29 November 2016

താംബൂലം

താംബൂലം

താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു.

വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്‍റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്.

ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്. ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്.

വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.

യുക്ത്യനുസാരം താംബൂലദാനത്തിന്‍റെ മറ്റു ലക്ഷണങ്ങള്‍ ശിവന്‍ പാ൪വ്വതിയോട് പറയുകയാണ്....അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്.

No comments:

Post a Comment