26 November 2016

വിവാഹ പ്രകരണം

വിവാഹ പ്രകരണം

വിദ്യാ സമ്പാദനത്തിന് ശേഷം ഗൃഹസ്ഥ ജീവിതം നയിക്കാനാവശ്യമായ ധനം പുരുഷൻ സമ്പാദിക്കണം. ക്ലെശിക്കാതെ ജീവിക്കാനുള്ള മാര്‍ഗ്ഗം ഉണ്ടായാല്‍ തനിക്കു അനുരൂപയായ കന്യകയെ പരിണയിക്കണം.  ഇതാണ് വിവാഹത്തിനായി പൊതുവേ കണ്ടിരുന്ന കാഴ്ചപ്പാട്, പുരാതന ഭാരതത്തില്‍ ഗൃഹസ്ഥ ജീവിതം തുടരുന്നതിന് മുന്നേ സമ്പത്തുണ്ടാകണമെന്ന് പറയുന്നതിന് ചില വ്യക്തമായകാരണങ്ങളും ഉണ്ട്. ഒരു ദരിദ്രന് ഗൃഹസ്ഥാശ്രമം നരകമാണ്. വിശന്നും ദാഹിച്ചും വലയുന്ന ഭാര്യയേയും സന്താനങ്ങളെയും കണ്ടു മനസലിയാത്തവന്റെ ഹൃദയം വജ്രസമാനമാണ്. പട്ടിണികൊണ്ട് ശരീരം ശോഷിച്ചു കീറി മുഷിഞ്ഞ വസ്ത്രം ധരിച്ചു ജീവിക്കുന്ന ഒരുവന് പത്നിയുണ്ടാകുന്നത് ഒരിക്കലും സുഖകരമാവുകയില്ല.

വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ ദീനവദനരായി നോക്കുന്ന മക്കളുടെ മുഖം കാണുന്നതിനേക്കാള്‍ നല്ലത് മരണമാണ്, ഒരു പിതാവിന്. അത് കൊണ്ട് തന്നെ ധനമില്ലാത്ത ഒരുവന് ഗൃഹസ്ഥാശ്രമത്തില്‍ അനുഭവിക്കേണ്ട ധർമ്മാര്‍ത്ത കാമങ്ങള്‍ വ്യര്‍ത്ഥമായി തീരുന്നു, ഗൃഹസ്ഥാശ്രമാത്തിന്റെ അടിസ്ഥാന തത്വം തന്നെ ധര്മാര്‍ത്ത കാമമോക്ഷങ്ങള്‍ അനുഭവിക്കുക ആണെന്നിരിക്കെ, ധനമില്ലാത്തവാന് ഗൃഹസ്ഥാശ്രമം സ്വീകരിക്കുന്നത് യുക്തവുമല്ല.

വിവാഹം കഴിക്കാത്തവന് ഗൃഹസ്ഥാശ്രമത്തിനു അധികാരമില്ല. ദരിദ്രനും ഗൃഹസ്ഥാശ്രമത്തിനു അധികാരമില്ല. വിവാഹം കഴിക്കുന്നതിനു മുന്നേ ധനം സമ്പാദിക്കണം. ക്ലെശിക്കാതെ കുടുംബം ഭരിക്കാനുള്ള ഉപായം കണ്ടെത്തിയതിനു ശേഷമേ വിവാഹം കഴിക്കാവൂ.. മനുഷ്യന് ഗൃഹസ്ഥാശ്രമം സ്വീകരിച്ചു അനേകം ധർമങ്ങൾ അനുഷ്ടിക്കെണ്ടാതുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കില്‍ ധനം സമ്പാദിക്കണം.

ആരെ വിവാഹം കഴിക്കണം?
വിദ്യ, ധനം, കര്‍മ്മം ഇത്യാദികളില്‍ തനിക്കു തുല്യമായ കുലത്തില്‍ ജനിച്ചവളെ ആണ് വിവാഹം കഴിക്കേണ്ടത്. അവള്‍ ചേരുന്നവളും ധര്‍മ വിഷയങ്ങളില്‍ തന്നോട് സഹകരിക്കുന്നവളും ആയിരിക്കണം.

