ഘോരനുമായ ഭഗവാൻ എന്നും ഘോരമില്ലാത്ത(സൗമ്യൻ) ഭഗവാനായി വാഴുന്നവൻ എന്നും മറ്റും സങ്കൽപ്പിക്കപ്പെടുന്നു.

മാവേലിക്കര കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രധാന ശിവ പ്രതിഷ്ഠയ്ക്ക് പുറമേ ശ്രീശങ്കരൻ, വിശ്വനാഥൻ, മൃത്യുഞ്ജയൻ, പാർവ്വതീശൻ, ശ്രീകണ്ഠൻ എന്നീ ഭാവങ്ങളിലുള്ള ശിവ പ്രതിഷ്ഠകളും പ്രത്യേകം ശ്രീകോവിലുകളിലുണ്ട്. അന്തിപൂജ അവിടത്തെ സവിശേഷ വഴിപാടാണ്.

ആലുവയ്ക്ക്‌സമീപം തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവ്വതീസമേതനായ ശിവൻ കുടികൊള്ളുന്നു എന്നാണ് സങ്കൽപം. ധനുമാസത്തിലെ തിരുവാതിരക്കാലത്ത് മാത്രമേ എല്ലാക്കൊല്ലവും അവിടെ പാർവ്വതീദേവിയുടെ നടതുറക്കുകയുള്ളൂ.

2 comments:

  1. വളരെ നന്ദി.
    മൂർത്തി അല്ലെങ്കിൽ മുഹൂർത്തി ഇവ രണ്ടും ഒന്നാണോ അതോ രണ്ടാണോ. ഇതിനെക്കുറിച്ച് ഒന്നു വിശദീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete