30 October 2016

പുനർജന്മം

പുനർജന്മം

ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന ശരീരം ബലഹീനമായി മരണത്തിനൊരുങ്ങുന്ന ജീവൻ അന്ത്യയാത്രയ്ക്കു തയാറാകുന്നതിന്റെ സൂചനയായി പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തനരഹിതങ്ങളാകുന്നു. ദേഹത്തെ വിട്ടുപോകാൻ തയാറെടുക്കുന്ന ജീവനു ചുറ്റും എല്ലാ ഇന്ദ്രിയങ്ങളും ഒന്നിച്ചുകൂടുന്നു. ദർശനേന്ദ്രിയം പിൻവലിയുന്നതോടെ കാഴ്ച മങ്ങുന്നു. ശ്രവണേന്ദ്രിയം പിൻവലിയുമ്പോൾ കേൾ‌വിയും നശിക്കുന്നു. സ്പർശനേന്ദ്രിയം അതിെന്റ ശക്തിയെ ജീവനിൽ ലയിപ്പിക്കുമ്പോൾ സംവേദനക്ഷമത നശിക്കുന്നു. മനസ്സിന്‌ എല്ലാമറിയാമെങ്കിലും ശരീരത്തിനു പ്രവർത്തനക്ഷമത നശിക്കുന്നു. ഈ സമയം മരണം അടുത്തു, താൻ ഈ ശരീരത്തെ വിട്ടുപോകും എന്ന ബോധം ഉണ്ടാകും. മരണം ചില വ്യക്തികൾ ദിവസങ്ങൾക്കു മുൻപേ പ്രവചിക്കാറുണ്ട്. ജ്ഞാനികൾക്കു വളരെ മുൻപു തന്നെ മരണസമയം അറിയാൻ സാധിക്കും.

മരണാനന്തരം പ്രാണൻ സൂര്യരശ്മികളിൽ കൂടി മുകളിൽ എത്തിയ ശേഷം സ്വകർ‌മഫലം അനുഭവിക്കുന്നു. സൽക്കർമങ്ങൾക്കു നല്ല ഫലവും (സ്വർഗീയാനുഭവം) ദുഷ്കർമികൾക്കു നരകാനുഭവവും ലഭിക്കും. ഇവ രണ്ടും നിത്യമല്ല. സുകൃതം ക്ഷയിച്ചുകഴിയുമ്പോൾ ബാക്കിയുള്ള ഫലാനുഭവത്തിനായി യഥായോഗ്യം പുനർജനിക്കും. (ദേശം, ജാതി, കുലം, രൂപം, ആയുസ്സ്‌, കീർത്തി, ധനം, സുഖം, കർ‌മം, ബുദ്ധി ഇതെല്ലാം മുൻപേ തീരുമാനിച്ചിരിക്കും). ജീവൻ അന്തരീക്ഷത്തിലെ പഞ്ചഭൂതങ്ങളിൽ ലയിച്ചു മഴയായി ഭൂമിയിൽ പതിക്കും. ചെടികൾ ജലം വലിച്ചെടുത്ത് ഔഷധികളായും ധാന്യങ്ങളായും ഇവ ഭക്ഷിക്കുന്ന മനുഷ്യനിൽ കൂടി മനുഷ്യജന്മമായും മൃഗങ്ങളിൽ കൂടി തിര്യക്കുകളായും പുനർജനിക്കും.

മരണാനന്തരം ആത്മാവ് കർ‌മഫലാനുഭവത്തിനായി സ്ഥൂലശരീരത്തിൽ പ്രവേശിക്കുന്നതിനാണു പുനർജന്മം എന്നു വിശേഷിപ്പിക്കുന്നത്. സ്വർ‌ഗവും നരകവും എന്നു നാം പറയുന്ന സ്ഥലങ്ങൾ നമ്മുടെ അന്തരീക്ഷത്തിന്റെ വിവിധ മണ്ഡലങ്ങളാണ്. അന്തരീക്ഷത്തിനു പല മണ്ഡലങ്ങളുണ്ട്. നമ്മുടെ നഗ്നനേത്രങ്ങളാൽ ഇതു കാണാൻ സാധിക്കുന്നതല്ല. പക്ഷേ ശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്‌. ഒരു സിനിമാഹാളിലെ സീറ്റിന്റെ രൂപീകരണം പോലെ അപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ്, സെക്കൻ‌ഡ്‌ ക്ലാസ് എന്ന ക്രമം പോലെ. നല്ല ആത്മാവ്, ദുഷ്കൃതാത്മാവ്, ദേവന്മാർ, യക്ഷൻമാർ, ഭൂതഗണങ്ങൾ, ഗന്ധർ‌വൻമാർ‌, പ്രേതങ്ങൾ എന്നിവർ‌ ഇപ്രകാരമുള്ള മണ്ഡലങ്ങളിൽ വസിക്കുന്നു. ഇവർ‌ക്കു സ്ഥൂലശരീരമില്ലാത്തതിനാൽ സൂക്ഷ്മരൂപികളായി സുഖദുഃഖങ്ങൾ അനുഭവിക്കുന്നു. അവർ പ്രകാശത്തിന്റെ വിവിധ രശ്മികളെ ആശ്രയിച്ചു ജീവിക്കുന്നു. അവർ‌ എന്ത്‌ ആഗ്രഹിക്കുന്നുവോ അത് അവരുടെ ഇച്ഛയ്ക്കനുസരിച്ച്‌ അനുഭവത്തിൽ വരുന്നു. ഉദാഹരണം സ്വപ്നത്തിൽ നമുക്ക് വാഹനമോ റോഡോ ഇല്ല. എങ്കിലും നമ്മൾ റോഡിലൂടെ വാഹനം ഓടിക്കുന്നതായി അനുഭവിക്കുന്നു.

ഗുരു പരമഹംസയോഗാനന്ദനെ പ്പോലെയുള്ള മഹായോഗികൾ ആത്മാക്കളുമായി സംവേദിച്ചിരുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. നമുക്കും അതു സാധിക്കുമെന്ന്‌ അദ്ദേഹം പറയുന്നു. ചില ആത്മാക്കൾക്കു പുനർജന്മത്തിനു കാലതാമസം നേരിടും. അതായത്‌, വർഷരൂപത്തിൽ പതിക്കുന്ന ജലം മരുഭൂമിയിലായാൽ ജീവനായി പുനർജനിക്കാൻ‌ കാലതാമസം നേരിടും. സമുദ്രത്തിലായാലും ഇതു സംഭവിക്കും. മരണസമയത്തുണ്ടാവുന്ന ശക്തമായ ഇച്ഛ (കൂടുതലും അകാല മൃത്യു- അപകടമരണം) ഈ ആത്മാവിനെ ചില മനുഷ്യരിലും മൃഗങ്ങളിലും പ്രവേശിച്ച് അവരുടെ ഇച്ഛ പൂർത്തീകരിക്കുന്നു. ഇതിനു പ്രേതബാധ എന്നു പറയുന്നു. ഹൈന്ദവ ഗ്രന്ഥങ്ങളിലും ബൈബിളിലും പ്രേത ബാധിതരെക്കുറിച്ചും പറയുന്നുണ്ട്. മരണാനന്തരം അവരവരുടെ ആചാരമനുസരിച്ച് ആത്മാക്കൾ‌ക്കു വേണ്ടിയുള്ള അനുഷ്ഠാനങ്ങൾ ചെയ്ത് പ്രേതമുക്തി വരുത്തണം.

‘‘പൂർ‌വജന്മാർ‌ജിത കർ‌മമത്രേ ഭൂവി

സർ‌വലോകർക്കും സുഖദുഃഖകാരണം

ലോകം നിജകർ‌മ സൂത്രബന്ധം സഖേ

ഭോഗങ്ങളും നിജകർ‌മാനുസാരികൾ’’ എന്നു രാമായണം പറയുന്നു.

അതിനാൽ‌, അല്ലയോ സുഹൃത്തുക്കളേ, ചതുരാശ്രമങ്ങളും വിവേകപൂർ‌വം വിനിയോഗിക്കുക. ബ്രഹ്മചര്യാശ്രമത്തിൽ ജീവിതസംതരണത്തിനായി പരമാവധി വിദ്യ ആർ‌ജിക്കുക. ഗൃഹസ്ഥാശ്രമത്തിൽ സ്വകുടുംബം നല്ല രീതിയിൽ സംരക്ഷിക്കുക. വാനപ്രസ്ഥത്തിൽ മാനവസേവ ചെയ്യുക. സന്യാസാശ്രമത്തിൽ സ്വന്തം ആത്മാവിനായി ഈശ്വരനെ അടുത്തറിയുക

1 comment:

  1. പ്രേതബാധ എന്ന് പറയുമ്പോള് മണിച്ചിത്രത്താഴിലുള്ള പോലൊക്കെ ശരിക്കും സംഭവിക്കാം എന്നാണോ മനസിലാക്കണ്ടത്?

    ജീവിതസംതരണം എന്നാലെന്താണ്

    ReplyDelete