പുരുഷന്‍ പൂര്‍ണത പ്രാപിക്കുന്നത്, വിവാഹത്തോടെയാണ്. അവന്റെ അര്‍ദ്ധ ഭാഗം പത്നിയാണ്. ഒറ്റച്ചക്രമുള്ള വണ്ടി, ഒരു ചിറകുള്ള പക്ഷി എന്നിവയെ പോലെ ആണ് അവിവാഹിതന്‍. ഭാര്യ ഇല്ലാത്ത ഒരുവന് കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നതിനും അര്‍ഹനല്ല.

അതിനാല്‍ യഥാകാലം ഏതൊരു പുരുഷനും വിവാഹം കഴിക്കണം. പത്നീ പരിഗ്രഹം കൊണ്ട് ധർമ്മമെന്ന പുരുഷാര്‍ത്തവും അതിലൂടെ അര്‍ത്ഥവും അതിലൂടെ കാമവും കൈവരും.

ത്രിവിധ പുരുഷാര്‍ത്തങ്ങള്‍ക്കും കാരണഭൂത ആയിരിക്കുന്നത് പത്നിയാണ്.

വിവാഹ ബന്ധങ്ങള്‍ ഏതെല്ലാം വിധത്തില്‍?

വിവാഹ ബന്ധം മൂന്നു വിധത്തില്‍ ആണുള്ളത്.

തന്നില്‍ തുല്യരുമായി ഉള്ളത് ഉത്തമം. തന്നില്‍ ഉയര്ന്നവരോടുള്ള വിവാഹം മധ്യമവും താഴ്ന്നവരുമായിട്ടുള്ളത് അധമവുമാണ്. കാരണം, തന്നില്‍ താണവര്‍ ആയാല്‍ ഒരു പക്ഷെ നിന്ദിച്ചേക്കാം, എന്നാല്‍ വലിയവരായാല്‍ വില വയ്ക്കില്ല, അതിനാല്‍ തുല്യരുമായുള്ള വിവാഹ ബന്ധം തന്നെ എപ്പോഴും ഉത്തമം.

സജ്ജനങ്ങളുടെ അഭിപ്രായത്തില്‍ സ്വജാതി ബന്ധം തന്നെ അഭികാമ്യം. അല്ലാതിരുന്നാല്‍ ഇരുവരും അധപതിക്കും. ഏത് നിലയില്‍ വീക്ഷിച്ചാലും സമത്വമാണ് വിവാഹ ബന്ധത്തിന്റെ മാനദണ്ഡവും.

ഏത് വിധത്തില്‍ ഉള്ള കന്യകയെ വേണം വിവാഹം കഴിക്കാന്‍?
മാതാവുമായി രക്ത ബന്ധം ഇല്ലാത്തതും, പിതാവുമായി സഗോത്ര ബന്ധം ഇല്ലാത്തതുമായ കന്യകയെയാണ് വിവാഹം കഴിക്കേണ്ടത്. വിവാഹം കഴിക്കാനുദ്ദേശിക്കുന്ന കന്യകയ്ക്ക് സഹോദരന്‍ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം തനിക്ക് അവളില്‍ ഉണ്ടാകുന്ന പുത്രനെ അവളുടെ പിതാവ് പുത്രികാപുത്രനായി ദത്തെടുക്കാന്‍ സാധ്യതയുണ്ട് [ഇത് ഒരു പഴയകാല ആച്ചാരം].

ബ്രാഹ്മണന് ബ്രാഹ്മണ കന്യക, ക്ഷത്രിയന് ക്ഷത്രിയ കന്യക, വൈശ്യനു വൈശ്യ കന്യക, ശൂദ്രന് ശൂദ്ര കന്യക ഇതാണ് വിധി.

അധ്യയനം പൂർത്തിയാക്കിയാല്‍ ഗുരുദക്ഷിണ നല്കി ഗുരുവിന്റെ അനുജ്ഞയോടെ സ്വഗൃഹത്തിലേക്കു മടങ്ങി, ആവശ്യത്തിനു സ്വത്തു സമ്പാദിച്ചു ലക്ഷണ യുക്തയായ ഒരു കന്യകയെ വിവാഹം കഴിക്കാം. (ഇന്നും ഇതൊക്കെ തന്നെ വിവാഹ ജീവിതത്തിനു ആവശ്യം വേണ്ടുന്ന സംഗതി).

വിവാഹങ്ങള്‍ എത്ര തരം?

ബ്രാഹ്മം:
കന്യകയെ വസ്ത്രഭൂഷണാദികളാല്‍ അലങ്കരിച്ചു വിദ്യാസമ്പന്നനും സല്‍കുലജാതനും സല്‍സ്വഭാവിയുമായ വരന് കന്യാദാനം ചെയ്യുന്നു.

ദൈവം:
യാഗത്തില്‍ വച്ച് പിതാവ്, പുരോഹിതന് കന്യകയെ ദാനം ചെയുന്നു.

ആര്‍ഷം:
കന്യകയുടെ പിതാവ് വരന്റെ കയ്യില്‍ നിന്ന് ഒരു കാളയെയും പശുവിനെയും സ്വീകരിച്ചു നടത്തിക്കൊടുക്കുന്ന വിവാഹം.

പ്രാജാപത്യം:
കന്യകയെ തേടിവന്ന വരന് നിങ്ങള്‍ രണ്ടു പേരും ധര്‍മത്തിന് അനുസരിച്ച് ജീവിക്കുക എന്നനുഗ്രഹിച്ചു കന്യകാ ദാനം നടത്തിക്കൊടുക്കുന്നു.

ആസുരം:
കന്യകക്കും അവളുടെ ബന്ധുക്കള്‍ക്കും ധനം കൊടുത്ത് വിവാഹം കഴിക്കുന്നു.

ഗാന്ധര്‍വം:
വധൂവരന്മാര്‍ അന്യോന്യ പ്രേമം നിമിത്തം മാതാപിതാക്കന്മാരെയോ ബന്ധു മിത്രാദികളെയോ അറിയിക്കാതെയും വിവാഹ കര്‍മങ്ങള്‍ ഒന്നും നടത്താതെ പരസ്പര ധാരണയോടു കൂടി വിവാഹിതരാകുന്നു.

രാക്ഷസം :
വധുവിന്റെ ബന്ധുക്കളെ യുദ്ധത്തില്‍ തോല്പ്പിച്ചു വധുവിനെ അപഹരിച്ചു കൊണ്ട് പോകുന്നു.

പൈശാചം:
വധുവിനെ അവളുടെ സമ്മതം കൂടാതെ പിടിച്ചു കൊണ്ട് പോയി ഭാര്യയാക്കുന്നത് പൈശാചം.

ഇതില്‍ പൈശാചം ഏറ്റവും നികൃഷ്ടമാകുന്നു. എന്നാല്‍ പൈശാചം ആരും സ്വീകരിക്കരുതെന്നാണ് പ്രമാണവും.

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് തന്നെ ഇത്ര മനോഹരമായ ഒരു കാഴ്ചപ്പാടും ചിന്താഗതിയും, വിവാഹ കാര്യത്തില്‍ വേറെ ഏതെങ്കിലും ഒരു സംസ്കാരത്തിന് ഉണ്ടായിരുന്നോ എന്ന് സംശയമാണ്. എന്നാല്‍, എന്ത് കൊണ്ട്, എങ്ങനെ, എപ്പോള്‍ ഈ തുറന്ന സമീപനവും സ്വാതന്ത്ര്യവും നഷ്ടമായി എന്ന് ചിന്തിക്കെണ്ടാതുമുണ്ട്.

അതൊന്നും അറിയാതെ, ചുമ്മാ സ്വന്തം സംസ്കാരത്തെയും ജീവിതത്തെയും ഒക്കെ ആക്ഷേപിക്കുന്നത്, തീര്‍ച്ചയായും സങ്കടകരം തന്നെ. ഒരു സമൂഹത്തിനും അത് ഭൂഷണവുമല്ല എന്ന് പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

സ്ത്രീ അടിമയല്ല, സ്ത്രീക്ക് സ്വന്തം വ്യക്തിത്വം ഉണ്ട്, ഭാര്യയെ  സുഹൃത്തായി കാണണം. ഭാര്യ സഹദർമിണി കൂടിയാണ്.

എന്നാല്‍ ഭാരതീയ സംസ്കാരം ചെയ്യുന്നത് നേരെ വിപരീതമാണ് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു ഹാലിളകുന്നവര്‍, അവസാനമായി പുരാതന കാലത്തുണ്ടായിരുന്ന ഈ പാണിഗ്രഹണ മന്ത്രാര്‍ത്ഥം കൂടി വായിക്കുക.

"എന്നോടൊപ്പം നീ ഏഴു പദം നടന്നു.
ഇനി നീ എന്റെ സുഹൃത്തായിരിക്കുക. ഞാനും നിന്റെ സുഹൃത്തായി മാറിയിരിക്കുന്നു. ഈ സൗഹൃദം ഞാന്‍ ഒരിക്കലും നശിപ്പിക്കില്ല. നീയും നശിപ്പിക്കരുത്. നമുക്ക് എല്ലായ്പ്പോഴും ഒന്നിച്ചു ജീവിക്കാം. നമുക്ക് ഒരു പോലെ ചിന്തിക്കാം, ഒരു പോലെ പ്രവര്‍ത്തിക്കാം. നല്ല ചിന്തയോടും നല്ല ഹൃദയത്തോടും കൂടി, പരസ്പര സ്നേഹത്തോട് കൂടിയ ഒരു ജീവിതം നമുക്ക് അനുഷ്ടിക്കാം. നമുക്ക് ഒരേ പോലെ ഉള്ള ചിന്തയും ആഗ്രഹവും ഉണ്ടാകട്ടെ. ഞാന്‍ സാമവേദം ആകുമ്പോള്‍ നീ ഋഗ്വേദം ആകട്ടെ.
ഞാന്‍ സ്വര്‍ഗം ആകുമ്പോള്‍ നീ ഭൂമി ആകട്ടെ.. ഞാന്‍ ചന്ദ്രന്‍ ആകുമ്പോള്‍ നീ അതിന്റെ ആഭരണം ആകട്ടെ.
ഞാന്‍ മനസാകുമ്പോള്‍ നീ വാക്കാകട്ടെ. ഈ വിധ ഗുണങ്ങളോട്കൂടി നീ എന്റെ സഹാചാരിയാകുക

ഓ മധുരമുള്ള വാക്കുകളോട് കൂടിയ പ്രിയേ, എന്നിലേക്ക്‌ വരൂ, അങ്ങനെ നമുക്ക് നല്ല കുട്ടികളും സമ്പത്തും ഉണ്ടാകട്ടെ.."

സ്ത്രീധനത്തെ കുറിച്ച് സനാതന ധര്‍മം പറയുന്നത് കൂടി പറഞ്ഞിട്ട്, ഇത് പൂര്‍ത്തിയാക്കാമെന്ന് തോന്നുന്നു.

ഉത്തമം സ്വാര്‍ജിതം വിത്തം,
മധ്യമം പിതുരാര്‍ജിതം
അധമം മാധുലാര്‍ജിതം വിത്തം
സ്ത്രീ വിത്തം അധമാധാമം

സ്വന്തമായി സമ്പാദിക്കുന്ന പണം ഏറ്റവും ഉത്തമം, പാരമ്പര്യമായി കിട്ടുന്നത് (പിതാവില്‍ നിന്ന്) മദ്ധ്യമം, മാതുലന്മാരില്‍ (അമ്മാവന്മാരില്‍) നിന്ന് ലഭിക്കുന്നത് അധമവും, അധമാധമം (ഏറ്റവും മോശമായിട്ടുള്ളത്) ആയിട്ടുള്ളത് *സ്ത്രീധനവും ആണ്.

No comments:

Post a Comment