ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍
ക്ഷേത്രത്തിലെ ബലിക്കല്ലുകൾ സൂചിപ്പിക്കുന്നത് അഷ്ട ദിക്കുകളെയും അവയുടെ അധിപന്മാരായ അഷ്ടദിക്ക്പാലകരേയുമാണ് ശ്രീ കോവിലിനു ചുറ്റും നാലമ്പലത്തിനകത്തായി അന്തർമണ്ഡപത്തിലാണ് ബലിക്കല്ലുകളുടെ സ്ഥാനം. അഷ്ടദിക് പാലകരെ ആ ദിക്കുകളിൽ സ്ഥാപിക്കുന്നു..
കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ് കിഴക്കുവശത്ത്. തെക്ക് കിഴക്ക് അഗ്നിദേവന്‍റെ ബലിക്കല്ലാണ് വേണ്ടത്. യമദേവനാണ് തെക്കു വശ ത്തിന്‍റെ അധിപൻ. തെക്കു പടിഞ്ഞാറ് ബലിക്കല്ലിൽ ആവേശിക്കേണ്ടത് ആ ദിക്കിന്‍റെ ദേവനായ നിരൃതിയെയാണ്. വരുണൻ പടിഞ്ഞാറുദിക്കിലും, വായുദേവൻ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക് ദിശയുടെ അധിപൻ കുബേരനാണെങ്കിലും ക്ഷേത്രങ്ങളിൽ വടക്കുഭാഗത്ത് ബലിക്കല്ലിന്‍റെ അധിപൻ സോമനാണ്. അതിനാൽ വടക്കുദിക്കിലെ ബലിക്കല്ല് മാത്രം അഷ്ടദിക്പാലകരിൽ നിന്നും വേറിട്ട് സോമനു കൊടുത്തിരിക്കുന്നു. ചില ക്ഷേത്രങ്ങളില്‍ കുബേരനും ഉണ്ടാവും. വടക്ക് കിഴക്ക് ദിക്ക് ഈശാനനാണ്.
ഇതുകൂടാതെ മുകളിലും താഴെയുമായി ഒരോ ദിക്കുകൾ കൂടിയുണ്ട്. മുകളിലെ ദിക്കിന്‍റെ അധിപൻ ബ്രഹ്മാവാണ്. ബ്രഹ്മാവിന് വേണ്ടി ബലിക്കല്ല് കിഴക്കിനും-വടക്ക്കിഴക്കിനും ഇടയിൽ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപൻ അനന്തനാണ്. നിരൃതിയുടേയും (തെക്ക്-പടിഞ്ഞാറ്) വരുണന്‍റെയും (പടിഞ്ഞാറ്) ബലിക്കല്ലുകൾകിടയിലാണ് അനന്തന്‍റെ ബലിക്കല്ലിന്‍റെ സ്ഥാനം.
ഇവയ്ക്കൊപ്പം, സപ്തമാതാക്കളും, നിര്‍മ്മാല്യ ധാരിയും ബലിക്കല്‍ രൂപത്തില്‍ സ്ഥാപിക്കപ്പെടുന്നു. ബ്രാഹ്മണി, മഹേശ്വരി, കൌമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡ എന്നീ ദേവതകളാണ് സപ്തമാതാക്കള്‍. ആദിപരാശക്തിയായ ദേവിയുടെ വായില്‍ നിന്നു ബ്രഹ്മാണിയും, കണ്ണില്‍ നിന്നു മഹേശ്വരിയും, ജഘനത്തില്‍ നിന്നു കൌമാരിയും, കൈയ്യില്‍ നിന്നു വൈഷ്ണവിയും, പുറകുഭാഗത്തുനിന്നു വാരാഹിയും,ഹൃദയത്തില്‍ നിന്നു ഇന്ദ്രാണിയും, പാദത്തില്‍ നിന്നു ചാമുണ്ഡയും ഉണ്ടായതായാണ് സങ്കല്‍പ്പം. യമന്‍റെ ബലിക്കല്ലിനു തെക്കായാണ് സപ്തമാതാക്കളെ പ്രതിഷ്ടിക്കുക. ഒപ്പം ഗണപതിയും, വീരഭദ്രനും കാവല്‍ക്കാരായി ഉണ്ടാവും. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.
ദുര്‍ഗ്ഗ, ശാസ്താവ്, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവീ, ദേവന്മാരെയും ബലിക്കല്‍ രൂപത്തില്‍ പ്രതിഷ്ടിക്കാറുണ്ട്.
ശ്രീലകത്തെ ദേവന്‍റെ കാവല്‍ക്കാരനാണ് നിര്‍മ്മാല്യധാരി. (ക്ഷേത്രപാലന്‍) വിഷ്ണുവിന് വിഷ്വക്സേനനാണ് നിര്‍മ്മാല്യ ധാരി. സാധാരണ നിര്‍മ്മാല്യധാരിയെ ലിംഗ രൂപത്തില്‍ പ്രതിഷ്ടിക്കുന്നു. അപൂര്‍വ്വമായി വിഗ്രഹരൂപത്തിലും ഉണ്ട്. ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിര്‍മ്മാല്യധാരിയായ വിഷ്വക്സേനനെ വിഗ്രഹരൂപത്തില്‍ ശ്രീകോവിലിന്‍റെ വടക്കു കിഴക്കായി പ്രതിഷ്ഠി ച്ചിരിക്കുന്നു.
ക്ഷേത്രങ്ങളിലെ ബലിക്കല്ലുകളിൽ ചവിട്ടാനോ മറികടക്കാനോ പാടില്ല എന്നാണ് വിശ്വാസം. ബലിക്കല്ല് ചവിട്ടുകയോ, അറിയാതെ ചവിട്ടിയാല്‍, പരിഹാരമായി തൊട്ടു തലയില്‍ വെയ്ക്കുകയോ ചെയ്യരുത്.
ബലിക്കല്ലുകളും, ശിവക്ഷേത്രത്തില്‍ മണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്ന നന്ദിയേയും തൊടാന്‍ പാടില്ല. അറിയാതെ ബലിക്കല്ലില്‍ കാലുതട്ടുകയോ, ചവിട്ടുകയോ ചെയ്‌താല്‍,
" കരചരണകൃതം വാക്കായജം കര്മ്മതജം വാ
ശ്രവണ നയനജം വാ മാനസംവാപരാധം
വിഹിതമിഹിതം വാ സര്വ്വസമേതല് ക്ഷമസ്വ
ശിവശിവ കരുണാബ് ധോ ശ്രീമഹാ ദേവശംഭോ "
എന്ന് മൂന്നു വട്ടം ജപിക്കുക; അറിയാതെ ബലിക്കല്ല് ചവുട്ടിയ അപരാധം നീങ്ങിക്കിട്ടും.
ഉത്സവ ബലി:
ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ,രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.
ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ ഉത്സവബലി പൂർണമാകുന്നു.
No comments:
Post a Comment