8 September 2016

അരുന്ധതി

അരുന്ധതി

ബ്രഹ്മാവിന്‍റെ വികാരത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ജനിച്ചു, അവളാണ്‌ സന്ധ്യ. ജനിച്ചപ്പോള്‍ തന്നെ ആ പെണ്‍കുഞ്ഞ് വളര്‍ന്ന് ഒരു യുവതിയായി മാറി. അതി സുന്ദരിയായ യുവതി!!! ആരും നോക്കി പോകുന്ന സൌന്ദര്യത്തിനു ഉടമ… എന്തിനേറെ പറയുന്നു ബ്രഹ്മപുത്രന്‍മാരായ പ്രജാപതികളും, ബ്രഹ്മാവ് തന്നെയും ഒരു നിമിഷം അവളെ കാമത്തോടെ നോക്കി പോയി. ഈ വിവരമറിഞ്ഞ ശിവഭഗവാന്‍ ബ്രഹ്മാവിനെ പുച്ഛിച്ചു. ആ സംഭവത്തെ തുടര്‍ന്ന് തന്‍റെ ജന്മരഹസ്യം അറിഞ്ഞ സന്ധ്യ ലജ്ജിച്ചു തലതാഴ്ത്തി.

ജനിച്ചപ്പോള്‍ തന്നെ വളര്‍ന്നതിനാല്‍ ബ്രഹ്മാവാണ്‌ തന്‍റെ അച്ഛനെന്നും, പ്രജാപതികള്‍ തന്‍റെ സഹോദരങ്ങളാണെന്നും സന്ധ്യക്ക് അറിയില്ലായിരുന്നു. അതിനാല്‍ അവളും അനുരാഗ ഭാവത്തിലാണ്‌ അവരെ നോക്കിയിരുന്നത്. ശിവഭഗവാനില്‍ നിന്ന് സത്യം അറിഞ്ഞപ്പോള്‍ അവള്‍ക്ക് ലജ്ജ തോന്നിയത് സ്വാഭാവികം മാത്രം.
ലജ്ജ മാറിയപ്പോള്‍ അവള്‍ക്ക് കുറ്റബോധമായി…
അച്ഛനും സഹോദരങ്ങളും കാമിച്ച ശരീരം തനിക്ക് വേണ്ടാ എന്നവള്‍ തീരുമാനിച്ചു!! അങ്ങനെ അവള്‍ തപസ്സ് ചെയ്യാനായി ഒരു മലയിലേക്ക് യാത്രയായി, എന്നിട്ട് തപസ്സ് തുടങ്ങി. ഈ സമയത്ത് ബ്രഹ്മാവ് വിഷമത്തിലായിരുന്നു. മകളെ പ്രേമിച്ച കാരണം മകളെ നഷ്ടപ്പെട്ട സങ്കടത്തില്‍. അതിനാല്‍ ബ്രഹ്മാവ് വസിഷ്ഠനെ വരുത്തി.

വസിഷ്ഠന്‍ ബ്രഹ്മാവിന്‍റെ മാനസപുത്രനാണ്. അദ്ദേഹത്തെ ബ്രഹ്മാവ് സന്ധ്യയുടെ അടുത്തേക്ക് അയച്ചു. ഒരു ബ്രാഹ്മണവേഷത്തില്‍ സന്ധ്യക്ക് അരികെ എത്തിയ വസിഷ്ടന്‍ എങ്ങനെയാണ്‌ തപസ്സ് ചെയ്യേണ്ടതെന്ന് സന്ധ്യയെ ഉപദേശിച്ചു. ആ ഉപദേശം സ്വീകരിച്ച സന്ധ്യ വിഷ്ണുഭഗവാനെ തപസ്സ് ചെയ്ത് തുടങ്ങി. അതിഭയങ്കര തപസ്സ്!!
ഒടുവില്‍ വിഷ്ണുഭഗവാന്‍ പ്രത്യക്ഷനായി. അവളോട് ആഗ്രഹം ചോദിച്ചു. അവള്‍ മൂന്ന് വരം ആവശ്യപ്പെട്ടു..

ഒന്ന്: പ്രായം വന്നതിനു ശേഷമേ ഏതൊരു ജീവിക്കും കാമവികാരം ഉണ്ടാകാവു.

രണ്ട്: താന്‍ പതിവ്രത ആണെന്ന് ലോകം മുഴുവന്‍ അറിയപ്പെടണം.

മൂന്ന്: ഏത് ജന്മമായാലും ഭര്‍ത്താവിനെ മാത്രമേ കാമപൂര്‍വ്വം താന്‍ നോക്കാവു.
ഭഗവാന്‍ മൂന്ന് വരവും നല്‍കി!!
തുടര്‍ന്ന് ഭഗവാന്‍ ഉപദേശിച്ചതനുസരിച്ച് അഗ്നിയില്‍ സ്വയം സമര്‍പ്പിക്കുകയും, മേധാതിഥി എന്ന താപസന്‍ നടത്തിയ ജ്യോതിഷഹോമം എന്ന മഹായജ്ഞത്തിനു അവസാനം ഒരു ബാലികയായി ജനിക്കുകയും ചെയ്തു, ആ ബാലികയാണ്‌ പിന്നീട് അരുന്ധതി എന്ന് അറിയപ്പെട്ടത്.
(ഒരു കാരണത്താലും ധര്‍മ്മത്തെ രോധിക്കാത്തവള്‍ എന്നാണത്രേ അരുന്ധതി എന്ന വാക്കിന്‍റെ അര്‍ത്ഥം. പില്‍ക്കാലത്ത് ഈ അരുന്ധതി വസിഷ്ഠന്‍റെ ഭാര്യ ആയി തീര്‍ന്നു.)

H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚

1 comment: