5 September 2016

മുത്ത്

മുത്ത്

ചന്ദ്രന്‍റെ രത്നമായ മുത്ത് സമുദ്രത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശ്രീലങ്ക, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍, മെക്സിക്കോ, ഓസ്ട്രേലിയ, ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ ഭാഗങ്ങളിലെ സമുദ്രത്തിലെ ചിപ്പിയില്‍ നിന്നുമാണ് മുത്ത് ധാരാളമായി ലഭിക്കുന്നത്. നിഷ്കളങ്കതയുടേയും, പരിശുദ്ധിയുടേയും പര്യായമായി മുത്തിനെ പരിഗണിക്കുന്നു.

പ്രാചീനഗ്രന്ഥങ്ങള്‍ പ്രധാനമായും എട്ടുതരം മുത്തുകള്‍ ഉള്ളതായി പറയപ്പെടുന്നു. 

1). ഗജമുത്ത്
2). സര്‍പ്പമുത്ത്
3). ചിപ്പിമുത്ത്
4). ശംഖുമുത്ത്
5). മേഘമുത്ത്
6). മുളമുത്ത്
7). മത്സ്യമുത്ത്
8). പന്നിമുത്ത്

പ്രാചീനഗ്രന്ഥങ്ങളില്‍ പ്രധാനമായും 8 സ്ഥലങ്ങളില്‍ നിന്ന് മുത്തുകള്‍ കിട്ടുന്നതായി പറയപ്പെടുന്നു. 

1). സിംഹളക
2). പരലോകം
3). സൗരാഷ്ട്രം
4). താമ്രപൗര്‍ണ്ണിനദി
5). പരസവ
6). വടക്കന്‍ രാജ്യങ്ങള്‍
7). പാണ്ഡ്യവടക
8). ഹിമാലയം

വിവിധതരം മുത്തുകള്‍ ആണ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കിട്ടുന്നത്. ഇരുണ്ട മുത്ത് വിഷ്ണുവിന്‍റെയും, ചന്ദ്രശോഭകാണിക്കുന്ന മുത്ത് ഇന്ദ്രന്‍റെയും, മഞ്ഞനിറമുള്ള മുത്ത് വരുണന്‍റെയും, കറുത്ത മുത്ത് യമന്‍റെയും, ചുവന്ന മുത്ത് വായുവിന്‍റെയും, താമരയുടെ തിളക്കമുള്ള മുത്ത് അഗ്നിയുടേയും പ്രതിരൂപങ്ങളാണ്. 

ജ്യോതിഷപ്രകാരം ദുര്‍ബ്ബലനായിരിക്കുന്ന ചന്ദ്രനെ അനുകൂലനാക്കുവാനും, അതുവഴി നല്ല ഫലങ്ങള്‍ അനുഭവിക്കാനുമാണ്‌ മുത്ത് സാധാരണയായി ധരിക്കുന്നത്. മുത്തിനെപ്പറ്റി പഠിക്കുമ്പോള്‍ ചന്ദ്രനെക്കുറിച്ചുകൂടി നാം അറിയേണ്ടതാണ്. 

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനാണ് ജലാശയങ്ങളില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാക്കുന്നത്. ഈ ചന്ദ്രന്‍റെ ആകര്‍ഷണശക്തിയാണ് 5 ലിറ്ററോളം വരുന്ന മനുഷ്യശരീരത്തിലെ രക്തത്തിലും സ്വാധീനിക്കുന്നത്. ഇത് ജ്യോതിഷത്തിന്‍റെ ശാസ്ത്രീയതയ്ക്ക് ഉറപ്പുനല്‍കുന്ന ഒരു വസ്തുത ആണ്. ചന്ദ്രന്‍ ജ്യോതിഷത്തില്‍ ദേഹകാരകനും, മനകാരകനുമാണ്. 

ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍

മനസ്സ്, അമ്മ, ദേഹം, ശാന്തസ്വഭാവം, സൌഖ്യം, ഉദ്യോഗം, കീര്‍ത്തി, രാത്രി, കൃഷി, ബുദ്ധി, വടക്കുപടിഞ്ഞാറെ ദിക്ക്, സുഖഭോജനം, സൗന്ദര്യം, ജലദോഷം, അജീര്‍ണം, വെള്ളനിറം, ആകാംഷ. 

മേല്‍ പ്രതിപാദിച്ചവയുമായി സംബന്ധിക്കുന്ന എല്ലാ കുറവുകള്‍ക്കും, അല്ലെങ്കില്‍ പരാജയങ്ങള്‍ക്കും, ഇവയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോവുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പൂര്‍ണ്ണകാരണം ചന്ദ്രന്‍ അനുകൂലനല്ല എന്നതാണ്. ചന്ദ്രന്‍റെ രത്നമായ മുത്ത് ധരിച്ചാല്‍ ഈ പ്രശ്നങ്ങളെ നല്ലൊരു ശതമാനം വരെ അതിജീവിക്കുവാന്‍ കഴിയും. ചന്ദ്രന്‍റെ ശക്തി ധരിക്കുന്ന ആളിലേയ്ക്ക് വ്യാപിക്കുവാന്‍ കഴിയും

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്

ആലസ്യം, സ്വപ്നാടനം തുടങ്ങിയ നിദ്രയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കഫരോഗങ്ങള്‍, അതിസാരം, പരുക്കള്‍, ശീതജ്വരം, അരുചി, മഞ്ഞപ്പിത്തം, മാനസിക ക്ലേശങ്ങള്‍, മഹോദരം, ജലദോഷം, പീനസം, സ്ത്രീജന്യരോഗങ്ങള്‍, ജലജീവികളില്‍ നിന്നുള്ള ഉപദ്രവം. 

ഈ രോഗങ്ങള്‍ക്ക് പ്രതിവിധിയായും,  ഈ രോഗങ്ങള്‍ ഉണ്ടാകാതെയിരിക്കുവാനും, മുത്ത് എന്ന രത്നം ശരീരത്തില്‍ അണിയുന്നത് ഉത്തമമായിരിക്കും. ചന്ദ്രന്‍റെ ദോഷഫലങ്ങളെ അകറ്റി നിര്‍ത്തുകയും, ഗുണഫലങ്ങളെ വര്‍ദ്ധിപ്പിക്കുകയുമാണ് മുത്ത് ചെയ്യുന്നത്. ഇതിന്‍റെ കാഠിന്യം 3.5 , സ്പെസഫിക് ഗ്രാവിറ്റി 1.5 - 2.86 ആണ്. 

നല്ല മുത്ത് ധരിച്ചാല്‍ ഉണ്ടാകുന്ന പൊതു ശുഭ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്. വൈധവ്യം ഉണ്ടാവാതെ ഇരിക്കുക, സൗഭാഗ്യങ്ങള്‍, ധനസമ്പാദനം, പാപമോചനം, ബുദ്ധിശക്തി, കീര്‍ത്തി, സ്ത്രീകള്‍ ധരിച്ചാല്‍ വശ്യതയുണ്ടാവുക ആകര്‍ഷകത്വം, ജാതകത്തിലെ ചന്ദ്രന്‍റെ സ്ഥാനവും പക്ഷബലവുമനുസരിച്ച് മറ്റു പല ഗുണഫലങ്ങളും അനുഭവിക്കാനും ഇടവരും. മുത്ത് പൊടിയായും, ചാരമായും ഔഷധങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു. പലരോഗങ്ങള്‍ക്കും ഇത് ആയുര്‍വേദത്തില്‍ പ്രതിവിധിയാണ്.

 മുത്ത് രത്നധാരണ രീതി
മുത്ത് പ്രധാനമായും മൂന്ന് തരത്തില്‍ ലഭിക്കുന്നു. 

1). നാച്ച്വറല്‍
2). കള്‍ച്ചേര്‍ഡ്
3). ഇമിറ്റേഷന്‍

മുത്ത് ധരിക്കണമെന്ന് ഉറച്ചുകഴിഞ്ഞാല്‍ അത് അംഗീകൃത വ്യാപാരികളില്‍ നിന്ന് മാത്രം വാങ്ങിക്കുക. ദോഷഫലം ഒരിക്കലും ചെയ്യുകയില്ലായെന്ന് ഒരു ജ്യോതിഷിയുടെ ഉറപ്പ് ലഭിച്ചതിനുശേഷം മാത്രമേ മുത്ത് ധരിക്കാവു. രത്നങ്ങള്‍ക്ക് പൊതുവേ ക്ഷിപ്രഫലദാന ശേഷിയുണ്ട്.

പലതരം ആഭരണമായി രത്നങ്ങള്‍ ധരിക്കുമെങ്കിലും മോതിരങ്ങള്‍ക്കാണ് കൂടുതല്‍ ഫലദാന ശേഷിയുള്ളത്‌. ദോഷഫലങ്ങള്‍ ഉണ്ടോയെന്ന് അറിയാന്‍ പതിനാല് ദിവസം രത്നം അതേ നിറത്തിലുള്ള പട്ടുതുണിയില്‍ പൊതിഞ്ഞ് കൈയില്‍ കെട്ടിനോക്കി പരീക്ഷിക്കുന്നത് ഉത്തമമായിരിക്കും. പതിനാല് ദിവസത്തിനകം ഗുണഫലങ്ങള്‍ അനുഭവപ്പെടുന്നു എങ്കില്‍ ഇത് ധരിക്കുവാന്‍ തീര്‍ച്ചപ്പെടുത്തും. 

മോതിരത്തില്‍ ധരിക്കേണ്ട മുത്തിന് ഏറ്റവും കുറഞ്ഞത് 3 1/2 (മൂന്നര) കാരറ്റ് ഭാരം ഉണ്ടായിരിക്കണം. മുത്ത് വിരലില്‍ സ്പര്‍ശിക്കത്തക്ക വിധത്തിലായിരിക്കണം മോതിരത്തില്‍ മുത്ത് ഘടിപ്പിക്കേണ്ടത്. മോതിരം നിര്‍മ്മിക്കുവാന്‍ വെള്ളി ലോഹം മാത്രം ഉപയോഗിക്കുക. തിങ്കളാഴ്ചയോ, രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങള്‍ വരുന്ന ദിവസങ്ങളിലോ, ചന്ദ്രന്‍റെ കാലഹോരയിലോ മുത്ത് ലോഹത്തില്‍ ഘടിപ്പിക്കുക. മോതിരം തയ്യാറായി കഴിഞ്ഞാല്‍ വെള്ളനിറമുള്ള പാട്ടില്‍ പൊതിഞ്ഞ് ചന്ദ്രയന്ത്രത്തിനുമുമ്പില്‍ ഒരു പീഠത്തില്‍ വയ്ക്കണം. അതിനുശേഷം ചന്ദ്രമന്ത്രം ജപിച്ച് ഇതിന് ശക്തി പകരണം. ഷോഡശോപചാരപൂജ നടത്തി ദാനധര്‍മ്മങ്ങള്‍ നടത്തി മോതിരം ഇടതുകൈയുടെ ചെറുവിരലിലോ മോതിരവിരലിലോ അണിയണം. ഒരാള്‍ മുത്ത് മോതിരമായി ധരിച്ചുകഴിഞ്ഞാല്‍ അതിന്‍റെ ദോഷഹരണശക്തി 2 വര്‍ഷം ഒരു മാസം 27 ദിവസം നിലനില്‍ക്കും. അതിനുശേഷം പുതിയ മോതിരം ധരിക്കേണ്ടി വരും. പഴയ മോതിരം മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കുവാന്‍ കൊടുക്കാം. അല്ലെങ്കില്‍ പൂജാമുറിയില്‍  സൂക്ഷിച്ചു വെയ്ക്കാം. 

മുത്ത് ധരിക്കുന്നവര്‍ മരതകം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങളോ ഉപരത്നങ്ങളോ ധരിക്കരുത്.  

No comments:

Post a Comment